Ads 468x60px

മുസ്‌ലിംകളുടെ ജീവിതസമ്പാദ്യങ്ങള്‍ മുഴുവനും കത്തിച്ചാമ്പലാക്കിയ ഈ ‘ദേശീയോല്‍സവങ്ങളുടെ’ പേരില്‍ ഒരാള്‍ പോലും ഇതുവരെ ശിക്ഷിക്കപ്പെട്ടതായി നമുക്കറിയില്ല.

മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍കലാമിന്റെ വിയോഗവും മുംബൈ ബോംബ് സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കലും ഒരേ ദിവസം സംഭവിച്ചത് ആകസ്മികമാണെങ്കിലും ആ രണ്ടു സംഭവങ്ങള്‍ കെട്ടഴിച്ചുവിട്ട സംവാദങ്ങളില്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് കുറെ പാഠങ്ങളുണ്ട്. അബ്ദുല്‍കലാമിനെയും യാക്കൂബ് മേമനെയും സൃഷ്ടിച്ച ഇന്ത്യനവസ്ഥ കൈമാറുന്ന സന്ദേശങ്ങള്‍ ഗൗരവമേറിയ വിലയിരുത്തലുകള്‍ ആവശ്യപ്പെടുന്നുണ്ട് .ഇന്ത്യന്‍ സാമൂഹികജനാധിപത്യ അവസ്ഥ വാഗ്ദാനം ചെയ്യുന്ന സാധ്യതകള്‍ പ്രയോജനപ്പെടുത്തിയപ്പോഴാണ് രാമേശ്വരത്തെ കടത്തുകാരന്റെ മകന്‍ പഠിച്ചു വളര്‍ന്ന് ശാസ്ത്രസാങ്കേതിക വൈജ്ഞാനിക രംഗത്ത് അനര്‍ഘങ്ങളായ സംഭാവനകള്‍ പിറന്ന മണ്ണിന് അര്‍പ്പിച്ചതും പ്രഥമപൗരനായി ജ്ഞാനപ്രകാശം പരത്തുന്ന ഒരു ജീവിതത്തിലൂടെ ഇന്നാട്ടിന്റെ അന്തഃസ്ഥലികളെ പ്രഫുല്ലമാക്കിയതും. ദുരന്തങ്ങളും കാലുഷ്യങ്ങളും കാര്‍മേഘാവൃതമാക്കിയ കെട്ടകാലത്തിന്റെ ആസുരതകളോട് ജീവിതം കൊണ്ട് കണക്കുതീര്‍ക്കേണ്ടിവന്ന ഒരു ഹതഭാഗ്യന്റെ ആയുസ്സിന്റെ ബാക്കിപത്രമായി മേമന്റെ ശോചനീയാന്ത്യം. നമ്മുടെ രാജ്യം ന്യൂനപക്ഷങ്ങളുടെ മുന്നില്‍ തുറന്നിടുന്ന സാധ്യതകളുടെയും ഉയര്‍ത്തുന്ന വെല്ലുവിളികളുടെയും ആകത്തുക ഇവരുടെ ജീവിതങ്ങളില്‍നിന്ന് ബുദ്ധിയുള്ളവര്‍ക്ക് നിര്‍ധാരണം ചെയ്യാവുന്നതേയുള്ളു. ഈ വിഷയത്തിന്റെ അഗാധതലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയല്ല ശാഹിദിന്റെ ഉദ്ദേശ്യം. മറിച്ച്, യാക്കൂബ് മേമനെ കഴുമരത്തിലേറ്റിയ സംഭവത്തോടുള്ള പ്രതികരണങ്ങള്‍ വ്യാപകമായി അനുരണനങ്ങള്‍ സൃഷ്ടിച്ച സ്ഥിതിക്ക് ന്യൂനപക്ഷഭൂമികയില്‍നിന്ന് അവ പരിശോധിക്കുകയാണിവിടെ.യാക്കൂബ് മേമന്‍ ജൂലൈ 30നു പുലര്‍ച്ചെ തൂക്കിലേറ്റപ്പെട്ടപ്പോള്‍ സി.പി.എം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു: കോടതികളില്‍നിന്ന് മുസ്‌ലിംകള്‍ക്ക് നീതി ലഭിക്കുന്നില്ലെന്ന ധാരണ ഇതോടെ ബലപ്പെട്ടിരിക്കയാണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ ദയാഹര്‍ജി തള്ളപ്പെട്ട് തൂക്കിലേറ്റപ്പെട്ടത് മൂന്നുപേരാണ്. അതില്‍ പാക്പൗരനായ അജ്മല്‍ കസബിനെ മാറ്റിനിര്‍ത്താം. മറ്റ് രണ്ടു പേരും, അഫ്‌സല്‍ ഗുരുവും യാക്കൂബ് മേമനും മുസ്‌ലിം വിഭാഗത്തില്‍നിന്നുള്ളവരാണ്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ മുസ്‌ലിംകള്‍ ഇരട്ടനീതിയുടെ ഇരകളാക്കപ്പെടുകയാണെന്ന തോന്നലാണ് സൃഷ്ടിച്ചിരിക്കുന്നത്. സി. പി.എം ദേശീയ മുഖപത്രമായ ‘പീപ്പ്ള്‍സ് ഡമോക്രസി’ Yakub Memon:Miscarriage of Justice എന്ന ശീര്‍ഷകത്തില്‍ ഇവ്വിഷയകമായി മുഖപ്രസംഗമെഴുതിയതും വാര്‍ത്താ പ്രാധാന്യം നേടി. കാരാട്ടിന്റെ അഭിപ്രായ പ്രകടനത്തോട് പല കോണുകളില്‍നിന്നും ശക്തമായ വിയോജിപ്പാണ് ഉയര്‍ന്നത്. മേമനെ തൂക്കിലേറ്റിയില്ലെങ്കില്‍ സ്‌ഫോടനത്തില്‍ കൊല്ലവരുടെ ആത്മാക്കള്‍ക്ക് നിത്യശാന്തി കിട്ടില്ലെന്ന് ശക്തിയുക്തം വാദിച്ചവര്‍ സി.പി.എം നിലപാടില്‍ അപരിമേയമായ ആപത്ത് കണ്ടുപിടിച്ചു. വെറുതെയല്ല, കാരാട്ടിന്റെ പാര്‍ട്ടി ഉപ്പുവെച്ച കലം പോലെ ആയതെന്ന് വരെ ചാനല്‍ ചര്‍ച്ചകളിലെ സ്ഥിരം താപ്പാനകള്‍ ആക്ഷേപങ്ങള്‍ ചൊരിഞ്ഞു. എന്നാല്‍ കാരാട്ട് പറഞ്ഞതില്‍ വല്ല കഴമ്പുമുണ്ടോ എന്ന് അന്വേഷിക്കാന്‍ ഇക്കൂട്ടരാരും സത്യസന്ധത കാണിച്ചില്ല.

നീതിയുടെ ഇരട്ടമുഖത്തെ കുറിച്ച് ഇതിനു മുമ്പ് നിയമജ്ഞരും ശുദ്ധ മതേതരവാദികളും ആകുലത പങ്കുവെച്ചിട്ടുണ്ടെന്ന യാഥാര്‍ഥ്യം വിമര്‍ശകര്‍ അറിയാതെ പോവുകയോ അറിഞ്ഞിട്ട് വിസ്മരിച്ചുപോവുകയോ ചെയ്തു. മുംബൈ ഹൈകോടതി ജഡ്ജിയും അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഹോസ്‌ബെറ്റ് സുരേഷ് (Hosbe Suresh)ഗുജറാത്ത് കലാപാനന്തര പ്രക്ഷുബ്ധതയില്‍ വിശദീകരിച്ചെഴുതിയ ഒരു ലേഖനത്തിനു കൊടുത്ത തലക്കെട്ട് തന്നെ ‘എല്ലാവര്‍ക്കും നീതി, വിഭാഗീയ കലാപങ്ങളിലെ ഇരകള്‍ക്കൊഴികെ ‘ (The Little Magazine,, വാള്യം IV, ലക്കം 1, 2003). എന്നാണ്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട അഭിശപ്ത കാലഘട്ടത്തില്‍, രാജ്യത്തുടനീളം ഹിന്ദുത്വവര്‍ഗീയത ഉറഞ്ഞുചാടിയപ്പോള്‍, മുംബൈ മഹാനഗരം ചരിത്രത്തിലെ ഏറ്റവും ബീഭല്‍സമായ മനുഷ്യക്കുരുതികള്‍ക്ക് സാക്ഷിയായി. മതദ്വേഷത്തിന്റെ തീമഴ പെയ്യാന്‍ പോവുകയാണെന്ന ഭീതിയില്‍ അതിജീവനത്തിന്റെ വഴികള്‍ തേടിപ്പോയ ഫാത്വിമ എന്ന മുപ്പതുകാരിയായ വിധവയുടെ അനുഭവങ്ങള്‍ ജസ്റ്റീസ് സുരേഷ് വിവരിക്കുന്നുണ്ട്. കലാപം മുന്‍കൂട്ടി കണ്ട് തന്റെ രണ്ടുകുട്ടികളെ നേരത്തെ തന്നെ പാരാല്‍ ഗ്രാമത്തിലേക്ക് അവര്‍ പറഞ്ഞയച്ചിരുന്നു. നഗരം കത്തിയാളിയ രാത്രി പൊലിസുകാരുള്‍പ്പെട്ട ഒരു സംഘം ഇവരുടെ കുടിലിന്റെ വാതില്‍ ചവുട്ടിപ്പൊളിച്ച് അകത്തുകടന്നു. ക്രൂരമായ മര്‍ദനത്തിനു ശേഷം കൂട്ടബലാല്‍സംഘത്തിന് ഇവര്‍ ഇരയായി. അക്രമികള്‍ പോകുന്നതിനു മുമ്പ് മറാത്തിഭാഷയില്‍ എന്തൊക്കെയേ കടലാസ് തുണ്ടില്‍ എഴുതി അവരുടെ നഗ്നമാറിടത്തില്‍ പതിച്ചു. ചോര പുരണ്ട ഉടുവസ്ത്രം വലിച്ചെറിഞ്ഞു ഒരു ബെഡ്ഷീറ്റ് കൊണ്ട് ശരീരം മറച്ചു അവര്‍ കുടിലില്‍നിന്ന് പുറത്തിറങ്ങി; ജീവനും കൊണ്ട് രക്ഷപ്പെടാമെന്ന മോഹത്തില്‍. രോഡരികില്‍ നഗ്‌നയായി അലമുറയിടുന്ന സ്ത്രീയെ കണ്ടപ്പോള്‍ ഭ്രാന്തിയാണെന്ന് കരുതി ജനം അറപ്പോടെ മാറിനടന്നു. ഒടുവില്‍ അതുവഴി കടന്നുപോയ ഒരു റിക്ഷാഡ്രൈവര്‍ താനിട്ട കുര്‍ത്ത ഊരിക്കൊടുത്തു ശരീരം മറക്കാന്‍ ആവശ്യപ്പെട്ടു. അഞ്ചുരൂപയും കൈയില്‍വെച്ചുകൊടുത്തു. മക്കളെ കാണാനുള്ള വിഭ്രാന്തിയില്‍ പാരാലിലേക്കു വേച്ചുവേച്ചുനടന്നു. പുലര്‍ച്ചെ മൂന്നുമണിക്ക് അവിടെ എത്തിയപ്പോള്‍ അയല്‍വാസിയായ ക്രിസ്ത്യന്‍ സ്ത്രീ ഡോക്ടറുടെ അടുത്തേക്ക് പോകാമെന്ന് നിര്‍ദേശിച്ചു. പക്ഷേ മുസ്‌ലിമായി പുറത്തിറങ്ങുന്നത് അപകടകരമാണെന്ന് മനസ്സിലാക്കിയ ആ സ്ത്രീ ഫാത്വിമയുടെ മുടിമുറിച്ച് ക്രിസ്ത്യാനിപ്പെണ്ണിന്റെ വേഷത്തിലേക്ക് മാറ്റിയെടുത്തു. പുലര്‍ച്ചെ ഭാഭാ ഹോസ്പിറ്റലില്‍ എത്തിയപ്പോള്‍ ഡോക്ടര്‍ പൊലിസില്‍ വിവരമറിയിച്ചു. കൂടുതല്‍ ഞെട്ടിക്കുന്ന കാഴ്ച അവരെ സ്തബ്ധരാക്കി. തലേദിവസം തന്റെ ശരീരം പിച്ചിച്ചിന്തിയ അതേ പൊലിസാണ് മൊഴിയെടുക്കാന്‍ വന്നിരിക്കുന്നത്. പേടിച്ചരണ്ട ഫാത്വിമ മിണ്ടിയില്ല. കേസുമായി മുന്നോട്ടുപോകില്ലെന്ന് ഉറപ്പുനല്‍കിയാലേ സ്വസ്ഥതയോടെ ജീവിക്കാന്‍ അനുവദിക്കുകയുള്ളുവെന്നും അല്ലെങ്കില്‍ തന്നെയും മക്കളെയും കൊന്ന് വലിച്ചെറിയുമെന്നും പൊലിസ് ഭീഷണി മുഴക്കി. കലാപത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് തയാറാക്കാന്‍ മുന്നോട്ട് വന്ന ഇന്ത്യന്‍ പീപ്പ്ള്‍സ് ഹ്യൂമണ്‍ റൈറ്റ് കമീഷന്‍ മുമ്പാകെ കണ്ണീരോടെ മൊഴി നല്‍കിയ ഫാത്വിമയുടെ കഥ ‘ദി വെര്‍ഡിക്‌സ്’ രേഖപ്പെടുത്തിയിട്ടുണ്ട്. താന്‍ പലവട്ടം ആത്മഹത്യയെ കുറിച്ച് ചിന്തിച്ചെങ്കിലും രണ്ടുമക്കളെ ഓര്‍ത്താണ് കടുംകൈക്ക് തുനിയാതിരുന്നതെന്ന് ഗദ്ഗദത്തോടെയാണ് പറഞ്ഞുനിര്‍ത്തിയത്. കേസുമായി മുന്നോട്ട് പോകണം എന്ന് പറഞ്ഞപ്പോള്‍ അക്രമികള്‍ക്കെതിരെ നിയമയുദ്ധം നടത്താന്‍ ശക്തിയോ ധൈര്യമോ തനിക്കില്ലെന്ന് തറപ്പിച്ചുപറഞ്ഞു, ജീവിതാനുഭവങ്ങള്‍ ഇടനെഞ്ചില്‍ നെരിപ്പോടായി മാറ്റി ജീവിച്ചോളാമെന്ന് പറഞ്ഞ് പൊട്ടിക്കരയുകയായിരുന്നു ആ ഹതഭാഗ്യ.

ഇത് ഒരു ഫാത്വിമയുടെ മാത്രം കഥയല്ല. വര്‍ഗീയ കാപാലികതക്ക് ഇരയാവുന്ന രാജ്യത്തെ മുസ്‌ലിം സ്ത്രീകളുടെ അനുഭവസാക്ഷ്യമാണ്. ഗുജറാത്തില്‍ കൗസര്‍ ബാനു എന്ന ഹതഭാഗ്യ നേരിട്ട ജീവിതദുരന്തം ഒരുവേള രാജ്യമൊന്നടങ്കം കേട്ട് ഞെട്ടിയതാണ്. ഇരുപത് വയസ്സുകാരിയായ അവര്‍ ഹിന്ദുത്വ കാപാലികരുടെ മുന്നില്‍പെടുമ്പോള്‍ ഒമ്പതുമാസം ഗര്‍ഭിണിയായിരുന്നു. അക്രമികളെ കണ്ടപ്പോള്‍ കൗസര്‍ബാനു ഭര്‍ത്താവിനോടൊപ്പം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചുനോക്കി. നിറഞ്ഞവയറുമായി ഭാര്യക്ക് ഓടാന്‍ സാധിക്കില്ലെന്ന് കണ്ടപ്പോള്‍ ഭര്‍ത്താവ് അവരെയും ചുമലിലേറ്റി ഓടിയൊളിക്കാന്‍ ശ്രമിച്ചു. പക്ഷേ, വിജയിച്ചില്ല. അക്രമികള്‍ അയാളുടെ കൈയില്‍നിന്ന് യുവതിയെ തട്ടിപ്പറിച്ചെടുത്തു അവരെയും വയറ്റിലുള്ള കുഞ്ഞിനേയും കൊലപ്പെടുത്തി. വേറെ മൂന്ന് സ്ത്രീകള്‍ക്കും ഇതേ അനുഭവമുണ്ടായി. ഞെട്ടിക്കുന്ന ഈ കഥ ലോകമൊട്ടുക്കും പരന്നിട്ടും അക്രമികള്‍ പിടിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തില്ല.കൗസര്‍ബാനു അടക്കം എട്ട് മക്കള്‍ നഷ്ടപ്പെട്ട 76വയസുള്ള അവരുടെ ബാപ്പാക്ക് നിയമയുദ്ധം നടത്താന്‍ ശാരീരകമായോ സാമ്പത്തികമായോ മാനസികമായോ കെല്‍പുണ്ടായിരുന്നില്ല. 1984ല്‍ ഡല്‍ഹിയില്‍2,733 സിഖുകാര്‍ അറുകൊലക്കിരയായപ്പോഴും കൊലയാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതില്‍ നമ്മുടെ നീതിന്യായവ്യവസ്ഥ അമ്പേ പരാജയപ്പെട്ടു. എന്തുകൊണ്ടിതു സംഭവിക്കുന്നു എന്ന ചോദ്യത്തിനു ഒരുത്തരമേയുള്ളൂ:ഇരകളുടെ പക്ഷത്ത് ന്യൂനപക്ഷങ്ങളാണെങ്കില്‍ വ്യവസ്ഥിതി കൈകാല്‍ കുഴഞ്ഞു ജഢാവസ്ഥയിലേക്ക് വീഴുന്നു. നിയമപാലകര്‍ക്കോ നീതിന്യായ വ്യവസ്ഥക്കോ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നോ ശിക്ഷിക്കപ്പെടണമെന്നോ ആഗ്രഹമില്ല. അരികുവത്കരിക്കപ്പെട്ട ജനം ഇരകളാവുന്ന കേസുകളില്‍ അഭിജാതകുലജാതര്‍ ശിക്ഷിക്കപ്പെടരുത് എന്ന മനുസ്മൃതിയിലെ നീതിസാരം ഇപ്പോഴും ഇന്ത്യന്‍ മനോഘടനയില്‍ അള്ളിപ്പിടിച്ചിരിക്കുവെന്ന് വ്യക്തം. അതുകൊണ്ടാവണം ഇന്ത്യയിലെ ജയിലുകളില്‍ കഴിയുന്ന തടവുകാരില്‍ 53ശതമാനവും മുസ്‌ലിംകളും ദലിതുകളും ഗോത്രവര്‍ഗക്കാരുമാണെന്ന് ഔദ്യോഗിക രേഖകള്‍ വെളിപ്പെടുത്തുന്നത്. ജനസംഖ്യയുടെ 13ശതമാനം വരുന്ന മുസ്‌ലിംകള്‍ തടവറകളില്‍ 20ശതമാനത്തിനു മുകളില്‍ വരുമത്രെ. 16.6ശതമാനം വരുന്ന ദലിതുകള്‍ 11ശതമാനവും. മനുഷ്യാവകാശ പ്രവര്‍ത്തകനും സുപ്രീം കോടതി ജഡ്ജിയുമായ കോളിന്‍കോണ്‍സ്ലാവസ് എന്തുകൊണ്ട് മുസ്‌ലിംകളാദി പ്രാന്തവത്കൃത സമൂഹം നിയമത്തിന്റെ ഉരുക്കുമുഷ്ടിയില്‍ ഞെരിഞ്ഞമരുന്നു എന്നതിന് നിരത്തുന്ന കാരണം അവ്യക്തമല്ല: നമ്മുടെ വ്യവസ്ഥിതിക്ക് അതില്‍ അന്തര്‍ലീനമായ വര്‍ഗീയജാതീയ മുന്‍വിധികളുണ്ട്. പൊലിസിലും ജുഡീഷ്യറിയിലുമുള്ള ഈ വക (പ്രാന്തവത്കൃത) സമൂഹങ്ങളുടെ അനുപാതം വളരെ കുറവാണ്. ഞെട്ടിപ്പിക്കുന്ന ഇത്തരം അസന്തുലിതത്തിനു പിന്നിലുള്ള മുഖ്യ കാരണങ്ങള്‍ ഇവയാണ്.

യാക്കൂബ് മേമനെ തൂക്കിലേറ്റാന്‍ തീരുമാനിച്ചപ്പോള്‍ മാത്രമാണ് നീതിയുടെ ഇരട്ടമുഖത്തെ കുറിച്ച് പലരും ചിന്തിച്ചുതുടങ്ങിയത് തന്നെ. മുസ്‌ലിംകളോ ദലിതരോ ഇരകളുടെ സ്ഥാനത്ത് നില്‍ക്കുമ്പോള്‍ നിയമം ഒരിക്കലും തനതു വഴിയിലൂടെയല്ല സഞ്ചരിക്കാറെന്ന് അനുഭവങ്ങള്‍ സമര്‍ഥിക്കുന്നു. മുംബൈ സ്‌ഫോടനത്തിനു പ്രേരണയായി വര്‍ത്തിച്ച 1992 ഡിസംബറിലും 93 ജനുവരിയിലുമായി അരങ്ങേറിയ മുസ്‌ലിം വിരുദ്ധ കലാപത്തില്‍ രണ്ടായിരത്തോളം നിരപരാധികളാണ് കൊല്ലപ്പെട്ടത്. രണ്ടുലക്ഷം മനുഷ്യര്‍ മഹാനഗരത്തില്‍നിന്ന് ജീവനും കൊണ്ട് ഓടിപ്പോയി. 4000കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടായി. എന്നിട്ടും ഒരാള്‍ പോലും ഇതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടില്ല എന്നത് നമ്മുടെ വ്യവസ്ഥിതിക്ക് തന്നെ നാണക്കേടാണ്. കലാപത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് പകല്‍ വെളിച്ചം പോലെ ചൂണ്ടിക്കാട്ടപ്പെട്ട നേതാക്കള്‍ പോലും സൈ്വര്യവിഹാരം നടത്തുകയാണ്. കണ്ണില്‍ പൊടിയിടാന്‍ കുറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഒന്നുപോലും മുന്നോട്ടുപോയില്ല എന്ന് മാത്രമല്ല, 3000കേസുകളുടെ ഫയല്‍ ക്ലോസ് ചെയ്തത് ഒരു കാരണം പോലും നല്‍കാതെയാണ്. മേമനെ തൂക്കിലേറ്റിയതിനെതിരെ അഭിപ്രായപ്രകടനം നടത്തുന്നത് പോലും ദേശദ്രോഹമായി കാണുന്നവര്‍ നിയമത്തിന്റെ ഈ അപഥസഞ്ചാരത്തെ കുറിച്ച് മൗനമാണ്. 1984ല്‍ ഡല്‍ഹിയില്‍ നടന്ന സിഖുവിരുദ്ധ കലാപത്തിന്റെ ഗതിയും ഇതുതന്നെയാണ്. 2,733പേര്‍ സംഭവത്തില്‍ കൊല്ലപ്പെട്ടുവെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു.എന്നിട്ടും ഒരാളെയും ഇതിന്റെ പേരില്‍ ശിക്ഷിക്കാനോ തൂക്കുമരത്തിലേറ്റാനോ സാധിച്ചില്ല. കേസുകള്‍ ഓരോന്നായി തേഞ്ഞുമാഞ്ഞുപോയത് തെളിവുകളുടെ അഭാവത്തിലാണത്രെ.

ബാബരിമസ്ജിദിന്റെ ധ്വംസനം മഹാത്മജിയുടെ വധത്തിനു ശേഷം ഇന്ത്യകണ്ട ഏറ്റവും ഞെട്ടിപ്പിക്കുന്ന ദുരന്തമാണ്. ആ ദുരന്തം കഴിഞ്ഞിട്ട് കാല്‍നൂറ്റാണ്ടാവാറായിട്ടും ഇതുവരെ ഒരാളും ശിക്ഷിക്കപ്പെട്ടില്ല. പറയുമ്പോള്‍ എല്ലാം പറയണമല്ലോ. കോടതിയലക്ഷ്യത്തിന് അന്നത്തെ യു.പി മുഖ്യമന്ത്രി കല്യാണ്‍ സിംഗ് ശിക്ഷിക്കപ്പെട്ടു. കോടതിപിരിയുന്നത് വരെ! ജസ്റ്റീസ് വര്‍മ പിന്നീട് അയോധ്യ വിധി പുറപ്പെടുവിച്ചപ്പോള്‍ പറഞ്ഞത് എന്താണെന്നല്ലേ, തിരിച്ചറിയാന്‍ കഴിയാത്ത ഏതാനും അക്രമികളാണ് പള്ളി തകര്‍ത്തതെന്നാണ്. പള്ളി തകര്‍ത്ത സ്ഥലത്ത് സ്ഥാപിച്ച രാമന്റെ പ്രതിമ ഊനം തട്ടാതെ സംരക്ഷിക്കണമെന്നും ഹിന്ദുഭക്തര്‍ക്ക് അവിടെ ദര്‍ശനം നടത്താന്‍ സൗകര്യമേര്‍പ്പെടുത്തണമെന്നും നീതിപീഠം നിര്‍ദേശം നല്‍കി. സ്വാതന്ത്ര്യലബ്ധിക്കുശേഷം എത്രയെത്ര കലാപങ്ങള്‍ ഇവിടെ അരങ്ങേറി? ആസൂത്രിതമായ വംശവിച്‌ഛേദന പരിപാടിയിരുന്നു അവയെല്ലാം. മുസ്‌ലിംകളുടെ ജീവിതസമ്പാദ്യങ്ങള്‍ മുഴുവനും കത്തിച്ചാമ്പലാക്കിയ ഈ ‘ദേശീയോല്‍സവങ്ങളുടെ’ പേരില്‍ ഒരാള്‍ പോലും ഇതുവരെ ശിക്ഷിക്കപ്പെട്ടതായി നമുക്കറിയില്ല. അങ്ങനെ ശിക്ഷിക്കപ്പെടണമെന്ന് ഇതുവരെ നമ്മുടെ വ്യവസ്ഥിതിക്ക് തോന്നിയിട്ടുമില്ല. ബ്രിട്ടീഷ് ഭരണത്തില്‍ ഇവിടെ ഒരു നീതിന്യായസമ്പ്രദായമുണ്ടായിരുന്നു. എന്തെല്ലാം ന്യൂനതകളുണ്ടായിരുന്നുവെങ്കിലും ആ വ്യവസ്ഥയില്‍ നീതിക്കു ഒരു സ്ഥാനമുണ്ടായിരുന്നു. എന്നാല്‍, നീതി കുടിയൊഴിഞ്ഞു പോയ ഒരു വ്യവസ്ഥിതിയാണ് ഇവിടെ അവശേഷിക്കുന്നതെന്ന് വിളിച്ചുപറയുന്ന അനുഭവങ്ങള്‍ക്കാണ് നാം മൂകസാക്ഷികളായിരിക്കുന്നത്.
 

Install SUNNI News 4 News & Live

.

Con: 09387762313

For Audio Recording SAMAR