ശവ്വാലിന്റെ പരിഭവങ്ങൾ . . . .
നിര്‍ത്താതെയടിക്കുന്ന അലാറത്തിന്‍റെ സൌണ്ട് കേട്ടാണ് അയാള്‍ കണ്ണു തുറന്നത് .
പെരുന്നാള്‍ നമസ്ക്കാരം തുടങ്ങാന്‍ സമയമായി കൊണ്ടിരിക്കുന്നു എന്നോര്‍മ്മ വന്നതും അലാറം ഓഫ് ചെയ്ത് പതുക്കെയെഴുന്നെറ്റ് തോര്‍ത്തുമെടുത്ത് പുറത്തേക്കിറങ്ങി . വീട്ടില്‍ എല്ലാവരും പെരുന്നാളിന്‍റെ തിരക്കിലാണ് . ദൂരെയുള്ള പള്ളി മിനാരത്തില്‍ നിന്നും കേള്‍ക്കുന്ന തക്ബീറിന്‍റെ ധ്വനികള്‍ കാതിനെ വല്ലാതെ കുളിര്‍മ്മ കൊള്ളിച്ചു കൊണ്ടിരുന്നു. പെട്ടെന്ന്‍ കുളിച്ച് റെഡിയായി പുതിയ വസ്ത്രമൊക്കെ ധരിച്ച് കൂട്ടുകാരനെ വിളിച്ചപ്പോള്‍ അവനങ്ങോട്ട് ചെല്ലാന്‍ പറഞ്ഞതും അവന്‍റെ വീട്ടിലേക്ക് നടന്നു.
വീട്ടു പടിക്കല്‍ കാത്തുനില്‍ക്കുന്ന കൂട്ടുകാരനോടൊപ്പം സംസാരിച്ച് കൊണ്ട് നടക്കുന്നതിനിടയില്‍ അവന്‍ പറഞ്ഞു " നമുക്ക് ഈ വഴിക്ക് പോകാം "
" അതൊരുപാട് ദൂരമില്ലേ ഡാ " എന്ന്‍ ചോദിച്ചതും
" നീ വാ ഒരാവശ്യമുണ്ട് സമയമുണ്ടല്ലോ " എന്ന്‍ പറഞ്ഞ് അവന്‍ കൈ പിടിച്ചതും പിന്നീടൊന്നും പറയാതെ അവന്‍റെ കൂടെ നടക്കാന്‍ തുടങ്ങി.
കുറച്ച് നേരം നടന്ന്‍ പള്ളിയുടെ അപ്പുറത്തുള്ള പള്ളിപറബിനരികിലെത്തിയതും " നീ ഇവിടെ നില്‍ക്ക് ഞാന്‍ ഉമ്മയുടെ ഖബറിനരികില്‍ പോയൊന്ന് വരാം " എന്ന്‍ പറഞ്ഞവന്‍ ഖബറസ്ഥാനിലേക്ക് കയറി..
എന്തിനാണ് ഈ നേരത്ത് ഖബറിനടുത്ത് പോകുന്നത് എന്നൊക്കെ ചിന്തിച്ച് അവന്‍ തിരിച്ച് വരുന്നതും കാത്ത് അവിടെ നിന്നു. അല്‍പ്പ സമയം കഴിഞ്ഞ് തിരികെ വന്ന കൂട്ടുകാരനോട് "നമസ്ക്കാരം കഴിഞ്ഞിട്ട് പോയാല്‍ മതിയായിരുന്നില്ലേ എന്തിനാ ഇപ്പൊ തന്നെ പോയത് ..?" എന്ന്‍ ചോദിച്ചതും അവന്‍ പറഞ്ഞു
"പെരുന്നാള്‍ കുപ്പായമൊക്കെ ധരിച്ച് പള്ളിയിലേക്ക് യാത്ര തിരിക്കുമ്പോള്‍ഉമ്മയുടെ അടുത്ത് ചെന്ന്‍ യാത്ര ചോദിച്ചിറങ്ങുന്നത് അന്നെന്‍റെ ഉമ്മാക്ക് നല്ല ഇഷ്ട്ടമായിരുന്നു . അത് കണ്ടു വളര്‍ന്ന ഞാന്‍ ഉമ്മ മരിക്കുന്നത് വരെ അത് തുടര്‍ന്നിരുന്നു ഇന്ന് പള്ളിയിലേക്ക് കയറുന്നതിന് മുന്പ് ഉമ്മയുടെ ഖബറിനരികില്‍ ചെന്ന്‍ സലാം പറഞ്ഞ് യാത്ര ചോദിക്കാതെ പെരുന്നാള്‍ നമസ്ക്കരിക്കാന്‍ എനിക്ക് കഴിയുന്നില്ല " എന്ന്‍ നിറഞ്ഞ കണ്ണുകളോടെ പറഞ്ഞവന്‍ നിര്‍ത്തിയപ്പോള്‍ പുതിയ ഡ്രസ്സ് മാറ്റി ഇറങ്ങിയ താന്‍ ജീവിച്ചിരിക്കുന്ന ഉമ്മയോടൊന്നു പോവുകയാണ് എന്ന്‍ പോലും പറയാതെയാണ് പള്ളിയിലേക്കിറങ്ങിയതെന്നോര്‍മ്മ വന്നതും കൂട്ടുകാരനോട് " നീ നടന്നോ ഞാനെത്തിക്കോളാം " എന്ന്‍ പറഞ്ഞ് വീട്ടിലേക്ക് തിരിഞ്ഞ് നടക്കുമ്പോള്‍ ഒരുപാട് പെരുന്നാളുകള്‍ക്ക് പുതിയ വസ്ത്രങ്ങള്‍ ധരിപ്പിച്ച് അത്തര്‍ പൂശി തന്ന് " ന്‍റെ കുട്ടിയെ കാണാന്‍ ഇപ്പൊ എന്ത് രസാണ് " എന്ന്‍ പറഞ്ഞ് യാത്രയാക്കിയ തന്‍റെ ഉമ്മയുടെ വാത്സല്ല്യം നിറഞ്ഞ ആ മുഖം വര്‍ഷങ്ങള്‍ക്ക് ശേഷം അയാളുടെ മനസ്സില്‍ തെളിഞ്ഞ് വന്നു .
ഇതെല്ലാം കണ്ടുനില്‍ക്കുന്ന ശവ്വാലിന്‍റെ തെളിഞ്ഞ മാനം അന്ന് തന്‍റെ പരിഭവങ്ങളിലൊന്ന്‍ കുറഞ്ഞ സന്തോഷത്തിലായിരുന്നു ..
താന്‍ വലുതായന്നും വലിയ ആളായന്നൊക്കെ തോന്നുന്ന കാലം വന്നാല്‍ കുപ്പായവും , പാന്റും , തുണിയുമൊക്കെ ഉടുക്കാന്‍ പഠിപ്പിച്ച രക്ഷിതാക്കളുടെ അടുത്തൊന്നു ചെന്ന്‍ പുറത്ത് പോവുകയാണ് , പള്ളിയിലേക്ക് പോവുകയാണ് എന്നൊക്കെ പറയാന്‍ മറന്ന് പോകുന്ന അഹങ്കാരികളായ മക്കളായി മാറാതെ നോക്കാനും , അതൊക്കെ ഒരു കുറച്ചിലായി കാണാതെ ഭാഗ്യമായി കണ്ട് അതിലൊക്കെ സന്തോഷം കണ്ടെത്താനും എനിക്കും നിങ്ങള്‍ക്കും കഴിയുകയും തോന്നുകയും ചെയ്യട്ടെ ..