ടക് ...ടക് ...ടക്
തയ്യൽക്കട ഓർമ്മകൾ...
പണ്ട് നോമ്പുകാലത്ത് തയ്യൽക്കടകൾ വളരെ സജീവമായിരുന്നു. പണ്ടെന്നു പറഞ്ഞാൽ റെഡിമൈഡ് ഡ്രെസ്സുകൾ ഒക്കെ സജീവമാവുന്നതിനു മുന്പ് .
നോമ്പ് തുടക്കത്തിൽ തന്നെ ഷർട്ടും പാൻസ്ടും തയ്പ്പിക്കാനുള്ള തുണികൾ വാങ്ങും. കൂടുതലും വീടുകളിൽ വന്നു വില്പ്പന നടത്തുന്നവരുടെ പക്കൽ നിന്നായിരിക്കും.
അന്ന് തന്നെ ഉമ്മ നിർബന്ധിച്ച് നാട്ടിലെ അറിയപ്പെട്ട തയ്യൽ കടയിലേക്ക് വിടും.
"ഇജ്ജു് ഇങ്ങനെ നടന്നോ, അന്റത് പെരുന്നാക്ക് അടിച്ചു കിട്ടൂല. നോക്കിക്കോ"
ഈ പേടിപ്പെടുത്തൽ മതി ടൈലർ കട വരെ കിതച്ചോടി പോവാനുള്ള ഊർജ്ജം നൽകാൻ.
നാട്ടിലെ പ്രധാന സ്ഥാപനമാണ് തയ്യല്ക്കട. പരിസരത്ത് എത്തുമ്പോൾ തന്നെ മെഷീൻ ചവിട്ടുന്ന കട കട ശബ്ദം കേൾക്കുന്നുണ്ടാവും. ബാറ്ററി തീരാനായ ഒരു റേഡിയോ മോങ്ങി കരയുന്നുണ്ടാവും.
ഒരു പേനയോ പെൻസിലോ ചെവിയിൽ തിരുകി ഗൌരവത്തോടെ മെഷീൻ ചവിട്ടുന്ന മൂപ്പ്പരാണ് റമളാൻ മാസത്തിലെ താരം. പുത്തനുടുപ്പിന്റെ പുതുമണവും അത്തറിന്റെ നറുമണവും പേറി പെരുന്നാളിന് പള്ളീൽ പോകണമെങ്കിൽ ഇനി ഇങ്ങേരു കനിയണം.
കടയിൽ അളവ് കൊടുക്കാൻ മൂന്നു നാല് പേരും കാണും.
"അളവുണ്ടോ"
പഴയ കുപ്പായമോ പാന്റ്സോ അളവിന് കൊടുക്കാനുണ്ടെങ്കിൽ ആൾക്ക് നല്ല സന്തോഷമാണ്. സമയം മെനക്കെടില്ലല്ലോ.
ഇല്ലെങ്കിൽ കയ്യും നെഞ്ചളവും കൊടുക്കണം. പാന്റ്സിന് അര വണ്ണവും നീളവും വീതിയും പറഞ്ഞു കൊടുക്കണം.
ഇറുകി അടിച്ചാൽ വീട്ടിൽ കയറ്റില്ല . എന്റെ ഒരു സ്റ്റൈൽ അനുസരിച്ച് കുപ്പായത്തിന്റെഇറക്കവും വീതിയും കുറച്ചു കൂടുതൽ വേണമായിരുന്നു.
പാന്റ്സിന്റെ വീതിയും അങ്ങനെ തന്നെ.
അളവ് കൊടുത്തു കഴിഞ്ഞാൽ ഉപ്പാന്റെ പേരാണ് എഴുതി വെക്കുക.
"പെരുന്നാളിന്റെ രണ്ടീസം മുൻപ് വേണം. വിരുന്നു പോകാനുണ്ട്"
തരില്ല എന്ന് ടൈലർ പറയില്ല. തരുമെന്നും പറയില്ല. അതാണ് പേടി.
ഇടയ്ക്കു തുന്നിയിട്ടുണ്ടോ എന്ന് നോക്കാൻ ഉമ്മ നിർബന്ധിക്കും.
ആ വഴിക്ക് പോവുമ്പോൾ ഇടക്കൊക്കെ പാളി നോക്കും. ചോദിക്കാൻ മടിയായിരിക്കും. തൂകിയിട്ട ഷർട്ടുകളിൽ എന്റെത് വല്ലതും ഉണ്ടോ എന്ന് നോക്കി പോരും.ഇല്ലെന്നു കണ്ടാൽ നിരാശയാണ്. ദിവസങ്ങൾ കൊഴിഞ്ഞു വീഴും തോറും മനസ്സിൽ ആധിയാണ്.
പെരുന്നാളിന് അടുപ്പിച്ചു തയ്യൽ കടയിലെ സന്ദർശനം കൂടുതലായിരിക്കും . രാത്രി പെട്രോമാക്സിന്റെ വെളിച്ചത്തിൽ ആഞ്ഞു ചവിട്ടുന്ന തയ്യൽക്കാരൻ പരമാവധി വേഗതയിൽ നാളെക്കുള്ള പണി ഒരുക്കുകയായിരിക്കും. പെരുന്നാൾ തലേന്നും കിട്ടിയില്ലെങ്കിൽ മനസ്സിൽ ഇരുട്ട് വീഴും. പിറ്റേന്ന് എങ്ങനെ പള്ളിയിൽ പോവുമെന്ന ചിന്ത വേട്ടയാടി കൊണ്ടിരിക്കും.
അതിരാവിലെ വീണ്ടും ഓടും . പള്ളിയിൽ നിന്ന് തക്ബീര് ഈണത്തിൽ മുഴങ്ങുന്നുണ്ടാവും. പത്രകെട്ടിൽ മടക്കി പൊതിഞ്ഞ പുതുവസ്ത്രം ടൈലർ കയ്യിൽ വെച്ച് തരുമ്പോൾ മനസ്സിൽ സന്തോഷം ഉണ്ടല്ലോ , ഇന്ന് ഏതു ബ്രാൻഡ് ഡ്രസ്സ് ലഭിച്ചാലും കിട്ടില്ല .
അപ്പോഴുമുണ്ടാവും ചിലരൊക്കെ അടിച്ചു കിട്ടാത്ത പുതു വസ്ത്രത്തിന് വേണ്ടി അവിടെ ചുറ്റിപ്പറ്റി നിൽക്കുന്നു. അവര്ക്ക് വേണ്ടി തയ്യൽക്കാരൻ വീണ്ടും ചവിട്ടുകയാണ്...
ആ ചവിട്ടിനും വസ്ത്രം കിട്ടാത്തവരുടെ നെഞ്ചിടിപ്പിനും ഒരേ ഗതി താളമാണ് .
ടക് ...ടക് ...ടക്