ഉപ്പയും ഉമ്മയും ജീവിച്ചിരിക്കുന്ന കാലമാണ് ജീവിതത്തിലെ മനോഹരമായ കാലം. അവരുള്ളിടത്തോളം കാലം നമ്മള്‍ കുട്ടികളാണല്ലോ. അവരിലൊരാള്‍ പോകുമ്പോള്‍ ചിറകറ്റ കുഞ്ഞുകുരുവിയെ പോലെ നൊന്തുപോകും.
ഇന്ന് കാത്തിരിക്കാനും ഇഷ്ടപ്പെടാനും കുറെപേര്‍ നമുക്ക് ചുറ്റുമുണ്ട്. അവരൊക്കെ നമ്മെ സ്‌നേഹിക്കാന്‍ തുടങ്ങിയത് നാം ആരൊക്കെയോ ആയതിനു ശേഷമാണ്. ഒന്നുമല്ലാതിരുന്ന കാലത്ത്, ഒരു രൂപം പോലുമാകാതിരുന്ന കാലത്ത്, ഈ ലോകത്തേക്ക് വരുന്നതിനും മുമ്പ് നമ്മെ സ്‌നേഹിക്കുകയും കാത്തിരിക്കുകയും ചെയ്തവരാണ് അവര്‍ രണ്ടാളും......
വൈക്കം മുഹമ്മദ് ബഷീറിനോട്, ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അനുഭവമേതാണെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞതിങ്ങനെ: ''എന്റെ മകന്‍ അനീസ് കുഞ്ഞായിരിക്കുമ്പോള്‍ കടുത്ത പനി ബാധിച്ച് ബോധക്ഷയനായി. പരിഭ്രാന്തിയോടെ കുഞ്ഞിനെയുമെടുത്ത് ഞാന്‍ ആശുപത്രിയിലേക്കോടി. കുഞ്ഞ് മരിച്ചെന്നുതന്നെയായിരുന്നു ഞാന്‍ കരുതിയത്. ഹൃദയത്തില്‍ വേദന തളംകെട്ടിനിന്നു. ഓടുന്നതിനിടയ്ക്ക്, ഒരു കല്ലില്‍തട്ടി ഞാന്‍ വീഴാന്‍ പോയി. ആ സമയത്ത് അവന്‍ ഒന്നു കരഞ്ഞു! ഞാന്‍ സന്തോഷംകൊണ്ട് പുളകിതനായി.
ആ നിമിഷമാണ് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ സന്ദര്‍ഭമായി ഞാനിന്നും കരുതുന്നത്'' (യാ ഇലാഹി). പുരസ്‌കാരങ്ങള്‍ നിരവധി വന്നുചേരുകയും നേട്ടങ്ങളുടെയും പ്രശസ്തിയുടെയുംനടുവില്‍ കഴിയുകയും ചെയ്ത ബഷീര്‍ പക്ഷേ, ഏറ്റം ഹൃദ്യമായ ആനന്ദമായി ഓര്‍മിച്ചെടുത്തത് എന്താണെന്ന് നോക്കൂ. അതാണു പിതാവ്......
ഉമ്മയ്ക്ക് അറിയുന്ന പോലെ മറ്റൊരാള്‍ക്ക് നമ്മെയറിയില്ല. ഇഷ്ടവും അനിഷ്ടവും അനക്കവും ഇണക്കവുമെല്ലാം ഉമ്മയ്ക്കറിയാം. മറ്റാരേക്കാളും ഉമ്മ നമ്മുടെ കൂടെയുണ്ട്. ഉള്ളു നൊന്ത പ്രാര്‍ഥനയായും ഉള്ളറിഞ്ഞ ശ്രദ്ധയായും ശിക്ഷണമായും ആ കരുതല്‍ ഒപ്പമുണ്ട്. ഉമ്മയെ നഷ്ടമാകുമ്പോള്‍ അതെല്ലാമാണ് നഷ്ടമാകുന്നത്. വേദനയുടെ നീര്‍ച്ചുഴികളിലൂടെ പത്തുമാസത്തെ ഗര്‍ഭധാരണം, അസഹ്യാനുഭവങ്ങള്‍ക്കൊടുവില്‍ പ്രസവം, ബദ്ധശ്രദ്ധമായ പരിചരണം, കുഞ്ഞിന്റെ മലമൂത്രങ്ങളോടൊപ്പം സ്‌നേഹപൂര്‍വമായകൂട്ടിരിക്കല്‍, ഒരു ചെറിയ നിമിഷം പോലും പിരിഞ്ഞിരിക്കാനാവാത്ത അടുപ്പം. ജീവിതകാലം മുഴുവന്‍ മക്കളെ ഓര്‍ത്തുകൊണ്ടുള്ള നെടുവീര്‍പ്പുകള്‍. പട്ടിണിയുടെ വേദനയിലാകുമ്പോഴും കുഞ്ഞിന്റെ കരച്ചില്‍ സഹിക്കാനാവാത്ത ദുര്‍ബലമനസ്സ്, ആ ഉമ്മയോളം വരില്ല മറ്റൊന്നും...... ഉമ്മ തൊടുമ്പോള്‍
വീട്ടില്‍ പരീക്ഷിച്ച ഒരു കാര്യം പറയട്ടെ, ഉറങ്ങാനൊരുങ്ങും മുമ്പ് ഉമ്മക്കും ഉപ്പക്കും സലാം കൊടുത്ത് ഒരു മുത്തം നല്‍കാന്‍ മോനോട് പറയും. കുറച്ച് ദിവസമേ അങ്ങനെ പറഞ്ഞുകൊടുക്കേണ്ടി വന്നുള്ളൂ, പിന്നെയവന്‍ അതൊരു ശീലമാക്കി. ഉമ്മയും ഉപ്പയും ആ‘പൊന്നുമ്മ കാത്തിരിക്കും.
വര്‍ണിക്കാനാവാത്ത സന്തോഷം തോന്നും ആ രംഗം കാണുമ്പോള്‍. അനുഭവിക്കുന്ന ആശ്വാസത്തിന്റെ സന്തോഷം അവരിലും കാണാം. അവര്‍ കൂടെയുള്ള ദിവസങ്ങളാണ് ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളെന്ന് അവര്‍ കൂടെയുള്ളപ്പോള്‍ തന്നെ തിരിച്ചറിയണമല്ലോ. നമുക്ക് വെള്ളവും വളവുമായിത്തീര്‍ന്ന വിത്തും വേരുമല്ലേ ആ രണ്ടുപേര്‍.
മഹാപണ്ഡിതന്‍ ഇമാം റാസിയുടെ ഒരു സംഭവമുണ്ട്;
പിതാവിന്റെ സ്വത്ത് വീതിക്കുമ്പോള്‍ഓരോരുത്തരും അവര്‍ക്കിഷ്ടമുള്ളത് വേണമെന്ന് തര്‍ക്കിച്ചു. തനിക്കിഷ്ടമുള്ളത് ഇമാം പറഞ്ഞതിങ്ങനെ: ''എനിക്ക് ഉമ്മയെ മതി, ദയവ് ചെയ്ത് നിങ്ങളെനിക്ക് ഉമ്മയെ തരണം. ബാക്കിയെല്ലാം നിങ്ങളെടുത്തോളൂ..''
.....! പല വീടുകളിലും ഇന്ന് അനാഥരായി കിടക്കുകയാണ് ഉമ്മമാരും ഉപ്പമാരും. മക്കളുടെയും കുഞ്ഞുമക്കളുടെയും സഹവാസമില്ലാതെ, ഒന്നു തളരുമ്പോളും ക്ഷീണിക്കുമ്പോളും കൈ പിടിക്കാന്‍ ആളില്ലാതെ പാവം രണ്ടുപേര്‍ പരസ്പരം നോക്കിയിരുന്ന് വലിയ വീടുകളില്‍ ഒറ്റക്കാവുന്നു. അവരുടെ യൗവ്വനം മക്കള്‍ക്ക് വേണ്ടിയായിരുന്നു. പക്ഷേ മക്കളുടെ യൗവ്വനം സ്വന്തം നേട്ടങ്ങള്‍ക്കുള്ളതായി മാത്രം ചുരുങ്ങുന്നു.
നമുക്ക് ജന്മം നല്‍കിയവര്‍, നമുക്ക് പേരിട്ടവര്‍, നമ്മെ പോറ്റിവളര്‍ത്തിയവര്‍, നാം വളരുന്നതിലും ഉയരുന്നതിലും പ്രശസ്തരാകുന്നതിലും നമ്മെക്കാളും ആനന്ദിച്ചവര്‍, നമ്മുടെ വേദനകളില്‍ ഏറ്റവുമധികം ദുഃഖിച്ചവര്‍, കരാറുകളില്ലാതെ നമ്മോട് ബന്ധം പുലര്‍ത്തിയവര്‍. അവരാണ് ഉമ്മയും ഉപ്പയും. അവരുടെ തണലിനും തലോടലിനുമൊപ്പം നില്‍ക്കേണ്ടവരാണ് മക്കള്‍. വല്ല്യുമ്മയുടെ കഥകള്‍ കേട്ടും വല്ല്യുപ്പയുടെ സ്‌നേഹലാളനകള്‍ നുകര്‍ന്നും നമ്മുടെ കുഞ്ഞുങ്ങള്‍ വളരട്ടെ.....