സ്വര്‍ഗ്ഗം ഒരു വല്ലാത്ത ലോകമാണ്. അത് വര്‍ണ്ണിക്കാന്‍ മനുഷ്യനാവില്ല. നാം കണ്ടതിനോടോ കേട്ടതിനോടോ തുലനം ചെയ്തല്ലേ വര്‍ണിക്കാനാകൂ. അവിടെ സന്തോഷം മാത്രമേ ഉള്ളൂ. ദുഃഖങ്ങള്‍, സങ്കടങ്ങള്‍, വിഷമങ്ങള്‍ അവിടെ ഇല്ലേ ഇല്ല. നമ്മുടെ എല്ലാ സ്വപ്നങ്ങളും അവിടെ പൂവണിയിക്കപ്പെടും. നമുക്ക് സങ്കല്പിക്കവുന്നതും അല്ലാത്തതുമായ എല്ലാ അനുഗ്രഹങ്ങളുമുള്ള അനുഗ്രഹീത വീടാനത്. സ്വര്‍ഗ്ഗത്തിലെ ഏറ്റവും വലിയ അനുഗ്രഹം അല്ലാഹുവിനെ കാണുക എന്നതാണ്. ഈ പ്രപഞ്ചം ഇത്രയേറെ ഭംഗിയില്‍ ആശ്ചര്യമാം വിധം പണി തീര്‍ത്ത, നമ്മെ പടച്ച് പരിപാലിക്കുന്ന, എത്ര തെറ്റുകള്‍ ചെയ്തിട്ടും നമുക്ക് ഗുണങ്ങള്‍ മാത്രം സമ്മാനിച്ച, നമ്മെ വല്ലാതെ സ്നേഹിക്കുന്ന നാഥനെ കാണാനുള്ള അവസരം. അവര്‍ണ്ണനീയമായ ആ വലിയ അനുഗ്രഹം നാഥാ ഞങ്ങള്‍ക്കും നല്‍കണേ . . . . .
അല്ലാഹുവിനെ കാണാനുള്ള ദുനിയാവിലെ മാര്‍ഗ്ഗമാണ് നിസ്കാരം. നിസ്കാരം അല്ലാഹുവുമായുള്ള മുനാജാത് ആണ്. എന്‍റെ അടിമ എന്നോട് ഏറ്റവും അടുക്കുന്നത് സുജൂദിലാണെന്ന് അല്ലാഹു നമ്മോട് പറയുന്നുണ്ട്. പക്ഷെ നാം അല്ലാഹുവുമായി നേരില്‍ കണ്ട് സംസാരിക്കാന്‍ കിട്ടുന്ന ഈ സുവര്‍ണ്ണാവസരം വേണ്ടത്ര വിനിയോഗിക്കാറുണ്ടോ ? ചിലര്‍ നിസ്കരിക്കുകതന്നെ ഇല്ലാതെ പുറംതിരിഞ്ഞു നടക്കുന്നു. അവരെ തല്‍ക്കാലം മാറ്റിനിറുത്തുന്നു. നിസ്കരിക്കുന്നവര്‍ തന്നെ ഞാന്‍ അല്ലാഹുവിന്‍റെ മുന്നിലാണ് നില്‍ക്കുന്നതെന്ന ബോധത്തോടെയല്ല നിസ്കരിക്കുന്നത്. ഒരു പടയോട്ടമാണ്. ഫര്‍ള് പോലും നേരാവണ്ണം ചെയ്യാന്‍ സമയമില്ല. സുന്നതുകളുടെ അവസ്ഥ പറയാതിരിക്കലാവും നല്ലത്. നാം ബഹുമാനിക്കുന്ന, സ്നേഹിക്കുന്ന ഒരു നേതാവിനെ കണ്ട് വല്ലതും ചോദിച്ചു വാങ്ങാനുണ്ടെങ്കില്‍ ധൃതി കൂട്ടി അവതരിപ്പിക്കുമോ ? അങ്ങനെയെങ്കില്‍ നീ തിരക്കൊക്കെ തീര്‍ന്നു ആശ്വാസംപോലെ വരൂ എന്ന്‍ പറഞ്ഞു തിരിച്ച്ചയക്കില്ലേ ? അതുപോലെ നിസ്കാരത്തെ നാം ഒന്ന് വിലയിരുത്തി നോക്കണം. എന്തൊക്കെയാണ് നിസ്കാരത്തിലൂടെ നാം ആവശ്യപ്പെടുന്നത്. സ്വിറാതുല്‍ മുസ്തഖീമില്‍ അഥവാ സ്വര്‍ഗ്ഗത്തിലെത്തുന്ന മാര്ഗ്ഗത്തിലാക്കണം, ദോഷങ്ങള്‍ പൊറുക്കണം, കരുണ കാണിക്കണം, ഉയര്‍ത്തണം, ഭക്ഷണം വിശാലമാക്കണം, ദജ്ജാലിന്‍റെ ഫിത്നയെ തൊട്ടു കാക്കണം, ഖബ്റിന്‍റെ അദാബില്‍ നിന്ന്‍ കാക്കണം . . . അങ്ങനെ എന്തൊക്കെ . .
ഇതെല്ലാം ഇങ്ങനെ ധൃതിപിടിച്ച് പറഞ്ഞു ഓടിയാല്‍ റബ്ബ് സ്വീകരിക്കുമോ? ഒരിക്കലും സാധ്യതയില്ല. നാം ഒരിക്കലും സന്തോഷത്തോടെ മനസ്സാന്നിധ്യത്തോടെ റബ്ബിനെ തൃപ്തിപ്പെടുത്താന്‍ നിസ്കരിക്കണം. ചെറിയ രൂപത്തില്‍ ചോല്ലുന്നതിന്‍റെയൊക്കെ അര്‍ത്ഥം അറിയണം. റബ്ബിനു ഏറ്റവും ഇഷ്ടപ്പെട്ട പണിയാണ് ഞാന്‍ ഈ ചെയ്യുന്നത് എന്ന ബോധം ഉണ്ടാകണം. എന്നാല്‍ റബ്ബ് നമ്മെ കൈവിടില്ല. നാം ചോദിക്കുന്നതിനൊക്കെ പരിഗനനയുണ്ടാകും. എന്നാലെ നമുക്ക് സ്വര്‍ഗ്ഗവും അല്ലാഹുവിന്‍റെ ലിഖാഉം ലഭ്യമാകൂ. അത് മോഹിക്കാന്‍ അവകാശമുള്ളൂ. അത് സുന്നത് നിസ്കാരമായാലും ഫര്‍ള് നിസ്കാരമായാലും. തറാവീഹ് തന്നെയായാലും.
കുറെ നിസ്കാരങ്ങള്‍ ധൃതി കൂട്ടി നിസ്കരിക്കുന്നതിനേക്കാള്‍ നല്ലത് അല്‍പ്പമെങ്കിലും നന്നായി നിസ്കരിക്കുന്നതാണ്. മുഅക്കദായ സുന്നത്തുകള്‍ ഒഴിവാക്കുന്നത് കറാഹതാണ്. അമലുകളില്‍ കറാഹത് വരാതെ സൂക്ഷിക്കുക. പരമാവധി ജമാഅതായി നിസ്കരിക്കുക, അതിനു ഒരു മാസത്തോളം നിസ്കരിക്കുന്ന ഫലമുണ്ടല്ലോ? ഒരു ഫര്‍ള് നിസ്കാരം ഇപ്രകാരം നിസ്കരിക്കാന്‍ പത്ത് മിനുട്ടിലേറെ ആവശ്യമില്ല. ഒരഞ്ച് മിനുട്ട് എക്സ്ട്രാ. നല്ല കാര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ അല്ലാഹു തൌഫീഖ് നല്‍കട്ടെ. . ആമീന്‍.
ഒരു നന്മ മറ്റൊരാള്‍ക്ക് എത്തിച്ചുകൊടുക്കുന്നത് ആ നന്മ ചെയ്യുന്നതിന് തുല്യമാണ്. നിങ്ങളുടെ ഒരു ഷെയര്‍ ഒരുപാട് നമകള്‍ക്ക് കാരണമായേക്കും. ദുആ വസിയ്യതോടെ ഒരു ദീനീ സ്നേഹി.