Ads 468x60px

നാളെ വിചാരണ ദിവസം അല്ലാഹുവിന്റെ മുമ്പില്‍ എന്റെ ഭാരങ്ങളും നീ ചുമക്കുമോ

ഖലീഫാ ഉമര്‍ ചോദിച്ചു. "നാളെ വിചാരണ ദിവസം അല്ലാഹുവിന്റെ മുമ്പില്‍ എന്റെ ഭാരങ്ങളും നീ ചുമക്കുമോ" ? ഒരു രാവിന്റെ കുളിര്‍മ്മയില്‍ സുഖമായുറങ്ങുന്ന പ്രവാചകന്റെ പ്രിയപ്പെട്ട മദീന. പ്രവാചകന്റെ വിയോഗ ശേഷം രണ്ടാമത് ഭരണാധികാരിയായ ഉമറിന്റെ ഭരണ കാലഘട്ടം. ഉമറിനെ പ്രവാചകന്‍ വിളിച്ചിരുന്ന വിളിപ്പേരായിരുന്നു അബുൽ ഹഫ്സ്‌ എന്ന്‌. കടുവക്കുട്ടിയുടെ പിതാവെന്നായിരുന്നു അതിന്റെ അര്‍ത്ഥം, ഉമറിന്‌ ആ വിളിപ്പേര്‌ വളരെ ഇഷ്ടമായിരുന്നു. ഉമറിന്‌ പ്രവാചകന്‍ നല്‍കിയ മറ്റൊരു സ്ഥാനപ്പേരായിരുന്നു ഫാറൂഖ്‌ എന്നത്‌. നന്‍മ തിന്‍മകളെ വിഭജിച്ചു നിറുത്തുന്നവന്‍ എന്നായിരുന്നു ആ വാക്കിന്റെ അര്‍ത്ഥം. ഉമര്‍ അങ്ങിനെയായിരുന്നു. അബൂബക്കറിന്റെ വിയോഗാനന്തരം ഉമറിന്റെ ചുമലിൽ ഖലീഫാ പട്ടം വന്നു ചേര്‍ന്നപ്പോൾ ഇത്‌ ഇത്‌ എന്റെ നാശത്തിനാണല്ലോ എന്നു പറഞ്ഞു കൊണ്ട്‌ ഉമര്‍ അന്ന്‌ വാവിട്ട്‌ കരഞ്ഞത് ചരിത്രമാണ്.
ഭരണമേറ്റെടുത്ത ശേഷം ഉമര്‍ നടത്തിയത്‌ ചരിത്രത്തില്‍ തുല്യതയില്ലാത്ത രണ്ടു പ്രസംഗങ്ങളാണ്‌. ഒന്ന്‌ അദ്ദേഹത്തിന്റെ കുടുംബക്കാരോടായിരുന്നു. അതിലദ്ദേഹം പറഞ്ഞു: "എന്റെ പ്രിയപ്പെട്ട കുടുംബമേ, സഹോദരങ്ങളേ, നിങ്ങള്‍ ഉമറിന്റെ ബന്ധുക്കളാണ്‌.  മാംസക്കടയില്‍ തൂക്കിയിട്ടിരിക്കുന്ന മാംസത്തിലേക്ക്‌ നായ്ക്കള്‍ നോക്കുന്നതു പോലെ ജനങ്ങള്‍ ആര്‍ത്തിയോടെ നിങ്ങളെ നോക്കിക്കൊണ്ടിരിക്കും. നിങ്ങളിലാരെങ്കിലുമൊരു തെറ്റു ചൈതാല്‍ അതിന്റെ മറവില്‍ തങ്ങള്‍ക്ക്‌ ആ തെറ്റു ചെയ്യാമല്ലോ എന്ന് കരുതുന്നവരുമുണ്ടാകും. അതിനാല്‍ നിങ്ങള്‍ നിങ്ങളെ സൂക്ഷിച്ചു കൊള്ളുക. നിങ്ങളിലാരെങ്കിലും ഒരു തെറ്റു ചൈതാല്‍ ഒരു ദാക്ഷിണ്യവും നിങ്ങൾ പ്രതീക്ഷിക്കരുത്. നിശ്ചയം ഉമര്‍ അല്ലാഹുവിനെ ഭയക്കുന്നു. സത്യത്തിന്റെയും നീതിയുടേയും മാര്‍ഗത്തിലല്ലാതെ ഉമറിനെ നിങ്ങള്‍ക്ക്‌ കണ്ടെത്താനാവില്ല."
ഉമര്‍ ഭരണം തുടങ്ങി കുറേ കാലം കഴിഞ്ഞു. ഒരു തണുത്ത രാത്രിയില്‍, മദീനയുടെ പ്രാന്തപ്പ്രദേശത്തെ ഒരു താഴ്‌വരയില്‍ ഉമര്‍ ഒരു തീവെട്ടം കണ്ട് ആകാംക്ഷയോടെ അങ്ങോട്ടു ചെന്നു. അവിടെ വിജനമായ ഒരു സ്ഥലത്ത്‌ ഒരു സ്‌ത്രീ തീ കത്തിച്ചു കൊണ്ടിരിക്കുകയാണ്‌. അവളുടെ അരികില്‍ തളര്‍ന്നുറങ്ങുന്ന രണ്ടോ മൂന്നോ കുഞ്ഞുങ്ങൾ. തന്റെ അടുത്തൊരു നിഴലാട്ടം കണ്ടപ്പോള്‍ സ്‌ത്രീ ഞെട്ടിത്തിരിഞ്ഞു നോക്കി. അപരിചിതനായ ഒരു പുരുഷനെ കണ്ടപ്പോള്‍ വര്‍ദ്ധിച്ച കോപത്തോടെ ആ സ്‌ത്രീ ചോദിച്ചു. "ഹെ.. മനുഷ്യ. നിങ്ങള്‍ക്കിത്ര ധൈര്യമോ? വിജനമായ ഒരു സ്ഥലത്ത്‌ ഒരു സ്‌ത്രീ മാത്രമുള്ളപ്പോള്‍ അവളുടെ അടുത്തേക്ക്‌ പാത്തും പതുങ്ങിയും വരാന്‍ നിങ്ങളെങ്ങിനെ ധൈര്യപ്പെടുന്നു. നാളെ ഈ കാര്യമെങ്ങാനും ഉമററിഞ്ഞാല്‍ നിങ്ങളുടെ കാര്യമെന്താവുമെന്ന്‌ നിങ്ങളോര്‍ക്കുന്നുണ്ടോ?"
"ഉമര്‍ ശാന്തനായി പറഞ്ഞു. പ്രിയപ്പെട്ട സഹോദരീ. അപരിചിതവും വിജനവുമായ ഒരു സ്ഥലത്ത്‌ തീ വെളിച്ചം കണ്ടു വന്നതാണ്‌. നിങ്ങള്‍ ബുദ്ധിമുട്ടിലാണെന്ന്‌ തോണുന്നു. നിങ്ങള്‍ക്ക്‌ വല്ല സഹായവും ആവിശ്യമുണ്ടോ? നിങ്ങള്‍ ആരാണ്‌? എന്തിനാണ്‌ ഇങ്ങോട്ട്‌ വന്നിരിക്കുന്നത്‌?" "ഞങ്ങള്‍ ദൂരെ നിന്ന്‌ വരികയാണ്‌. പട്ടിണി സഹിക്കാന്‍ വയ്യാതായ കാരണം ഉമറിനെ കണ്ട്‌ സഹായമെന്തെങ്കിലും കിട്ടുമോ എന്ന്‌ നോക്കാന്‍ വന്നതാണ്‌. ഇവിടെ എത്തിയപ്പോള്‍ രാത്രിയായി. നാളെ രവിലെ ഖലീഫയെ കാണാമെന്നു കരുതി. വിശന്ന മക്കള്‍ വെറുതെ വെള്ളം ചൂടാക്കുന്നത്‌ കണ്ട് ഉറങ്ങിപ്പോയി. അവര്‍ അങ്ങിനെ ഉറങ്ങട്ടെ. അയാൾക്കിതൊന്നും അറിയണ്ടല്ലോ. നാളെ അല്ലാഹുവിന്റെ കോടതിയില്‍ വിശന്നുറങ്ങുന്ന എന്റെ കുട്ടികളുടെ കാര്യത്തില്‍ ഉമറിനെങ്ങിനെ ഒഴിഞ്ഞു മാറാനാവും. "ആ സ്‌ത്രീയുടെ വാക്കുകള്‍ ചാട്ടുളി പോലെ ഉമറിന്റെ നെഞ്ചിൽ തറച്ചു. പിന്നെ അദ്ദേഹം അവിടെ നിന്നില്ല. തിരിച്ചോടുകയായിരുന്നു. തന്റെ സഹായിയുടെ വീടിന്റെ വതിലില്‍ മുട്ടി വിളിച്ചു. അദ്ദേഹം പുറത്തേക്ക്‌ വന്നപ്പോള്‍ ഉമര്‍ ഒരൊറ്റ ചോദ്യമേ ചോദിച്ചുള്ളു.
"അറേബ്യയില്‍ എത്ര മനുഷ്യര്‍ പട്ടിണി കിടക്കുന്നുണ്ട്‌?"
"അമീറുല്‍ മുഅ്മിനീന്‍.. എന്റെ അറിവില്‍ ആരുമില്ല"
"കഷ്ടം.. നിനക്കും ഉമറിനും നാശം. ആ മലഞ്ചെരുവിലതാ ഉമറിനുള്ള ശിക്ഷ വിശന്നുറങ്ങുന്നു. നീയിവിടെ കിടന്നുറങ്ങുകയാണോ?"
ഉമര്‍ അയാളെയും കൂട്ടി പൊതു ഖജനാവിനടുത്തേക്ക് ചെന്നു. ഒരു ചാക്ക്‌ ധാന്യം തന്റെ തലയിലേക്ക്‌ വച്ചു തരാന്‍ ആവശ്യപ്പെട്ടു. അയാള്‍ അൽപ നേരം ആലോചിച്ചു നിന്നിട്ട് ഉമറിനോടു പറഞ്ഞു. "അമീറുല്‍ മുഅ്മിനീന്‍,.. താങ്കളത്‌ എന്റെ ചുമലിലേക്ക്‌ പിടിച്ചു തരിക. ഭാരം ഞാനെടുക്കാം" കോപത്തോടെ ഖലീഫാ ഉമര്‍ ചോദിച്ചു: "നാളെ വിചാരണ ദിവസം നാഥന്റെ മുമ്പിലും എന്റെ ഭാരങ്ങൾ നീ ചുമക്കുമോ? നീ ഇതെന്റെ ചുമലിലേക്ക്‌ വച്ചു തരിക." തന്റെ തലയില്‍ ചുമന്ന ചാക്കും, ഒരു കയ്യില്‍ ഈത്തപ്പഴ വട്ടിയുമായി ഉമര്‍ ആ മലഞ്ചെരുവിലൂടെ നടന്നു. പിന്നാലെ വഴി വെളിച്ചം കാണിച്ചു കൊണ്ട്‌ സഹായിയും. ഉമര്‍ ആ സ്‌ത്രീക്ക്‌ ധാന്യവും ഈത്തപ്പഴവും കൊടുത്തു. അതെല്ലാം കിട്ടിയ സന്തോഷത്തോടെ ആ സ്‌ത്രീ പറഞ്ഞു. "നിങ്ങളെത്ര നല്ല മനുഷ്യനാണ്‌. തീര്‍ച്ചയായും മുസ്ലിംകളുടെ നേതാവാകാൻ ഉമറിനെക്കാളും യോഗ്യന്‍ നിങ്ങളാണ്‌." അതു കേള്‍ക്കെ ഉമര്‍ ആ സ്‌ത്രീയോടായി ഇങ്ങിനെ പറഞ്ഞു. "പ്രിയപ്പെട്ട സഹോദരീ. ഖലീഫാ ഉമറിന്‌ ഒരു പക്ഷെ നിങ്ങളുടെ വിവരമൊന്നും അറിയാന്‍ കഴിഞ്ഞിട്ടുണ്ടാവുല്ല. അദ്ദേഹം തീര്‍ച്ചയായും അല്ലാഹുവിനെ ഭയക്കുന്നവൻ തന്നെയാണ്‌. നിങ്ങള്‍ നാളെ അദ്ദേഹത്തെ ചെന്നു കാണുക. അദ്ദേഹം നിങ്ങളെ വേണ്ട രീതിയില്‍ സഹായിച്ചേക്കും"
ഇത്രയും പറഞ്ഞു കൊണ്ട്‌ ഉമര്‍ കുറച്ചകലേക്കു മാറി ആ സ്‌ത്രീക്കും കുഞ്ഞുങ്ങള്‍ക്കും കാവലെന്നവണം പുലര്‍ച്ചെ വെള്ള കീറുന്നതു വരെ ആ മലഞ്ചെരുവിന്റെ ഒരു ഭഗത്തിരുന്നു. ഇസ്ലാം സ്വീകരണത്തിന് മുമ്പ് അറേബ്യയുടെ പേടിസ്വപ്നമായിരുന്ന, ഊരിപ്പിടിച്ച വാളുമായി പ്രവാചകന്റെ ശിരസ്സെടുക്കാനിറങ്ങിയ,  ജീവിതത്തിലൊരിക്കലും ഒരാളുടെ മുന്നിലും തല കുനിച്ചിട്ടില്ലാത്ത, കരുത്തനും കായി കാഭ്യാസിയും താന്തോന്നിയുമായിരുന്ന അതേ ഉമറാണ്, ഇരുളിന്റെ മറവിൽ ആ മരച്ചുവട്ടിൽ തല കുനിച്ചിരുന്ന് കൊച്ചു കുട്ടിയെപ്പോലെ ആരും കാണാതെ കണ്ണു നിറക്കുന്നത്...
 

Install SUNNI News 4 News & Live

.

Con: 09387762313

For Audio Recording SAMAR