ഉള്ഹിയ്യത്തിന്റെ കര്‍മശാസ്ത്രം
തന്റെയും താന്‍ ചെലവ് നല്‍കല്‍ നിര്‍ബന്ധമായവരുടെയും ആവശ്യങ്ങള്‍ കഴിഞ്ഞ് ഉള്ഹിയ്യത്ത് നിര്‍വഹിക്കാനുള്ള സമ്പത്ത് ബാക്കി വരുന്ന ബുദ്ധിയും പ്രായപൂര്‍ത്തിയും വിവേകവുമുള്ള സ്വതന്ത്രനായ എല്ലാ മുസ്‌ലിമിനും ഉള്ഹിയ്യത്തറുക്കല്‍ സുന്നത്താണ്. ദുല്‍ഹിജ്ജ 10,11,12,13 തിയ്യതികളിലാണ് അറവ് നടത്തേണ്ടത്. ഉള്ഹിയ്യത്ത് നേര്‍ച്ചയാക്കിയാല്‍ നിര്‍ബന്ധമാകും. അറവിന് പ്രാപ്തിയുള്ളവര്‍ അതുപേക്ഷിക്കല്‍ കറാഹത്താണ്. ഒരാള്‍ നിര്‍വ്വഹിച്ചാല്‍ അവന്റെ വീട്ടുകാര്‍ക്കെല്ലാം പൊതുവായ പ്രതിഫലം ലഭിക്കും.
ദുല്‍ഹിജ്ജ പത്തിന് സൂര്യോദയശേഷം നിര്‍ബന്ധ ഘടകങ്ങള്‍ മാത്രമെടുത്ത് രണ്ട് റക്അത്ത് നിസ്കാരവും രണ്ട് ഖുതുബയും നിര്‍വഹിക്കാന്‍ ആവശ്യമായ സമയം കഴിഞ്ഞാല്‍ ഉള്ഹിയ്യത്തിന്റെ സമയം ആരംഭിക്കും. ദുല്‍ഹിജ്ജ 13ന്റെ സൂര്യാസ്തമനത്തോടെ അവസാനിക്കുകയും ചെയ്യും.
ഒട്ടകം, മാട് (കാള, പോത്ത്, മൂരി, പശു, എരുമ) ആട് എന്നിവയെയാണ് ഉള്ഹിയ്യത്ത് മൃഗങ്ങള്‍. ഒട്ടകം അഞ്ച് വയസ്സ് പൂര്‍ത്തിയായതായിരിക്കണം. മാട്, കോലാട് എന്നിവക്ക് രണ്ടും. നെയ്യാട് (ചെമ്മരിയാട്) ഒരു വയസ്സ് പൂര്‍ത്തിയായതോ, ആറ് മാസം കഴിഞ്ഞ് പല്ല് കൊഴിഞ്ഞതോ ആവണം.
ഉള്ഹിയ്യത്തിന് ഏറ്റവും ഉത്തമം ഒട്ടകവും പിന്നെ മാട്, ശേഷം നെയ്യാട്, പിന്നെ കോലാട്, ശേഷം ഒട്ടകത്തില്‍ പങ്കുചേരല്‍, അതു കഴിഞ്ഞാല്‍ മാടില്‍ പങ്കു ചേരല്‍ ഈ ക്രമമാണ് പാലിക്കേണ്ടത്. കൂടുതല്‍ തടിച്ചു കൊഴുത്തതാണ് ഏറ്റവും ശ്രേഷ്ഠം.
ഒട്ടകത്തിലും മാടിലും ഏഴ് പേര്‍ക്ക് പങ്കുകാരാകാവുന്നതാണ്. ഒരു മൃഗത്തില്‍ ഏഴിലധികമാളുകള്‍ക്ക് പങ്കാവാന്‍ പാടില്ല. ആളുകളുടെ എണ്ണം കുറയുന്നതിന് വിരോധമില്ല. ആട് ഒരാളുടെ ഉള്ഹിയ്യത്താണ്. ആടില്‍ കൂറാവാന്‍ പറ്റില്ല.
വകതിരിവായ ഒരു മുസ്‌ലിമിനെ അറവിന് ഏല്‍പ്പിക്കുമ്പോള്‍ നിയ്യത്ത് ചെയ്യാനും അദ്ദേഹത്തെ ഏല്‍പ്പിക്കാം. ഒന്നിലധികംപേര്‍ ഷെയറായി നിര്‍വഹിക്കുമ്പോള്‍ ഓരോരുത്തരും നിയ്യത്ത് ചെയ്യുകയോ, നിയ്യത്ത് ചെയ്യാന്‍ ഒരാളെ ഏല്‍പ്പിക്കുകയോ ചെയ്യാം. ‘ഞാന്‍ ഇതിനെ ഉള്ഹിയ്യത്തറുക്കുന്നു’ എന്ന് നിയ്യത്ത് ചെയ്താല്‍ മതി. അറവിന് ശേഷം നിയ്യത്ത് ചെയ്താല്‍ പോര.
സുന്നത്തായ ഉള്ഹിയ്യത്ത് മാംസത്തില്‍ നിന്ന് നിസ്സാരമല്ലാത്ത ഒരു വിഹിതം ഫഖീര്‍, മിസ്കീന്‍ എന്നിവര്‍ക്ക് നല്‍കല്‍ നിര്‍ബന്ധമാണ്. ഒരാള്‍ക്ക് നല്‍കിയാലും മതി. വേവിക്കാതെയാണ് നല്‍കേണ്ടത്. സുന്നത്തായ ഉള്ഹിയ്യത്ത് മാംസം സ്വന്തം ഭക്ഷിക്കുന്നതിന് വിരോധമില്ല. ബറകത്തിന് അല്‍പം മാത്രം സ്വന്തമായി എടുത്ത് (കരളാണ് ഉത്തമം) ബാക്കി മുഴുവന്‍ സ്വദഖ ചെയ്യലാണ് നല്ലത്. അല്‍പംപോലും സ്വദഖ ചെയ്യാതിരുന്നാല്‍ ഉള്ഹിയ്യത്ത് വീടുകയില്ല. നിര്‍ബന്ധമായ ഉള്ഹിയ്യത്താണെങ്കില്‍ മുഴുവന്‍ സ്വദഖ ചെയ്യല്‍ നിര്‍ബന്ധമാണ്. സ്വന്തം ആവശ്യത്തിന് അല്‍പം പോലും എടുക്കല്‍ അനുവദനീയമല്ല.
സുന്നത്തായ ഉള്ഹിയ്യത്ത് അല്‍പമെങ്കിലും അറവ് നിര്‍വഹിച്ച നാട്ടില്‍ വിതരണം ചെയ്യാതെ മുഴുവന്‍ മറ്റൊരു നാട്ടിലേക്ക് കൊണ്ടുപോകാന്‍ പാടില്ല. നിസ്സാരമല്ലാത്ത ഒരു ഭാഗം അറവ് നടത്തിയ നാട്ടില്‍ നല്‍കണം. നിര്‍ബന്ധ ഉള്ഹിയ്യത്ത് മുഴുവനും അറുത്ത നാട്ടില്‍ തന്നെ സ്വദഖ ചെയ്യണം. അല്‍പം പോലും മറ്റൊരു നാട്ടിലേക്ക് നീക്കം ചെയ്യാന്‍ പാടില്ല.
ജീവിച്ചിരിപ്പുള്ളയാള്‍ക്ക് വേണ്ടിയുള്ള ഉള്ഹിയ്യത്ത് അദ്ദേഹത്തിന്റെ സമ്മതമില്ലാതെ സാധുവല്ല. സമ്മതത്തോടെ അനുവദനീയമാണ്.
0 comments:
Post a Comment