بسم الله الرحمن الرحيم
നന്മകളില്‍ മുന്നിടുവാനാഗ്രഹിക്കുന്ന വിശ്വാസികള്‍ക്കിതാ വിശുദ്ധിക്കൊരവസരം. സത്യവിശ്വാസികള്‍ക്ക് സന്തോഷമേകി ദുല്‍ഹിജ്ജ മാസം സമാഗതമാകുന്നു.
പുണ്യങ്ങള്‍ സമ്പാദിക്കുവാന്‍ ഇതിനോളം ശ്രേഷ്ഠമായ സുദിനങ്ങള്‍ ഒരു വിശ്വാസിയുടെ ജീവിതത്തില്‍ വേറെയില്ല. നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു:
عن جابر بن عبد الله رضي الله عنه، أن رَسُولُ اللَّهِ صلى الله عليه وسلم قَالَ: «أفضل أيام الدنيا أيام العشر». [ صححه الألباني في صحيح الجامع الصغير، 1133 ].
ജാബിര്‍ (റളിയല്ലാഹു അന്‍ഹു) വില്‍ നിന്നും: നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു: "ദിനങ്ങളില്‍ വെചേറ്റവും ശ്രേഷ്ഠമായത് (ദുല്‍ഹിജ്ജ) പത്തു ദിനങ്ങളാകുന്നു".
വിശുദ്ധ ഖുര്‍ആനില്‍ സൂറത്തുല്‍ "ഹജ്ജി"ല്‍ അല്ലാഹു പറഞ്ഞു:
[وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَعْلُومَاتٍ] [سورة الحج:28].
"അറിയപെട്ട അവര്‍ അല്ലാഹുവിനെ സ്മരിക്കുവാനും വേണ്ടി"
ഇബ്നു അബ്ബാസ് റളിയല്ലാഹു അന്‍ഹു പറഞ്ഞു: "അറിയപ്പെട്ട ദിനങ്ങള്‍ എന്നത് ദുല്‍ഹിജ്ജ പത്തു ദിനങ്ങളാകുന്നു". (ബുഖാരി).
കൂടാതെ സൂറത്തുല്‍ "ഫജ്റി"ല്‍ അല്ലാഹു ദുല്‍ഹിജ്ജ പത്തിനെ പ്രത്യേകം സത്യം ചെയ്തു പറഞ്ഞുവെന്നതും ഈ ദിനങ്ങളുടെ മഹത്വമറിയിക്കുന്നു. കാരണം അല്ലാഹു അവന്റെ സൃഷ്ടികളില്‍ പ്രധാന്യമര്‍ഹിക്കുന്നവയെക്കൊണ്ടാണ് സത്യം ചെയ്തുപറയുക.
ദുല്‍ഹിജ്ജ മാസത്തിലെ ആദ്യ പത്തും റമദാന്‍ മാസത്തിലെ അവസാനപത്തും ഏതാണ് ഏറ്റവും ശ്രേഷ്ഠമായത് എന്ന് ചോദിക്കപെട്ടപോള്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ റഹിമഹുല്ലാഹ് പറഞ്ഞു: റമദാനിലെ അവസാന പത്തുരാത്രികള്‍ ദുല്‍ഹിജ്ജയിലെ ആദ്യ പത്തുരാത്രികളേക്കാള്‍ ശ്രേഷ്ഠമാണ്. എന്നാല്‍ ദുല്‍ഹിജ്ജയിലെപത്തുപകലുകള്‍പത്തുപകലുകളെക്കാളുംശ്രേഷ്ഠമായതാണ്.
ഈ ദിനങ്ങളുടെ മറ്റൊരു ശ്രേഷ്ഠത അറഫാദിനം ഇതിലുള്‍പെടുന്നു എന്നതാണ്. അറഫാ നോമ്പിനെക്കുറിച്ച് നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞത്: കഴിഞ്ഞ ഒരു വര്‍ഷത്തെയും വരാന്‍ പോകുന്ന ഒരു വര്‍ഷത്തെയും പാപങ്ങള്‍ പൊറുക്കപെടും എന്നാണല്ലോ. മാത്രമല്ല, ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നായ വിശുദ്ധഹജ്ജിന്റെ ഏതാണ്ടെല്ലാ കര്‍മ്മങ്ങളും ഈ ദിനങ്ങളിലാണ് നിര്‍വഹിക്കപെടുന്നത്. മുസ്‌ലിം ലോകം ബലിപെരുന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് നടത്തുന്ന ഏറെ ശ്രേഷ്ഠമായ ബലികര്‍മ്മവും ഈ ദിനങ്ങളില്‍ തന്നെ.
ഇമാം ഇബ്നുഹജര്‍ റഹിമഹുല്ലാഹ് പറഞ്ഞു: ദുല്‍ഹിജ്ജയിലെ പത്തുദിനങ്ങൾ ഇത്രയും ശ്രേഷ്ഠമാകാനുള്ള കാരണം അടിസ്ഥാന ആരാധനകളായ നമസ്കാരം, നോമ്പ്, ദാനധര്‍മ്മം, ഹജ്ജ് മുതലായവ ഈ ദിനങ്ങളില്‍ ഒന്നിച്ചുവരുന്നു എന്നതാണ്. മറ്റു യാതൊരു ദിനങ്ങളിലും ഇവയൊന്നിച്ച് വരില്ലതന്നെ. (ഫത്ഹുല്‍ ബാരി)
ചില ദിവസങ്ങളെയും മാസങ്ങളെയും മറ്റുള്ളവയെക്കാള്‍ ശ്രേഷ്ഠമാക്കിയെന്നത് യഥാർത്ഥത്തിൽ അല്ലാഹു നമുക്ക് നല്കിയ വലിയൊരനുഗ്രഹമാണ്. ഇത്രയും ശ്രേഷ്ഠത നിറഞ്ഞ ദുൽഹിജ്ജ മാസത്തിലെ ഈ സുദിനങ്ങള്‍ നമുക്ക് വന്നുകിട്ടിയെങ്കില്‍ അതിന്നർത്ഥം അല്ലാഹു നമ്മെ അതിയായി അനുഗ്രഹിച്ചുവെന്നാണല്ലോ. ഈ അനുഗ്രഹത്തിന്റെ മഹത്വം തിരിച്ചറിയുവാനും വേണ്ടവിധം ഉപയോഗപെടുത്തുവാനും അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ. ആമീൻ.
ഈ സുദിനങ്ങളില്‍ സത്യവിശ്വാസികൾ സല്‍കര്‍മ്മങ്ങളനുഷ്ഠിക്കുന്നത് അല്ലാഹുവിന്ന് അതിയായി ഇഷ്ടപെട്ടതാണെന്ന് അബൂദാവൂദ് റിപോര്ട്ട് ചെയ്യുന്ന ഒരു ഹദീസിൽ നമുക്ക് കാണാം. നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു:
عن ابن عباس قال: قال رسول الله صلى الله عليه وسلم: «ما من أيام العمل الصالح فيها أحب إلى الله من هذه الأيام» يعني أيام العشر، فقالوا: يا رسول الله، ولا الجهاد في سبيل الله؟ قال: «ولا الجهاد في سبيل الله، إلا رجل خرج بنفسه وماله فلم يرجع من ذلك بشيء» [رواه أبو داود: 2438، وصححه الألباني].
ഇബ്നു അബ്ബാസ് (റളിയല്ലാഹു അന്‍ഹു) വില്‍ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു: "(ദുല്‍ഹിജ്ജയിലെ) പത്തു ദിനങ്ങളോളം സല്കര്‍മ്മങ്ങളനുഷ്ടിക്കുന്നത് അല്ലാഹുവിന് ഇഷ്ടപെട്ടതായി മറ്റു ദിനങ്ങള്‍ വേറെയില്ല". അവര്‍ (സഹാബികള്‍) ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദുമില്ലേ?! നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു: "ജിഹാദുമില്ല, സ്വന്തം സമ്പത്തും ശരീരവുമായി ജിഹാദിന് പുറപെട്ട് മടങ്ങിവരാത്തയാളൊഴികെ".
ഇത്രയും ശ്രേഷ്ഠവും സല്കര്‍മ്മങ്ങളനുഷ്ഠിക്കുന്നത് അല്ലാഹുവിന് അതിയായി ഇഷ്ടപെട്ടതുമായ ദിനങ്ങളാണ് നമ്മിലേക്ക് കടന്നുവന്നിരിക്കുന്നത് എന്നറിയുമ്പോള്‍ ഒരു സത്യവിശ്വാസിയുടെ അകതാരില്‍ അലതല്ലുന്ന ആഹ്ലാദം അതീവമായിരിക്കും.നന്മ സമ്പാദിക്കുവാന്‍ ഈ സുദിനങ്ങളില്‍ നമുക്ക് ചെയ്യാന്‍ കഴിയുന്ന സല്‍കര്‍മ്മങ്ങള്‍ ഒരുപാടാണ്. സുന്നത്ത് നോമ്പ്, ദാനധര്‍മ്മം, സുന്നത്ത് നമസ്കാരങ്ങള്‍, വിശുദ്ധ ഖുര്‍ആന്‍ പാരായണം, തക്ബീര്‍, ഉളുഹിയ്യത്ത്, പ്രാര്‍ത്ഥന, ദിക്‌ര്‍, ഇസ്തിഗ് ഫാര്‍, തുടങ്ങിയവയെല്ലാം ഈ നാളുകളില്‍ നന്മ സമ്പാദിക്കുവാന്‍ സഹായകരമായ സല്കര്‍മ്മങ്ങളില്‍ പെടുന്നു. അതിനാൽ ഈ സുവര്‍ണ്ണാവസരം നഷ്ടപെടാതിരിക്കാൻ മാനസികമായി ഒരുങ്ങുക... കഴിയുന്നത്ര കര്‍മ്മനിരതനാവുക...
അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ. ആമീൻ
➖➖➖➖➖➖➖➖
🔗 ഇത് Share ചെയ്യുന്നതും പുണ്യമാണ്.
0 comments:
Post a Comment