Ads 468x60px

ഖുർആൻ പരിഭാഷ: ചില ചിന്തകൾ

KVമുഹമ്മദ് മുസ്‌ലിയാരുടെ ഖുർആൻ പരിഭാഷയെത്തുടർന്ന് സമസ്ത പണ്ഡിതന്മാർ രണ്ടു പക്ഷക്കാരായി. ബഹു: ഇ. കെ. യടക്കമുള്ള പ്രഗത്ഭരാണ് അതിന്നെതിരെ നിലകൊണ്ടത്. ഇതുകാരണം സംഘടനാ തീരുമാനം വേണ്ടെന്ന് സമസ്ത തീരുമാനിച്ചു. പ്രസ്തുത തീരുമാനത്തെ അട്ടിമറിച്ച് സമസ്തയുടെ പൊതുനിലപാട് തന്നെ പരിഭാഷക്ക് അനുകൂലമാക്കുന്നതിൽ ബഹു: ചെറുശ്ശേരി സൈനുദ്ധീൻ മുസ്‌ലിയാർ വിജയിച്ചതായാണ് 2016 മാർച്ച് ലക്കം 'തെളിച്ചം' വളച്ചുകെട്ടില്ലാതെ എഴുതുന്നത്. മതവിഷയങ്ങളിൽ പുരോഗമനവാദികളുടെ വഴിക്ക് പാരമ്പര്യ മുസ്ലിം പണ്ഡിതർ പോലും നീങ്ങുന്ന സാഹചര്യത്തിൽ, പരിഭാഷയുടെ വിനാശത്തിലേക്കു ശ്രദ്ധ ക്ഷണിക്കുവാൻ മാത്രം ഏതാനും വരികൾ കുറിക്കട്ടെ.

   ഖുർആൻ പരിഭാഷയുടെ ആഗമന ചരിത്രം പഠിച്ചാൽ തന്നെ നേർക്കുനേരെ ചിന്തിക്കുന്നവർക്ക് കാര്യം മനസിലാക്കാൻ എളുപ്പമാണ്. പരിശുദ്ധ ദീനിന്റെ നിലനിൽപിനും പ്രചാരണത്തിനുമായി മഹാന്മാരായ ഇമാമുകൾ ആയിരക്കണക്കിന് ഗ്രന്ഥങ്ങൾ രചിച്ചു. ഖുർആനുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ തന്നെ നിരവധി രചനകളുണ്ട്. എന്നാൽ വിശുദ്ധ ഖുർആൻ മറ്റൊരു ഭാഷയിലേക്ക് മൊഴിമാറ്റം നടത്തുന്ന  ഒരു ഗ്രന്ഥം ആയിരം വർഷത്തെ പൂർവകാല ഇമാമുകളുടെ ചരിത്രത്തിൽ കാണുമോ? ദീനീ ദഅ'വത്തിനു വേണ്ടി അവർ ഖുർആൻപരിഭാഷപ്പെടുത്തിയിട്ടുണ്ടോ? 

   ആദ്യമായി ഖുർആൻ പരിഭാഷപ്പെടുത്തിയത് കൃസ്ത്യൻ പുരോഹിതന്മാരാണ്. ഖുർആൻ ജനങ്ങൾ പഠിക്കണം എന്നായിരുന്നോ അവരുടെ ലക്‌ഷ്യം? ഒരിക്കലുമല്ല. പിന്നെ നടത്തിയത് ഖാദിയാനികൾ, പിന്നെ വഹാബികൾ പിന്നെ അതിനെ പ്രതിരോധിക്കാൻ എന്ന നിലയിൽ സുന്നികളിൽ ചിലർ.

   ഖുർആൻ പരിഭാഷക്ക് വഴങ്ങുന്ന ഒരു ഗ്രന്ഥമല്ലെന്ന് സമ്മതിക്കുന്നവർ തന്നെ പരിഭാഷ എന്ന പേരിൽ തങ്ങൾ പുറത്തിറക്കുന്നത് വ്യാഖ്യാനമാണെന്ന് പറയാറുണ്ട്. വ്യാഖ്യാനമാണെങ്കിൽ എന്തിനതിനു പരിഭാഷ എന്ന് പേരു വിളിക്കുന്നു? വിശുദ്ധ ഖുർആൻപരിഭാഷക്ക് വഴങ്ങാത്ത ഒരു ഗ്രന്ഥമാണെന്ന ബോധം സാധാരണക്കാരായ ആളുകൾക്ക് പിന്നെ എങ്ങിനെ ലഭിക്കും? വ്യാഖ്യാനം ആണെങ്കിൽ അത് വ്യാഖ്യാനമായി തന്നെ പ്രഖ്യാപിക്കണം. അത് ഏത് രീതിയിൽ വേണമെന്ന് ശാഫി'ഈ ഫുഖഹാക്കൾ വ്യക്തമാക്കിയിട്ടുമുണ്ട്.

   സൗദിയിലെ ആധുനിക പണ്ഡിതന്മാർ പോലും ഖുർആൻ പരിഭാഷപാടില്ലെന്ന് വ്യക്തമായി പഠിപ്പിക്കുന്നവരാണ്. അവിടുത്തെ പാഠപുസ്തകങ്ങളിൽ ഈ ആശയം പഠിപ്പിക്കുന്നുണ്ട്. അതേസമയം, താത്വികമായി അത് സമ്മതിക്കുമ്പോഴും പ്രായോഗികമായി അവർ അത് ശ്രദ്ധിക്കുന്നില്ല എന്നത് ഖേദകരമായ ഒരു യാഥാർത്ഥ്യവുമാണ്. 'ഖുർആൻ പരിഭാഷ'കൾ എന്ന പേരിലുള്ള ഗ്രന്ഥങ്ങൾ ലോകത്ത് ഏറ്റവും കൂടുതൽ പുറത്തിറങ്ങുന്നത് സൌദിയിൽ നിന്നുമാണെന്ന് തോന്നുന്നു.

   ഖുർആന്റെ ഇംഗ്ലീഷ് പരിഭാഷയിൽ 
القرآن الكريم وترجمة معانيه الى اللغة الإنجليزية
എന്ന് അറബിയിലും THE NOBLE QUR'AN English Translation of the meanings and commentary എന്ന് ഇംഗ്ലീഷിലും എഴുതിയത് കാണാം. എന്ത് കൊണ്ടാണ് ترجمة القرآن എന്നോ Translation of Qur'an എന്നോ എഴുതാത്തത്. ഖുർആൻ നേർക്കുനേർ മൊഴിമാറ്റം അനുവദനീയമല്ല എന്നും അതിന്റെ സാരം മാത്രമേ മൊഴിമാറ്റം നടത്താൻ പറ്റുകയുള്ളൂ എന്നും അവരും സമ്മതിക്കുന്നു.  എന്നാൽ, ഉള്ളടക്കം നോക്കിയാൽ പല ആയത്തുകളുടെയും സാരം മൊഴിമാറ്റം നടത്താതെ നേർക്കുനേർ പരിഭാഷ തന്നെ കൊടുത്തതും കാണാം. അത് കൊണ്ടാണ് താത്വികമായി സമ്മതിക്കുമ്പോഴും പ്രായോഗികമായി അവർ അത് ശ്രദ്ധിക്കുന്നില്ല എന്ന് പറഞ്ഞത്.

സൌദിയിൽ നിന്ന് പുറത്തിറങ്ങുന്ന പരാമൃഷ്ട  പരിഭാഷ മലയാളത്തിലേക്ക് മാറ്റാൻ ചിലരെ ഏൽപ്പിച്ചപ്പോൾ ഗ്രന്ഥത്തിന്റെ പേരു തന്നെ മാറ്റി. 'സമ്പൂർണ്ണ ഖുർആൻ പരിഭാഷ' എന്നായി മാറി. പേരു പരിഭാഷപ്പെടുത്തിയത് തന്നെ ശരിയല്ലെങ്കിൽ പിന്നെ ഉള്ളടക്കത്തിന്റെ കാര്യം ഊഹിക്കാവുന്നതല്ലേയുള്ളൂ.

   ശംസുൽ ഉലമാ ശൈഖുനൽ മർഹൂം: കീഴന ഓർ (ന. മ.) ഖുർആൻ പരിഭാഷക്കെതിരെ ഗഹനമായ ഒരു കവിത രചിച്ചിട്ടുണ്ട്. പരിഭാഷയെ നിശിതമായി വിമർശിക്കുന്ന ആ കവിതയിൽ ബിദ്അത്തുകാർ പടച്ചുവിട്ട സകല ഫിത്നകളെക്കാളും വലുതാണ്‌പരിഭാഷ കൊണ്ടുള്ള ഫിത്നയെന്ന് ഓർ വ്യക്തമാക്കിയിട്ടുണ്ട്. അത് എത്ര ശരിയാണെന്ന് ബിദ്അത്തുകാരുടെ ശൈലി നോക്കിയാൽ മനസിലാവും. പാരമ്പര്യ സുന്നി വിശ്വാസങ്ങളെയും ആചാരങ്ങളെയും വിലയിരുത്തുമ്പോൾ, അല്ലെങ്കിൽ ഏതെങ്കിലും കർമ്മശാസ്ത്ര വിധികളെ പറ്റി ചർച്ച ചെയ്യുമ്പോൾ ഖുർആൻപരിഭാഷ വായിച്ച അറിവ് വെച്ച് കൊണ്ട് "അല്ലാഹു ഖുർആനിൽ ഇങ്ങനെയാണല്ലോ പറഞ്ഞത്, പിന്നെ എന്താ കിത്താബിൽ ഇങ്ങനെ?" എന്ന് ചോദിക്കുന്ന സാധുക്കളെ കാണാം. തങ്ങൾ വായിച്ചപരിഭാഷയിൽ ഉള്ളത് അല്ലാഹുവിന്റെ കലാമിന്റെ ഖണ്ഡിതമായ അർത്ഥമാണെന്ന് അവർ ധരിച്ചിരിക്കുകയാണ്!

   ഖുർആനിന്റെ വ്യാഖ്യാനം ഏത് ഭാഷയിലും എഴുതാം. അത് വ്യാഖ്യാനമാണെന്നും നേർക്കുനേർ മൊഴിമാറ്റം അല്ലെന്നും വായനക്കാരന് മനസിലാവും വിധം ആകണം. അത് കൊണ്ടാണ് വ്യാഖ്യാനം എഴുതുമ്പോൾ ആദ്യം അറബിയിൽ തഫ്സീർ എഴുതിയ ശേഷം അതിന്റെ അർത്ഥം എഴുതണം എന്ന് ശാഫി'ഈ കർമ്മശാസ്ത്ര പണ്ഡിതരിൽ ചിലർ പറഞ്ഞത്. ശൈഖ് സൈനുദ്ധീൻ മഖ്ദൂം സ്വഗീർ (റ) രചിച്ച പ്രസിദ്ധ ഫത്ഹുൽ മു'ഈൻ തന്റെ തന്നെ ഒരു അമൂല്യരചന ഖുർ'റത്തുൽ ഐനിന്റെ വ്യാഖ്യാനമാണല്ലോ. ഈ ഖുർ'റത്തുൽ ഐനിനു ശൈഖ് മുഹമ്മദ്‌ ബ്നു ഉമർ നൂവി (റ) (വഫാത്ത്: ഹി. 1316) രചിച്ച വ്യാഖ്യാനമാണ് നിഹായത്തുസ്സൈൻ. അതിൽ ഖുർആൻ പരിഭാഷ നിരുപാധികം ഹറാമാണെന്ന് വ്യക്തമാക്കിക്കൊണ്ട് ഖുർആൻ വ്യാഖ്യാനം അറബേതര ഭാഷകളിൽ ആവുമ്പോൾ സ്വീകരിക്കേണ്ട അംഗീകൃത രീതി വിശദമാക്കുന്നത് കാണുക.

إِن كِتَابَة تَرْجَمَة الْمُصحف حرَام مُطلقًا سَوَاء كَانَت تَحْتَهُ أم لَا فَحِينَئِذٍ يَنْبَغِي أَن يكْتب بعد الْمُصحف تَفْسِيره بِالْعَرَبِيَّةِ ثمَّ يكْتب تَرْجَمَة ذَلِك التَّفْسِير

"പരിഭാഷ ചെയ്യുമ്പോൾ അറബിയിൽ തഫ്സീർ എഴുതുകയും അതിന്റെ ശേഷം ആ തഫ്സീറിന്റെ പരിഭാഷ എഴുതുകയും ചെയ്യേണ്ടതാണ്" എന്ന് സാരം. 

   തഫ്സീറുകളുടെ അർത്ഥം പറഞ്ഞു കൊടുക്കൽ നിഷിദ്ധമല്ലാത്തത് പോലെ പേപ്പറിൽ പകർത്തലും നിഷിദ്ധമല്ല. തഫ്സീർ വായിച്ച് അതിന്റെ അർത്ഥമാണ് ഉലമാക്കൾ പറഞ്ഞുകൊടുക്കുന്നത്. അത്പോലെ തഫ്സീറും അതിന്റെ അർത്ഥവും എഴുതുകയാണെങ്കിൽ വിരോധമില്ല.
(ശൈഖുനാ താജുൽ ഉലമാ (ഖു. സി.) യുടെ സമ്പൂർണ്ണ ഫതാവയോട് കടപ്പാട്).

   ഇനി നമുക്ക് ലഭ്യമാകുന്ന ചില പരിഭാഷകളെ അത് തഫ്സീറിന്റെ പരിഭാഷയാണോ എന്ന് വിലയിരുത്താം. സുന്നികളിൽ നിന്നും പരിഭാഷാ സംരംഭത്തിന്‌ ഇറങ്ങിയവരുടെ രണ്ട്‌ പ്രധാന ന്യായങ്ങൾ ഇവയാണ്‌ 

1. 'ഒരു ആയത്തായിരുന്നാലും എന്നിൽ നിന്ന് നിങ്ങൾ എത്തിച്ചു കൊടുക്കുക' എന്നത്‌ നബി (സ) യുടെ വചനമാണ്‌. ഇന്നത്തെ കാലത്ത്‌ പള്ളിദർസ്സുകളിൽ നിന്നും ജലാലൈനി ഓതുന്നവർ വളരെ കുറവാണ്‌. അതിനാൽ സാധാരണക്കാർക്ക്‌ ഖുർ'ആനിന്റെ ആശയം അറിയാൻപരിഭാഷകൾ ആവശ്യമാണ്‌.

2. ഖുർ'ആൻ പരിഭാഷകൾ എന്ന പേരിലിറങ്ങിയ പല പുസ്‌'തകങ്ങളിലും വികലമായ പല ആശയങ്ങളും ഉള്ളതിനാൽ വായനക്കാർ പിഴച്ചു പോകുവാനിടയുണ്ട്‌. അതിനാൽ ഒരു 'സുന്നീപരിഭാഷ' അനിവാര്യമാണ്‌. 

   തഫ്സീർ ജലാലൈനിയുടെ പരിഭാഷ ആണെന്ന് പറഞ്ഞ് കൊണ്ട് പുറത്തിറക്കിയ ഒരു സുന്നി പരിഭാഷയുടെ മുഖവുരയിൽ പറഞ്ഞ കാര്യങ്ങളാണിത്. പരിഭാഷയെ ന്യായീകരിച്ച്‌ കൊണ്ടും അതിനെ എതിർത്തവരെ പരിഹസിച്ചു കൊണ്ടും എഴുതിയ വാക്കുകൾ കൂടി കാണുക:

   "ലോകത്തിന്റെ നാനാഭാഗത്തുള്ള മുദർ'രിസീങ്ങളും മതപ്രഭാഷകന്മാരും മുബല്ലിഗീങ്ങളും മു'അല്ലിമീങ്ങളും ഖുർ'ആൻ വാക്യങ്ങളുടെ സാരാർത്ഥങ്ങൾ ശ്രോതാക്കളുടെ ഭാഷയിൽ പ്രാചീനകാലം മുതൽക്കേ പരിഭാഷപ്പെടുത്തി വരുന്നു. അവർ പരിഭാഷപ്പെടുത്തി വായകൊണ്ടുച്ചരിക്കുന്നത്‌ കടലാസിൽ പകർത്തെഴുതുവാൻ പാടില്ലെന്ന് വല്ലവരും ധരിച്ചിട്ടുണ്ടെങ്കിൽ അതൊരു വിരോധാഭാസം തന്നെയാണ്‌".

   എന്നാൽ ഇവർ അവകാശപ്പെടുമ്പോലെ ജലാലൈനി ഓതിക്കൊടുക്കുമ്പോൾ വിവരിക്കുന്ന അർത്ഥം കടലാസിൽ പകർത്തിയതാണോ പരിഭാഷകൾ? ഇവിടെ പരാമർ'ശിച്ച സുന്നീ പരിഭാഷയിൽ കൊടുത്ത ഒരു അർത്ഥം കാണുക:

   സൂറത്തു യാസീനിലെ അവസാന ആയത്തിന്റെ പരിഭാഷയിൽ ഇങ്ങനെ കാണാം. "അതിനാൽ സമസ്ത വസ്തുക്കളുടെയും ഭരണശക്തി തന്റെ കരത്തിലുള്ളവന്ന് പുകൾച്ച". ജലാലൈനി ഓതിക്കൊടുക്കുമ്പോൾ ഉസ്താദുമാർ വിവരിച്ചു കൊടുക്കുന്ന അർത്ഥം ഇതാണോ? ഈ അർത്ഥം അഹ്ലുസ്സുന്നഃയുടെ ഇമാമുകൾ പറഞ്ഞ തത്വത്തിനെതിരാണല്ലോ. ഇവിടെ 'തന്റെ കരത്തിലുള്ളവന്ന്' എന്നതിന് പകരം തന്റെ അധീനത്തിൽ ഉള്ളവന് എന്ന് അർത്ഥം നൽകിയാലല്ലേ ശരിയാവൂ. ചില വഹാബി വാദങ്ങൾക്ക് അടിക്കുറിപ്പിൽ മറുപടി എഴുതിയത് കൊണ്ട് മാത്രം സുന്നീ പരിഭാഷ ആവുമോ?. സുന്നി എന്ന് ലേബൽ ഒട്ടിച്ചതെല്ലാം സുന്നി ആവണമെന്നില്ലല്ലോ. സുന്നത്ത് ജമാ'അത്തിന്റെ അഖീദക്കും ഇമാമുകളുടെ നയങ്ങൾക്കും എതിരായ വാക്കുകൾ തന്നെ പരിഭാഷയിൽ ഇടം നേടുന്നു എന്നോർക്കുമ്പോൾ സുന്നീ പരിഭാഷയുടെ അശ്രദ്ധ എത്ര വലുതാണ്‌. കിതാബ് തിരിയാത്ത ആളുകൾക്ക് ദർസ് നടത്തുവാൻ വേണ്ടിയാണ് പരിഭാഷകൾ ഇറക്കുന്നത് എന്ന് അഭിവന്ദ്യരായ ബഹു: രാമന്തളി തങ്ങൾ പരിഹസിക്കാറുണ്ട്.

   വഹാബികൾ ഇറക്കിയ പരിഭാഷകളുടെ കാര്യം പറയേണ്ടതില്ല. മക്കാ മുശ്'രിക്കുകളുടെ വിഗ്രഹാരാധനയും മുസ്ലിംകൾ ചെയ്യുന്ന തവസ്സുലും ഒന്നാണെന്ന് വരുത്തിത്തീർക്കാൻ വേണ്ടി ദുആ എന്നതിന് "അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കുക" എന്ന് വളച്ചു കെട്ടി അർത്ഥം പറയുന്നത് ധാരാളമായി കാണാം. അല്ലാഹുവിന്റെ വജ്'ഹ് എന്നതിന് അല്ലാഹുവിന്റെ മുഖം (ഇംഗ്ലീഷ് പരിഭാഷകളിൽ face) എന്ന് മൊഴിമാറ്റം നടത്തുന്നതും സാധാരണം. അത് അവരുടെ നിലപാടിന്റെ ഭാഗവുമാണ്. വജ്'ഹ് എന്നതിന് മുഖം എന്നല്ലാതെ പിന്നെ എന്ത് അർത്ഥമാണ് നൽകേണ്ടത് എന്ന് അവർ ചോദിച്ചേക്കാം. അതിന് അവരുടെ പരിഭാഷകളിൽ തന്നെ മറുപടിയുണ്ട്. 

   സൂറത്തുറഹ്'മാൻ 27-ആം ആയത്തിൽ "വജ്'ഹു റബ്ബിക" എന്ന് വന്നപ്പോൾ "മഹത്വവും ഉദാരതയും ഉള്ളവനായ നിന്റെ രക്ഷിതാവിന്റെ മുഖം അവശേഷിക്കുന്നതാണ്" എന്ന് പരിഭാഷനൽകിയവർ തന്നെ സൂറത്തുൽ ഇൻസാൻ 9-ആം ആയത്തിൽ "ലി വജ്'ഹില്ലാഹി" എന്ന് വന്നപ്പോൾ "അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി" എന്ന് പരിഭാഷ നൽകിയത് കാണാം. വജ്'ഹ് എന്ന് കാണുമ്പോഴേക്കും 'അല്ലാഹുവിന്റെ മുഖം' എന്ന് മനസിലാക്കേണ്ടതില്ല എന്ന് സാരം. അത് ദുഷിച്ച വിശ്വാസത്തിൽ നിന്ന് വരുന്നതാണ്.

   ഹനഫീ മദ്'ഹബിലെ ആദരണീയരായ ചില ഉലമാക്കളുടെതായി തർജ്ജമകൾ വന്നിട്ടുണ്ട്. അത് പരിഭാഷയല്ല വ്യാഖ്യാനമാണ്. അറബിയിൽ തഫ്സീർ എഴുതിയതിന് ശേഷം അതിന്റെ അർത്ഥം എഴുതുക എന്ന ശാഫിഈ ഫുഖഹാക്കൾ പറഞ്ഞ രീതി അതിൽ വന്നിട്ടില്ലെങ്കിലും അത് നേർക്കുനേർ മൊഴിമാറ്റം അല്ലെന്നും ഉർദുവിൽ ഉള്ള തഫ്സീർ ആണെന്നും അത് വായിച്ചാൽ മനസിലാവും. 

   ഖുർആൻ പരിഭാഷയെ ശക്തമായി എതിർത്ത് പുസ്തകം രചിച്ച മഹാനാണ് മൗലാനൽ മർഹൂം: ഇ. കെ. ഹസൻ മുസ്ലിയാർ (ന. മ.). "തഹ്ദീറുൽ ഇഖ്'വാൻ മിൻ തർജമത്തിൽ ഖുർആൻ" )ഖുർആൻപരിഭാഷക്കെതിരെ വിശ്വാസികൾക്ക് താക്കീത്) ആയി രചിച്ച ആ ഗ്രന്ഥം പരിഭാഷയുടെ അപകടങ്ങൾ വ്യക്തമാക്കുകയും, ശാഫി'ഈ ഫുഖഹാഇന്റെ നിലപാടുകൾ എടുത്തുപറയുകയും ചെയ്തിട്ടുണ്ട്. തന്റെ സഹോദരൻ മൗലാനൽ മർഹൂം: ഇ. കെ. ഉസ്താദ് (ന. മ.) അവർകളും പരിഭാഷക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചു. "പരിഭാഷ കുഫ്'രിയത്തിലേക്ക്" എന്ന അദ്ധേഹത്തിന്റെ ലേഖനം പ്രസിദ്ധമാണല്ലോ. ബഹു: കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാരുടെ പരിഭാഷാ വിരുദ്ധ നിലപാടുകൾ "ഖുർആൻ പരിഭാഷ നിഷിദ്ധം തന്നെ" എന്ന ശീർഷകത്തിൽ സുന്നിവോയ്സിൽ വന്നിട്ടുണ്ട്. സുന്നികൾ പൊതുവേ ഖുർആൻ പരിഭാഷക്ക് എതിരാണെന്ന് സാരം. 

   വിശുദ്ധ ഖുർആൻ മാനവരാശിക്ക് മുഴുവനുമായി അല്ലാഹു ഇറക്കിയ ഗ്രന്ഥമാണ്. ആ ഗ്രന്ഥത്തിന് അല്ലാഹു പേരു നൽകിയത് അറബീ ഖുർആൻ എന്നാണ്. അത് ഖുർആൻ തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോ. യൂസുഫ്: 2, അൽ റ'അദ്: 37, ത്വാഹാ: 113, അസ്സുമർ: 28, ഫുസ്സ്വിലത്: 3, അശ്ശൂറാ: 7, സുഖ്റുഫ്: 3, അൽ അഹ്ഖാഫ്: 12 എന്നീ ആയത്തുകൾ നോക്കുക.  ഖുർആനിനു തുല്യമായി ഒരു ഗ്രന്ഥം കൊണ്ട് വരാൻ ആർക്കും കഴിയില്ലെന്ന് അല്ലാഹു വെല്ലുവിളിച്ചു. പരിഭാഷ എന്നാൽ ഒരു ഭാഷയിലുള്ളത് മറ്റൊരു ഭാഷയിലേക്ക് മൊഴിമാറ്റലാണ്. അപ്പോൾ അറബിയിലുള്ള ഖുർആനിനു മറ്റു ഭാഷകളിൽ കൊണ്ട് വരുന്ന പരിഭാഷ ഈ വെല്ലുവിളിയെ ധിക്കരിക്കൽ ആവുമെന്ന് വ്യക്തമാണല്ലോ. പരിഭാഷ അസാധ്യമാണെങ്കിൽ പിന്നെ അത് ഹറാമാണെന്ന് പറയുന്നതിന്റെ അർത്ഥം എന്താണ് എന്ന് ചോദിച്ചേക്കാം. അതിന്റെ അർത്ഥംപരിഭാഷ എന്ന പേരിൽ കൊണ്ട് വരുന്ന രചന നിഷിദ്ധമാണെന്നാണ്.  വുളു ഇല്ലാത്തവൻ നിസ്കരിക്കൽ ഹറാമാണ്. വുളു ഇല്ലാതെ നിസ്കാരം നിസ്കാരമാവില്ലല്ലോ. അപ്പോൾ അതിന്റെ അർത്ഥം നിസ്കാരത്തിന്റെ രൂപം കൊണ്ട് വരിക എന്നാണല്ലോ.

   ഖുർആൻ പരിഭാഷയെ വസ്തുനിഷ്'ഠമായി മനസിലാക്കി അതിന്റെ അപകടങ്ങളെപറ്റി ബോധീകരിക്കാൻ അല്ലാഹു നമുക്ക് തൌഫീഖ് നൽകട്ടെ ആമീൻ.

(കടപ്പാട്: ബുൽബുൽ മാസിക. 2016 ആഗസ്ത്).

0 comments:

 

Install SUNNI News 4 News & Live

.

Con: 09387762313

For Audio Recording SAMAR