Ads 468x60px

ആയിശ ഡോക്ടറോട് ഖേദപൂർവം:

ആദ്യമേ പറയട്ടെ, ഞാൻ ഒരു വാക്സിൻ വിരോധിയോ അലോപ്പതി വിരുദ്ധനോ അല്ല. ഒരു സാധാ രക്ഷിതാവ് എന്ന നിലയിൽ ഞാൻ വായിച്ചു മനസ്സിലാക്കിയതിന്റെയും എന്റെ അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ ഞാൻ എത്തിച്ചേർന്ന നിഗമനങ്ങളാണ് ഇത്. തെറ്റുണ്ടെങ്കിൽ തിരുത്തി തരിക. 

വാക്സിനേഷനെ എതിർക്കുന്നവരെ വിമർശിച്ച് കൊണ്ട് ആയിശ ഡോക്ടർ പോസ്റ്റ് ചെയ്ത വോയ്‌സ് ക്ലിപ്പ് കേട്ടു. ഡോക്ടറുടെ  MBBS, MD ഡിഗ്രികളെ ബഹുമാനിച്ചു കൊണ്ട് തന്നെ പറയട്ടെ, ഡോക്ടർക്ക് മുമ്പ് ഉണ്ടായിരുന്നു എന്ന് ഡോക്ടർ തന്നെ വിശേഷിപ്പിച്ച അന്ധവിശ്വാസത്തെക്കാൾ നൂറിരട്ടി അന്ധവിശ്വാസം അലോപ്പതി മെഡിസിനെ കുറിച്ച് ഡോക്ടർ ഇപ്പോൾ  പുലർത്തുന്നുണ്ട്. കോളേജിൽ പഠിച്ച കാര്യങ്ങൾക്കും മരുന്ന് കമ്പനിക്കാർ പറഞ്ഞു തരുന്ന വിവരങ്ങൾക്കും അപ്പുറം, രോഗങ്ങളെ കുറിച്ചോ മരുന്നുകളെ കുറിച്ചോ ഡോക്ടർക്കുള്ള അറിവ് വളരെ പരിമിതമാണ് എന്ന് പറയേണ്ടി വരുന്നതിൽ ദുഃഖമുണ്ട്.

സ്വന്തം  ജീവിതാനുഭവമുള്ളത് കൊണ്ടാവാം ഡോക്ടർ വളരെ വൈകാരികമായാണ് സംസാരിക്കുന്നത്.

MR വാക്സിൻ എടുക്കാത്തതിനാൽ ഡോക്ടർക്ക് ഗർഭകാലത്ത് റൂബെല്ല അല്ലെങ്കിൽ മീസിൽസ് വന്നു; ഈ അസുഖം കാരണം ജനിക്കാൻ പോകുന്ന കുഞ്ഞിന് ഗുരുതരമായ  വൈകല്യങ്ങൾ ഉണ്ടാവും, അതിനാൽ കുഞ്ഞിനെ കളയുക എന്ന വിദഗ്ധരുടെ ഉപദേശം കേൾക്കാതെ പ്രസവിച്ചതിനാൽ വൈകല്യമുള്ള കുഞ്ഞിനെയാണ് ലഭിച്ചത്; അതിനാൽ എല്ലാവരും നിർബന്ധമായും MR വാക്സിൻ എടുക്കുക -  ഇതാണ് ഡോക്ടറുടെ വോയ്സ് ക്ലിപ്പിന്റെ ചുരുക്കം.

ആയിശ ഡോക്ടറോട് ചില സംശയങ്ങൾ ചോദിക്കട്ടെ:

*1) MR വാക്സിൻ കുത്തിവെച്ചാൽ ഗർഭകാലത്ത് മീസിൽസോ റൂബെല്ലയോ വരില്ല എന്ന് 100% ഉറപ്പിച്ച് പറയാൻ കഴിയുമോ?* 

2) ഇല്ലെങ്കിൽ, കുത്തിവെപ്പ് എടുത്തവർക്ക്  മീസിൽസും റൂബെല്ലയും വരാനുള്ള സാധ്യത എത്ര ശതമാനം? 
(ലോകത്ത് ഒരു മരുന്നു കമ്പനിയും 100% ഫലം ഉറപ്പ് തരുന്നില്ല. ലോകാരോഗ്യ സംഘടന പറയുന്നത് 90 - 95% എന്നാണ്.) 

3) MR വാക്സിൻ കുത്തിവെക്കാത്തവർക്ക് മീസിൽസ് അല്ലെങ്കിൽ റൂബെല്ല വരാനുള്ള സാധ്യത എത്ര ശതമാനം?  
(അഞ്ച് ശതമാനത്തിൽ താഴെ എന്നാണ് പല ലേഖനങ്ങളിലും കണ്ടത്.)

*4) MR വാക്സിൻ എടുത്താൽ യാതൊരു വിധ പാർശ്വഫലങ്ങളും ഉണ്ടാവില്ല എന്ന് 100% ഉറപ്പ് തരാൻ കഴിയുമോ?* 

5) ഇല്ലെങ്കിൽ, ഗുരുതരമായ പാർശ്വ ഫലങ്ങൾക്കുള്ള സാധ്യത എത്ര ശതമാനം? ചെറിയ പാർശ്വ ഫലങ്ങൾക്ക് എത്ര ശതമാനം സാധ്യത?
(വളരെ ആഴത്തിലുള്ള പഠനങ്ങളും പരീക്ഷണങ്ങളും നടത്തിയിട്ടാവുമല്ലോ ഇത്തരമൊരു ബൃഹത്തായ പദ്ധതിയുമായി ഇറങ്ങിത്തിരിച്ചിരിക്കുക. അപ്പോൾ ഡേറ്റ കയ്യിലുണ്ടാവുമല്ലോ? ഈ വർഷം തന്നെ MR വാക്‌സിൻ എടുത്തതിനെ തുടർന്നുള്ള മരണം തമിഴ്‌നാടും ആന്ധ്രാപ്രദേശിലും റിപ്പോർട് ചെയ്തിട്ടുണ്ട്.)

6) കുട്ടികളും മുതിർന്നവരുമായി ലോകത്തിൽ റൂബെല്ല കാരണം മരിക്കുന്ന ഒന്നര ലക്ഷം പേരിൽ 50,000 പേർ (മൂന്നിലൊന്ന്) ഇന്ത്യയിലാണെന്ന ഡോക്ടറുടെ കൊട്ടക്കണക്ക് അംഗീകരിച്ചു കൊണ്ട് തന്നെ ചോദിക്കട്ടെ, ഈ മരണങ്ങൾ തടയാൻ ഇപ്പോഴത്തെ കുത്തിവെപ്പ് പര്യാപ്തമാണോ? കാരണം, 15 വയസ്സിൽ താഴെയുള്ളവർക്ക് മാത്രമാണ് വാക്സിൻ കൊടുക്കുന്നത്. ഇന്ത്യൻ ജനസംഖ്യയിൽ 31% മാത്രമാണ് 15 വയസ്സിൽ താഴെയുള്ളത്.

7) രണ്ടര കോടിയിലധികം കുഞ്ഞുങ്ങളാണ് ഓരോ വർഷവും ഇന്ത്യയിൽ ജനിക്കുന്നത്. ഗർഭകാലത്ത് പിടിപെടുന്ന റൂബെല്ല അല്ലെങ്കിൽ മീസിൽസ് കാരണം കാരണം ഇന്ത്യയിൽ വൈകല്യത്തോടെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം 40,000 ൽ താഴെയാണെന്ന് പഠനങ്ങൾ പറയുന്നു. അതായത് മൊത്തം ജനനത്തിന്റെ 0.2% മാത്രം. എന്നാൽ കുത്തിവെപ്പ് എടുത്താലും റൂബെല്ല അല്ലെങ്കിൽ മീസിൽസ് വരാനുള്ള സാധ്യത 5 ശതമാനത്തിന് മുകളിലും. പിന്നെ എന്ത് മാറ്റമാണ് ഈ കുത്തിവെപ്പിലൂടെ ഉണ്ടാവാൻ പോവുന്നത്?

ഇനി ആയിശ ഡോക്ടറുടെ സ്വന്തം കാര്യമെടുക്കാം. ഡോക്ടറുടെ അതേ അനുഭവം, (ഗർഭധാരണത്തിന്റെ തുടക്കത്തിലുള്ള റൂബെല്ല അല്ലെങ്കിൽ മീസിൽസ്) എന്റെ അടുത്ത രണ്ട് ബന്ധുക്കൾക്കും ഉണ്ടായിട്ടുണ്ട്. എന്റെ ഭാര്യയുടെ അനുജത്തിക്കും പിന്നെ അമ്മാവന്റെ മകൾക്കും. ഗർഭം രണ്ട് മാസം പിന്നിട്ടപ്പോഴാണ് ഭാര്യയുടെ അനുജത്തിക്ക് മീസിൽസ് വന്നത്. മൂന്ന് ഗൈനക്കോളജിസ്റ്റിനെ കണ്ടു. മൂന്ന് പേരും ഏക സ്വരത്തിൽ കുട്ടിയെ കളയാൻ ആവശ്യപ്പെട്ടു. വേറെ ചില ഡോക്ടർമാരോട് ചോദിച്ചപ്പോഴും (MD -  General Medicine) കുട്ടിയെ കളയാനാണ് ഉപദേശിച്ചത്. ഒരൊറ്റ അലോപ്പതി ഡോക്ടർ മാത്രമാണ് കുട്ടിയെ കളയുന്നത് വിശ്വാസപരമായി തെറ്റാണ് എന്ന് പറഞ്ഞത്. ജനിക്കാൻ പോവുന്ന കുഞ്ഞിന് വൈകല്യമുണ്ടാവും എന്ന കാര്യത്തിൽ ആ ഡോക്ടർക്കും സംശയമൊന്നും ഉണ്ടായിരുന്നില്ല. തുടർന്ന് കോഴിക്കോട് മലാപ്പറമ്പിലെ ഹോമിയോ ഡോക്ടറായ സുമേഷിനോട് ചോദിച്ചപ്പോൾ ഗർഭകാലത്തുള്ള മീസിൽസ് ഒരു പ്രശ്നമേയല്ലെന്നും അല്പമെങ്കിലും പ്രശ്നം റുബെല്ല മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. റുബെല്ലക്ക് തന്നെ വളരെ  ഫലപ്രദമായ മരുന്നുകൾ ഹോമിയോയിൽ ലഭ്യമാണ്, ഭയപ്പെടാതെ ഗർഭവുമായി മുന്നോട്ട് പോവുക എന്ന് അദ്ദേഹം ധൈര്യം തന്നു. ദൈവാനുഗ്രഹത്താൽ കൃത്യസമയത്തു തന്നെ നോർമൽ പ്രസവം നടന്നു. യാതൊരു വൈകല്യവുമില്ലാത്ത പൂർണാരോഗ്യത്തോടെയുള്ള പെൺ കുഞ്ഞ്. അവൾക്കിപ്പോൾ അഞ്ച് വയസ്സായി. നഴ്‌സറിയിൽ പഠിക്കുന്നു. അമ്മാവന്റെ മകളും പ്രസവിച്ചത് പൂർണ ആരോഗ്യമുള്ള പെൺ കുഞ്ഞിനെയാണ്. ആ മിടുക്കിയിപ്പോൾ ഗൾഫിൽ ഏഴാം ക്ലാസ്സിൽ പഠിക്കുന്നു.

ആയിശ ഡോക്ടറുടെ കുട്ടിയുടെ വൈകല്യത്തിന് കാരണം ഗർഭ കാലത്ത് വന്ന മീസിൽസ് അല്ലെങ്കിൽ റൂബെല്ല തന്നെയാണോ? അതോ ആ അസുഖത്തിന് കഴിച്ച മരുന്നിന്റെ പാർശ്വഫലമോ? സാധാരണ നിലയിൽ കഴിക്കുന്ന പല മരുന്നുകളും ഗർഭകാലത്ത് ഗൈനക്കോളജിസ്റ്റുകൾ വിലക്കാറുണ്ട്. അപ്പോൾ ഡോക്ടറുടെ കുഞ്ഞിന്റെ വൈകല്യം, ഗർഭകാലത്ത് കഴിച്ച മരുന്നിന്റെ പാർശ്വഫലം കൊണ്ടല്ല എന്നതിന് എന്താണുറപ്പ്? ഇല്ലാത്ത മരുന്ന് കൊണ്ട് ചികിത്സിക്കുന്നവർ എന്ന് ലാട വൈദ്യൻമാരെ നാഴികക്ക് നാല്പതുവട്ടം പരിഹസിക്കുന്ന അലോപ്പതി ഡോക്ടർമാർ, മീസിൽസിനും റുബെല്ലക്കും മരുന്നില്ല എന്ന് 100% ഉറപ്പുണ്ടായിട്ടും ആ രോഗികളെ ചികിൽസിക്കുന്നതിലെ അസാംഗത്യം ഞാനിവിടെ ചോദ്യം ചെയ്യുന്നില്ല.  എന്നാൽ, ചികിത്സയില്ലെന്ന് അറിഞ്ഞിട്ടും മീസിൽസ് അല്ലെങ്കിൽ റൂബെല്ല  വന്നപ്പോൾ അലോപ്പതിയെ തന്നെ ആശ്രയിക്കാൻ മാത്രമുള്ള ഡോക്ടറുടെ അന്ധവിശ്വാസത്തെ ചോദ്യം ചെയ്യാതെ വയ്യ. സ്വന്തം കുഞ്ഞിന്റെ വൈകല്യത്തിന് വരെ കാരണമായ അന്ധവിശ്വാസം... ഉന്നത വിദ്യാഭ്യാസം നേടിയ ഡോക്ടറെ പോലുള്ളവരുടെ ഭാഗത്തു നിന്നുണ്ടായ ഈ അന്ധവിശ്വാസം, കഴിഞ്ഞ വർഷം മുക്കത്തെ നവജാത ശിശുവിന് മുലപ്പാൽ നിഷേധിച്ചതിനേക്കാൾ ഗൗരവമേറിയത് തന്നെയാണ്.

മീസിൽസിനും റുബെല്ലക്കും ചികിത്സയില്ലെന്ന് ആയിശ ഡോക്ടർ പറഞ്ഞുവല്ലോ. റുബെല്ലക്ക് മാത്രമല്ല, ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ, മഞ്ഞപ്പിത്തം തുടങ്ങി പല രോഗങ്ങൾക്കും അലോപ്പതിയിൽ മരുന്നില്ല എന്നതാണ് സത്യം. എന്നാൽ, അലോപ്പതിയിൽ ചികിത്സയില്ല എന്നതിനർഥം മറ്റെവിടെയും ഇല്ല എന്നാണോ? ഡോക്ടർ, അലോപ്പതിയിലുള്ള അന്ധവിശ്വാസം വെടിഞ്ഞ് മറ്റ് വൈദ്യശാസ്ത്ര മേഖലകളെ കുറിച്ച് തുറന്ന മനസ്സോടെ പഠിക്കാൻ ശ്രമിക്കുകയാണെങ്കിൽ കൂടുതൽ ഫലപ്രദവും പാർശ്വഫലങ്ങൾ കുറഞ്ഞതുമായ മരുന്നുകൾ കണ്ടെത്താൻ കഴിയും. 

ഏതാനും മാസങ്ങൾക്ക് മുമ്പ് കേരളത്തെ പിടിച്ച് കുലുക്കിയ ഡെങ്കി, ചിക്കുൻ ഗുനിയ പോലെയുള്ള വൈറൽ പനിക്കു മുന്നിൽ ആധുനിക വൈദ്യമെന്ന് അവകാശപ്പെടുന്ന അലോപ്പതി പകച്ചു നില്ക്കുകയായിരുന്നു. തക്കസമയത്ത് ശരിയായ ചികിത്സ ലഭിക്കാത്തത് കൊണ്ടും അലോപ്പതി ഡോക്ടർമാരുടെയും മറ്റും അശാസ്ത്രീയ ചികിത്സ കാരണവും ആയിരത്തോളം പേരാണ് നമ്മുടെ കൺമുന്നിൽ മരിച്ചു വീണത്. അതേസമയം  ഡെങ്കിപ്പനിക്ക്  ഹോമിയോ ചികിത്സ തേടിയവരുടെ Platelet Count പതിനായിരത്തിൽ നിന്നും ഒരു ലക്ഷത്തിന് മുകളിലേക്ക് അമ്പരപ്പിക്കുന്ന വേഗതയിൽ (വെറും മൂന്നോ നാലോ ദിവസങ്ങൾ കൊണ്ട്) കൂടി രോഗം ഭേദമായത് കേരളം കണ്ടു. ഇതിനെ കുറിച്ച്  പഠിക്കാൻ ശ്രമിക്കുന്നതിന് പകരം ഊഹ വൈദ്യമെന്ന് പരിഹസിച്ച് ഹോമിയൊക്കെതിരെ സോഷ്യൽ മീഡിയയിലൂടെ  അപവാദം അഴിച്ചു വിടുകയായിയുന്നു അലോപ്പതി - മരുന്ന് ലോബികൾ അന്ന് ചെയ്തത്. ഡങ്കിപ്പനിക്ക് മരുന്നില്ലാതെ അലോപ്പതി ഇരുട്ടിൽ തപ്പുമ്പോൾ, ഡെങ്കിക്കു മാത്രം മുപ്പതോളം വ്യത്യസ്ത മരുന്നുകൾ ഹോമിയോയിലുണ്ട് എന്ന യാഥാർഥ്യം അംഗീകരിക്കാൻ അന്ധവിശ്വാസം കാരണം അലോപ്പതിക്കാർ തയ്യാറാവുന്നില്ല. പ്രശസ്ത ആശുപത്രികളിലെ ICU വിലും വെന്റിലേറ്ററിലും കിടന്ന ഡെങ്കിപ്പനി രോഗികൾക്ക് നിരവധി കുപ്പി രക്തം കയറ്റിയിട്ടും Platelet Count പതിനായിരത്തിൽ നിന്ന് ഉയരാതെ,  മരണത്തിലേക്കടുത്ത ഘട്ടത്തിൽ രഹസ്യമായി ഹോമിയോ മരുന്ന് കൊടുത്ത് 4 - 5 ദിവസത്തിനുള്ളിൽ ഡിസ്ചാർജ് ചെയ്ത് പോയ എത്രയെങ്കിലും സംഭവങ്ങൾ എനിക്ക് നേരിട്ട് അറിയാം. ഹൃദയത്തിലെ ബ്ലോക്ക് നീക്കാൻ ആഞ്ചിയോ പ്ലാസ്റ്റിയും ബൈപ്പാസും ചെയ്തവരിൽ പലരും വീണ്ടും ബ്ലോക്ക് വന്ന് കഷ്ടപ്പെടുമ്പോൾ, 90 ശതമാനത്തിലധികം ബ്ലോക്കുള്ള എത്രയോ പേർ പ്രകൃതി ചികിത്സക്കും ഭക്ഷണ നിയന്ത്രണത്തിനും ശേഷം ഒരു മരുന്നുമില്ലാതെ വർഷങ്ങളായി സ്വസ്ഥമായി ജീവിക്കുന്നത് നമുക്ക് കാണാം. 

*മീസിൽസിനും റുബെല്ലക്കും അലോപ്പതിയിൽ മരുന്ന് ഇല്ലാത്തതിനാൽ, സ്ഥിരമായി അലോപ്പതി ചികിത്സ തേടുന്നവർ MR കുത്തിവെപ്പ് എടുക്കുന്നതിനെ ഇവിടെ ആരും എതിർക്കുന്നില്ല.* എന്നാൽ, മീസിൽസിനും റുബെല്ലക്കും ഫലപ്രദമായ മരുന്ന്  ഹോമിയോ പോലുള്ള വൈദ്യശാസ്ത്ര മേഖലകളിൽ ലഭ്യമാണെന്നിരിക്കെ, അത്തരം ചികിത്സാ രീതികൾ പിന്തുടരുന്നവരുടെ മേൽ അലോപ്പതി കുത്തിവെപ്പുകൾ അടിച്ചേൽപ്പിക്കുന്നതിലെ ന്യായമെന്ത്? രോഗപ്രതിരോധം ഗവൺമെന്റിന്റെ നിർബന്ധ ലക്ഷ്യമാണെങ്കിൽ, നമ്മുടെ സർക്കാർ അംഗീകരിച്ച ഹോമിയോപ്പതിയിലെയും ആയുർവേദത്തിലെയും പ്രതിരോധ മാർഗങ്ങളെ അവലംബിക്കാത്തത് എന്ത് കൊണ്ട്? ഹോമിയോയിലുള്ള പല പ്രതിരോധ മരുന്നുകളും ഏറെ ഫലപ്രദവും യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ലാത്തതുമാണ്. 

MR വാക്സിൻ എടുക്കാത്തത് മൂലം  ഇന്ത്യയിൽ ഓരോ വർഷവും വൈകല്യത്തോടെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം വെറും നാല്പതിനായിരത്തിൽ താഴെ മാത്രമാണ്. അതായത് 0.2%. ഈ ചെറിയ ശതമാനത്തിന് വേണ്ടി ബാക്കി വരുന്ന 99.8% പേർക്കും കുത്തിവെപ്പ് എടുക്കുന്നതിലെ ശാസ്ത്രീയ അടിത്തറ എന്താണ്? ഭാവിയിൽ എപ്പോഴെങ്കിലും വീണ് കാലൊടിയാൻ സാധ്യതയുണ്ടെന്ന് കരുതി ചെറുപ്പകാലം മുതലേ നാട്ടിലുള്ള മുഴുവൻ പേരും കാലിൽ പ്ലാസ്റ്ററിട്ട് ജീവിക്കേണ്ട വല്ല കാര്യവുമുണ്ടോ? വീണ് കാലൊടിയുമ്പോൾ മാത്രം പ്ലാസ്റ്ററിനെ കുറിച്ച് ചിന്തിച്ചാൽ പോരേ?  ഗർഭകാലത്ത് ആർക്കെങ്കിലും മീസിൽസോ റുബെല്ലയോ പിടിപെട്ടാൽ നിസ്സാര കാശിനുള്ള ഹോമിയോ മരുന്ന് കഴിച്ചാൽ തീരാവുന്ന പ്രശ്നമല്ലേ ഇവിടുളളൂ.. അതിന് ഇത്രയും കോടികൾ ചെലവഴിക്കേണ്ട വല്ല ആവശ്യവുമുണ്ടോ? സർക്കാരിൽ നിന്നും ശമ്പളം പറ്റുന്ന ഹോമിയോ ഡോക്ടർമാർ ഈ വിവരം സർക്കാരിനെയും ജനങ്ങളെയും അറിയിക്കുന്നതിന് പകരം അലോപ്പതി മരുന്നു കമ്പനികളുടെ പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും വഴങ്ങി അലോപ്പതി വാക്സിനേഷനുകളെ പിന്തുണക്കുന്നത് എന്ത്മാത്രം ജനദ്രോഹമാണ്?

സത്യത്തിൽ മിക്ക വാക്സിനുകളും അനാവശ്യം തന്നെയാണ്. ഉദാഹരണം ഡിഫ്തീരിയ. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ഡിഫ്തീരിയ വന്ന് കേരളത്തിൽ മരിച്ചത് വെറും മൂന്ന് പേരാണ്. ഇതിൽ തന്നെ ഒരു കുട്ടിയുടേത് ഡിഫ്തീരിയ അല്ല എന്ന് പിന്നീട് തെളിഞ്ഞു. കേരളം, പ്രത്യേകിച്ച് മലപ്പുറം ജില്ല പൊട്ടിത്തെറിയുടെ വക്കിൽ എന്നായിരുന്നു പ്രചാരണം. എന്തൊക്കെ കോലാഹലമായിരുന്നു. ഡിഫ്തീരിയ പിടിപെട്ടവരിൽ അധികപേരും പ്രതിരോധ കുത്തിവെപ്പുകൾ എടുത്തവരാണ് എന്ന സത്യം സൗകര്യപൂർവം മറച്ചുവെക്കപ്പെട്ടു. അതേസമയം  ഓരോകൊല്ലവും ആയിരത്തോളമാളുകൾ മരിക്കുന്ന  പകർച്ചപ്പനിയെ പ്രതിരോധിക്കാൻ  അലോപ്പതിയിൽ യാതൊരു മാർഗവുമില്ല എന്നത് എവിടെയും ചർച്ച ചെയ്യപ്പെട്ടതുമില്ല.

വീണ്ടും പറയുന്നു, ഞാനൊരു അലോപ്പതി വിരുദ്ധനല്ല. ഒരു ചികിത്സാ രീതിയെന്ന നിലയിൽ, ആവശ്യം വരുന്ന ഘട്ടത്തിൽ അലോപ്പതിയെ ആശ്രയിക്കാൻ യാതൊരു മടിയും എനിക്കില്ല. എന്നു കരുതി  അലോപ്പതിക്കാർ പറയുന്നതെന്തും കണ്ണടച്ചു വിഴുങ്ങാൻ ഞാൻ തയ്യാറല്ല.

അതുപോലെ, ഞാനൊരു വാക്സിൻ വിരോധിയും അല്ല. എന്നാൽ, എന്റെ മൂന്ന് കുട്ടികൾക്കും ഇതുവരെ ഒരുവിധ വാക്സിനും കൊടുത്തിട്ടില്ല. കാരണം:

1) എന്റെ ആദ്യത്തെ കുട്ടി ജനിച്ച അതേ സമയത്താണ്, ഞങ്ങളുടെ അയൽപക്കത്തുള്ള ഒരു കുട്ടിക്ക്, അഞ്ചാം വയസ്സിൽ കൊടുത്ത  പോളിയോ വാക്സിനെ  തുടർന്ന് പോളിയോ വന്നത്. അഞ്ച് വയസ്സുവരെ യാതൊരു കുഴപ്പവുമില്ലാതിരുന്ന, ഓടിച്ചാടി കളിച്ച കുട്ടിയായിരുന്നു അത്. വീടിനടുത്ത നഴ്‌സറിയിൽ വാക്സിൻ കൊടുക്കുന്നതിന്റെ തലേദിവസം വരെ അവൻ നടന്ന് പോയിരുന്നു. പോളിയോ വന്നതിനെ തുടർന്ന് കിടപ്പിലായ കുട്ടി നാല് വർഷത്തിന് ശേഷം മരിച്ചു. മരിക്കുന്നതിന്റെ തൊട്ടു മുമ്പ് ഏതാനും മാസങ്ങൾ ചലനശേഷി പൂർണമായും നഷ്ടപ്പെട്ട്, കുഴൽ വഴി ഭക്ഷണം കൊടുക്കുന്ന അവസ്ഥയിലായിരുന്നു. ഈ കുട്ടിയുടെ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ പലപ്പോഴായി പോയപ്പോൾ, അവിടെ സമാന രീതിയിൽ പോളിയോ വന്ന പല കുട്ടികളെയും കാണാൻ കഴിഞ്ഞതായി അവന്റെ അമ്മ എന്നോട് പറഞ്ഞിട്ടുണ്ട്.

2) മൂന്ന് - നാല് വർഷം മുമ്പ്, ഏറെ കൊട്ടിഘോഷിച്ച് കുട്ടികളിൽ അടിച്ചേൽപ്പിച്ച  പെന്റാവാലന്റ് വാക്സിൻ കാരണം കേരളത്തിൽ മാത്രം മുപ്പതിലധികം കുട്ടികൾ മരിച്ചതായും നൂറുകണക്കിന് കുട്ടികൾക്ക് ഗുരുതര പാർശ്വ ഫലങ്ങൾ ഉണ്ടായതായും കേന്ദ്ര സർക്കാർ തന്നെ പുറത്തുവിട്ട ഒരു റിപ്പോർട്ടിൽ പറയുന്നു.

3) കഴിഞ്ഞ വർഷം കോഴിക്കോട് മലപ്പുറം ജില്ലകളിൽ ഡിഫ്തീരിയ ബാധിച്ചവരിൽ പലരും നേരത്തേ ഡിഫ്ത്തീരിയക്കുള്ള കുത്തിവെപ്പ് എടുത്തവരായിരുന്നു. ലോകാരോഗ്യ സംഘടയുടെ (WHO) കണക്ക് പ്രകാരം ഒരു നാട്ടിലെ നിശ്ചിത ശതമാനം ജനങ്ങൾ വാക്സിൻ എടുത്താൽ ആ നാട്ടിലെ ബാക്കിയുള്ളവർക്ക് കൂടി അതിന്റെ ഫലം കിട്ടുന്നതാണ്. ഇതിനെ Herd Immunity എന്നാണ് പറയുക. ഡിഫ്തീരിയയുടെ Herd Immunity 83 മുതൽ 86% വരെയാണ്. കേരളാ സർക്കാരിന്റെ കണക്ക് പ്രകാരം കോഴിക്കോട് ജില്ലയിൽ DPT വാക്‌സിൻ എടുത്തവർ 97 ശതമാനവും മലപ്പുറം ജില്ലയിൽ 89 ശതമാനവുമാണ്. കേരളത്തിന്റെ മൊത്തം കണക്ക് 93%. എന്നിട്ടും ഈ ജില്ലകളിൽ ഡിഫ്തീരിയ വീണ്ടും വന്നു എന്നതും  അതിൽ പലരും നേരത്തേ DPT വാക്സിൻ എടുത്തവരാണ് എന്നതും ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. മലപ്പുറം ജില്ലയേക്കാൾ താഴെ DPT വാക്സിനെടുത്ത എറണാകുളം, കാസർഗോഡ് ജില്ലകളിലും 50% താഴെ മാത്രം വാക്സിനെടുത്ത പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഇത്രയധികം ഡിഫ്തീരിയ കേസുകൾ വന്നില്ല എന്നത്, DPT വാക്സിന്റെ ഫലത്തെകുറിച്ച് സംശയമുണർത്തുന്നു.  

വാക്സിനേഷനുമായി ബന്ധപ്പെട്ട ഇത്തരം യാഥാർഥ്യങ്ങൾ എന്റെ മുമ്പിലുണ്ടായിരിക്കെ ഞാൻ എന്ത് ധൈര്യത്തിലാണ് എന്റെ കുട്ടികൾക്ക് വാക്സിൻ കൊടുക്കുക? ഇപ്പോൾ കൊടുക്കാൻ ഉദ്ദേശിക്കുന്ന MR വാക്സിൻ 100% ഫലപ്രദമാണെന്ന് ആരും ഉറപ്പ് തരുന്നില്ല. 100% സുരക്ഷിതമാണെന്നും യാതൊരു പാർശ്വഫലം ഉണ്ടാവില്ലെന്നും ആരും ഗ്യാരണ്ടിയും തരുന്നില്ല. മാത്രവുമല്ല, മീസിൽസോ റുബെല്ലയോ ഡിഫ്തീരിയയോ വന്നാൽ തന്നെ പൂർണമായും ചികിത്സിച്ചു മാറ്റാൻ കഴിയുന്ന മരുന്നുകൾ ഇപ്പോൾ ലഭ്യവുമാണ്. പിന്നെ ഞാനെന്തിന് കുത്തിവെപ്പ് എടുക്കണം?

എങ്കിലും ഞാൻ പറയട്ടെ, 100% ഫലപ്രദവും യാതൊരു പാർശ്വഫലങ്ങൾ ഇല്ലാത്തതുമായ വാക്സിനുകൾ എന്ന് കൊണ്ടുവരുന്നോ അന്ന് ഞാൻ എന്റെ കുട്ടികൾക്ക് വാക്സിൻ കൊടുക്കാൻ തയ്യാറാണ്. ഞാൻ മാത്രമല്ല, ഇന്ന് വാക്സിനെ എതിർക്കുന്നവരിൽ 99% പേരും തയ്യാറാകും.  അതുവരെ ഞങ്ങളുടെ കുട്ടികളെ വെറുതെ വിടുക. *വാക്സിൻ എടുക്കാൻ ഉദ്ദേശിക്കുന്നവരെ ആരും തടയുന്നില്ല. എന്നാൽ, ഞങ്ങളുടെ കുട്ടികളിൽ വാക്സിൻ അടിച്ചേൽപ്പിക്കരുത് എന്നേ പറയുന്നുള്ളൂ.* മാരകമായ കാൻസറും സ്‌ട്രോക്കും ഹാർട്ട് അറ്റാക്കുമൊക്കെ വരുമ്പോൾ നേരിടാം എന്ന ധൈര്യത്തിലല്ലേ നാമൊക്കെ ജീവിക്കുന്നത്. അതുപോലെ തന്നെ ഡിഫ്ത്തീരിയയും മീസിൽസും റുബെല്ലയുമൊക്കെ വരുമ്പോൾ ചികിത്സിക്കാം എന്നാണ് എന്റെ തീരുമാനം. ഇന്ന് പ്രതിരോധ കുത്തിവെപ്പ് നടത്തുന്ന മിക്ക രോഗങ്ങൾക്കും അലോപ്പതിയിലേ മരുന്നില്ലാത്തതുള്ളൂ; ഹോമിയോയിലും മറ്റും ഉണ്ട് എന്ന ബോധ്യം എനിക്കുണ്ട്. അതിനാൽ ഞാനെന്തിന് നാളെത്തെ മഴക്ക് ഇന്നേ കുട പിടിക്കണം?

0 comments:

 

Install SUNNI News 4 News & Live

.

Con: 09387762313

For Audio Recording SAMAR