Ads 468x60px

ലീഗും ദീനും ഒന്നാണോ ? അതോ രണ്ടോ ?

രാജ്യത്തെ മറ്റേതു പാര്‍ട്ടികളെയും പോലെ മുസ്‌ലിം ലീഗും വെറുമൊരു രാഷ്ട്രീയ പാര്‍ട്ടി മാത്രമാണ്‌. കോണ്‍ഗ്രസും കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയും കേരള കോണ്‍ഗ്രസും ബിജെപിയും പോലെ തീര്‍ത്തും ഭൗതികാടിത്തറയില്‍ നില്‍ക്കുന്ന ഒരു പാര്‍ട്ടി. ഇന്ത്യന്‍ ദേശീയതയും നെഹ്‌റുവിയന്‍ സോഷ്യലിസവുമാണു കോണ്‍ഗ്രസിന്റെ തലവാചകം. അധ്വാനിക്കുന്ന വര്‍ഗത്തിന്റെ താത്‌പര്യങ്ങള്‍ക്കുവേണ്ടിയാണു കമ്യൂണിസ്റ്റ്‌ പാര്‍ട്ടി നിലകൊള്ളുന്നത്‌. ക്രിസ്‌ത്യന്‍ ന്യൂനപക്ഷത്തിന്റെ താത്‌പര്യങ്ങളാണു കേരളാ കോണ്‍ഗ്രസിന്റെ ലക്ഷ്യം. രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാനാണു ബിജെപി പ്രവര്‍ത്തിക്കുന്നത്‌. ലീഗാകട്ടെ; മുസ്‌ലിം സമുദായത്തിന്റെ രാഷ്ട്രീയാധികാരാവകാശങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടി രൂപീകരിച്ചതാണ്‌. മൗലികമായി ഈ പാര്‍ട്ടികളുടെയെല്ലാം താത്‌പര്യങ്ങള്‍ സമാനമാണ്‌. സാമുദായിക കക്ഷികള്‍ അവരുടെ സമുദായത്തിന്റെ താത്‌പര്യങ്ങളെക്കൂടി പ്രതിനിധീകരിക്കുന്നുവെന്നു മാത്രം. എന്നാല്‍ ഒരു പാര്‍ട്ടിയും ഒരു മതത്തെയും പ്രതിനിധാനം ചെയ്യുന്നില്ല.

സമുദായത്തിന്റെ രാഷ്ട്രീയ താത്‌പര്യങ്ങള്‍ക്കപ്പുറം ആത്മീയമോ മതപരമോ ആയ യാതൊരു ലക്ഷ്യവും ലീഗിനില്ല, ഉണ്ടാകാനും പാടില്ല, ഉണ്ടായാല്‍ രാഷ്ട്രീയ പാര്‍ട്ടിയായി പ്രവര്‍ത്തിക്കാന്‍ ലീഗിനാവില്ല. കാരണം, മതമല്ല; മതനിരപേക്ഷതയാണു രാജ്യത്തിന്റെ പൊതുനയം. ഈ നയത്തില്‍നിന്നു മാറിയാല്‍ ലീഗ്‌ ലീഗല്ലാതാകും. ബിജെപി സന്യാസിമാരെയും കേരളാ കോണ്‍ഗ്രസ്‌ പാതിരിമാരെയും ലീഗ്‌ തങ്ങന്മാരെയും മുസ്‌ല്യാന്മാരെയും മുന്നില്‍ നിറുത്തുന്നത്‌ രാഷ്ട്രീയ താത്‌പര്യത്തിനുവേണ്ടി മാത്രമാണ്‌. ഇതിലൊന്നും മതത്തിന്റെയോ ആത്മീയതയുടെയോ ഒരംശവുമില്ല. ഉണ്ടായിട്ടും കാര്യമില്ല, നടപ്പാക്കാനാവില്ല.

മറ്റു മത സാമുദായിക പാര്‍ട്ടികള്‍ക്കൊന്നും ഇല്ലാത്തവിധം ലീഗ്‌ എങ്ങനെയാണു മതവുമായി ഇങ്ങനെ കൂടിക്കുഴഞ്ഞുപോയത്‌? ഇതറിയാന്‍ ചരിത്രത്തിലേക്ക്‌ അല്‌പം പുറകോട്ടു നടക്കണം. കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ നാശാവശിഷ്ടങ്ങളില്‍നിന്നാണു നിലവിലുള്ള മുസ്‌ലിം ലീഗ്‌ ഉടലെടുക്കുന്നത്‌. നവോഥാന പ്രസ്ഥാനം എന്നൊക്കെപ്പറഞ്ഞു വന്നെങ്കിലും പത്തു വര്‍ഷത്തിനകം പിരിച്ചുവിടാന്‍പോലും ആളില്ലാത്തവിധം തരിശായിപ്പോയ ഐക്യസംഘം തീര്‍ത്തും പ്രാദേശികമായ `മുസ്‌ലിം മജ്‌ലിസ്‌' എന്ന തലശ്ശേരി സംഘടനയില്‍ ലയിച്ചുവെന്നാണു ചരിത്രം. ഈ ചേരുവകള്‍ ഒത്തുചേര്‍ന്നാണ്‌ 1939ല്‍ തലശ്ശേരിയില്‍ ഇന്നു കാണുന്ന കേരള മുസ്‌ലിം ലീഗ്‌ ഉണ്ടാകുന്നത്‌.

കെ.എം. മൗലവി, സീതി സാഹിബ്‌, സത്താര്‍ സേഠ്‌ തുടങ്ങിയ പ്രമുഖരായിരുന്നു ലീഗ്‌ രൂപീകരണത്തിന്റെ മുന്‍പന്തിയില്‍. ഇവര്‍ അറിയപ്പെട്ട വഹാബി ആശയക്കാരുമായിരുന്നു. ഐക്യസംഘത്തോടു കേരളത്തിന്റെ മുസ്‌ലിം പൊതുമനസ്സ്‌ കാണിച്ച കടുത്ത വിയോജിപ്പ്‌ തുടക്കത്തില്‍ സമാന ചേരുവകളടങ്ങിയ മുസ്‌ലിം ലീഗിനോടുമുണ്ടായതു സ്വാഭാവികം. ഈ കയ്‌പും ചവര്‍പ്പും മായ്‌ക്കാനും സമുദായത്തിനിടയില്‍ സ്വീകാര്യത ഉണ്ടാക്കാനും വേണ്ടിയായിരുന്നു ലീഗിന്റെ നേതൃനിരയിലേക്കു മേമ്പൊടിയായി തങ്ങന്മാരെ കൊണ്ടുവന്നത്‌. സയ്യിദ്‌ അബ്ദുര്‍റഹ്‌മാന്‍ ബാഫഖി തങ്ങളുടെ വരവോടെ ലീഗിനു ജനകീയ മുഖം കൈവന്നു. സമുദായത്തിലെ മഹാഭൂരിപക്ഷം വരുന്ന സുന്നികള്‍ക്കിടയില്‍ പാര്‍ട്ടിക്കു വേരോട്ടമുണ്ടായി. മുസ്‌ലിം ഭൂരിപക്ഷ മേഖലയായ മലപ്പുറത്തിന്റെ സമുദായ മനസ്സിനെ കൂടെ നിറുത്താന്‍ ബാഫഖി തങ്ങള്‍ കണ്ടെത്തിയ ഉപായമായിരുന്നു പാണക്കാട്‌ സയ്യിദ്‌ കുടുംബം. പാരമ്പര്യമായി കോണ്‍ഗ്രസ്‌ അനുഭാവികളായിരുന്ന പാണക്കാട്‌ കുടുംബത്തെ കൂടെ നിറുത്താന്‍ കഴിഞ്ഞതോടെ സമുദായത്തില്‍ ലീഗിന്റെ അടിത്തറ വികസിച്ചു.

ബാഫഖി-പാണക്കാട്‌ കുടുംബങ്ങള്‍ തലപ്പത്തു വരികയും സുന്നി പണ്ഡിതന്മാരില്‍ ഗണ്യമായ ഒരു വിഭാഗം ആനുഭാവിത്തം കാണിക്കുകയും ചെയ്‌തിട്ടും ലീഗിന്റെ ശനിദശ മാറിയില്ല. ലീഗും ദീനും ഒന്നാണെന്നു കരുതിയിരുന്ന വഹാബി ഉപജാപക സംഘമായിരുന്നു തുടക്കത്തില്‍ ലീഗിനെ കഷ്ടത്തിലാക്കിയത്‌. ബാഫഖി തങ്ങളുടെ ഇടത്തും വലത്തും കെ.എം. മൗലവിയും സീതി സാഹിബും നിലയുറപ്പിച്ചിരുന്നു. ലീഗിന്റെ കമ്മിറ്റികളിലും അവര്‍ക്കു നിര്‍ണായക സ്വാധീനമുണ്ടായിരുന്നു. ഈ സ്വാധീനം ഉപയോഗിച്ചു സമുദായത്തില്‍ വഹാബിസം വളര്‍ത്താന്‍ തത്‌പരകക്ഷികള്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ചു. ലീഗിന്റെ രാഷ്ട്രീയ പിന്‍ബലം ഒന്നുകൊണ്ടു മാത്രമാണ്‌ കേരളത്തില്‍ വഹാബിസം വേരുപിടിച്ചത്‌, മറ്റു സംസ്ഥാനങ്ങളില്‍ ഒന്നുമല്ലാതായത്‌ അവിടങ്ങളില്‍ ലീഗില്ലാതിരുന്നതുകൊണ്ടും.

വഹാബി വത്‌കരണത്തിനെതിരെ സുന്നികള്‍ക്കിടയില്‍ ക്രമേണ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു തുടങ്ങി. ശയ്‌ഖുനാ കെ.കെ. സ്വദഖതുല്ലാഹ്‌ മുസ്‌ലിയാരായിരുന്നു പ്രതിഷേധങ്ങളുടെ തുടക്കക്കാരന്‍. പിന്നീട്‌ ശംസുല്‍ഉലമാ ഇ.കെ. അബൂബക്‌ര്‍ മുസ്‌ലിയാര്‍ അതേറ്റെടുത്തു. സ്ഥിരം ലീഗ്‌ വിരോധി എന്നൊരു ചീത്തപ്പേരു തന്നെ ശംസുല്‍ഉലമാക്കുണ്ടായിരുന്നു. ലീഗിനെ അനുകൂലിക്കുന്ന പണ്ഡിതന്മാര്‍ക്കുപോലും പറഞ്ഞു നില്‍ക്കാനാകാത്തവിധം ലീഗ്‌-സുന്നി അസ്വസ്ഥതകള്‍ വളര്‍ന്നു. ക്രമേണ അതു തുറന്ന എതിര്‍പ്പുകളായി മാറി. എഴുപതുകളുടെ ഒടുവില്‍ തുടങ്ങിയ ഈ സംഘര്‍ഷം എണ്‍പതുകളുടെ അവസാനത്തോടെ സമസ്‌തയുടെ വഴിപിരിയലിലാണു കലാശിച്ചത്‌. സമസ്‌തയിലെ ലീഗ്‌ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ബുദ്ധികേന്ദ്രം കണ്ടെത്താനും അതിനെ വിലക്കെടുക്കാനും സമസ്‌തയിലെ ഒരുപക്ഷത്തെ കൂടെ നിറുത്താനും ലീഗിനു കഴിഞ്ഞതാണ്‌ ലീഗ്‌-സുന്നി പ്രശ്‌നങ്ങളില്‍ 89ല്‍ ഉണ്ടായ വഴിത്തിരിവ്‌. ഇതോടെ സമുദായത്തിനകത്ത്‌ ലീഗിന്റെ അസ്‌തിത്വം ചോദ്യം ചെയ്യുന്ന ഘടകങ്ങള്‍ പിഴുതെറിയപ്പെട്ടുവെന്നായിരുന്നു പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. ഇവ്വിധം ലീഗിനെയും ദീനിനെയും ഒന്നിച്ചുകൊണ്ടുപോകാനുള്ള ലീഗിന്റെ തീരുമാനം പിഴവായിരുന്നെന്നു കാലം തെളിയിച്ചു.

സമുദായത്തിലെ ലീഗ്‌ വിരുദ്ധ മുന്നേറ്റത്തിന്റെ കേന്ദ്രബിന്ദു വെടക്കാക്കി തനിക്കാക്കി ആര്‍ക്കുമല്ലാതാക്കി എന്നായിരുന്നല്ലോ ലീഗ്‌ കരുതിയത്‌. കല്‌പാന്തകാലം ലീഗിനെ മാത്രം താങ്ങുന്ന ഒരു സമസ്‌തയുണ്ടാകുമെന്നും അവര്‍ വിചാരിച്ചു. ഒരു വ്യക്തിയല്ല; ഒരാശയമാണു ലീഗിനെതിരില്‍ മറുപക്ഷത്ത്‌ നിലകൊണ്ടത്‌ എന്നു തിരിച്ചറിയുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു. ഫലത്തില്‍ പണിപ്പെട്ടു നടത്തിയ ചികിത്സകൊണ്ട്‌ ഇടതുകാലിലെ മന്ത്‌ വലതുകാലിലേക്കു മാറി എന്നു പറഞ്ഞതുപോലെയായി. 1989 വരെ വഹാബിസം ഉണ്ടാക്കിയ അലമ്പും അസ്വസ്ഥതയും അതിലും കൂടിയ അളവില്‍ അവശിഷ്ടസമസ്‌തയില്‍നിന്ന്‌ ലീഗിന്‌ അനുഭവിക്കേണ്ടതായി വന്നിരിക്കുന്നു. നേരത്തെ ഒരു വ്യക്തിയാണെന്നു തെറ്റുധരിച്ചിരുന്ന ലീഗ്‌ വിരുദ്ധ വികാരമാകട്ടെ മറ്റൊരു തലത്തില്‍ ശക്തി പ്രാപിക്കുകയും ചെയ്‌തു. പാരമ്പര്യമായി പാര്‍ട്ടിയെ താങ്ങിയിരുന്ന വഹാബിസം ജിന്നും ശയ്‌ത്വാനുമായി ചിന്നിച്ചിതറി നായിക്കും നരിക്കുമല്ലാതായതാണു മറ്റൊരു ദുരന്തം. ഇത്രയൊക്കെയായിട്ടും ലീഗും ദീനും ഒന്നല്ല എന്നു ലീഗിനു മനസ്സിലാകുന്നില്ലെങ്കില്‍ അതു പിറവിദോഷമാണ്‌.

ലീഗും ദീനും ഒന്നാണെന്നു പണ്ടൊരാള്‍ പറഞ്ഞിരുന്നു. അയാള്‍ക്കു മുമ്പ്‌ ആരും അങ്ങനെ പറഞ്ഞിട്ടില്ല. യുഗപ്രഭാവനായ വരയ്‌ക്കല്‍ മുല്ലക്കോയ തങ്ങള്‍ മുതല്‍ പാങ്ങില്‍, പതി, അബ്ദുല്‍ബാരി, ഖുത്വുബി, ശാലിയാത്തി... ആരും. അന്നും ഉണ്ടായിരുന്നല്ലോ ലീഗ്‌. ഈ പറഞ്ഞയാളിനു തന്നെ ദീനുമായി നടന്ന ഒരു കാലമുണ്ടായിരുന്നു. അന്നിയാള്‍ ഇതു പറഞ്ഞിട്ടില്ല, എന്നല്ല; ദീനില്ലാത്ത ലീഗ്‌ എന്തു മുസ്‌ലിം ലീഗാണെന്നു ചോദിച്ചിട്ടുമുണ്ട്‌. അതുമല്ല, ഇയാളുടെ നല്ല കാലമത്രയും ലീഗിനെതിരെ ജിഹാദിലുമായിരുന്നു. പിന്നെ ഇയാള്‍ ലീഗായി, അപ്പോള്‍ ലീഗും ദീനും ഒന്നാണ്‌ എന്നായി. എന്തായാലും ആരു പറഞ്ഞാലും ഒരു സാഹചര്യത്തിലും ലീഗും ദീനും ഒന്നല്ല; ഒന്നാകാന്‍ പാടില്ല. ഒന്നാണെന്നു വന്നാല്‍ അതിന്റെ നഷ്ടം ദീനിനാണ്‌.

ലീഗും ദീനും എങ്ങനെയാണ്‌ ഒന്നാവുക? ഇന്ത്യന്‍ ഭരണഘടനയും രാജ്യത്തെ നിയമവ്യവസ്ഥയും രാഷ്ട്രീയ സംഹിതയുമാണ്‌ ലീഗിന്റെ അടിയാധാരം. ദീനിന്റെ ഭരണഘടനയാകട്ടെ ഖുര്‍ആനും സുന്നത്തും. ലീഗിന്റെ ഭരണഘടനയില്‍ ദീനിന്റെ അടിയാധാരങ്ങളെക്കുറിച്ച്‌ ഒന്നും പറയുന്നില്ല. ഖുര്‍ആനിലും സുന്നത്തിലും തിരഞ്ഞാല്‍ ലീഗ്‌ മുന്നോട്ടു വയ്‌ക്കുന്ന ആശയങ്ങളൊന്നും കാണാനുമാവില്ല. പിന്നെങ്ങനെയാണു രണ്ടും ഒന്നാവുക? മതേതരത്വം, ജനാധിപത്യം, സോഷ്യലിസം എന്നൊക്കെയാണു ലീഗ്‌ പറയുന്നത്‌. ഇപ്പറഞ്ഞതൊന്നും ഇപ്പറയുന്ന അര്‍ത്ഥത്തില്‍ ദീനിലില്ല. നാം അര്‍ത്ഥമാക്കുന്ന മതേതരത്വമല്ല ഇസ്‌ലാമിന്റേത്‌. നൂറു പേരില്‍ അമ്പത്തൊന്നു പേര്‍ കൈ പൊക്കിയാല്‍ അതാണു ജനാധിപത്യത്തിന്റെ ശരിയും ന്യായവും. നൂറില്‍ നൂറും പുറമെ മറ്റൊരു നൂറും കൈ പൊക്കിയാലും പ്രമാണവിരുദ്ധമായ ഒരു കാര്യവും മതത്തില്‍ ശരിയാവുകയില്ല. സോഷ്യലിസം എന്നു വ്യവഹരിക്കപ്പെടാവുന്ന ചിലത്‌ ഇസ്‌ലാമിലുണ്ട്‌, രാഷ്ട്രമീമാംസയുമുണ്ട്‌. അതൊന്നും പക്ഷേ, ഇന്ത്യന്‍ സാഹചര്യത്തില്‍ നാം കേള്‍ക്കുന്ന തരത്തിലല്ല. അപ്പോള്‍ പിന്നെ എങ്ങനെയാണു ലീഗും ദീനും ഒന്നാവുക?

ലീഗിന്റെ തിരഞ്ഞെടുപ്പു ചിഹ്നം മാത്രമാണ്‌ കോണി. കോണ്‍ഗ്രസിന്റെ കൈപ്പത്തിയും സിപിഎമ്മിന്റെ അരിവാള്‍ ചുറ്റികയും ബിജെപിയുടെ താമരയും പോലെ ഒന്ന്‌. പോളിംഗ്‌ ബൂത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തിരിച്ചറിയാനുള്ള വെറും ഒരടയാളം. പുകയ്‌ക്കിടാന്‍ നാളികേരമുണ്ടെങ്കില്‍ അട്ടത്തു കയറാനും ഉപയോഗിക്കാം. ഖുര്‍ആനിലെ `ഹബ്‌ലും' ലീഗിന്റെ കോണിയും സ്വര്‍ഗത്തിലേക്കുള്ള കുറുക്കുവഴിയാണെന്നു പ്രസംഗിക്കണമെങ്കില്‍ വിവരക്കേട്‌ കുറച്ചൊന്നും പോര; ടണ്‍ കണക്കിനു വേണം. ഇങ്ങനെ പറയുന്നതു പാര്‍ട്ടി വേദികളിലെ ഏതെങ്കിലും ബഫൂണ്‍ കഥാപാത്രമായിരുന്നെങ്കില്‍ മനസ്സിലാക്കാമായിരുന്നു. ഇതിപ്പോള്‍ ആ സമസ്‌തയിലെ ഒരു ഖുര്‍ആന്‍ പ്രഭാഷകന്‍! അല്ലാഹുവിലഭയം, ഖുര്‍ആന്‍ പ്രഭാഷണംകൊണ്ടു മാമുണ്ടു വയറൊഴിഞ്ഞതല്ലാതെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന നരകവും സ്വര്‍ഗവും എന്താണെന്ന്‌ ഈ സാധുവിനു മനസ്സിലായില്ലല്ലോ; കഷ്ടം. ബാഫഖി തങ്ങളുടെയും ഖാഇദേ മില്ലത്തിന്റെയും പാര്‍ട്ടിയാണ്‌, ബാപ്പു മുസ്‌ലിയാര്‍ ദുആ ചെയ്‌തു വളര്‍ത്തിയതാണ്‌... എന്നൊക്കെപ്പറഞ്ഞാല്‍ അതു `ന്റുപ്പൂപ്പാക്കൊരാനണ്ടാര്‍ന്നു' എന്നു പറഞ്ഞതുപോലുള്ള പഴംപുരാണമാണ്‌. ഇന്നു കാണുന്ന കൊല്ലും കൊലയും തെമ്മാടിത്തവും ആഭാസപ്രകടനങ്ങളുമൊക്കെ പൂര്‍വീകരായ മഹാന്മാരുടെ ചെലവില്‍ വരവുവെക്കേണ്ട. തന്റെ പിന്മുറക്കാര്‍ക്കും നേതൃപദവി വേണമെന്ന്‌ ഇബ്‌റാഹീം നബി(അ) അഭിലഷിച്ചപ്പോള്‍ അല്ലാഹു പറഞ്ഞ മറുപടി അല്‍ബഖറഃ: 124ല്‍ ഉണ്ട്‌. ഒരുമാതിരി ജഹാലത്ത്‌ എഴുന്നള്ളിക്കുമ്പോള്‍ ഖുര്‍ആന്‍ പ്രഭാഷകന്‍ ഇതൊന്നും കണ്ടില്ലല്ലോ, കഷ്ടം! ഒരു തൊണ്ടത്തൊഴിലാളിയുടെ അന്നാന്വേഷണ സാഹസങ്ങള്‍, അല്ലാതെന്തു പറയാന്‍!

മുസ്‌ലിം ലീഗ്‌ രജിസ്‌ത്ര്‌ ചെയ്‌തിരിക്കുന്നത്‌ ഇന്ത്യന്‍ ഇലക്‌ഷന്‍ കമ്മീഷനിലാണ്‌; ചേളാരി സമസ്‌താലയത്തിലല്ല. രജിസ്‌ട്രേഷന്‍ നിലനിറുത്താനും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും കോണ്‍ഗ്രസിനും സിപിഎമ്മിനും ബിജെപിക്കും രാജ്യത്തെ മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബാധകമായ നിയമങ്ങളെല്ലാം ലീഗിനും ബാധകമാണ്‌. ലീഗും ദീനും ഒന്നായതുകൊണ്ടും ഒരു സമസ്‌ത കൂടെയുള്ളതുകൊണ്ടും നേതൃത്വം ആത്മീയമാണെന്നു പറയപ്പെടുന്നതുകൊണ്ടും ഞങ്ങള്‍ക്കു ഖുര്‍ആനും സുന്നത്തും അനുസരിച്ചേ പ്രവര്‍ത്തിക്കാനാവൂ എന്നു ലീഗ്‌ പറഞ്ഞാല്‍ കുനിച്ചു നിറുത്തി പുറത്ത്‌ നിരോധനത്തിന്റെ ചാപ്പ കുത്തി മംഗള എക്‌സ്‌പ്രസ്സില്‍ തിരൂരിലേക്കു കയറ്റി വിടും.

മദ്യം, പലിശ, സ്‌ത്രീ വിഷയം ഇങ്ങനെ ഇസ്‌ലാം കര്‍ക്കശമായ നിലപാടു സ്വീകരിച്ച ഏതു വിഷയമാണെങ്കിലും ലീഗിനു മതത്തിന്റെ പക്ഷത്തു നില്‍ക്കാനാവില്ല. കഥയില്ലാത്ത മുസ്‌ലിയാന്മാര്‍ക്കൊപ്പം തുള്ളിയാല്‍ അടുത്ത നിമിഷം ചട്ടിയിലാകും. ഇപ്പോള്‍ തന്നെ വര്‍ഗീയതയുടെ തുലാസില്‍ സമാസമം പിടിച്ചു നില്‍ക്കുകയാണു ലീഗ്‌. തട്ടൊന്നനങ്ങിയാല്‍ ലീഗ്‌ വര്‍ഗീയകക്ഷിയാണെന്ന ആക്ഷേപം ഉയരുകയാണ്‌. ഇത്തരത്തില്‍ ഒരു കേസ്‌ ഇപ്പോള്‍ തന്നെ ഡല്‍ഹി ഹൈകോടതിയുടെ പരിഗണനയിലുണ്ട്‌. ലീഗെന്തിനാണ്‌ ഇത്ര സാഹസപ്പെട്ടു മതത്തിന്റെ പേരും ചിഹ്നങ്ങളും രാഷ്ട്രീയ ആവശ്യത്തിന്‌ ഉപയോഗിക്കുന്നത്‌? ക്രിസ്‌ത്യന്‍ കോണ്‍ഗ്രസ്‌ എന്നു പേരിട്ടുകൊണ്ടല്ലല്ലോ കേരളാ കോണ്‍ഗ്രസുകാര്‍ അവരുടെ സമുദായ താത്‌പര്യങ്ങള്‍ വേവിച്ചെടുക്കുന്നത്‌. ലീഗിനെന്തുകൊണ്ട്‌ മുസ്‌ലിം എന്ന `ചീത്തപ്പേര്‌' മാറ്റി പൊതുവിലാസത്തില്‍ നിന്നുകൊണ്ട്‌ ഈ സമുദായത്തിന്റെ താത്‌പര്യങ്ങള്‍ സംരക്ഷിച്ചുകൂടാ? ഹിന്ദുത്വ അജണ്ടകള്‍ നടപ്പാക്കുന്നതിന്‌ ബിജെപിക്ക്‌ അവരുടെ പേര്‌ ഒരു പോരായ്‌മയേ ആകുന്നില്ല. മതത്തിലല്ല; രാഷ്ട്രീയത്തിലാണ്‌ ലീഗ്‌ കാലുറപ്പിക്കേണ്ടത്‌. സമുദായത്തെ കൂടെ നിറുത്താന്‍ തങ്ങന്മാരെയല്ല; ആരോഗ്യകരമായ രാഷ്ട്രീയ മാര്‍ഗങ്ങളാണ്‌ ആരായേണ്ടത്‌. ആവിര്‍ഭാവ കാലത്ത്‌ അടിത്തറ ഉറപ്പിച്ചുകിട്ടാന്‍ തങ്ങന്മാരെയും മുസ്‌ലിയാന്മാരെയും ഉപയോഗപ്പെടുത്തിയെന്നു പറഞ്ഞാല്‍ അതില്‍ ന്യായമുണ്ട്‌. കോണ്‍ഗ്രീറ്റ്‌ സെറ്റാകുന്നതുവരെയാണു കുത്തും താങ്ങും. ഇതിപ്പോള്‍ മുക്കാല്‍ നൂറ്റാണ്ടായിട്ടും പഴയ താങ്ങിന്മേല്‍ തന്നെ നില്‍ക്കണമെന്നു പറഞ്ഞാല്‍ അതു നിര്‍മിതിയുടെ തന്നെ ബലഹീനതയായിട്ടേ കാണാനാകൂ. രാഷ്ട്രീയത്തിന്റെ ബലത്തില്‍ ലീഗ്‌ നടു നിവര്‍ന്നു നില്‍ക്കണം.

കഷ്ടമാണു ലീഗിന്റെ കാര്യം. ഒരു വശത്ത്‌ രാജ്യത്തിന്റെ നിയമവ്യവസ്ഥക്കൊപ്പം നില്‍ക്കണം. മറുവശത്ത്‌, കങ്കാരു കുഞ്ഞിനെ ചുമക്കുന്നതുപോലെ തങ്ങന്മാരെയും കുറെ മുസ്‌ല്യാമാരെയും പേറണം. അതിഭൗതികതക്കും അതേ അളവിലുള്ള ആത്മീയതക്കും ഒരേ നേതൃത്വം? കള്ളിനും പലിശക്കും ഒപ്പു ചാര്‍ത്താന്‍ ബാധ്യതപ്പെട്ട സംഘടനയുടെ തലപ്പത്തിരിക്കുന്നയാള്‍ തന്നെയാണ്‌ ഈ ഏര്‍പ്പാടൊക്കെ കൊടിയ കുറ്റമായി കാണുന്ന മതസംഘടനയുടെയും തലപ്പത്ത്‌, ഇയാള്‍ തന്നെയാണു നാന്നൂറു മഹല്ലുകളുടെ ഖാളിയും! പാലും മണ്ണെണ്ണയും ഒരേ കുപ്പിയില്‍ വേറിട്ടു സൂക്ഷിക്കുക എന്നു പറഞ്ഞതുപോലെ അസാധ്യം! രാഷ്ട്രീയത്തില്‍ മായം ചേര്‍ത്താല്‍ പിടിക്കപ്പെടും. കാരണം നാട്ടിലെ നിയമങ്ങളെല്ലാം കണ്ണു തുറന്നു കിടക്കുകയാണ്‌. വീഴ്‌ചയോ ലംഘനമോ ഒന്നും ലേശവും അനുവദിക്കില്ല. മതത്തിലാകുമ്പോള്‍ എന്തുമാകാം എന്നാണു കരുതുന്നത്‌, മതം കുത്തകയാണല്ലോ, ആരും ചോദിക്കാനില്ല. രാഷ്ട്രീയത്തില്‍ സെക്കുലറാകാന്‍ ലീഗ്‌ മതമൂല്യങ്ങളെ ചവിട്ടിയരയ്‌ക്കുകയാണ്‌. ചോദ്യങ്ങളില്ല എന്നതായിരുന്നു ഇതുവരെ ലീഗ്‌ അനുഭവിച്ച സൗകര്യം. ചോദ്യങ്ങളില്ലെങ്കില്‍ ഉത്തരങ്ങളും ആവശ്യമില്ലല്ലോ. ഇനിയിപ്പോള്‍ ചോദ്യങ്ങള്‍ ഉണ്ടാകും, ഉത്തരങ്ങള്‍ ഉണ്ടാകേണ്ടതായും വരും. കേരളത്തിലെ ഇസ്‌ലാമിക സമൂഹം അവരുടെ മതത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രതയിലാണ്‌.

ഖുര്‍ആന്‍ കര്‍ശനമായി നിരോധിച്ച കള്ളിനുവേണ്ടി തങ്ങളുടെ ജനപ്രതിനിധി നിയമസഭയില്‍ കൈ പൊക്കിയെന്നു പരാതിപ്പെട്ടുകൊണ്ട്‌ ഒരു സത്യവിശ്വാസി വന്നാല്‍ മതസംഘടനയെ നയിക്കുന്ന, നാനൂറു മഹല്ലുകളുടെ ഖാളി എന്തു സമാധാനം പറയും? പെണ്ണുടല്‍ മുന്നില്‍ നിറുത്തിയുള്ള ഒരു പൊതുപരിപാടിയും ദീനിലില്ല. ഇതേക്കുറിച്ചു ലീഗും ദീനും തമ്മില്‍ തെറ്റിയാല്‍ ലീഗെന്തു ചെയ്യും? ആരും ഇതൊന്നും ചോദിച്ചു വരില്ലായിരിക്കാം. വന്നാല്‍ തന്നെ ഇലക്‌ഷന്‍ വിജയം ആഘോഷിക്കാന്‍ തെരുവില്‍ തുള്ളിക്കളിച്ച ചട്ടമ്പിക്കമ്പനി അവരെ ശരിയാക്കിക്കൊള്ളും. എന്നാലും വസ്‌തുതകള്‍ വസ്‌തുതയായി തന്നെ അവശേഷിക്കുമല്ലോ. ചില കാര്യങ്ങളില്‍ വ്യക്തത വരുത്താതെ ലീഗിന്‌ ഇനി മുന്നോട്ടു പോകാനാവില്ല. ഇസ്‌ലാമിനെ ലീഗില്‍നിന്നു വേര്‍പ്പെടുത്തേണ്ടതായി വരും. പാണക്കാട്‌ കുടുംബം രണ്ടിലൊന്നു തീരുമാനിക്കേണ്ടതായും വരും. ഒന്നുകില്‍ ലീഗിനൊപ്പം, അല്ലെങ്കില്‍ ചേളാരി സമസ്‌തക്കൊപ്പം. രണ്ടു തോണിയില്‍ കാലു വച്ചുള്ള യാത്രയില്‍ മൂന്നും മുങ്ങാനുള്ള സാധ്യത ഏറെയാണ്‌. തിരഞ്ഞെടുപ്പു നല്‍കുന്നതു മോശം സൂചനയാണ്‌.

ലീഗിന്റെ നയവും നിലപാടുകളുമാണു ശിഹാബ്‌ തങ്ങള്‍ വരെയുള്ള പാണക്കാട്‌ കുടുംബം നടപ്പാക്കിപ്പോന്നത്‌. പാര്‍ട്ടി മുന്നോട്ടു വയ്‌ക്കുന്ന ആശയങ്ങള്‍ ബാഹ്യഇടപെടലുകളില്ലാതെ, കുറച്ചൊക്കെ വിവേചനാധികാരം പ്രയോഗിച്ച്‌ നടപ്പാക്കുകയായിരുന്നു ശിഹാബ്‌ തങ്ങളുടെ രീതി. ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ല. പാര്‍ട്ടിയും പാര്‍ട്ടി മന്ത്രിമാരും രൂപപ്പെടുത്തുന്ന ആശയങ്ങളും നിലപാടുകളും പാണക്കാട്ടെത്തുമ്പോള്‍ തകിടം മറിയുകയാണ്‌. പാണക്കാട്ടെ കട്ടിലിനടിയിലും പത്തായത്തിനു ചോട്ടിലും തൂണിനു മറവിലും പതിയിരിക്കുന്ന പെരുച്ചാഴിക്കൂട്ടങ്ങളാണ്‌ പാര്‍ട്ടിയുടെ അജണ്ടകള്‍ നിഷ്‌പ്രയാസം അട്ടിമറിക്കുന്നത്‌. ഈ ഉപജാപക സംഘങ്ങള്‍ക്കു തങ്ങളുടെ ഒളിയജണ്ടകള്‍ നടപ്പാക്കാന്‍ പാര്‍ട്ടി ആസ്ഥാനങ്ങളിലേക്കു വരേണ്ടതില്ല, തിരുവനന്തപുരത്തേക്കു വണ്ടി കയറേണ്ടതുമില്ല. രണ്ടു മൂന്നു തറവാടു മുറ്റങ്ങളില്‍ ചുറ്റിത്തിരിഞ്ഞും കൈ മുത്തിയും കാലു തടവിയും സേവ പിടിച്ചാല്‍ മതി. ഈ ഒളിസേവകരെക്കൊണ്ട്‌ പാര്‍ട്ടി പൊറുതിമുട്ടി എന്നാണറിവ്‌. പാണക്കാട്ട്‌ ഇപ്പോള്‍ വേണ്ടത്‌ ഒരു അഹ്‌മദാജിയാണ്‌. കൊടപ്പനക്കല്‍ തറവാട്ടിന്റെയും ലീഗിന്റെയും കാവലാളായിരുന്നു അഹ്‌മദാജി. ഒരുവക കൃമികീടങ്ങളൊന്നും അഹ്‌മദാജിയുള്ളപ്പോള്‍ കൊടപ്പനക്കല്‍ അടിഞ്ഞു കൂടിയിരുന്നില്ല. ഇപ്പോള്‍ അവിടം കോട്ടക്കല്‍ ചന്തയാണ്‌. പഴയ സങ്കല്‌പത്തില്‍ പാണക്കാട്‌ തങ്ങള്‍ ഏകമുഖമാണ്‌. ഇപ്പോള്‍ ഒരുഡസനെങ്കിലും വരുന്ന ബഹുമുഖമാണ്‌. ഈ ബഹുമഖത്വവും പാര്‍ട്ടിയെ കുഴക്കുന്നുണ്ട്‌.

തിരഞ്ഞെടുപ്പ്‌ ഫലം വിശകലനം ചെയ്യുന്നതിനു ജൂലൈയില്‍ പാര്‍ട്ടി ദ്വിദിന ക്യാമ്പ്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. കോഴി ബിരിയാണിയടിച്ചും കാവ കുടിച്ചും പ്രമാണിത്തം പ്രകടിപ്പിച്ചും പിരിയാനാണു ഈ ക്യാമ്പ്‌ എങ്കില്‍ ഏറെയൊന്നും പറയേണ്ടതില്ല. ലീഗിനെ പടച്ചോന്‍ കാക്കട്ടെ!
(അവസാനിച്ചില്ല).
ഒ.എം. തരുവണ
+91 9400501168

0 comments:

 

Install SUNNI News 4 News & Live

.

Con: 09387762313

For Audio Recording SAMAR