ഈ വാര്‍ത്ത വായിച്ചപ്പോള്‍ ഞാന്‍ വായിച്ചറിഞ്ഞ ധീരുഭായി അംബാനിയെക്കുറിച്ച് രണ്ടുവാക്ക് എഴുതണമെന്നു തോന്നി.
===================================
1950 കളില്‍ യമനിലെ ഏദന്‍ എന്ന തുറമുഖ പട്ടണത്തില്‍ അവിടത്തെ നാണയമായ റിയാലിന് അസാധാരണമാംവിധം ദൌര്‍ലഭ്യം അനുഭവപ്പെട്ടു. നാണയങ്ങള്‍ ഇങ്ങനെ അപ്രത്യക്ഷമാകുന്നതിനെക്കുറിച്ചു അവിടത്തെ അധികാരികള്‍ നടത്തിയ അന്വേഷണം ചെന്നെത്തിയത് ഏദനില്‍ ഒരു ഷിപ്പിങ്ങ് കമ്പനിയിലെ ഗുമസ്തനായിരുന്ന ഒരു ഇന്‍ഡ്യന്‍ ചെറുപ്പക്കാരനിലാണ് . റിയാലിലെ വെള്ളിയുടെ അംശം ആ നാണയത്തിന്റെ മൂല്യത്തെക്കാള്‍ അധികമാണെന്നു തിരിച്ചറിഞ്ഞ ആ ചെറുപ്പക്കാരന്‍ കിട്ടാവുന്നിടത്തോളം നാണയങ്ങള്‍ ശേഖരിച്ചു അതില്‍നിന്ന് വെള്ളി ഉരുക്കിവിറ്റു നാണയത്തിന്റെ മൂല്യത്തെക്കാള്‍ അധികം പണം സമ്പാദിക്കുകയായിരുന്നു. ആരും സ്വപ്നം പോലും കാണാത്ത വഴികളിലൂടെ പണം സമ്പാദിക്കുക എന്നത് ഒരു ജനിതകഗുണമായി കൊണ്ടുനടന്ന ആ ചെറുപ്പക്കാരനായിരുന്നു ധീരുഭായ് അംബാനി . ആ ജന്മഗുണം ഗുജറാത്തി മോധ്ബനിയ എന്ന വൈശ്യ വിഭാഗത്തിന്റെ പ്രത്യേകതയാണ്. അത്രമാത്രം കൌശലക്കാരും ലാഭക്കണ്ണുള്ളവരുമാണ് ആ വിഭാഗം.
1932ല്‍ ഗുജറാത്തിലെ ചോര്‍വാഡാ (ചോര്‍വാഡ എന്നാല്‍ കള്ളന്മാരുടെ ദേശം) എന്ന ചെറുപട്ടണത്തിലാണ് ധീരജ് ലാല്‍ ഹിരാചന്ദ് അംബാനി എന്ന ധീരുഭായി അംബാനി ജനിക്കുന്നത് . ഹുണ്ടികളും പലിശയും കച്ചവടവുമായി സമ്പത്ത് കുമിഞ്ഞു കൂട്ടുക എന്നതാണ് ഇന്‍ഡ്യയിലെ ജൂതന്മാര്‍ എന്നു വേണമെങ്കില്‍ പറയാവുന്ന അവരുടെ ലക്ഷ്യം. മെട്രിക്കുലേഷന്‍ കഴിഞ്ഞ് മിഡില്‍ ഈസ്റ്റില്‍ ജോലിക്കുപോയി പത്തു വര്‍ഷങ്ങള്‍ക്കുശേഷം ഇന്‍ഡ്യയിലേക്കു തിരിച്ചുവരുമ്പോള്‍ പണമുണ്ടാക്കാന്‍ ലോകത്ത് ഏറ്റവും എളുപ്പമുള്ള സ്ഥലം ഇന്‍ഡ്യയാണെന്ന്‍ അംബാനിക്കു ബോധ്യമായിട്ടുണ്ടായിരുന്നു.
ഭരണ കൂടങ്ങളെ വിലയ്ക്കെടുത്തു തങ്ങള്‍ക്കനുകൂലമായ തീരുമാനങ്ങള്‍ സൃഷ്ടിക്കുക എന്നതായിരുന്നു ഒന്നുമില്ലായ്മയില്‍ നിന്നു സഹസ്ര കോടികളിലേക്കു കുതിക്കുവാന്‍ ധീരുഭായി അംബാനിയെ പ്രാപ്തനാക്കിയത് . അന്നും ഇന്നും ഗവണ്മെന്റുകളെ എങ്ങനെ നിയന്ത്രിക്കണമെന്നും സ്വാധീനിക്കണമെന്നും അംബാനിമാര്‍ക്കു നല്ലപോലെ അറിയാം. രാഷ്ട്രീയത്തിനും ഭരണകൂടത്തിനും ഒപ്പംതന്നെ കോര്‍പ്പറേറ്റ് തന്ത്രങ്ങള്‍ക്കു മാധ്യമങ്ങള്‍കൂടി പങ്കുവഹിക്കുന്ന ഒരു രാഷ്ട്രീയ - മാധ്യമ - കോര്‍പ്പറേറ്റ് അച്ചുതണ്ടായിരുന്നു അംബാനിയുടെ എക്കാലത്തെയും തന്ത്രപരമായ സമീപനം . അതിനു വേണ്ടി എപ്പോഴും ഒരുപറ്റം രാഷ്ട്രീയക്കാരെയും പത്രക്കാരെയും ചെല്ലും ചെലവും കൊടുത്തു അംബാനി നിലനിര്‍ത്തി. ഏതു രാഷ്ട്രീയ കക്ഷി അധികാരത്തില്‍ വന്നാലും അതു റിലയന്‍സിന്റെ സ്വന്തം സര്‍ക്കാരായി മാറുന്ന കാഴ്ച നാം കാണുന്നുണ്ട്. കോണ്‍ഗ്രസ്സ് ഭരിച്ചാലും ബിജെപി ഭരിച്ചാലും രാജ്യഭരണത്തില്‍ സ്വാധീനം ചെലുത്താന്‍ ആശ്രിതവത്സരരുടെ നീണ്ട നിരതന്നെ ഇരു പാര്‍ട്ടികളിലും അംബാനിക്കുണ്ടായിരുന്നു.
വ്യാവസായിക എതിരാളികളെ ആരോഗ്യകരമായ മത്സരങ്ങളിലൂടെ നേരിടുന്നതില്‍ അംബാനി ഒരിക്കലും വിശ്വസിച്ചിരുന്നില്ല. ഭരണകൂടങ്ങളെ സ്വാധീനിച്ചാണ് എതിരാളികളെ എപ്പോഴും നേരിട്ടിരുന്നത് . വസ്ത്രവ്യാപാര രംഗത്തു തുടങ്ങിയ ആ മത്സരത്തില്‍ അന്നത്തെ പ്രധാന എതിരാളിയായ 'ബോംബെ ഡയിങ്ങി'ന്റെ മേധാവി നുസ്ലി വാഡിയയെയും ഇത്തരത്തില്‍ തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും, രാഷ്ട്രീയത്തില്‍ ഒരുപാടു അഭ്യുദയകാംക്ഷികളുണ്ടായിരുന്ന, മാന്യനായ വ്യവസായിയിരുന്ന നുസ്ലി വാഡിയയെ എളുപ്പം ഒതുക്കാനായില്ല. (നുസ്ലി വാഡിയ മുഹമ്മദാലി ജിന്നയുടെ ചെറുമകനാണ്) അവസാനം മുംബൈ അധോലോകത്തിലെ വാടകക്കൊലയാളികളെ ഉപയോഗിച്ചു കൊലപ്പെടുത്താന്‍ പോലും ശ്രമിച്ചു. ഈ ഗൂഡാലോചനയുടെ വ്യക്തമായ തെളിവുകള്‍ സഹിതം റിലയന്‍സിന്റെ കീര്‍ത്തി അംബാനിയെ അന്നു പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതു പോലും ഇന്‍ഡ്യന്‍ എക്സ്പ്രസ് പത്രത്തിന്റെ നിരന്തര പ്രചരണം മൂലമായിരുന്നു.
പെയിഡ് ജേര്‍ണലിസവും എന്‍വലപ്പ് ജേര്‍ണലിസവും ഇന്‍ഡ്യന്‍ പത്രപ്രവര്‍ത്തകര്‍ക്കിടയില്‍ പ്രചാരമാര്‍ജ്ജിച്ചതിനു പിന്നില്‍ ധീരുഭായി അംബാനിയായിരുന്നു. രാഷ്ട്രീയത്തിനും ഭരണകൂടത്തിനും ഒപ്പംതന്നെ കോര്‍പ്പറേറ്റ് വിജയങ്ങള്‍ക്കു മാധ്യമങ്ങള്‍കൂടി പങ്കു വഹിക്കുന്ന ഒരു രാഷ്ട്രീയ - മാധ്യമ - കോര്‍പ്പറേറ്റ് അച്ചുതണ്ടായിരുന്നു അംബാനിയുടെ എക്കാലത്തെയും ആയുധം. ടൈംസ് ഓഫ് ഇന്‍ഡ്യയുടെ ഗിരിലാല്‍ ജെയിനും ഇന്‍ഡ്യന്‍ എക്സ്പ്രസിന്‍റെ ഗോയങ്കയുമെല്ലാം ഈ വലയത്തിലുണ്ടായിരുന്നു. പിന്നീട് അംബാനിയുടെ അധോലോക പ്രവര്‍ത്തനത്തിന് സമാനമായ പ്രവര്‍ത്തനങ്ങളില്‍ വിയോജിപ്പു പ്രകടിപ്പിച്ചുകൊണ്ട് ഗോയങ്ക റിലയന്‍സിന്റെ ശത്രുപക്ഷത്തേക്കു മാറി. ഇതിനു പിന്നില്‍ 'ബോംബെ ഡയിങ്ങി'ന്റെ നുസ്ലി വാഡിയയോടുള്ള അനുഭാവവുമുണ്ടായിരുന്നു .ഈ വിയോജിപ്പാണ് പിന്നീടു ഇന്‍ഡ്യ കണ്ട ഏറ്റവും വലിയ കോര്‍പറേറ്റ് - മീഡിയാ യുദ്ധത്തിനു കാരണമായത്. രാംനാഥ് ഗോയങ്കയുടെ ഈ വിയോജിപ്പുകള്‍ പ്രകടമായിതന്നെ ഇന്‍ഡ്യന്‍ എക്സ്പ്രസ്സിലൂടെ വരാന്‍ തുടങ്ങി . റിലയന്‍സിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെയും സാമ്പത്തിക ക്രമക്കേടുകളെയും കുറിച്ചു നിരവധി ലേഖനങ്ങള്‍ കൃത്യമായ തെളിവുകളോടെ ഇന്‍ഡ്യന്‍ എക്സ്പ്രസ്സില്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരുന്നു. ചാര്‍ട്ടേഡ് അക്കൌണ്ടന്റും സ്വദേശി സാമ്പത്തികവാദിയുമായ എസ്. ഗുരുമൂര്‍ത്തിയായിരുന്നു ഈ ലേഖനങ്ങളുടെയെല്ലാം പിന്നില്‍. റിലയന്‍സിനെപ്പോലുള്ള ഒരു വന്‍കിട കമ്പനി രാജ്യത്തിന്റെ സാമ്പത്തിക സന്തുലിതാവസ്ഥയെ ഗുരുതരമായി ബാധിക്കുന്ന തരത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത് എന്നായിരുന്നു ഗുരുമൂര്‍ത്തിയുടെ കാഴ്ചപ്പാട്. യഥാര്‍ത്ഥത്തില്‍ അതു സത്യവുമായിരുന്നു. ഗുരുമൂര്‍ത്തിയുടേത് ഒരു ഒറ്റയാന്‍ പോരാട്ടം തന്നെയായിരുന്നു , രാഷ്ട്രീയമായ ഭീഷണികള്‍ ഒരുപാടുണ്ടായി. ഒരിക്കല്‍ അദ്ദേഹത്തെ ഒരു വ്യാജ ആരൊപണത്തിന്മേല്‍ അറസ്റ്റ് ചെയ്യിക്കുക പോലുമുണ്ടായി . 1991ല്‍ മരിക്കുന്നതുവരെ ഈ പോരാട്ടം തുടര്‍ന്നെങ്കിലും അംബാനിയെ തളര്‍ത്താന്‍ ഗോയങ്കയ്ക്കായില്ല.
അതിന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ആഗോളവല്‍ക്കരണത്തിന്റെ ഇക്കാലത്ത്, ആര്‍ക്കും തൊടാനാകാത്തത്ര ഉയരത്തില്‍, ഭരണകൂടങ്ങളെ പോലും ഭരിക്കാന്‍ കഴിവുള്ള മഹാശക്തിയായി അംബാനിമാര്‍ മാറിക്കഴിഞ്ഞിരുന്നു.
2005ല്‍ പുറത്തിറങ്ങിയ ഫ്രീ പ്രസ്സ് ജേണല്‍ എന്ന മാസികയുടെ ആദ്യ ലക്കംതന്നെ റിലയന്‍സിന്റെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചും, ഭരണകൂടങ്ങളുടെ നയപരമായ തീരുമാനങ്ങള്‍ റിലയന്‍സിനു അനുകൂലമാക്കുന്ന രാഷ്ട്രീയ ഉപജാപങ്ങളെക്കുറിച്ചും, അതുവഴി ഗവണ്മെന്റിനെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചുമുള്ള വിശദമായ പഠനങ്ങളായിരുന്നു. ഓഹരിക്കമ്പോളത്തില്‍ കൃത്രിമമായി ഇടപെടലുകള്‍ നടത്തി അതിന്റെ ഏറ്റക്കുറച്ചിലുകളെ ഫലപ്രദമായി തങ്ങള്‍ക്കനുകൂലമാക്കുന്ന റിലയന്‍സിന്‍റെ ക്രമക്കേടുകളെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് അതിലുണ്ടായിരുന്നു. ഷെല്‍ കമ്പനികളെ ഉപയോഗിച്ചുകൊണ്ടാണ് ഇത്തരത്തില്‍ കൃത്രിമമായി ഏറ്റക്കുറച്ചിലുകള്‍ സൃഷ്ടിക്കുന്നത്. ഷെല്‍ കമ്പനികളെക്കുറിച്ചുള്ള നിര്‍വചനം ഇങ്ങനെയായിരുന്നു. A shell company is a company that exists but does not actually do any business or have any assets. ഷെല്‍ കമ്പനി എന്നാല്‍ ഒരു ഡമ്മി കമ്പനി . ഓഹരി വിപണിയില്‍ ഏറ്റക്കുറച്ചിലുകള്‍ സൃഷ്ടിക്കാന്‍ , കള്ളപ്പണം ഒളിപ്പിക്കാന്‍, നികുതി വെട്ടിക്കാന്‍ ഇങ്ങനെ നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്താന്‍ ഒരു ഷെല്‍കമ്പനി കൊണ്ടു സാധ്യമാണ് .ഇത്തരത്തില്‍ നൂറുകണക്കിനു ഷെല്‍ കമ്പനികളായിരുന്നു റിലയന്‍സിനുണ്ടായിരുന്നത്. ഇതുവഴി, ഒരു രാജ്യത്തിന്റെ ഓഹരി വിപണിയെ മൊത്തമായിതന്നെ നിയന്ത്രിക്കാനും സ്വാധീനിക്കാനും റിലയന്‍സിനു കഴിഞ്ഞു. ഇങ്ങനെ, നൂറുകണക്കിനു ഷെല്‍ കമ്പനികളുടെ പേരും വിലാസവും അടങ്ങിയതായിരുന്നു ആദ്യ ലക്കം ഫ്രീ പ്രസ്സ് ജേണല്‍ . പക്ഷെ എന്തുകൊണ്ടോ മൂന്നുനാലു ലക്കങ്ങള്‍ക്കപ്പുറം ആ പ്രസിദ്ധീകരണം തുടര്‍ന്നില്ല. (കാരണം പകല്‍പോലെ വ്യക്തമെങ്കിലും.........)
തങ്ങള്‍ നല്‍കിയ നേട്ടങ്ങളും സംഭാവനകളും കൊണ്ടാണ് ഇന്‍ഡ്യയെന്ന മഹാരാജ്യം നിലനില്‍ക്കുന്നതെന്നു സ്ഥാപിക്കാനായി വലിയതോതില്‍ പണമൊഴുക്കുകയും പ്രചാരണങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന അതിമിടുക്കന്മാരാണ് അംബാനിമാര്‍.
കളവും വഞ്ചനയും നടത്തി അതിന്റെ നിറുകയില്‍ സിംഹാസനമുറപ്പിച്ചിരിക്കുന്ന ഒരു കുടുംബ വ്യവസായമാണ് ഇന്ന് ഇന്ത്യന്‍ ബിസിനസ്സ് സ്കൂളുകളില്‍ മാതൃകാ കേസ്സ്റ്റഡികളായി പരിഗണിക്കുന്നത്.
വ്യാവസായിക വിപ്ലവത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമായി ധീരുഭായി അംബാനിയുടെയും മക്കളുടെയും കഥകള്‍ വാഴ്ത്തി പാടുകയും, അവര്‍ ഈ രാജ്യത്തെ ഒന്നാംകിട സമ്പന്നരായതില്‍ അഭിമാന വിജൃംഭിതരാകുകയും ചെയ്യുന്നവര്‍ ഈ രാജ്യം ഭരിക്കുമ്പോള്‍, ആലിലയുടെ രൂപത്തിലുള്ള സ്വര്‍ണ്ണ പതക്കത്തില്‍ സൂര്യന്‍റെ ചിഹ്നവും അതില്‍ ദേവനാഗരി ലിപിയില്‍ 'ഭാരതരത്ന' എന്ന വാക്കുകള്‍ കൊത്തിയിട്ടുള്ള, ഈ രാജ്യത്തിന്‍റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ "ഭാരതരത്നം" ലഭിച്ചാലും ഒട്ടും അതിശയപ്പെടേണ്ടതില്ല.
പക്ഷെ, ഈ ബഹുമതികള്‍ അംബാനിമാര്‍ക്ക് ചാര്‍ത്തിക്കൊടുത്തവരോട് കാലം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.....
അതിതാണ്.....
ഈ അംബാനിമാര്‍ അവര്‍ക്ക് വേണ്ടിയല്ലാതെ, ഈ രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി എന്ത് ചെയ്തു????
അത്യുന്നതര്‍ തന്‍ വാചാലതയ്ക്ക് അതിന്നുത്തരമില്ലായിരുന്നു...
0 comments:
Post a Comment