ഉഹുദ് രണഭൂമിയില്‍ വാള്‍തലപ്പുകള്‍ തീപ്പൊരി ചിതറി. കുതിരക്കുളമ്പടികള്‍ മണല്‍ത്തരികള്‍ കൊണ്ട് ധൂമപര്‍വ്വതങ്ങള്‍ തീര്‍ത്തു. ഉച്ചിയില്‍ തീമഴ ചൊരിയുന്ന സൂര്യന് കീഴില്‍ നീതിയുടെ പോരാളികളുടെ തലകള്‍ അറ്റുവീഴുന്നത് കണ്ടു ഉഹുദ് മല തേങ്ങി..
നാല് ഭാഗത്തുനിന്നും ശത്രുക്കള്‍ ഇരച്ചു കയറുന്നു. അവര്‍ക്കരൊറ്റ ലക്‌ഷ്യം.. മുഹമ്മദ് !
നാനാഭാഗത്ത് നിന്നും കൂരമ്പുകള്‍ നബിക്ക് നേരെ പേമാരി വര്‍ഷിച്ചു. പക്ഷെ, ഒരൊറ്റ അസ്ത്രം പോലും ആ തിരുമാറില്‍ തുളയ്ച്ചില്ല. ഒരു ചെറുവിരല് പോലും മുറിച്ചില്ല. ചിപ്പിക്കുള്ളിലെ മുത്തിനെ പോലെ നബിയെ സംരക്ഷിക്കാന്‍ തങ്ങളുടെ ശരീരം കൊണ്ട് നൂറു കവചങ്ങള്‍ തീര്‍ക്കുകയാണ് ഒരുപറ്റം പടയാളികള്‍.. നബിക്ക് നേരെ വരുന്ന ഓരോ അസ്ത്രവും, വീശുന്ന ഓരോ വാള്‍തലപ്പുകളും അവര്‍ പുഞ്ചിരിയോടെ അവരുടെ മാറിലും മുതുകിലും ഏറ്റുവാങ്ങി. അവരതില്‍ മത്സരിക്കുകയായിരുന്നു. നബി ‘അരുതേ അരുതേ’ എന്ന് വിളിച്ചു പറയുമ്പോഴും കണ്ണിമ വെട്ടാതെ പുഞ്ചിരിയോടെ നബിയുടെ മാറിലൂടെ ഊര്‍ന്നുവീഴുകയായിരുന്നു ഓരോ രക്തസാക്ഷിത്വവും.. ആയിരങ്ങള്‍ ഒരേസമയം ലക്‌ഷ്യം വയ്ക്കുന്ന ഒരു മനുഷ്യനെ പ്രതിരോധിച്ചു കൊണ്ട് സുഗന്ധത്തോടെ മണ്ണിനെ പുല്കുകയായിരുന്നു ഓരോ രക്തത്തുള്ളിയും. കൈകാലുകള്‍ അറ്റുവീണു. ആന്തരാവയവങ്ങള്‍ ചിതറിത്തെറിച്ചു. പക്ഷെ ഒരൊറ്റ അമ്പും നബിയുടെ അടുത്തെത്താന്‍ അവര്‍ സമ്മതിച്ചില്ല.
നബിക്ക് മുന്നില്‍ രക്തസാക്ഷികള്‍ കുന്നുകൂടിയപ്പോള്‍, പ്രതിരോധിക്കാന്‍ ആളുകള്‍ കുറഞ്ഞു തുടങ്ങി. അതോടെ അബൂത്വല്‍ഹ നബിക്ക് ചുറ്റും ഓടാന്‍ തുടങ്ങി. ഒരു മനുഷ്യന്‍ പത്ത് പേരുടെ പ്രതിരോധം തീര്‍ക്കുന്നു. കാറ്റിന്റെ വേഗതയില്‍ നബിക്ക് ചുറ്റും ഓടിക്കൊണ്ട് നബിയുടെ മാറിലേക്ക് വരുന്ന ഓരോ അസ്ത്രവും സ്വന്തം മാറില്‍ ഏറ്റു വാങ്ങി.. ദേഹത്ത് മുറിവുകള്‍ കൊണ്ട് നിറഞ്ഞപ്പോള്‍, കാഴ്ച മങ്ങി ബോധരഹിതനായി പോകുമെന്ന്‍ തോന്നിയ നിമിഷങ്ങളില്‍ പോലും, അദ്ദേഹം നിര്‍ത്തിയില്ല..
യുദ്ധാനന്തരം നബി അദ്ദേഹത്തിന്റെ ശരീരത്തെ തലോടിക്കൊണ്ട് ചോദിച്ചു..
“അബൂത്വല്‍ഹാ. എന്താണ് താങ്കളീ കാണിച്ചത്? താങ്കള്‍ക്ക് വേദനിച്ചില്ലേ?”
വേദന കൊണ്ട് പുളയുന്നതിനിടയ്ക്കും പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞൊപ്പിച്ചു..
“നബിയേ, കൂരമ്പുകള്‍ പതിക്കുമ്പോള്‍ വേദന കൊണ്ട് പ്രാണന്‍ വിടുമെന്ന് വരെ തോന്നി.. പക്ഷെ, ഞാനൊന്ന് മാറിയാല്‍, കണ്ണൊന്നു ചിമ്മിയാല്‍, ആ അമ്പുകള്‍ പതിക്കുന്നത് അങ്ങനെയുടെ ഈ നെഞ്ചിലായിരിക്കുമല്ലോ എന്നോര്‍ത്തപ്പോള്‍ മനസ്സ് പതറിയില്ല, ഞാനെന്റെ വേദന മറന്നുപോയി..”
..
ഇങ്ങനെയാണ് ഒരു ജനത ഈ മനുഷ്യനെ സ്നേഹിച്ചത്, സ്നേഹിക്കുന്നത്.. !
0 comments:
Post a Comment