മുത്തുനബി(സ്വ)യുടെ കുടുംബ പരമ്പരയില്‍ ജനിക്കുകയും ആത്മീയ വിജ്ഞാനം നല്‍കി അല്ലാഹു ബഹുമാനിക്കുകയും ചെയ്ത “താജുല്‍ ആരിഫീന്‍’ അഹ്മദുല്‍ കബീര്‍ അര്‍രിഫാഈ(റ) ഇറാഖിലെ ബത്വ്ഹാഇലാണ് ജനിച്ചത് (ഹിജ്റ: 500 റജബ് മാസം, വഫാത്ത് ഹിജ്റ: 578 ജുമാദുല്‍ അവ്വല്‍ 12 ഇറാഖിലെ ഉമ്മുഅബീദയില്‍).
അഹ്ലുബൈത്തില്‍ ഇരുപതാമത്തെ നബിപുത്രനായി ജനിച്ചു. ജനിക്കുന്നതിന് മുമ്പ് പിതാവ് “യഹ്യ’ മരണപ്പെട്ടുപോയതിനാല്‍ മാതൃസഹോദരന്‍ ശൈഖ് മന്‍സൂറുല്‍ ബത്വാഇഹിന്റെ സംരക്ഷണത്തില്‍ വളര്‍ന്നുവരികയും പിതാമഹന്‍ രിഫാഅത്തിലേക്ക് ചേര്‍ത്തി അഹ്മദ് രിഫാഈ എന്ന് ലോകത്തറിയപ്പെടുകയും ചെയ്തു.
പഠനരംഗത്ത് പ്രശംസാര്‍ഹമായ പുരോഗതിയായിരുന്നു. ചെറുപ്പത്തിലെ കൂര്‍മബുദ്ധിയും സല്‍സ്വഭാവവും കാരണം എല്ലാവരുടെയും ആദരവിനര്‍ഹരായി. ശാഫിഈ മദ്ഹബില്‍ കര്‍മശാസ്ത്രം അഭ്യസിച്ച ശേഷം തന്റെ കിതാബുത്തന്‍ബീഹ് പാരായണത്തോടെ സൂഫീമാര്‍ഗത്തിലേക്ക് നീങ്ങുകയായിരുന്നു. ഖുര്‍ആന്‍ വ്യാഖ്യാനം, പാരായണ ശാസ്ത്രം, ഇല്‍മുല്‍ ഹദീസ്, ശാഫിഈ ഫിഖ്ഹ് എന്നിവകളില്‍ പ്രശസ്തനായി. ജനങ്ങളില്‍നിന്നും പ്രതിഫലം ആഗ്രഹിക്കാതെ അവരുടെ വിജ്ഞാനസ്രോതസ്സായി മാറുകയായിരുന്നു.
ആയിരങ്ങള്‍ തങ്ങളുടെ ഇഹപര വിജയത്തിന്റെ മാര്‍ഗംത്വരീഖത്ത്സ്വീകരിച്ച് സല്‍സ്വഭാവത്തിന്റെയും അത്ഭുതസിദ്ധികളുടെയും ഉടമകളായി. തിരുസുന്നത്തുകള്‍ പ്രചരിപ്പിക്കുക, സദുപദേശം, തിന്മയുടെ നിഷ്കാസനം എന്നിവയില്‍ മുഴുകിയിരിക്കെ അധികസമയവും മൗനവ്രതത്തിലായിരുന്നു.
അല്ലാമ ഇബ്നു ഖല്‍ഖാന്‍ പറയുന്നു: തന്റെ ശിഷ്യഗണങ്ങള്‍ രിഫാഇയ്യഃ, അഹ്മദിയ്യഃ, ബഥാഇനിയ്യഃ എന്നിങ്ങനെ അറിയപ്പെടുന്നു. അത്ഭുതസിദ്ധികള്‍ അവരില്‍നിന്നും പ്രകടമായിരുന്നു. ശൈഖ് അവരോട് നല്‍കുന്ന ഉപദേശങ്ങളില്‍ അവരുടെ ജീവിതദര്‍ശനം കണ്ടെത്താം. ഒരാള്‍ തങ്ങളോട് ദുആ നടത്തിക്കൊടുക്കാന്‍ ആവശ്യപ്പെട്ടു. ശൈഖ് പറഞ്ഞു: എന്റെ കയ്യില്‍ ഒരു ദിവസത്തേക്കുള്ള വിഭവങ്ങള്‍ ബാക്കിയുണ്ട്. അതുള്ളപ്പോള്‍ എന്റെ ദുആ സ്വീകരിക്കപ്പെടാതിരിക്കാന്‍ സാധ്യതയുണ്ട്. അതുകൂടി തീര്‍ന്നശേഷം നിനക്കായി ഞാന്‍ പ്രാര്‍ത്ഥിക്കാം.
സേവനരംഗത്ത് ജനങ്ങള്‍ക്കും മിണ്ടാപ്രാണികള്‍ക്കും തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ലഭിച്ചിരുന്നു. കുഷ്ഠരോഗികള്‍, വൃദ്ധജനങ്ങള്‍ തുടങ്ങിയവരുടെ വസ്ത്രം അലക്കി, കുളിപ്പിച്ച് വൃത്തിയാക്കി മുടിചീകി പരിപാലിക്കുകയും അവര്‍ക്കാവശ്യമുള്ള ഭക്ഷണങ്ങള്‍ എത്തിച്ച് അവരോടൊപ്പംതന്നെ പലപ്പോഴും ഭക്ഷണം കഴിക്കുകയും ചെയ്യുമായിരുന്നു. അവരെ സന്ദര്‍ശിക്കല്‍ നിര്‍ബന്ധമാണെന്ന് ശിഷ്യന്മാരെ നിര്‍ദേശിക്കുകയും അവരുടെ പ്രാര്‍ത്ഥനക്ക് ശൈഖ് ആവശ്യപ്പെടുകയും ചെയ്യുമായിരുന്നു.
തന്റെ ശരീരത്തില്‍ രക്തം കുടിക്കുന്ന കൊതുകിനെ ശല്യപ്പെടുത്താതിരിക്കാന്‍ കൈ അനക്കാതെ സൗകര്യം ചെയ്തു കൊടുത്തു. കുപ്പായക്കയ്യില്‍ ഉറങ്ങിക്കിടന്ന പൂച്ചയെ ശല്യപ്പെടുത്താതെ ആ ഭാഗം മുറിച്ചുനീക്കി പള്ളിയിലേക്ക് പോവുകയായിരുന്നു. ഒരു കുട്ടിയോട് ശൈഖ് അവര്‍കള്‍ അന്വേഷിച്ചു: നീ ആരുടെ മകനാണ്? മറുപടി ധിക്കാരപരമായിരുന്നു: ഹെ! ആവശ്യമില്ലാത്ത സംസാരം ഉപേക്ഷിച്ചുകൂടേ നിങ്ങള്‍ക്ക്? ഇതുകേട്ട് അസഹ്യമായ വ്യസനത്തോടെ കരയുകയും മകനേ, നീ എന്നെ നല്ല ശീലം പഠിപ്പിച്ചുതന്നല്ലോ എന്ന് പറയുകയും ചെയ്തു.
കാന്‍റീനില്‍നിന്നും പുറത്തിടുന്ന അവശിഷ്ടങ്ങള്‍ തിന്നുന്ന നായകള്‍ പരസ്പരം കുരച്ചുകൊണ്ടിരിക്കുമ്പോള്‍ ശൈഖ് അവിടെത്തന്നെ നിന്നു. മറ്റാരെങ്കിലും വന്ന് ശല്യപ്പെടുത്തി അവയുടെ ഭക്ഷണം നഷ്ടപ്പെടാതിരിക്കാനായിരുന്നു അത്. നായകളെ ഉപദേശിച്ചു: “”നിങ്ങള്‍ ശണ്ഠയുണ്ടാക്കിയാല്‍ അകത്തുനിന്നും ആളുകള്‍ വന്ന് നിങ്ങളെ ആട്ടിയോടിച്ചേക്കാം. ഒരുമയോടെ, സുരക്ഷിതമായി തിന്ന് പിരിയുക.” കുഷ്ഠരോഗിയായ നായയെ പ്രത്യേക പന്തല്‍ ഉണ്ടാക്കി പരിചരിക്കുന്നത് കണ്ടപ്പോള്‍ ജനങ്ങള്‍ ചോദിച്ചു: അഹ്മദ്! നിങ്ങളെന്താണീ ചെയ്യുന്നത്? കൂട്ടുകാരേ! ഇതിനെ തിരിഞ്ഞുനോക്കാതെ വിട്ടാല്‍ എന്റെ റബ്ബ് നാളെ എന്നെയും ഉപേക്ഷിച്ചുകളയുമോ എന്നാണ് എന്റെ ഭയം.
കറാമത്ത്
ജീവിതകാലത്തും വഫാത്തിന് ശേഷവും മഹാ അത്ഭുത സംഭവങ്ങള്‍ ശൈഖില്‍നിന്നും ഉണ്ടായിട്ടുണ്ട്. അതില്‍ പ്രസിദ്ധമായ സംഭവമാണ് റൗളാശരീഫില്‍ സിയാറത്ത് ചെയ്യാന്‍ ചെന്നപ്പോള്‍ അവിടുന്ന് പാടിയ വരികള്‍:
“”വിദൂര ദിശയില്‍ നിന്ന് എന്റെ ആത്മാവ് ഈ പ്രദേശത്ത് എന്റെ പ്രതിനിധിയായി നറുചുംബനം നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഞാനിവിടെ ആഗതനായിരിക്കുന്നു. നബിയേ! അവിടുത്തെ വലത് കരം എനിക്കെന്റെ ചുണ്ടില്‍ ചേര്‍ത്ത് ചുംബനം ചെയ്യാന്‍ നീട്ടിത്തന്നാലും.”
ജനങ്ങളുടെ മുമ്പില്‍വെച്ച് തന്നെ ഖബ്ര്‍ ശരീഫില്‍ നിന്നും കാണിച്ചുകൊടുത്ത പുണ്യകരം ശൈഖുനാ ചുംബിക്കുകയുണ്ടായി (ദുര്‍റുല്‍ അസ്വ്ദാഫ്, ഹാശിയത്തുല്‍ ജമല്‍, ഹംസിയ്യ, നൂറുല്‍ അബ്സ്വാര്‍: 232, 233).
0 comments:
Post a Comment