പുതപ്പ് നെയ്തു വില്‍പ്പന നടത്തിയായിരുന്നു അയാള്‍ കാലക്ഷേപം കഴിച്ചിരുന്നത്. നിസ്സാരനല്ല അയാള്‍. റസൂല്‍ തിരുമേനി(സ്വ)യുടെ ദിവ്യദൃഷ്ടി പതിഞ്ഞ ദേഹമാണത്. തിരുനബിയുടെ വചനതല്ലജങ്ങള്‍ അയാളുടെ കര്‍ണപുടങ്ങളില്‍ അമൃത് വര്‍ഷിച്ചിട്ടുണ്ട്.
അതെ, ഒരു സ്വഹാബിയാണദ്ദേഹം. ഒരിക്കല്‍, മറ്റൊരു സ്വഹാബി അയാളില്‍നിന്ന് ഒരു പുതപ്പ് വാങ്ങി. അല്‍പ്പസമയത്തിനകം അതാ പുതപ്പ് വാങ്ങിയ അയാള്‍ തിരിച്ചുവരുന്നു. അയാള്‍ പറഞ്ഞു: ”പ്രിയ സഹോദരാ, ഞാന്‍ വാങ്ങിയ പുതപ്പിനു ചില ഉടവുകള്‍ ഉണ്ടല്ലോ, ചിലയിടങ്ങളില്‍ നെയ്ത്ത് ഇഴ ചേര്‍ന്നിട്ടില്ലല്ലോ.” ഇതു കേള്‍ക്കേണ്ട താമസം പുതപ്പ് വിറ്റ സ്വഹാബിവര്യന്‍ ചിന്താധീനനായി. അയാള്‍ പൊട്ടിക്കരയാന്‍ തുടങ്ങി.
അപ്പോള്‍ ആഗതന്‍ വല്ലാതായി. അയാള്‍ ചോദിച്ചു: ”പ്രിയ സ്‌നേഹിതാ, താങ്കള്‍ എന്തിനാണിങ്ങനെ പൊട്ടിക്കരയുന്നത്? ഞാന്‍ പരുഷമായൊന്നും പറഞ്ഞില്ലല്ലോ.” അന്നേരം കച്ചവടക്കാരന്‍ പ്രതിവചിച്ചു: ”മാന്യ സഹോദരാ, ഞാന്‍ പുതപ്പിന്റെ ഉടവിനെക്കുറിച്ചോര്‍ത്തല്ല കരയുന്നത്. അതെനിക്ക് നിഷ്പ്രയാസം ഇഴചേര്‍ക്കാവുന്നതേയുള്ളൂ. പക്ഷേ, നാളെ അല്ലാഹുവിന്റെ സവിധത്തില്‍ ഹാജറാക്കപ്പെടുമ്പോള്‍ എന്റെ കര്‍മങ്ങള്‍ (ഇബാദത്ത്) പിഴവുകളുള്ളതാണെങ്കില്‍ അതു അപരിഹാര്യമാണല്ലോ. അവ സ്വീകരിക്കപ്പെടാതെ ഞാന്‍ അല്ലാഹുവിന്റെ ശിക്ഷയ്ക്ക് വിധേയനാവുമോല്ല. അത് ഓര്‍ത്തിട്ടാണ് ഞാന്‍ കരയുന്നത്.”
ഈ ചരിത്രസംഭവം നമുക്കൊരു താക്കീത് കൂടിയാണ്. അതില്‍നിന്ന് നമുക്ക് ചിലതു പഠിക്കാനുണ്ട്.
❓പുണ്യറസൂലിന്റെ (സ) തിരുമുഖത്ത് നിന്നു കാര്യങ്ങള്‍ യഥാവിധി ഗ്രഹിക്കുകയും റസൂലിനൊപ്പം അവ അനുധാവനം ചെയ്യുകയും ചെയ്ത ഒരു സ്വഹാബി ശ്രേഷ്ഠന്റെ ഉത്കണ്ഠയാണിത്. എന്നാല്‍, മതവിഷയങ്ങളില്‍ അത്രയൊന്നും സുശിക്ഷിതരല്ലാത്ത, അശ്രദ്ധരും അലസരുമായ നാം അനുഷ്ഠിക്കുന്ന കര്‍മങ്ങളെ കുറിച്ച് എപ്പോഴെങ്കിലും ഉത്കണ്ഠപ്പെട്ടിട്ടുണ്ടോ?
❓അടുത്ത കാലത്തായി നിസ്‌കാരം അനുഷ്ഠിക്കുന്നതില്‍ ഞാന്‍ അലംഭാവം കാണിക്കുന്നുണ്ടോ? എന്റെ നിസ്‌കാരം ധൃതിപ്പെട്ടു പോകുന്നുണ്ടോ? അതിന്റെ നിബന്ധനകള്‍ പാലിക്കപ്പെടുന്നില്ലേ? ഒരനുഭൂതിയായി നിസ്‌കാരം എന്നില്‍ നിറയുന്നുണ്ടോ? അല്ലാഹുവിന്റെ സന്നിധിയിലാണു ഞാന്‍ നില്‍ക്കുന്നത് എന്ന ബോധം എനിക്ക് ഉണ്ടാകുന്നുണ്ടോ? അതെ, ഇങ്ങനെയൊരു നിസ്‌കാരം ഒരാള്‍ നിര്‍വഹിക്കുന്നുണ്ടെങ്കില്‍ അയാള്‍ക്കു പിന്നെ ഒരു കാര്യത്തിലും ഭയാശങ്കകള്‍ ഉണ്ടാവേണ്ടതില്ല. അല്ലാഹുവിന്റെ കാരുണ്യത്തിന്റെ ചിറകിനടിയിലാണ് അയാള്‍. എന്നാല്‍, ഇന്നത്തെ പരശ്ശതം നിസ്‌കാരക്കാരുടെയും അവസ്ഥയെന്താണ്? നാം ഓരോ ആളും ഇക്കാര്യം ആലോചിക്കാന്‍ ബാധ്യസ്ഥരല്ലേ?
⁉ നാം അഭിമാനത്തോടെ പറയാറുണ്ട്, ഇന്നു എല്ലാവരും വലിയ നിസ്‌കാരക്കാരാണ് എന്ന്. കുട്ടികള്‍ വരെ ഇന്ന് നിസ്‌കാരം കൊണ്ട് നടക്കുന്നവരാണെന്ന്. എന്നാല്‍, ഈ നിസ്‌കാരത്തിന്റെ കോലം കണ്ടാല്‍ നമുക്ക് സങ്കടം തോന്നും. മുക്കിനു മുക്കിന് പള്ളികള്‍ ഉള്ളതുകൊണ്ട് നിസ്‌കാരം പൊതുവെ വ്യാപകമായിട്ടുണ്ടെന്നത് ശരിയാണ്. പക്ഷേ, നിസ്‌കാരം കൃത്യമായും യുക്തമായും നിര്‍വഹിക്കുന്നവര്‍ എണ്ണത്തില്‍ ചുരുങ്ങും. ആരാധനകള്‍ പോലും ഇന്നൊരു ഫാഷനായിട്ടുണ്ട്. മതാനുഷ്ഠാനം ഒരു ഫാഷനായി മാറിയ കാലമാണിത്. ഇസ്‌ലാമിക ചിഹ്നമായ പര്‍ദ്ദ ഒരു ഫാഷനായി മാറിയതു നാം കണ്ടതാണല്ലോ. അതുപോലെ ചെറുപ്പക്കാരെല്ലാം ഒരു ഫാഷനായി താടി വളര്‍ത്തുന്നുണ്ട്. നൂല്‍ വണ്ണത്തിലുള്ള താടി, വളഞ്ഞുപോകുന്നതാടി, തേങ്ങാപ്പൂള് പോലെ വെട്ടിയൊതുക്കിയ താടി എന്നിങ്ങനെ പലതരം ഫാഷന്‍ താടികള്‍ ചെറുപ്പക്കാര്‍ക്കിടയിലുണ്ടല്ലോ. ഇതൊന്നും മതാനുശാസനം എന്ന നിലയില്‍ അനുഷ്ഠിക്കപ്പെടുന്നവയല്ല. നിസ്‌കാരം നിര്‍വഹിക്കുന്ന ചെറുപ്പാക്കാരെ ശ്രദ്ധിച്ചുനോക്കൂ. അപ്പോഴറിയാം എന്തെല്ലാമാണ് അവര്‍ കാട്ടിക്കൂട്ടുന്നതെന്ന്. അല്ലാഹുവുമായി അവന്റെ അടിമകള്‍ നടത്തുന്ന മുനാജാത്ത് ഇക്കാലത്ത് എത്ര വഷളായിട്ടാണ് നിര്‍വഹിക്കപ്പെടുന്നത്.
❓തിരക്കേറിയ ഒരു ഉച്ചനേരത്ത് ഏതെങ്കിലുമൊരു പള്ളിപ്പരിസരത്ത് അല്‍പ്പനേരം ശ്രദ്ധിച്ചുനിന്നാല്‍ യുവാക്കള്‍ക്ക് ആരാധനകളിലുള്ള ശ്രദ്ധയും ശുഷ്‌കാന്തിയും ഇല്ലാത്തത് നമുക്ക് ബോധ്യമാവും. നിസ്‌കാരത്തിന്റെ നിബന്ധനകളില്‍ പ്രധാനമായ വുളൂഅ് (അംഗസ്‌നാനം) നിര്‍വഹിക്കപ്പെടുന്ന സന്ദര്‍ഭം മുതല്‍ ആരംഭിക്കുന്നു ഈ ആശ്രദ്ധ. ബഹുഭൂരിപക്ഷം പേരുടെയും വുളൂഅ് ശരിയാവുന്നില്ല. തലയുടെ പരിധിക്കകത്ത് ഒതുങ്ങിനില്‍ക്കുന്ന ഒരു മുടിയിഴയെങ്കിലും നനയണമെന്നതാണ് ശാഫിഈ മദ്ഹബിന്റെ വിധിയെങ്കില്‍, ചെറുപ്പക്കാര്‍ നെറ്റിയില്‍ വീണുകിടക്കുന്ന മുടിയിഴകളില്‍ കൈകൊണ്ട് ഒരു തട്ട് കൊടുത്ത് വുളൂഅ് നിര്‍വഹിക്കുന്ന കാഴ്ച കാണാം. മുന്‍കൈ മുതല്‍ മുട്ടുവരെയുള്ള ഭാഗം നനയണമെങ്കിലും പലരുടെയും മുട്ട് നനയാറില്ല. ടാപ്പ് ഉപയോഗിച്ച് വുളൂഅ് എടുക്കുന്ന സന്ദര്‍ഭത്തില്‍ ശരിക്ക് ശ്രദ്ധിച്ചില്ലെങ്കില്‍ കാല്‍ കഴുകുമ്പോള്‍ അത്യാവശ്യഭാഗത്ത് വെള്ളമെത്താതെ പോകും. അതു കഴിഞ്ഞ് നിസ്‌കാരത്തിലേക്കു കടന്നാലോ, കാണേണ്ട കാഴ്ചയാണ്. യുവാക്കളുടെ വസ്ത്രധാരണ ഏറെ പരിതാപകരമാണ്. ഇറക്കം കുറഞ്ഞ ഷര്‍ട്ടും അരയ്ക്കു താഴെ ഉടുക്കുന്ന പാന്റ്‌സും. റുകൂഇലും സുജൂദിലുമൊക്കെ പൊക്കില്‍ മാത്രമല്ല, ചന്തിപോലും പുറത്താണ്. നെറ്റിയിലേക്ക് വീണുകിടക്കുന്ന മുടിക്കു മുകളിലാണ് സുജൂദ് ചെയ്യുന്നത്. റുകൂഇല്‍നിന്നു നിവര്‍ന്ന് കൈ ഫ്രീയാക്കി ആട്ടിക്കൊണ്ടിരിക്കുന്നവരുമുണ്ട് കൂട്ടത്തില്‍. കെട്ടിയേടത്ത് നിന്നു കൈയിളകി മൂക്ക് ചൊറിഞ്ഞു കൊണ്ടിരിക്കുന്നവരെയും മറ്റും കാണാം. നിസ്‌കാരം ഒരടക്കമാണ്. അതെങ്കിലുമില്ലെങ്കില്‍ പിന്നെ എന്ത് നിസ്‌കാരം! കാലിന്റെ ഞെരിയാണി വിട്ട് താഴെ വസ്ത്രം വലിച്ചിഴക്കുന്ന പുരുഷന്‍മാരോട് അല്ലാഹുവിന് വലിയ കോപമാണ്
👉 അറിവില്ല എന്ന് പറഞ്ഞുകൊണ്ട് ഇന്നു ആര്‍ക്കും രക്ഷപ്പെടാന്‍ കഴിയില്ല. കാരണം, അറിയാനുള്ള നാനാവഴികള്‍ ഇന്ന് നമുക്ക് മുമ്പിലുണ്ട്. അതുകൊണ്ട് അറിയാത്ത കാര്യങ്ങള്‍ പഠിക്കാനുള്ള സന്മമനസ്സുണ്ടാവണം. ദീനീകാര്യങ്ങളില്‍ സമൂഹം വച്ചു പുലര്‍ത്തുന്ന നിസ്സംഗത ആശങ്കാജനകമാണ്. എന്ത് പേക്കൂത്തുകള്‍ കണ്ടാലും ആരും പ്രതികരിക്കുന്നില്ല. നന്മയുപദേശിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യല്‍ വിശ്വാസത്തിന്റെ ഭാഗമാണെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. എന്നിട്ടും, എന്തിനു വെറുതെ ഞാന്‍ ഇടെപടുന്നു, ഞാനൊന്നുമറിയില്ലേ എന്ന നയമാണ് എല്ലാവരും സ്വീകരിച്ചിരിക്കുന്നത്. നിര്‍വഹിക്കപ്പെടുന്ന ആരാധനകളില്‍ പിഴവുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ടയാളെ വിളിച്ച് സൗമ്യമായി പിഴവുകള്‍ ചൂണ്ടിക്കാണിച്ചുകൊടുക്കാന്‍ എല്ലാവരും ശ്രമിക്കണം. ആവശ്യമുള്ളവര്‍ സ്വീകരിക്കട്ടെ. ചുരുങ്ങിയത്, നമ്മുടെ ബാധ്യതയെങ്കിലും നമുക്ക് നിര്‍വഹിക്കാമല്ലോ.
ﺍَﻟﻠَّﻬُﻢَّ ﺻَﻞِّ ﺻَﻠَﻮﺓً ﻛَﺎﻣِﻠَﺔً ﻭَﺳَﻠِّﻢْ ﺳَﻼَﻣًﺎ ﺗَﺎﻣًّﺎ ﻋَﻠَﻰ ﺳَﻴِّﺪِﻧَﺎ ﻣُﺤَﻤَّﺪٍﻥِ ﺍﻟَّﺬِﻱ ﺗَﻨْﺤَﻞُّ ﺑِﻪِ ﺍﻟْﻌُﻘَﺪُ ﻭَﺗَﻨْﻔَﺮِﺝُ ﺑِﻪِ ﺍﻟْﻜُﺮَﺏُ ﻭَﺗُﻘْﻀَﻰ ﺑِﻪِ ﺍﻟْﺤَﻮَﺍﺋِﺞُ ﻭَﺗُﻨَﺎﻝُ ﺑِﻪِ ﺍﻟﺮَّﻏَﺎﺋِﺐُ ﻭَﺣُﺴْﻦُ ﺍﻟْﺨَﻮَﺍﺗِﻢِ ﻭَﻳُﺴْﺘَﺴْﻘَﻰ ﺍﻟْﻐَﻤَﺎﻡُ ﺑِﻮَﺟْﻬِﻪِ ﺍﻟْﻜَﺮِﻳﻢِ ﻭَﻋَﻠَﻰ ﺁﻟِﻪِ ﻭَﺻَﺤْﺒِﻪِ ﻓِﻲ ﻛُﻞِّ ﻟَﻤْﺤَﺔٍ ﻭَﻧَﻔَﺲٍ ﺑِﻌَﺪَﺩِ ﻛُﻞِّ ﻣَﻌْــﻠُﻮﻡٍ ﻟَﻚَ
0 comments:
Post a Comment