ഇത് കാന്തപുരം ഉസ്താദിനെ വലിയ്യാക്കുവാനോ ശൈഖുൽ മശാഇഖായി കൊണ്ടാടുവാനോ വേണ്ടി എഴുതി വിടുന്നതല്ല. മറിച്ച് കാന്തപുരം എന്ന പച്ചമനുഷ്യൻ എന്ത് കൊണ്ട് ഇത്രയധികം ആരോപണങ്ങളും പരിഹാസങ്ങളും ഏറ്റു വാങ്ങേണ്ടി വരുന്നു എന്ന് അന്വേഷിച്ചപ്പോൾ മറുപടിയായി കടന്നുവന്ന ചില ഉത്തരങ്ങൾ മാത്രം. പൂര്ണ്ണമായും ശരിയാണെന്ന് അവകാശവാദം ഒന്നും ഇല്ല. ഒരു നിലക്കും അംഗീകരിക്കാത്തവർക്ക് തീര്ച്ചയായും അതിനുള്ള സ്വാതന്ത്ര്യം ഉണ്ട്. ആ സ്വാതന്ത്ര്യം, പക്ഷെ, ആ മനുഷ്യന്റെ മേൽ കുതിര കയറുന്നതിനുള്ള ലൈസന്സായി എടുക്കരുതെന്ന് ആദ്യമായി വിനീതമായി അഭ്യര്ത്ഥിക്കട്ടെ ...
വളരെ പരിതാപകരമായ ഒരു അവസ്ഥയിലാണ് ഇന്ന് കേരളത്തിലെ ദീനീ പ്രബോധന രംഗം എത്തി ചേര്ന്നിരിക്കുന്നത് എന്ന് പറഞ്ഞാൽ അത് ഒട്ടും അതിശയോക്തിപരമല്ല. വ്യക്തിസംസ്കരണം എന്നത് ഒരു കടംകഥ ആയി മാറിയിരിക്കുന്നു. ഈമാനും തഖ്’വയും നിർല്ലോപം വിളമ്പുന്നവർ തന്നെ എതിര് ചേരിക്കാരനെ കാണുമ്പോൾ എല്ലാ കവാത്തും മറക്കുന്നു. കടിച്ചു കീറാൻ വേണ്ടി ആഞ്ഞടുക്കുന്നു. എല്ലാ മര്യാദകളും സംസ്കാരവും കാറ്റിൽ പറത്തി, പരിശുദ്ധ ഖുര്ആന്‍റെ 'സഹോദരന്റെ പച്ച മാംസം ഭക്ഷിക്കാൻ നീ ആഗ്രഹിക്കുന്നോ' എന്ന ചോദ്യത്തിനു ആര്ത്തിയോടെ 'അതെ, അതെ' എന്ന് മറുപടി പറയുന്ന കാഴ്ച എത്ര മാത്രം സങ്കടകരമല്ല? എല്ലാം - കണ്ണും കാതും ചിന്തയും, എല്ലാം ചോദ്യം ചെയ്യപ്പെടുമെന്ന് എല്ലാവരേക്കാളും വ്യക്തമായി അറിയുന്നവരും മറ്റുള്ളവര്ക്ക് അറിയിച്ചു കൊടുക്കുന്നവരും ആണ് ഈ കൂട്ടക്കലാശത്തിനു എണ്ണയൊഴിച്ചു കൊടുക്കുന്നതെന്ന് ഓർക്കുമ്പോൾ സങ്കടം ഇരട്ടിക്കുന്നു. നരകാഗ്നിയുടെ ചൂടും ഭയാനകതയും ഒക്കെ വെറും പഴങ്കഥകൾ ആയി മാറിയോ?? സാധാരണക്കാരുടെ ഈമാൻ ക്ഷയിപ്പിക്കുന്ന ഒരു കലാപരിപാടിയാണ് അരങ്ങേറി കൊണ്ടിരിക്കുന്നതെന്നു ഇവർ എന്ത് കൊണ്ട് ചിന്തിക്കുന്നില്ല?? സ്വന്തം ചുമടിന് പുറമേ എത്രയെത്ര ആയിരങ്ങളുടെ ചുമടുകളാണ് നാളെ തങ്ങളുടെ പിരടികൾ അലങ്കരിക്കാൻ പോകുന്നതെന്ന് ഇവർ അറിയുന്നില്ലേ?? വ്യക്തിതാത്പര്യങ്ങളും വര്ഷങ്ങളുടെ വിദ്വേഷങ്ങളും അത്രമാത്രം ഇവരെ അന്ധരാക്കി മാറ്റിയോ??? വീക്ഷണങ്ങളിലും നിലപാടുകളിലും നയങ്ങളിലും വ്യാഖ്യാനങ്ങളിലും ചിന്തിക്കുന്ന മനുഷ്യർക്കിടയിൽ അന്തരങ്ങൾ സ്വാഭാവികം. അത്ര തന്നെ സ്വാഭാവികമാണ് സംസ്കൃത ചിത്തർക്കിടയിൽ ആ വിത്യാസങ്ങൾ മാന്യമായും പരസ്പര ബഹുമാനത്തോടെയും പ്രകടിപ്പിക്കുക എന്നതും. എന്നാൽ ഇന്ന് നടക്കുന്നത് അഭിപ്രായവിത്യാസങ്ങളുടെ താളാത്മകമായ അവതരണങ്ങളല്ല. പരിഹാസത്തിന്റെയും അശ്ലീലത്തിന്റെയും അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുടെയും അകമ്പടിയോടെ അഭിപ്രായങ്ങൾ അടിച്ചേല്പിക്കുകയാണ്. ഒരു സമൂഹത്തിന്റെ സർവനാശത്തിനു ഇനിയെന്ത് വേണം???
വിരോധാഭാസം എന്ന് പറയാം ... ഏറ്റവും നല്ല സംസ്കാരവും സ്വഭാവവും പെരുമാറ്റ രീതിയും സ്വജീവിതത്തിൽ പകര്ത്തി കാണിച്ചു തന്ന മഹത്തുക്കളുടെ നേതാവായ റസൂലുല്ലാഹി(സ)യെ നിന്ദിച്ചു എന്ന് ആരോപിച്ചു കൊണ്ടാണ് അവിടുത്തെ അധ്യാപനങ്ങളുടെ പരസ്യമായ ലംഘനങ്ങളും അതിക്രമങ്ങളും അരങ്ങേറുന്നത്. അതും അടിസ്ഥാന വിശ്വാസ കാര്യങ്ങളിൽ പെട്ടതോ നിര്ബന്ധമായ കര്മ്മനുഷ്ടാനങ്ങളിൽ പെട്ടതോ അല്ലാത്ത ഒരു വിഷയത്തിൽ, ഖണ്ഡിതമായി തെളിയിക്കാൻ ആരും ബാധ്യസ്തരല്ലാത്ത ഒരു വിഷയത്തിൽ, വിശ്വസിക്കുന്നവര്ക്ക് സ്വീകരിക്കാം, അല്ലാത്തവർക്ക് വിട്ടു നിൽക്കാം എന്ന ആരോഗ്യകരമായ നയം സ്വീകാര്യമായ ഒരു വിഷയത്തിൽ. ഒന്ന് കൂടി വ്യക്തമാക്കി പറഞ്ഞാൽ അല്ലാഹുവിന്റെ റസൂലിന്റെ(സ) തിരുകേശത്തിന് സനദ് അന്വേഷിക്കുന്ന തിരക്കിൽ ലംഘിക്കപ്പെടുന്നതോ, ആർക്കും ആക്ഷേപങ്ങളില്ലാത്ത സനദ് കൊണ്ട് സ്ഥിരപ്പെട്ട തിരുകല്പനകളും അധ്യാപനങ്ങളും മാത്രം!!! എത്ര ലജ്ജാവഹം!!! ഈ കൂട്ടയാക്രമാണങ്ങളും തെരുവ് സംസ്കാരവും എല്ലാം ഒരു വ്യക്തിയെ മാത്രം ലക്ഷ്യമാക്കുന്നു എന്ന് വരുമ്പോഴാണ്, മസ്തിഷ്കം മരവിക്കാത്തവർക്ക് ചില കാര്യങ്ങൾ ഉണർത്തേണ്ടി വരുന്നത്.
മഹാനായ കാന്തപുരം ഉസ്താദിനെ കുറിച്ച് ഇവിടെ ഒരു ഭീകര ചിത്രം തന്നെ വരക്കപ്പെട്ടിട്ടുണ്ട്. ഉസ്താദുമാരുടെ ഗുരുത്വക്കേട് വാങ്ങിയവനും കള്ളനും ചൂഷകനും സ്വയം നേതാവാകാന്‍ വേണ്ടി സമസ്തയെ പിളര്ത്തിയവനും ധൂര്‍ത്തും ആഡംബരവും പ്രശസ്തിയും ഇഷ്ടപ്പെടുന്നവനും പൊങ്ങച്ചക്കാരനും മദ്യസേവകനും വിഷയലമ്പടനും കാര്യം കാണാന്‍ ആരുടേയും കാല്‍കഴുകാന്‍ മടിക്കാത്തവനും, സര്‍വോപരി നബി(സ)യുടെ പേരില്‍ വ്യാജ ആസാറുകള്‍ വെച്ച് കച്ചവടം നടത്തുന്നവനും - ഇങ്ങനെയൊക്കെ പുത്തൻ പ്രസ്ഥാനക്കാരുടെയും അസൂയാലുക്കളുടെയും മീഡിയകളുടെയും പണ്ഡിത വിരോധികളുടെയും കൂട്ടായ സംരംഭത്തിലൂടെ ഒരു ഭീകര ചിത്രം രൂപപ്പെടുകയും അത് ഒരു വിഭാഗം ജനങ്ങളുടെ ആഴം കുറഞ്ഞ ഹൃദയങ്ങളില്‍ കരിമ്പാറ പോലെ ഉറക്കുകയും ചെയ്തിട്ടുണ്ട്. അത് അടുത്ത കാലത്തൊന്നും മാറാന്‍ പോകുന്നതല്ല. അത് ഈ ഉമ്മത്തിന്റെ ഒരു ദുര്യോഗമായി കണക്കാക്കാം. അവര്‍ക്ക് സല്‍ബുദ്ധി ലഭിക്കാന്‍ നാം നാഥനോട് ദുആ ചെയ്യുക.
കാന്തപുരം ഉസ്താദ് കേരളത്തിലെ മറ്റ് മുന്‍കാല പണ്ഡിതന്മാരുടേതില്‍ നിന്നും വ്യത്യസ്തമായ ഒരു പോര്‍മുഖമാണ് അഭിമുഖീകരിച്ചത്. അദ്ദേഹം പൊരുതിയത് കേരളത്തിലെ മുസ്‌ലിം മുഖ്യധാരയോടു തന്നെയായിരുന്നു - ആ മുഖ്യധാരയുടെ വക്താവായിരിക്കെ തന്നെ. ഈ യാഥാര്‍ത്ഥ്യം നാം മനസ്സിലാക്കണം. അത് കൊണ്ട് തന്നെയാണ് ഇത്തരത്തില്‍ ഒരു ചിത്രം അദ്ദേഹത്തെ കുറിച്ച് സമൂഹത്തില്‍ രൂപപ്പെട്ടത്. എല്ലാം അല്ലാഹുവിന്റെ തീരുമാനം ആകാം.
ആ പോരാട്ടത്തിന്റെ ആരംഭം, പക്ഷെ, അധികം പേരും ഓര്‍ക്കാറില്ല. അതിലും അധികം പേരും അറിഞ്ഞിട്ടില്ല. അറിഞ്ഞവര്‍ അറിയാത്തവരെ ഓര്‍മ്മിപ്പിക്കാറുമില്ല. കാറും നേതാക്കളുടെ സന്ദര്‍ശനവും പോലെ ഉപരിപ്ലവമായ കാര്യങ്ങളിലാണ് സംവദിക്കുന്നവര്ക്ക് താല്പര്യം. പരിശുദ്ധ ഖുര്‍ആന്‍ ആയത്ത് കൊടുത്തു കൊണ്ട് അന്ന് മുസ്ലിം മുഖ്യധാരയുടേതായിരുന്ന പത്രത്തില്‍ സിനിമക്ക് പരസ്യം കൊടുത്തതിനെ ഒരു മതപ്രഭാഷണ വേദിയില്‍ വെച്ച് ചോദ്യം ചെയ്തത് മുതല്‍ ആയിരുന്നു ആ പോരാട്ടം. അന്ന് മുതലേ ചിത്രം വരയും തുടങ്ങിയിരുന്നു.
വ്യക്തമായി പറഞ്ഞാല്‍ ചന്ദ്രിക ദിനപത്രത്തില്‍, അഗ്നി എന്ന സിനിമയുടെ പരസ്യത്തില്‍ സൂറത്തുല്‍ വാഖിഅയിലെ "കത്തിക്കുന്ന അഗ്നിയെ നിങ്ങള്‍ കാണുന്നില്ലേ?" എന്ന അര്‍ഥം വരുന്ന ആയതിനെ എടുത്തു ഹറാം ആയ സിനിമക്ക് പരസ്യം നല്‍കിയ തനി ഇസ്‌ലാമിക വിരുദ്ധ നടപടിയെ ഒരു പണ്ഡിതന്‍ ചോദ്യം ചെയ്തപ്പോള്‍ അന്ന് മുതല്‍ ആ പണ്ഡിതന്‍ ലീഗ് വിരുദ്ധന്‍ ആയി. അന്നത്തെ സാഹചര്യത്തില്‍ അത് സമുദായവിരുദ്ധം കൂടി ആയിരുന്നു. ദശകങ്ങള്‍ക്ക് മുമ്പ് ഈ കാര്യം (താന്‍ എതിര്‍ക്കപ്പെടാനുണ്ടായ കാരണം) കാന്തപുരം ഉസ്താദ് നന്തി ദാറുസ്സലാം അറബിക് കോളേജിന്റെ വാര്‍ഷിക സമ്മേളനത്തില്‍ തുറന്നു പറയുമ്പോള്‍ മഹാനായ ശംസുല്‍ഉലമയും വേദിയില്‍ ഉണ്ടായിരുന്നു.
ചിത്രംവരയുടെ സ്വീകാര്യത കൊണ്ട് തന്നെയാകാം, കാന്തപുരം ഉസ്താദ് ഈ സമുദായത്തിനു വേണ്ടി ചെയ്യുന്ന നല്ല കാര്യങ്ങൾ ഒന്നും തന്നെ സമുദായത്തിനുള്ളിൽ നിന്നും ആത്മാർഥമായി അഭിനന്ദിക്കപ്പെടാറില്ല. ആര് എന്ത് നന്മ ചെയ്താലും, പറഞ്ഞാലും അംഗീകരിക്കും എന്ന ചില പൊതുസമ്മതരുടെ സിദ്ധാന്തം ഒന്നും കാന്തപുരത്തിന്റെ കാര്യത്തിൽ പയറ്റാറില്ല. മറ്റു എതിരാളികളുടെ കാര്യത്തിൽ യഥേഷ്ടം കാണാറുമുണ്ട്. അതെ, സമയം അദ്ദേഹത്തിന്റെ ഓരോ കാൽവെയ്പുകളിലും സംശയത്തിന്റെയും സന്ദേഹത്തിന്റെയും മുള്ളുകൾ വിതറാൻ ആളുകൾ എമ്പാടും ഉണ്ട് താനും. കേരളത്തിലെ ഒരു മുസ്’ലിം പണ്ഡിതനും അന്നേ വരെ മുതിരാത്ത ഒരു സൽകർമ്മത്തിനു അദ്ദേഹം തുനിഞ്ഞപ്പോൾ അത് ഭീകരവാദ ബന്ധം എന്ന കുടില ആരോപണം ഉപയോഗിച്ചു ഊതിക്കെടുത്തുവാൻ വർഷങ്ങൾക്ക് മുമ്പ് ഇന്നത്തെ അതേ എതിരാളികൾ ശ്രമിച്ചപ്പോൾ അതിന്റെ പ്രത്യാഘാതം അറിഞ്ഞിട്ടും പലരും മൗനം പാലിച്ചു എന്നത് എത്ര മാത്രം ഞെട്ടിക്കുന്നതല്ല?
സമാധാനം എന്തെന്നറിയാത്ത, വെടിയൊച്ചകള്‍ മാത്രമാണ് ഈ ജീവിതമെന്ന് മനസ്സിലാക്കിയ, കലാപം മാത്രം സമൃദ്ധമായി വിളയുന്ന കാശ്മീരില്‍ നിന്ന് ഈ സമുദായത്തിന്റെ മക്കളെ കൈ പിടിച്ചു കേരളത്തിലേക്ക് കൊണ്ട് വന്നു അവര്‍ക്ക് ശാന്തമായ അന്തരീക്ഷത്തില്‍ ജീവിതത്തിന്റെ ബാല പാഠങ്ങള്‍ പകര്‍ന്നു നല്‍കിയ കാന്തപുരത്തിന്റെ കര്‍മ്മ വൈഭവം ഇന്ത്യയില്‍ ആര്‍ക്കുണ്ട്?? പക്ഷെ, ആ മഹദ് സംരംഭത്തെ പോലും അംഗീകരിക്കാൻ മനസ്സില്ലാത്ത, അതിലൂടെ ആ ദീപം ഊതിക്കെടുത്താം എന്ന് ആശിച്ചു കൊണ്ട് അതിനു വേണ്ടി പത്രപ്രസ്താവനകൾ ഇറക്കിയ ഒരു കൂട്ടരുടെ വിദ്വേഷം എത്ര മാത്രം അന്ധമായിരിക്കും? ആ വൈരാഗ്യം എത്ര മാത്രം തീവ്രമായിരിക്കും??? അതെ, കൂട്ടര് തന്നെയാണ് ഇന്നും കാന്തപുരത്തിന്റെ പച്ചമാംസത്തിനായി കടിപിടി കൂടുന്നതെന്ന് കൂടി മനസ്സിലാക്കിയാൽ ചിത്രം വ്യക്തമായി. പ്രശ്നം ശഅർ മുബാറകിന്‍റെ ആധികാരികത അല്ല. വെല്ലൂരിലും ഡൽഹിയിലും കാശ്മീരിലും ഇല്ലാത്ത ഒരു പ്രശ്നം ഇവിടെ ഉണ്ടാകണമെങ്കിൽ അതിന്റെ മൂല കാരണം 'ആധികാരികതയിലെ ആശങ്ക' അല്ല എന്ന് ഏതു കൊച്ചു കുട്ടിക്കും അറിയാം.
അതെ, കാന്തപുരം ഇന്ന് പലരുടെയും ഇടങ്ങൾ കവര്ന്നെടുക്കുന്നു. പലരെയും കുടിയൊഴിപ്പിച്ചു കഴിഞ്ഞിരിക്കുന്നു - സമുദായത്തിന്റെ ഭൂമികയിൽ നിന്നും അതിന്റെ മനസ്സിൽ നിന്നും. അവരിൽ, പൂർവികരുടെ കറാമത്തും പറഞ്ഞ്, ഇന്നിന്‍റെയും നാളെയുടയൂം തലമുറകൾക്ക് വേണ്ടി അധ്വാനിക്കാൻ തയ്യാറാകാതെ സ്ഥാനമാനങ്ങളിൽ സായൂജ്യമടയാം എന്ന് കരുതിയവർ ഉണ്ട്. സമുദായത്തിന്റെ യാഥാസ്ഥിതിക സ്ഥാപനങ്ങളുടെ ഇത്തിക്കണ്ണികളായി പറ്റിക്കൂടി സ്വന്തം ഭാവി കെട്ടിപ്പടുക്കാം എന്ന് സ്വപ്നം കണ്ടവർ ഉണ്ട്. യാതാസ്ഥിതികതക്കെതിരെ പടവെട്ടി സ്വന്തം ‘തൗഹീദ്’ സ്ഥാപിച്ച് സമുദായത്തെ കയ്യിലെടുക്കാം എന്ന് ധരിച്ചവരും ഉണ്ട്. കൂട്ടത്തിൽ ആധുനികതക്കൊപ്പം നീന്തി ആർക്കും എപ്പോഴും എങ്ങനെയും നീട്ടി വലിക്കാവുന്നതും, ചുരുക്കാവുന്നതുമായ ഒരു പരിഷ്കൃത ഇസ്'ലാമിനെ അവതരിപ്പിച്ചു കൊണ്ട്, രാഷ്ട്രീയ ചരടുവലികൾ നടത്താൻ മാത്രം പ്രസ്ഥാനത്തെ വലുതാക്കാം എന്ന് കരുതിയ ഇഖ്'വാനികളും ഉണ്ട്.
കാന്തപുരത്തിന് രാഷ്ട്രീയ സ്വപ്‌നങ്ങൾ ഇല്ല എന്നത് ഒരു പരമാർത്ഥം. ഉണ്ടെന്നു തെറ്റിധരിച്ചവർ ഉണ്ടായിരുന്നു, ഒരു കാലത്ത്. അവർ സമുദായത്തിന്‍റെ മുഖ്യധാരാ രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്തിരുന്നവർ ആയിരുന്നു. അത് കൊണ്ട് തന്നെ അവരുടെ ഭാഗത്ത് നിന്നും എതിർപ്പ് വളരെ രൂക്ഷവും ആയിരുന്നു. പക്ഷെ, ഇന്നവര് അറിയുന്നു - സമുദായത്തിൽ തങ്ങളുടെ രാഷ്ട്രീയ ഭൂമികയിൽ ചേക്കേറുവാൻ വരുന്ന സംഘങ്ങളുടെ കൂട്ടത്തിൽ കാന്തപുരം ഇല്ലെന്ന്. അത് കൊണ്ട് എതിര്പ്പിന്റെ മുഖം, സഹകരണത്തിന്‍റെതായി മാറി. ഇത് പണ്ട് ഒന്നിച്ചെതിര്‍ത്ത എതിരാളികളിൽ ഒരു കൂട്ടർക്ക് കനത്ത പ്രഹരം ആയി മാറുകയും ചെയ്തു കാന്തപുരത്തിന്‍റെ വളർച്ച, ആ വളർച്ചയിലൂടെ സമുദായത്തിന്റെ നേതൃസ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്‍റെ ആരോഹണം, ഇതെല്ലാം ഈ കൂട്ടർക്ക് നിലനില്പിന്റെ പ്രശ്നം തന്നെയാണ്. ദശകങ്ങളായി അത് അങ്ങനെ തന്നെയാണ്.
എല്ലാവരും സ്വന്തം കാര്യവും നോക്കി നടക്കുമ്പോള്‍; ദുന്‍യാവിന്‍റെ ഈ കൂട്ടയോട്ടത്തില്‍ പെരുവഴിയില്‍ വീണു പോയ സഹജീവികളെ താങ്ങിയെടുത്ത് അന്നവും ആശ്വാസവും നല്‍കി, അറിവും ജീവിതവും നല്‍കി പുതിയ സൂര്യോദയങ്ങൾ കാണിച്ചു കൊടുത്ത പണ്ഡിതൻ ആണ് കാന്തപുരം. കാശ്മീരില്‍ വെടിയൊച്ചകള്‍ കേട്ട് ഞെട്ടിയുണര്ന്നിരുന്ന അനാഥ ബാല്യങ്ങളെ കൈ പിടിച്ചു കൊണ്ട് വന്നു കേരളത്തിലെ ശാന്തിയുടെ ഉച്ച്വാസവായു ശ്വസിപ്പിച്ച പണ്ഡിതന്‍ കാന്തപുരമല്ലാതെ മാറ്റാരുണ്ട്? ഹരിയാനയില്‍, വെയിലും മഴയും തടുക്കാന്‍ ചുള്ളിക്കമ്പുകളും കീറിയ ടാര്‍പോളിന്‍ ഷീറ്റുകളും കൊണ്ട് ഉണ്ടാക്കിയ കൂരകള്‍ കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞു, ആ കുടിലുകളിലെ കുരുന്നുകളെ കൂട്ടി കൊണ്ട് വന്നു സുന്നത്ത് ജമാഅത്തിന്റെ സ്ഥാപനങ്ങളില്‍ ഏല്പിച്ചു അവരുടെ കണ്ണുകളില്‍ ഓളം വെട്ടുന്ന പ്രത്യാശയുടെ നാമ്പുകള്‍ കണ്ടു സംതൃപ്തി അടയാന്‍ കഴിയുന്ന ഒരു പണ്ഡിതന്‍ ഇന്ന് വേറെ ആരുണ്ട്? പശ്ചിമ ബംഗാളില്‍ ജീവിതം കറുപ്പോ വെളുപ്പോ എന്നറിയാതെ ദിനരാത്രങ്ങള്‍ കഴിച്ചു കൂട്ടിയ ഈ സമുദായത്തിന്റെ മക്കള്‍ക്ക് ആശ്വാസത്തിന്റെ തെളിനീരുറവയായി പ്രത്യക്ഷപ്പെട്ട മനുഷ്യസ്നേഹി കാന്തപുരമല്ലാതെ വേറെ ആരുണ്ട്? ഗുജറാത്തില്‍ ഫാഷിസത്തിന്റെ കരാളഹസ്തങ്ങളില്‍ വെന്തെരിയുന്ന ഈ സമുദായത്തിന് ഭാവിയിലെങ്കിലും ദൃഡനിശ്ചയത്തോടെ ലക്ഷ്യബോധത്തോടെ മുന്നേറാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍മ്മിച്ച് അവര്‍ക്ക് ഭയത്തില്‍ നിന്നും ആശങ്കകളില്‍ നിന്നും മോചനം നല്‍കി മുസ്‌ലിം ഇന്ത്യയെ അമ്പരപ്പിച്ച ഒരു പണ്ടിതനുണ്ടെങ്കിൽ അത് കാന്തപുരമല്ലാതെ മറ്റാരാണ്? ഐക്യത്തിന്റെ വിലയറിയാത്ത ഒരു കക്ഷിയും ഇല്ല തന്നെ. സത്യത്തില്‍ കാപട്യം മാത്രമല്ലേ പലരുടെയും മുഖമുദ്ര? അല്ലാഹുവിന്റെ റസൂല്‍ പഠിപ്പിച്ച ദീനിനെ പതിറ്റാണ്ടുകളുടെ കര്‍മ്മ പഥങ്ങളിലൂടെ സാക്ഷാല്കരിച്ച മഹാനായ ഒരു മനുഷ്യ സ്നേഹിയെ, ചെന്നായ്ക്കളെ പോലെ കടിച്ചു കീറുന്ന ഒരു സമുദായത്തിന്റെ അവസ്ഥ എന്താണ്?? സമുദായത്തിന് സേവനം ചെയ്യുന്നവരെ എന്തിനു ചെളി വാരി എറിയണം? അത് കൊണ്ട് ആര്‍ക്കാണ് ഇവിടെ നേട്ടം? അവര്‍ ചെയ്യുന്ന സേവനങ്ങള്‍ ഇല്ലാതാക്കാന്‍ പരിശ്രമിക്കുന്നത് ആരുടെ തൃപ്തിക്ക് വേണ്ടിയാണ്??
എതിരാളികളോട് സമചിത്തതയോടെ, വിവേകത്തോടെ, പ്രതിപക്ഷ ബഹുമാനത്തോടെ പെരുമാറാന്‍ പോലും അറിയില്ലെങ്കില്‍ ഈ സമുദായത്തിന്റെ ഭാവി എന്താണ്? ഇസ്‌ലാം എന്നാല്‍ ചില വിശ്വാസങ്ങളും ഏതാനും കര്‍മ്മങ്ങളും മാത്രമല്ല. അത് ചില പെരുമാറ്റ രീതികള്‍ കൂടിയാണ്. ചില നല്ല സ്വഭാവങ്ങള്‍ കൂടിയാണ്. ചില മാന്യമായ ഇടപാടുകള്‍ കൂടിയാണ്. സമുദായത്തിലെ അനാഥകളെയും അഗതികളെയും ഏറ്റെടുത്തു അവരെ സ്വന്തം കുടുംബാംഗങ്ങളെ പോലെ പരിചരിക്കുന്ന, അവര്‍ക്ക് വേണ്ടി ഊണും ഉറക്കവും ഒഴിവാക്കുന്ന, മഹാനായ ഒരു പണ്ഡിതന്‍ ചെയ്യുന്ന സേവനങ്ങള്‍ അംഗീകരിക്കാന്‍ മാത്രം ഹൃയവിശാലതയൊന്നും ഇല്ലെങ്കിൽ ഉപദ്രവിക്കാതിരിക്കുകയെങ്കിലും ചെയ്തു കൂടെ?? ആരെങ്കിലും നാല് ക്ലിപ്പുകൾ ഉണ്ടാക്കി പോസ്റ്റ് ചെയ്‌താൽ കാന്തപുരവും അദ്ദേഹം നേതൃത്വം നല്‍കുന്ന പ്രസ്ഥാനവും ഒലിച്ചു പോകുമെന്ന് കരുതുന്നവർ മൂഢന്മാർ മാത്രം.
ആ ജീവിതം ഔലിയാക്കള്‍ ഏറ്റെടുത്തിരിക്കുന്നു...
മല പോലെ വന്നതെല്ലാം മഞ്ഞു പോലെ മാഞ്ഞു പോയിട്ടേ ഉള്ളൂ ....എതിര്‍ത്തവരെല്ലാം പത്തി മടക്കിയിട്ടേ ഉള്ളൂ.. പാഞ്ഞടുത്തവരെല്ലാം മുട്ട് മടക്കിയിട്ടേ ഉള്ളൂ .... വിമര്‍ശിച്ചവരെല്ലാം പുകഴ്ത്തിയിട്ടേ ഉള്ളൂ .... തെറി പറഞ്ഞവരെല്ലാം അപഹാസ്യരായി ചരിത്രത്തിന്റെ ചവറ്റുകുട്ടകളിലേക്ക് വലിച്ചെറിയപ്പെട്ടിട്ടേ ഉള്ളൂ.... വിദ്വേഷവും വൈരാഗ്യവും മൂലം സ്വയം അന്ധരായി, അറിവിന്റെയും വിവേകത്തിന്റെയും സൂര്യനുദിക്കാത്ത ഇരുണ്ട ഗല്ലികളില്‍ നിന്ന് കല്ലെറിഞ്ഞത് കൊണ്ടെന്തു കാര്യം? ചരിത്രം എന്നും അതിന്റെ വഴിത്താരയെ ധന്യമാക്കിയ മഹാപ്രതിഭകളെ തിരിച്ചറിയുക തന്നെ ചെയ്യും.