Ads 468x60px

ഉള്ഹിയ്യത്തിന്‍റെ കര്‍മ്മ ശാസ്ത്രം

സമര്‍പ്പണത്തിന്റെയും സഹനത്തിന്റെയും ഒരായിരം ഇബ്രാഹീമീ സ്മരണയുമായി വീണ്ടുമൊരു ബലിപെരുന്നാള്‍ വന്നെത്തിയിരിക്കുന്നു. മഹാനായ ഇബ്രാഹീം നബി(അ)യുടെയും പ്രീയ പുത്രന്‍ ഇസ്മാഈല്‍ നബി (അ) യുടെയും ത്യാഗ്വോജ്വലമായ ജീവിതം ഓരോ വിശ്വാസി മനങ്ങളിലും ഊട്ടിയുറപ്പിക്കാനാണ് വര്‍ഷം തോറും മടങ്ങിവരുന്ന ബലിപെരുന്നാളിനെ സര്‍വ്വ ലോക രക്ഷിതാവായ അല്ലാഹു സംവിധാനിച്ചിരിക്കുന്നത്. ഹസ്രത്ത് ഇബ്രാഹീം നബി(അ)യുടെ ജീവിതം പരീക്ഷണപൂര്‍ണ്ണമായിരുന്നു. ശത്രുവായിരുന്ന നംറൂദിന്റെ തീകുണ്ഡാരത്തിലെറിയപ്പട്ടത് മുതല്‍ തന്റെ പ്രീയ പുത്രന്‍ ഇസ്മാഈലിനെ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ബലിയറുക്കാനുള്ള ഇലാഹീ കല്‍പ്പനയടക്കം നിരവധി പരീക്ഷണങ്ങള്‍ അദ്ധേഹം നേരിട്ടു.

സഹനവും ക്ഷമയും കൈമുതലാക്കിയ ഇബ്രാഹീം നബി (അ) അവയെ എല്ലാം അതിജീവിച്ചു .ആള്‍താമസവും പാര്‍പ്പിട സൗകര്യങ്ങളൊന്നുമില്ലാത്ത അറേബ്യന്‍ മണല്‍ക്കാട്ടില്‍ തന്റെ പ്രിയ പത്‌നി ഹാജറ ബീവി (റ)യേയും നിരന്തര പ്രാര്‍ത്ഥനയുടെ ഫലമായി ജീവിത സായാഹ്നത്തില്‍ ലഭിച്ച പ്രിയ പുത്രന്‍ ഇസ്മാഈലിനെയും മാറ്റിപ്പാര്‍പപ്പിക്കണമെന്ന ഇലാഹീ കല്‍പ്പന ശിരസ്സാവഹിച്ച ഇബ്രാഹീം നബി (അ) അവിടെ വെച്ച് പ്രാര്‍ഥിച്ചു 'ഞങ്ങളുടെ രക്ഷിതാവേ, കാര്‍ഷിക വിളകളൊന്നുമില്ല ഈ മലഞ്ചെരുവില്‍ (വിശുദ്ധ ഹറമിനരികില്‍) ഞാന്‍ എന്റെ സന്താനത്തെ (ഉമ്മ ഹാജറയോടൊപ്പം ) മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നു,അവര്‍ നിനക്ക് സാഷ്ഠാംഗം നമിക്കാനാണത് അത് കൊണ്ട് ജനമനങ്ങളെ നീ അവരിലേക്ക് അടുപപ്പിച്ചാലും (വി : ഖു). 

തന്നെയുംപൊന്നൊമനപുത്രനേയുംആരാരുമില്ലാത്തവിജനവുംപ്രവിശാലവുമായി കിടക്കുന്ന മരുഭൂമിയില്‍ പാര്‍പ്പിച്ച് തിരിഞ്ഞ് നടക്കുന്ന ഇബ്രാഹീം നബി (അ) യൊട് ഭാര്യ ഹാജറ (റ) ചൊദിച്ചു :ഈ അഗ്‌നി പരീക്ഷണം അല്ലാഹുവില്‍ നിന്നാണൊ? വൈഷമ്യതയുടെ മുഖഭാവത്തൊടെ ഇബ്രാഹീം നബി (അ) പ്രതിവചിച്ചു 'അതേ..' തന്റെ ഭര്‍ത്താവിന്റെ മനോധൈര്യത്തില്‍ ചാലിച്ച മറുപടി കേട്ട് ഹാജറ (റ) ക്ക് എന്തെന്നില്ലാത്ത മനസ്സമാധാനം ലഭിച്ചത് പോലെ തൊന്നി . ഇലാഹീ പരീക്ഷണങ്ങളെ സന്തോഷത്തോടെ എതിരേല്‍ക്കാന്‍ ഹാജറയും ഉറച്ചു.

തന്റെ ഭര്‍ത്താവ് തനിക്കും കുഞ്ഞിനും വേണ്ടി നല്‍കിയ വെള്ളവും ഭക്ഷണവും കഴിഞ്ഞു . പ്രിയ പുത്രന്‍ ഇസ്മാഈല്‍ (അ) ദാഹിച്ച് കരയാന്‍ തുടങ്ങി. ഗത്യന്തരമില്ലാതെ ഹാജറ(റ) പാനജലം തേടി സ്വഫാ മര്‍വ്വാ മലക്കിടയിലൂടെ നെട്ടൊട്ടമൊടി നോക്കി . ഇല്ല.. ദാഹജലത്തിന്റെ കണികപോലും ആ മണലാരുണ്യത്തിലെവിടെയുമില്ല . ഓരൊ ഓട്ടത്തിലും തന്റെ പറക്കമുറ്റാത്ത മകനെപറ്റിയുള്ള ആധി ഹാജറയുടെ ഹൃദയത്തെ അലോസരപ്പടുത്തികൊണ്ടേയിരുന്നു. ഒരു ഭാഗത്ത് കാലിട്ടടിച്ച് തേങ്ങിക്കരയുന്ന പിഞ്ചു പൈതല്‍ മറുഭാഗത്ത് ഒരിറ്റ് ജലം പോലുമില്ലാത്ത അനന്തവിശാലമായി കിടക്കുന്ന മരുഭൂമി , അല്ലാഹുവിലും വിധിയിലുമുള്ള വിശ്വാസം അവരുടെ പ്രതീക്ഷയെ വര്‍ദ്ധിപ്പിച്ചു , അവസാനം എവിടെയോ ഒരുറവ പൊട്ടിയതായി തോന്നിയ ഹാജറ(റ) മകന്റെയടുക്കല്‍ ചെന്ന് നൊക്കിയപ്പൊള്‍ കണ്ടകാഴ്ച്ച തനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഇസ്മാഈല്‍ (അ) കാലിട്ടടിച്ച സ്ഥലത്ത് ഒരു നീരുറവ പൊട്ടിയിരിക്കുന്നു . വെള്ളം അടങ്ങാതെ ഒഴുകികൊണ്ടിരിക്കുന്നത് കണ്ട ഹാജറ (റ) അടങ്ങൂ എന്നര്‍ത്ഥം കുറിക്കുന്ന സംസം എന്ന് പറയേണ്ട താമസം അത്ഭുതമെന്നോണം ആ വെള്ളം അടങ്ങി. അന്ന് മുതല്‍ക്കാണ് ആ വിശുദ്ധ വെള്ളത്തിന് സംസം എന്ന് നാമകരണം വന്നതും.

കാലചക്രം കറങ്ങിക്കൊണ്ടേയിരുന്നു , ഇസ്മാഈല്‍ ഓടിച്ചാടി നടക്കാന്‍ തുടങ്ങി. ഇബ്രാഹീം നബി (അ) സ്വപ്നം കാണാന്‍ തുടങ്ങി. തന്റെ പ്രീയ പുത്രന്‍ ഇസ്മാഈലിനെ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ബലിയറുക്കാനുള്ള അല്ലാഹുവിന്റെ ആജ്ഞയായിരുന്നു ആ സ്വപ്നത്തിന്റെ ആകത്തുക . പ്രവാചകന്മാരുടെ സ്വപ്നം ദിവ്യസന്ദേശ ഭാഗമായതിനാല്‍ ഇബ്രാഹീം നബി(അ) സസന്തോഷം മകനെ ബലിയറുക്കാന്‍ സന്നദ്ധനായി . പുത്തനുടുപ്പുകള്‍ ധരിപ്പിച്ച് ഇസ്മാഈലിനെ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ബലികഴിപ്പിക്കാന്‍ കൊണ്ട്‌പൊകുന്നതിനിടയില്‍ താന്‍ കണ്ട സ്വപ്നം മകന് വിവരിച്ച് കൊടുത്തു. വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നു : അവന്‍ (ഇസ്മാഈലിന്) ഓടിച്ചാടി നടക്കാവുന്ന പ്രായമെത്തിയപ്പൊള്‍ അദ്ധേഹം (ഇബ്രാഹീം) പറഞ്ഞു: 'ഓ എന്റെ പൊന്നോമനേ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്നെ ബലിയറുക്കാനുള്ള കല്‍പ്പന ഞാന്‍ സ്വപ്നത്തില്‍ കണ്ടിട്ടുണ്ട് എന്താണ് നിന്റെയഭിപ്രായം?'മകന്‍ പ്രതിവചിച്ചു : 'അല്ലാഹുവിന്റെ കല്‍പനപ്രകാരം നിങ്ങള്‍ പ്രവര്‍ത്തിക്കുക നിശ്ചയം എന്നെ നിങ്ങള്‍ ക്ഷമാശീലനായി എത്തിക്കും' (വി ഖു).

കല്‍പനപ്രകാരം ബലി നടത്താന്‍ ഒരുങ്ങിയപ്പോള്‍ അല്ലാഹു ഇബ്രാഹീം നബി (അ) യെ വിളിച്ച് പറഞ്ഞു ഓ ഇബ്രാഹീം നീ സ്വപ്നത്തേ സാക്ഷാല്‍കരിച്ചിരിക്കുന്നു അത് കൊണ്ട് നീ ഇസ്മാഈലിന്ന് പകരം ഒരു ആടിനെ ബലിയറുക്കുക. അന്ന് മുതല്‍ക്കാണ് ഇസ്‌ലാമില്‍ ബലികര്‍മ്മം നിലവില്‍വന്നതും ആ പെരുന്നാളിന്ന് ബലിപെരുന്നാളെന്ന് നാമകരണമുണ്ടായതും.

ബലിപെരുന്നാള്‍ ദിനത്തില്‍ രണ്ട് പ്രധാന കര്‍മ്മങ്ങളിലൊന്നാണ് ബലികര്‍മ്മം. വിശുദ്ധ ഖുര്‍ആനും തിരുനബി(സ)യുടെ വചനവും ഈ ബലിദാനത്തിന് പ്രോത്സാഹനം നല്‍കുന്നു . ഖുര്‍ആന്‍ വിശദീകരിക്കുന്നു നബിയേ : നാം നിങ്ങള്‍ക്ക് വളരേയധികം അനുഗ്രഹങ്ങള്‍ നല്‍കി അത് കൊണ്ട് നിങ്ങളുടെ രക്ഷിതാവിന് നിങ്ങള്‍ നിസ്‌കരിക്കുകയും ബലിയര്‍ക്കുകയും ചെയ്യുക (സൂറത്തുല്‍ കൗസര്‍)

നബി(സ) പറഞ്ഞു : 'പെരുന്നാള്‍ ദിവസത്തിലെ പ്രത്യേക കര്‍മ്മങ്ങളില്‍ രക്തം ചൊരിയുന്നതിനേക്കാള്‍ (ബലിയറുക്കുക) അല്ലാഹുവിന്റെയടുക്കല്‍ പുണ്യകരമായ മറ്റൊരുപ്രവര്‍ത്തനവുമില്ല. ബലിയറുപ്പിക്കപ്പെട്ട മൃഗം രോമങ്ങളും കുളമ്പുകളും സഹിതം അന്ത്യദിനത്തില്‍ ഹാജറാക്കപ്പെടും .നിശ്ചയം ഈ രക്തം ഭൂമിയില്‍ സ്പര്‍ശിക്കും മുമ്പ് അല്ലാഹുവിന്റെയടുക്കല്‍ ഏറ്റവും മഹത്തായ സ്ഥാനത്തായിത്തീരുന്നതാണ് (അല്ലാഹു അതിനെ സ്വീകരിക്കും) അത് കൊണ്ട് നിങ്ങള്‍ തൃപ്തരാവുക'(ഹാക്കിം, തുര്‍മുദി).

ബലി നടത്തേണ്ടവര്‍
വിശേഷ ബുദ്ധിയുള്ള , പ്രായപൂര്‍ത്തിയും സ്വതന്ത്രരുമായ എല്ലാ മുസ്‌ലിമിന്നും ഉള്ഹിയ്യത്ത് ബലപ്പെട്ട സുന്നത്താണ്. പെരുന്നാള്‍ ദിനത്തില്‍ തന്റെയും തന്റെ ആശ്രിതരുടേയും ചിലവ് കഴിച്ച് മിച്ചം വരുന്ന തുക ബലിമൃഗം വാങ്ങാന്‍ തികയുമെങ്കില്‍ അത് സുന്നത്താണെന്ന് ഇമാം ഇബ്‌നു ഹജറി(റ)ന്റെ അഭിപ്രായം. അതേസമയം തഷ്‌രീഖിന്റെ (ദുല്‍ ഹിജ്ജ 11,12,13,) ദിവസങ്ങളിലുള്ള ചിലവ് കഴിച്ച് മിച്ചമുണ്ടെങ്കിലേ ഇത് 

സുന്നത്താകുകയുള്ളുവെന്നാണ് ശാഫിഈ മദ്ഹബിലെ പണ്ഡിതന്‍ ഖത്തീബുശ്ശിര്‍ബീനി അടക്കമുള്ള മറ്റു പണ്ഡിതരുടെ പക്ഷം. (ഖല്‍യൂബി)

ഉള്ഹിയ്യത്ത് മൃഗങ്ങള്‍
ആട്,മാട്,ഒട്ടകം എന്നിവയിലാണ് ബലികര്‍മ്മം നടത്തേണ്ടത് . മാട് ഇനത്തില്‍ പശു, കാള, എരുമ, പോത്ത് ഇവയെല്ലാം ഉള്‍പ്പെടുമെന്ന് ഇമാം ഇബ്‌നു ഹജര്‍ (റ) പറഞ്ഞിട്ടുണ്ട് (തുഹ്ഫ 9/384). ഒട്ടകത്തിന് അഞ്ച് , നെയ്യാടല്ലാത്ത ആടിനും മറ്റുമാടിനങ്ങള്‍ക്ക് രണ്ട് , നെയ്യാടിന് ഒന്ന് എന്നിങ്ങനെയാണ് പണ്ഡിതന്മാര്‍ ബലിമൃഗത്തിന്റെ പ്രായപരിതി വെച്ചിട്ടുള്ളത്. ഒട്ടകം, മാട്, നെയ്യാട്, മറ്റു ആടുകള്‍ എന്നിങ്ങനെയാണ് ശ്രേഷ്ഠത നിര്‍ണ്ണയിച്ചിട്ടുള്ളത്. (തുഹ്ഫ 9/384)

സമയം
ബലിപെരുന്നാള്‍ ദിവസം സൂര്യനുദിച്ച് ചുരുങ്ങിയ രൂപത്തില്‍ രണ്ട് റക്അത്ത് നിസ്‌കാരവും രണ്ട് ഖുത്ബയും നിര്‍വ്വഹിക്കാനുള്ള സമയം കടന്നാല്‍ ഉള്ഹിയ്യത്തിനുള്ള സമയം പ്രവേശിച്ചു. അത് കൊണ്ട് തന്നെ പെരുന്നാള്‍ നിസ്‌കാരം പെട്ടന്ന് നിസ്‌കരിക്കല്‍ സുന്നത്താണ്. പിന്നീട് അന്നും തശരീഖിന്റെ മൂന്ന് ദിവസങ്ങളിലും ബലി നടത്താമെങ്കിലും പെരുന്നാള്‍ ദിവസത്തിലാണ് ബലിനടത്താനുള്ള ഏറ്റവും ഉത്തമമായ സമയം (തുഹ്ഫ 9/350).

ന്യൂനതകള്‍
മൃഗത്തിന്റെ മാംസം കുറക്കാനിടയുള്ള ന്യൂനതയില്‍ നിന്ന് മുക്തമായിരിക്കണം ഉള്ഹിയ്യത്തിന്റെ മൃഗം. ക്ഷയിച്ച് മജ്ജ നശിച്ചതും, കണ്ണിന്റെ കാഴ്ച നഷ്ടപെട്ടതും ഉള്ഹിയ്യത്തില്‍ സ്വീകാര്യമല്ല. വാല്, ചെവി ,അകിട്, നാവ് എന്നിവയില്‍ അല്പമെങ്കിലും ഛേദിക്കപ്പെട്ടത്, ചൊറിപിടിച്ചത്, ശാരീരീക ക്ഷയത്തിന് ഹേതുവായ വല്ല രോഗവും ബാധിച്ചത്, മറ്റു മൃഗങ്ങള്‍ക്കൊപ്പം നടക്കാന്‍ കഴിയാത്തവിധം കാലിന് വൈകല്യം ബാധിച്ചത് ഇവയൊന്നും ബലിയറുക്കാന്‍ ഉപയുക്തമല്ല. പല്ല് മുഴുവനും കൊഴിഞ്ഞുപോയതും ഉള്ഹിയ്യത്തിന് യോജിച്ചതല്ല. മാംസം കുറയ്ക്കാത്ത വിധം ചെവി ഓട്ടയാടതോ ,പല്ലില്‍ നിന്ന് ചിലത് മാത്രം കൊഴിഞ്ഞതോ ,കൊമ്പില്ലാത്തതോ മൂക്ക് കുത്തിയതോ ആയ മൃഗങ്ങള്‍ക്ക് ഈ നിരോധം ബാധകമല്ല. അറുക്കാന്‍ തള്ളിയിടുന്ന നേരത്താണെങ്കില്‍ പോലും എല്ല് പൊട്ടിയിട്ടുണ്ടങ്കില്‍ അത് അറുക്കല്‍ മൂലം ഉള്ഹിയ്യത്ത് വീടുന്നതല്ല .(തുഹ്ഫ 9/351,352,353)

ഉള്ഹിയ്യത്തിന്റെ മാംസം
നിര്‍ബന്ധ ഉള്ഹിയ്യത്തിന്റെ മാംസം അഥവാ നേര്‍ച്ചയാക്കല്‍ കൊണ്ടോ നിയ്യത്തോട് കൂടി ഇത് എന്റെ ഉള്ഹിയ്യത്തിന്റെ മൃഗമാണെന്ന് നിര്‍ണ്ണയിക്കല്‍ കൊണ്ടോ നിര്‍ബന്ധമായതിന്റെ മാംസം നാട്ടിലെ പാവപ്പെട്ടവര്‍ക്ക് സ്വദഖ ചെയ്യല്‍ നിര്‍ബന്ധമാണ് അതില്‍ നിന്ന് അല്‍പ്പം പോലും വില്‍ക്കാനോ സ്വയം ഭക്ഷിക്കാനോ ദനികന് ഭക്ഷിപ്പിക്കാനോ പാടില്ല . എന്നാല്‍ സുന്നത്തായ ഉള്ഹിയ്യത്തില്‍ അല്‍പ്പമെങ്കിലും സ്വദഖ ചെയ്യാത്ത പക്ഷം ഉള്ഹിയ്യത്ത് സാധുവാകുന്നതുമല്ല. കരള്‍ ഭാഗം മാത്രം സ്വയം ഭക്ഷിച്ച് ബാക്കി ഭാഗം മുഴുവനും സ്വദഖ ചെയ്യലാണ് ഉത്തമം. ധനികന് ഭക്ഷിപ്പിക്കാവുന്നതാണ് .

ഉള്ഹിയ്യത്തിന്റെ തോല്
ഉള്ഹിയ്യത്ത് മൃഗത്തിന്റെ തോല് വില്‍ക്കാനോ , അറവ് കാരന് കൂലിയായി കൊടുക്കാനോ പാടില്ല. നബി (സ) പറഞ്ഞു. ഉള്ഹിയ്യത്തിന്റെ തോല് ആരെങ്കിലും വില്പന നടത്തിയാല്‍ ഉള്ഹിയ്യത്തിന്റെ പ്രതിഫലം ലഭ്യമല്ല . ഇന്ന് സര്‍വ്വ സാധാരണയായി കണ്ട് വരാരുളള ഒന്നാണ് ഉള്ഹിയ്യത്തിന്റെ തോല് പള്ളികളിലേക്കും സ്ഥാപനങ്ങളിലേക്കും വഖ്ഫ് ചെയ്തു കൊടുക്കുകയെന്നത്, ഇത് മൂലം ഉള്ഹിയ്യത്തിന്റെ പ്രതിഫലം നഷ്ടപ്പെടുന്നുവെന്നത് ഇത്തരക്കാര്‍ ശ്രദ്ധിക്കാറില്ല.

ഉള്ഹിയ്യത്ത് മാംസം മറ്റു നാടുകളിലേക്ക്
ഉള്ഹിയ്യത്തിന്റെ മാംസം മറ്റുനാടുകളിലേക്ക് നീക്കം ചെയ്യുന്നത് നിര്‍ബന്ധ സകാത്ത് നീക്കം ചെയ്യാന്‍ പാടില്ലാത്തത് പോലെ ഉള്ഹിയ്യത്ത് നിര്‍ബന്ധമാണെങ്കില്‍ പാടില്ലാത്തതാണ് .എന്നാല്‍ സുന്നത്തായ ഉള്ഹിയ്യത്തില്‍ അല്‍പം മറുനാടുകളിലേക്ക് കൊടുത്തയക്കല്‍ കൊണ്ട് ഉള്ഹിയ്യത്തിന്റെ പ്രതിഫലം ഇല്ലാതാകുന്നില്ല.

ഉള്ഹിയ്യത്തിന്റെ നിയ്യത്ത്
ഉള്ഹിയ്യത്തിന്റെ മൃഗത്തെ മുമ്പ് നിര്‍ണ്ണയിക്കാത്തപക്ഷം അറവിന്റ സമയത്തോ മറ്റൊരാളെ ഏല്‍പ്പിച്ച് കൊടുക്കുന്ന സമയത്തോ ഇത് എന്റെ ഉള്ഹിയ്യത്താകുന്നു എന്ന് കരുതണം. അറവ് സമയത്ത് അടുത്ത് ഉണ്ടാവല്‍ പ്രത്യേകം സുന്നത്താണ്.

ഹാഫിള് ഇല്‍യാസ് സഖാഫി പാടലടുക്ക
 

Install SUNNI News 4 News & Live

.

Con: 09387762313

For Audio Recording SAMAR