Ads 468x60px

ഉമറിന്റെ നിശ്ശബ്ദതക്ക് പോലും ഒരാളെ ഇസ്ലാമിലേക്ക് ആകര്‍ഷിക്കാനുള്ള കഴിവുണ്ടായിരുന്നു..

മദീനയെ അത്ഭുതത്തോടെ നോക്കി നില്‍ക്കുകയാണ് പേര്‍ഷ്യന്‍ ചക്രവര്‍ത്തിയുടെ ദൂതന്‍. തങ്ങളുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്ന ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭരണാധികാരി ഉമറുമായി ഒരു സന്ധി സംഭാഷണത്തിന് വേണ്ടിയാണ് അയാള്‍ മദീനയില്‍ എത്തിയത്.. പക്ഷെ, മദീനയിലെ എന്താണ് അയാളെ ഇങ്ങനെ അത്ഭുത പരതന്ത്രനാക്കിയിരിക്കുന്നത്..? മദായിനിലെ വെണ്‍കോട്ട കണ്ട, കിസ്റയുടെ കൊട്ടാരം കണ്ട, ഹീറയിലെ വര്‍ണ്ണാഭമായ നഗരങ്ങള്‍ കണ്ടു പരിചയിച്ച അയാളെ മദീന അത്ഭുതപ്പെടുത്തുന്നത് എന്തിനു?
അയാളെ ഞെട്ടിച്ചത് മദീനയുടെ ആഡംബരങ്ങള്‍ അല്ല, മദീനയുടെ ലാളിത്യം ആണ്.. തങ്ങളുടെ നാട്ടിലെ ദരിദ്രര്‍ താമസിക്കുന്ന പോലെയുള്ള കുറെ വീടുകള്‍. കൊട്ടാരങ്ങള്‍ ഇല്ല.. ഇതാണോ റോമാപേര്‍ഷ്യന്‍ സാമ്രാജ്യങ്ങളെ വിറകൊള്ളിച്ച ഇസ്ലാമിക രാഷ്ട്രത്തിന്റെ കാപ്പിറ്റല്‍ സിറ്റി..? ഇവിടെയാണോ വിശാലമായ ഒരു സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തി ഉമര്‍ താമസിക്കുന്നത്..?
“ഉമര്‍ വീട്ടിലില്ല. പള്ളിയിലേക്ക് പോയതാണ്.. ഇപ്പൊ പോയതേയുള്ളൂ.. നമുക്ക് അങ്ങോട്ട്‌ പോകാം. വരൂ..” ഉമറിനെ കാത്തു നില്‍ക്കുന്ന ദൂതനോട് ഒരാള്‍ വന്നു അങ്ങനെ പറഞ്ഞപ്പോള്‍ അത്ഭുതം ഇരട്ടിക്കുകയായിരുന്നു.. ഉമര്‍ ഇപ്പോള്‍ പോയി എന്നോ..? എന്നിട്ട് താന്‍ ആര്‍പ്പുവിളികളോ വാദ്യഘോഷങ്ങലോ കേട്ടില്ലല്ലോ..? തങ്ങളുടെ നാട്ടില്‍ രാജാക്കന്മാര്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ കേള്‍ക്കുന്ന പതിവ് ആഘോഷശബ്ദങ്ങളും കേട്ടില്ല.. ദൈവമേ.. ഇതെന്തൊരു നാടാണ്..?
ഇങ്ങനെ ചിന്തിച്ചു കൊണ്ട് ഉമര്‍ പോയ വഴിയില്‍ അയാള്‍ നടക്കുകയാണ്.. രാജാധിരാജന്‍ ഉമര്‍ പോയ വഴിയില്‍ കൊടിതോരണങ്ങള്‍ തൂക്കിയിട്ടില്ല.. പൂക്കള്‍ വാരി വിതറിയിട്ടില്ല.. എന്താണ് ഇവിടെ ഇങ്ങനെ..? ഇതെല്ലാം അയാള്‍ക്ക് പുതിയ കാഴ്ചകള്‍ ആയിരുന്നു.. അങ്ങനെ ഓരോന്ന് ചിന്തിച്ചു ചിന്തിച്ചു നടന്നു അവര്‍ പള്ളിയിലെത്തി..
മദീനയുടെ പാര്‍ലമെന്റ് കൂടിയായ മസ്ജിദുന്നബവി.. ഈന്തപ്പനതടിയില്‍ നാട്ടിയ ഈന്തപ്പനയോല കൊണ്ട് മേഞ്ഞ പള്ളി.. അതിന്റെ പുറത്തു അല്‍പ്പം തണലുള്ള ഭാഗത്ത് വെറും മണ്ണില്‍ അതാ കിടക്കുന്നു കൈ തലയിണ ആക്കി വച്ച് കൊണ്ട് അതിവിശാലമായ ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭരണാധികാരി ഉമര്‍ ഫാറൂക്.. ഖലീഫ ഉമര്‍ ഉറങ്ങുകയാണ്. സ്വസ്ഥമായി...
“അതാണ്‌ ഞങ്ങളുടെ അമീറുല്‍ മു’മിനീന്‍.. താങ്കള്‍ അങ്ങോട്ട്‌ ചെല്ലൂ.. ഞാന്‍ അദ്ദേഹത്തെ വിളിച്ചുണര്‍ത്തി തരാം..” ഇത് വരെ കണ്ട അത്ഭുതങ്ങള്‍ ഒന്നും ഒരു അത്ഭുതം ആയിരുന്നില്ലേ? ഇതാ ഒരു ഭരണാധികാരി കിടന്നുറങ്ങുന്നു. വെറും മണ്ണില്‍.. കൊട്ടാരങ്ങളും പരിവാരങ്ങളും അംഗരക്ഷകരും പട്ടുമെത്തയും വീശികൊടുക്കാന്‍ വേലക്കാരോ ഒന്നുമില്ലാതെ.. ഇതെന്തു ഇന്ത്രജാലം ആണ്.. ഞാന്‍ എത്തിയിരിക്കുന്നത് വല്ല മായാലോകത്തും ആണോ?
“ഇതാണോ നിങ്ങളുടെ ചക്രവര്‍ത്തി ഉമര്‍..?”
കൂടെയുള്ളയാള്‍ പുഞ്ചിരിച്ചു.. “അദ്ദേഹം ചക്രവര്‍ത്തി അല്ല, ഞങ്ങളുടെ നേതാവ് മാത്രം..”
പിന്നെ ഒന്നും ആ ദൂതന്‍ ചോദിക്കാന്‍ നിന്നില്ല. ഒരു സന്ധി സംഭാഷണവും അയാളുടെ ഓര്‍മ്മയില്‍ അപ്പോള്‍ വന്നില്ല.. വിളിച്ചുണര്‍ത്തിപ്പോള്‍ ദേഹത്തെ മണല്‍ തട്ടി കൊണ്ട് ഉറക്കച്ചടവോടെ എഴുന്നേറ്റ ഉമറിനെ നോക്കി അയാള്‍ ഒന്നേ പറഞ്ഞുള്ളൂ...
“അല്ലയോ ഉമര്‍, താങ്കള്‍ നീതി പാലിച്ചിരിക്കുന്നു. അത് കൊണ്ടാണ് താങ്കള്‍ക്ക് സ്വസ്ഥമായി ഉറങ്ങാന്‍ കഴിയുന്നത്.. ഞങ്ങളുടെ രാജാവ് നീതി പാലിക്കുന്നില്ല.. അത് കൊണ്ട് അദ്ദേഹത്തിന് ഉറങ്ങാന്‍ കഴിയുന്നില്ല.. അദ്ദേഹം ഭയവിഹ്വലനായിരിക്കുന്നു.. ഹേ ഉമര്‍, താങ്കളെ ഇത്രയേറെ നീതിമാനാക്കിയ മതം ഞാനും സ്വീകരിക്കുകയാണ്.. അശ്ഹദുഅന്‍ ലാ ഇലാഹ ഇലല്ലാഹ്, വ അശ്ഹദുഅന്ന മുഹമ്മദുറസൂലുല്ലാഹ്..!!"

------------------------------------------------------------------------------------

ഉമറിന്റെ നിശ്ശബ്ദതക്ക് പോലും ഒരാളെ ഇസ്ലാമിലേക്ക് ആകര്‍ഷിക്കാനുള്ള കഴിവുണ്ടായിരുന്നു..

റളിയന്‍ലാഹു അന്‍ഹു..
 

Install SUNNI News 4 News & Live

.

Con: 09387762313

For Audio Recording SAMAR