Ads 468x60px

"മണവാട്ടി കരഞ്ഞ രാത്രി"

അസര്‍  നമസ്ക്കാരം കഴിഞ്ഞ് ഒരു നടത്തം പതിവാണ് , കൂടെ ഈ അടുത്ത് പരിചയപ്പെട്ട കൂട്ടുകാരന്‍ നിസാറുമുണ്ടാകും .
വിശേഷങ്ങള്‍ പറഞ്ഞ് നടക്കുന്നതിനിടയില്‍ ഒരു ദിവസം ഞാനവനോട് ചോദിച്ചു
" നീ തഹജ്ജുദ് നമസ്ക്കാരിക്കാറുണ്ടോ നിസാര്‍ ..?
പതിവില്ലാത്ത ചോദ്യം കേട്ടതും ചിരിച്ച് കൊണ്ട് അവന്‍ പറഞ്ഞു
" ഉണ്ടല്ലോ പക്ഷെ കല്ല്യാണം കഴിഞ്ഞതിന് ശേഷമായിരുന്നു ഞാന്‍ തഹജ്ജുദ് നമസ്ക്കാരിക്കാന്‍ തുടങ്ങുന്നത് "
"അതെന്തേ ..? എന്തെങ്കിലും കാരണം ..?" എന്ന്‍ ചോദിച്ചപ്പോള്‍ അവന്‍ താന്‍ തഹജ്ജുദ് നമസ്ക്കാരിക്കാന്‍ കാരണമായ ആ
കഥ പറയാന്‍ തുടങ്ങി

അത്യാവശ്യം സമ്പന്ന കുടുംബത്തില്‍ ജനിച്ച എനിക്ക് ഒരു പാവപ്പെട്ട കുടുംബത്തില്‍ നിന്നും ഒരു കുട്ടിയെ കല്ല്യാണം കഴിക്കാനായിരുന്നു ആഗ്രഹം മറ്റൊന്നും കൊണ്ടായിരുന്നില്ല നല്ല ദീനീ ബോധവും, അച്ചടക്കവും ,ആളുകളോട് പെരുമാറാനും, കുടുംബത്തെ ഒരുപോലെ സ്നേഹിക്കാനുമൊക്കെ കഴിവുള്ള ഒരു കുട്ടിയെ കിട്ടാന്‍ അത്തരമൊരു തീരുമാനം എടുക്കണം എന്നൊക്കെയുള്ള തോന്നല്‍ എന്നെ അങ്ങനെ ചിന്തിപ്പിച്ചു .

ഞാനക്കാര്യം വിവാഹം ആലോചിക്കുന്ന സമയത്ത് വീട്ടുകാരോട് പറയുകയും ചെയ്തു പക്ഷെ ഉമ്മ ഒഴിച്ച് മറ്റുള്ളവര്‍ക്ക് അതിന് സമ്മതമായിരുന്നില്ല കാരണം അവര്‍ക്കത് ഇഷ്ട്ടമില്ലാഞ്ഞിട്ടായിരുന്നില്ല എന്തോ ജേഷ്ട്ടന്‍മ്മാരും ഉപ്പയും എതിര്‍പ്പ് പ്രകടിപ്പിച്ചു അവരെ വെറുപ്പിച്ച് കൊണ്ട് ഒരു തീരുമാനം എടുക്കാന്‍ വീട്ടിലന്ന്‍ എനിക്ക് കഴിയില്ലായിരുന്നു .
അവസാനം അവര്‍ പറഞ്ഞതനുസരിച്ചുള്ള ഒരു കുട്ടിയെ കല്ല്യാണം കഴിക്കാന്‍ ഞാന്‍ സമ്മതിച്ചു

മനസ്സിലപ്പോഴും എന്‍റെ ചിന്തകള്‍ ഒരു ചെറിയ കുടുംബത്തില്‍ ജനിച്ച കുട്ടിയെ ജീവിത പങ്കാളിയായി കിട്ടണം എന്നൊക്കെ തന്നെയായിരുന്നു അത് കൊണ്ട് തന്നെ പല നല്ല ആലോചനകളും ഞാന്‍ ഇഷ്ട്ടപെട്ടില്ല എന്ന കാരണം പറഞ്ഞ് മുടക്കി . അവസാനം വിധി എന്ന പോലെ മനസ്സിനിഷ്ട്ടപെട്ട ഒരു കുട്ടിയെ തരക്കേടില്ലാത്ത ഒരു വലിയ കുടുംബത്തില്‍ നിന്നും കാണിച്ച് തന്ന്‍ " ഇതിനും കുറ്റങ്ങള്‍ കണ്ട് പിടിക്കണം നിസാറെ " എന്നുപ്പ എന്നെ വല്ലാത്ത ഭാവത്തോടെ നോക്കി പറഞ്ഞപ്പോള്‍ ഞാനതിന് സമ്മതം കൊടുത്തു പക്ഷെ ഭയം മറ്റൊന്നായിരുന്നു ഇത്രയും വലിയൊരു കുടുംബത്തില്‍ വളര്‍ന്ന ഇവള്‍ക്ക് ഇസ്ലാമികപരമായ ജീവിത രീതികള്‍ അറിയുമോ ..? , എന്‍റെ ഇഷ്ട്ടങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കാന്‍ കഴിയുമോ..? , ഫാഷനും അടിപൊളി ജീവിതവും ഒക്കെയായിരിക്കില്ലേ ഇവള്‍ക്ക് ..?? എന്നൊക്കെയുള്ള ചോദ്യങ്ങള്‍ വല്ലാതെ എന്നെ വേട്ടയാടി കൊണ്ടിരുന്നു . നിക്കാഹ് കഴിഞ്ഞ് അവളോട്‌ ഫോണിലൂടെ സംസാരിക്കുമ്പോള്‍ അവളുടെ പല ചോദ്യങ്ങളും ഉത്തരങ്ങളും എന്നെ വല്ലാതെ തളര്‍ത്തുന്നുണ്ടായിരുന്നു . വീട്ടുകാരോട് മനസ്സിലുള്ള വിഷമം പലപ്പോഴും ഞാന്‍ തുറന്ന് പറഞ്ഞു , എന്നെ ഇങ്ങനെയൊരു ബന്ധത്തില്‍ കൊണ്ട് പോയി ചാടിച്ച് ജീവിതം നശിപ്പിച്ചപ്പോള്‍ എല്ലാവര്‍ക്കും സമാധാനമായല്ലോ എന്നൊക്കെ പറയുമ്പോള്‍ " കല്ല്യാണം കഴിഞ്ഞില്ലല്ലോ നിസാറെ നീ ഇങ്ങനെയൊക്കെ പറയാന്‍ " എന്ന്‍ പറഞ്ഞ് അവരെന്നെ ഒറ്റപ്പെടുത്തുന്നത് പോലെ തോന്നിയിരുന്നു .

വിവാഹത്തിന്‍റെ ദിവസമെത്തുമ്പോള്‍ സന്തോഷം തോന്നേണ്ട എനിക്ക് എന്തെന്നില്ലാത്ത പേടിയായിരുന്നു . സ്വപ്നം കണ്ട ജീവിതം നഷ്ട്ടപെട്ടവന്‍റെ മനസ്സുമായി ആരോടും ഒന്നും പറയാതെ എല്ലാം പടച്ചവനോട്‌ പറഞ്ഞ് വിധിയാണന്നൊക്കെ സമാധാനിച്ച് ഞാന്‍ നടന്നു .
വിവാഹം ആഘോഷത്തോടെ തന്നെ കഴിഞ്ഞു . ഭാര്യയായി കിട്ടിയവളെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ എനിക്ക് എന്തോ വല്ലായ്മ്മ തോന്നുമായിരുന്നു . . അന്ന് രാത്രി അലങ്കരിച്ച എന്‍റെ മണിയറയിലേക്ക് വന്ന അവള്‍ അരികിലിരുന്നപ്പോള്‍ . സത്യത്തില്‍ അവളെയൊന്ന് നോക്കാന്‍ പോലും മനസ്സിനിഷ്ട്ടമില്ലായിരുന്നു . കുറച്ച് നേരം ഉള്ളിലുള്ളതൊന്നും അവളെ കാണിക്കാതെ സംസാരിച്ച് കൊണ്ടിരുന്നു . ചോദിച്ചതിനൊക്കെ അവള്‍ തലതാഴ്ത്തിയിരുന്ന് പതുക്കെ മറുപടി തന്നു .
കൂടുതലൊന്നും ചോദിക്കാതെയും പറയാതെയും ഞാന്‍ പുറത്തേക്കിറങ്ങി .

ഭക്ഷണം കഴിച്ച് കിടക്കാനോരുങ്ങുമ്പോള്‍ അവളെ മൈന്‍ഡ് ചെയ്യാതെ എന്തൊക്കെയോ ആലോചിച്ച് കിടക്കുകയായിരുന്നു ഞാന്‍ ..

കൂടുതല്‍ സംസാരിക്കാന്‍ നില്‍ക്കാതെ കല്യാണ ദിവസത്തിന്‍റെ ക്ഷീണം കാരണം ഞാന്‍ പെട്ടെന്നുറങ്ങി . ഉറക്കത്തില്‍ എന്തൊക്കെയോ കാണുന്നുണ്ട് തകര്‍ന്ന സ്വപ്‌നങ്ങള്‍ എന്നെ നോക്കി ചിരിക്കുന്നത് കാണാമായിരുന്നു ഞാനപ്പോഴും നഷ്ട്ടപെട്ട എന്‍റെ ജീവിതത്തേയും , കിനാവുകളെയും കുറിച്ച് പാടി ഭ്രാന്തനെ പോലെ അലയുകയായിരുന്നു ..

പെട്ടെന്നാണ് ആരോ കരയുന്നത് പോലെ തോന്നിയത് സ്വപ്നങ്ങള്‍ ഓടി മറഞ്ഞപ്പോള്‍ ഉറക്കില്‍ നിന്നെഴുന്നേറ്റ്‌ ചെവിയോര്‍ത്തതും തന്‍റെയരികില്‍ നിന്നാണ് ഒരു തേങ്ങല്‍ കേള്‍ക്കുന്നത് . മൊബൈലെടുത്ത് മൊബൈലിന്‍റെ വെളിച്ചത്തില്‍ എന്താണന്ന്‍ നോക്കിയപ്പോള്‍ അവള്‍ എഴുന്നേറ്റിരുന്ന്‍ മുഖം താഴ്ത്തി കരയുന്നു . പെട്ടെന്നെഴുന്നേറ്റ് എന്താണ് കാര്യമെന്നറിയാതെ ലൈറ്റ് ഓണ്‍ ചെയ്ത് അവളുടെ മുഖമുയര്‍ത്തി നോക്കിയപ്പോള്‍ ഒരുപാട് നേരം കരഞ്ഞിട്ടുണ്ടെന്ന് അവളുടെ കലങ്ങിയ കണ്ണുകളും കണ്ണീര് കൊണ്ട് നനഞ്ഞ തട്ടവും കണ്ടപ്പോള്‍ മനസ്സിലായി . ഭയത്തോടെ ഞാന്‍ " എന്താ എന്തിനാ നൂര്‍ജാ നീ കരയുന്നതെന്ന്‍ ചോദിച്ചപ്പോള്‍ മറുപടി പറയാതെ അവള്‍ മുഖം താഴ്ത്തിയത് കണ്ടതും താന്‍ അവളോട്‌ കൂടുതല്‍ സംസാരിക്കുവാനോ , അടുക്കാനോ ശ്രമിക്കാത്തത് കൊണ്ടാണോ എന്ന്‍ തോന്നി
അവളുടെ മുഖം പതുക്കെ ഉയര്‍ത്തി " എന്താ പറ്റിയത് ..? പറഞ്ഞേ എന്നെ ഇഷ്ട്ടമായില്ലേ ..? അതോ ഞാനൊന്നും സംസാരിക്കാതെ കിടന്നത് കൊണ്ടാണോ ..???"
എന്നെല്ലാം ഇടറിയ സ്വരത്തില്‍ ചോദിച്ചതും കൂടുതല്‍ പറയാനയക്കാതെ മയിലാഞ്ചി മണക്കുന്ന അവളുടെ കൈ എന്‍റെ ചുണ്ടില്‍ വെച്ച് എന്‍റെ കണ്ണുകളിലേക്ക് നോക്കി മുഖം തുടച്ച് കൊണ്ട് പറഞ്ഞു
" ഇക്കയെ എനിക്കൊരുപാടിഷ്ട്ടമാണ്..
ഞാന്‍ കരഞ്ഞത് ... എനിക്ക് ... എനിക്ക് ഞാനെന്നും തഹജ്ജുദ് നമസ്ക്കരിക്കാറുണ്ട് ഇവിടെ വുളു ചെയ്യാന്‍ പുറത്തേക്ക് പോകാന്‍ എനിക്കറിയില്ല
ഇക്കയുടെ ഉറക്കം നഷ്ട്ടപെടുമെന്ന് കരുതി വിളിക്കാനും കഴിഞ്ഞില്ല സുബഹി വാങ്ക് കൊടുക്കുമെന്ന് ഉറപ്പായപ്പോള്‍ നമസ്ക്കാരം നഷ്ട്ടപെടുന്നത് ആലോചിച്ചപ്പോ കരഞ്ഞതാ എന്നോടൊന്നും തോന്നരുത് ഇക്കാ " എന്ന്‍ കൊച്ചു കുട്ടിയുടെ മനസ്സോടെ തന്‍റെ ഖല്‍ബിന്‍റെ സങ്കടം പ്രിയതമ അന്ന്‍ പറഞ്ഞപ്പോള്‍ എന്‍റെ മനസ്സിനുള്ളില്‍ സന്തോഷത്തിന്‍റെ തിരമാലകള്‍ അലയടിച്ച് കൊണ്ടിരിക്കുകയായിരുന്നു .

ആ വാക്കുകള്‍ കേട്ട് നിറഞ്ഞ കണ്ണുകള്‍ അവള്‍ കാണാതെ തുടച്ച് പടച്ചവനെ സ്തുതിച്ച് ഞാനവളോട്
" എന്നോടൊന്ന് പറയാമായിരുന്നില്ലേ വരൂ " എന്ന്‍ പറഞ്ഞ് വിളിച്ചെഴുന്നേല്‍പ്പിച്ച് ഉളൂ ചെയ്യാന്‍ പുറത്തേക്ക് കൊണ്ട് പോയി.
അവളുടെ കൂടെ ഉളൂ ചെയ്ത് റൂമില്‍ വന്ന് അന്നാദ്യമായി തഹജ്ജുദ് നമസ്ക്കരിച്ച് സലാം വീട്ടി അവളുടെ കൈകളില്‍ ചുംബിക്കുമ്പോള്‍ താന്‍ സ്വപ്നം കണ്ടതിനേക്കാള്‍ ഈമാനുള്ള പെണ്ണിനെ തന്നെ ജീവിതസഖിയായി കിട്ടിയതിലുള്ള പറഞ്ഞാല്‍ തീരാത്ത സന്തോഷം മനസ്സില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ടായിരുന്നു . അന്ന് മുതല്‍ ഞാന്‍ തഹജ്ജുദ് നമസ്ക്കരിക്കാറുണ്ട് . എന്ന്‍ പറഞ്ഞവന്‍ നിര്‍ത്തിയപ്പോള്‍ സ്വാലിഹായ ഭാര്യയെ കിട്ടിയ അവനെയോര്‍ത്ത് എന്‍റെ മനസ്സിലും വല്ലാത്ത സന്തോഷം തോന്നി .

കല്ല്യാണം കഴിക്കാന്‍ പോകുന്ന പെണ്ണിന്‍റെ ദീനിന്‍റെ നിലവാരവും , മറ്റും നോക്കേണ്ടത് സ്വത്തിന്‍റെ ഏറ്റ കുറച്ചിലുകളിലൂടെയല്ല എന്നും സൃഷ്ട്ടാവിനെ ഭയപ്പെടുന്നവര്‍ പണമുള്ളരാണങ്കിലും , ഇല്ലാത്തവരാണങ്കിലും അവര്‍ അവന്‍റെ ദീന്‍ ഖല്‍ബില്‍ സൂക്ഷിക്കുന്നുണ്ടെങ്കില്‍ അത് ഒരുപോലെയായിരിക്കുമെന്നും അവന്‍റെ വാക്കുകള്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ടായിരുന്നു ..
 

Install SUNNI News 4 News & Live

.

Con: 09387762313

For Audio Recording SAMAR