Ads 468x60px

ഖമറുൽ ഉലമ എഴുതുന്നു...

എന്റെ ചെറുപ്പത്തിലെ മധുരമുള്ള ഓര്‍മകളില്‍  ഒന്ന് വീട്ടിലെ മൗലിദ് സദസ്സാണ്. പിതാവിന്റെ നേതൃത്വത്തില്‍ ആയിരുന്നുവത്. അയല്‍ വീടുകളിലൊക്കെ മൗലിദ് നടക്കും. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും പോകും. എന്റെ പിതാവ് അതിനൊക്കെ നേതൃത്വം നല്‍കുന്ന ഒരാളായിരുന്നു. പഠിക്കുന്ന സ്‌കൂളിലും മൗലിദ് ഉണ്ടാകും. അന്ന് മദ്രസയും സ്‌കൂളും ഒന്നാണ്. ആഘോഷം ആയിട്ടൊന്നുമില്ലായിരുന്നു. തോരണം കാണും. ചില സ്ഥലങ്ങളില്‍ സ്രാമ്പിയ എന്ന പേരില്‍ മരപ്പലകകളാല്‍ ഉണ്ടാക്കിയ സ്ഥലമുണ്ടാകും ദീന്‍ പഠിക്കാന്‍. സ്‌കൂളിന് അടുത്തുള്ള സ്രാമ്പിയകളേ വിജയിക്കുകയുള്ളൂ. കാന്തപുരം അങ്ങാടിയില്‍ ഇപ്പോള്‍ പള്ളി നില്‍ക്കുന്ന സ്ഥലത്ത് സ്രാമ്പിയ ഉണ്ടായിരുന്നു. അതിന്റെ തൊട്ടടുത്തൊരു എല്‍.പി സ്‌കൂളും ഉണ്ട്. കാന്തപുരത്തെ മറ്റൊരു സ്‌കൂളിലായിരുന്നു എന്റെ പഠനം. അവിടെ നൂറ്റമ്പത് കുട്ടികള്‍ക്ക് ഒരു ഉസ്താദായിരുന്നു ഉണ്ടായിരുന്നത്. റമദാനിനു മാത്രം ഒരാളെക്കൂടി വെക്കും നോമ്പ് കാലത്ത് അന്ന് മതപഠനം സംവിധാനങ്ങള്‍ക്ക് അവധി ഉണ്ടായിരുന്നില്ല. ക്ലാസ് അസര്‍ വരെയുണ്ടാകും. അതിനാല്‍ ഖുര്‍ആന്‍ നന്നായി തജ്‌വീദ് അനുസരിച്ച് പഠിപ്പിക്കല്‍ റമദാനില്‍ ആണ്. അതില്‍ ചെറിയ കുട്ടികളെ വേറെ പഠിപ്പിക്കാന്‍ ഒരു ഉസതാദിനെ പ്രത്യേകം കൊണ്ടുവരും. മൗലിദ് ഇല്ലാത്ത ഒരു മുസ്‌ലിം വീടും ആ കാലത്ത് ഉള്ളതായി അറിയില്ല. പന്ത്രണ്ട് വരെ എല്ലാ വീടുകളിലും മൗലിദ് ഉണ്ടാകും. പന്ത്രണ്ടിന് ശേഷം എല്ലാവരെയും ഒരുമിപ്പിച്ച് ഓരോ വീട്ടിലും ഓരോ മൗലിദ് സദസ്സും സംഘടിപ്പിക്കും.

ബുര്‍ദയും അന്ന് ഉണ്ടായിരുന്നു. പക്ഷേ, പൊതുവെ കുറവായിരുന്നു. വഅളിന്റെ ആദ്യമൊക്കെയാണ് അന്ന് ബുര്‍ദ കൂടുതലും ചൊല്ലിയിരുന്നത്. ബുര്‍ദ തുടങ്ങി എന്ന് കേട്ടാല്‍ വഅള് തുടങ്ങാറായി എന്നാണര്‍ത്ഥം. മന്‍ഖൂസ് മൗലിദ്, ബര്‍സന്‍ജി മൗലിദ്, ശറഫല്‍ അനാം മൗലിദ് എന്നിവയൊക്കെയായിരുന്നു കാര്യമായി ഓതിയിരുന്നത്. എന്റെ നാട്ടില്‍ വലിയൊരു പ്രമാണിയുണ്ടായിരുന്നു. അയാളുടെ വീട്ടില്‍ റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന് തന്നെ വലിയ മൗലിദ് പരിപാടി നടത്തും. അവിടെ ബര്‍സന്‍ജി മൗലിദ് ആയിരുന്നു ഓതിയിരുന്നത്. അവേലത്ത് തങ്ങളെ വീട്ടിലും വലിയ പരിപാടി ഉണ്ടായിരുന്നു. അവിടെയും ബര്‍സന്‍ജി ആയിരുന്നു പാരായണം ചെയ്തിരുന്നത്. ബാക്കിയുള്ള വീടുകളില്‍ ശറഫല്‍ അനാമും മന്‍ഖൂസും ഓതും. പക്ഷെ, എല്ലാവരും അശ്‌റഖല്‍ ബദ്‌റൂ അലൈനാ എന്ന കീര്‍ത്തന കാവ്യം ചൊല്ലുമായിരുന്നു. ഇത്ര എഴുതിയത് നബിദിനാഘോവും മൗലിദും നമ്മുടെ മുന്‍ഗാമികള്‍ തുടര്‍ന്നു വരുന്ന കര്‍മ്മമാണ് എന്ന് സൂചിപ്പിക്കാനാണ്. ഇസ്്‌ലാമില്‍ മൗലിദ് പാരായണത്തിന് തെളിവുകള്‍ അനേകമുണ്ട്. 0തിരുനബി(സ)യുടെ ചരിത്രങ്ങള്‍ അനുസ്മരിക്കുന്തിനും അതിന് വേണ്ടി ഒരുമിച്ച് കൂടുന്നതിനുമാണ് ഇസ്‌ലാമില്‍ മീലാദുന്നബി എന്ന് പറയുന്നത്. മൗലിദില്‍ ഉദ്ദരിക്കപ്പെടുന്ന പ്രധാന ചരിത്രം നബി(സ)യുടെ ജനനവും അതുമായി ബന്ധപ്പെട്ട സംഭവങ്ങളുമായതിനാലാണ് മീലാദ് എന്ന് പേര് വന്നത്. സൂറത്തുല്‍ ജുമുഅക്കു ജുമുഅ എന്ന് പേരുള്ള പോലെ. നബി(സ)യുടെ ചരിത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ട സംഭവമാണ് തിരുപ്പിറവിയുടെ സമയത്തുണ്ടായ അത്ഭുതങ്ങള്‍. പ്രസവിക്കുന്നതിന് മുമ്പ് ആമിനാ ബീവിക്കുണ്ടായ അത്ഭുതങ്ങള്‍ എന്നിവ. യാതൊരു തെറ്റും ചെയ്തിട്ടില്ലാത്ത ആളുകളുടെ പരമ്പരയിലൂടെയാണ് അല്ലാഹു റസൂലിനെ കൊണ്ടുവന്നത്. ഏറ്റവും നല്ല തറവാട്ടില്‍, കുടുംബത്തില്‍ ആണ് അവിടുന്ന് ജനിച്ചത്. ജനനം മുതല്‍ നുബുവ്വത്തും രിസാലത്തും ലഭിക്കുന്നത് വരെ വളരെ വിശുദ്ധമായിരുന്നു അവിടുത്തെ ജീവിതം. ജനന-ജീവിത പശ്ചാത്തലവുമായി ബന്ധപ്പെട്ട ചരിത്രങ്ങളും സംഭവങ്ങളുമാണ് മീലാദുന്നബിയില്‍ പറയപ്പെടുന്നത്. കാരണം, രിസാലത്ത് കിട്ടിയ ശേഷം അത്ഭുത സംഭവങ്ങളും (മുഅ്ജിസത്ത്) സത്യസന്ധതയും (സ്വിദ്ഖ്) ജ്ഞാനവും (മഅ്‌രിഫത്ത്) ഉണ്ടാവുമെന്നത് വ്യക്തമാണ്. അവയൊന്നും കൂടാതെ ഒരാള്‍ റസൂല്‍ ആവില്ലല്ലോ. റസൂല്‍ ആയി പ്രഖ്യാപിക്കപ്പെട്ട ശേഷം ഉള്ള മഹത്വങ്ങള്‍ നാം പറഞ്ഞു കൊണ്ടിരിക്കുന്നു. എന്നാല്‍ അതിനേക്കാള്‍ കൂടുതല്‍ പ്രസക്തിയുള്ളത് പ്രവാചക ലബ്ദി ഉണ്ടാകുന്നതിന് മുമ്പ് തന്നെ എല്ലാ തിന്മകളില്‍ നിന്നും വിട്ടു നില്‍ക്കുന്ന ആളാണ് റസൂല്‍ എന്നതിനാണ്.

മീലാദ് എന്നാല്‍ അര്‍ത്ഥമാക്കുന്നത് നബി(സ) യുടെ മദ്ഹ് പറയുന്നതിനാണല്ലോ. റസൂല്‍(സ) യുടെ മഹത്വം പൂര്‍വ്വകാല വേദ ഗ്രന്ഥങ്ങളായ തൗറാത്ത്, ഇന്‍ജീല്‍, സബൂര്‍ എന്നിവയിലെല്ലാം ഉണ്ടായിരുന്നു. ആ ഗ്രന്ഥങ്ങള്‍ ഇറക്കപ്പെട്ട പ്രവാചകരും  തിരുദൂതരെ  പ്രകീര്‍ത്തിച്ചിരുന്നു. കൂടാതെ, അല്ലാഹുവിന്റെ മലക്കുകള്‍ റസൂലിന്റെ പിറവിക്ക് എത്രയോ മുമ്പേ അവിടത്തെ പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ആ പ്രകീര്‍ത്തന രീതി യാതൊരു മാറ്റവുമില്ലാതെ നമ്മിലേക്ക് എത്തിയതാണ്.

മീലാദ് ആദം നബിയുടെ കാലം മുതലേ ഉണ്ട്. ശേഷം വന്ന മുഴുവന്‍ പ്രവാചകന്‍മാരും നബി(സ)യുടെ മീലാദ് നടത്തി എന്നത് തീര്‍ച്ചയാണ്. അതിന്റെ രൂപങ്ങളില്‍ ഒരുപക്ഷേ വ്യത്യാസമുണായിട്ടുണ്ടാകാം. സൂറത്തു ആലുഇംറാനിലെ എണ്‍പത്തിയൊന്നാമത്തെ ആയത്ത് ഇതിലേക്കുള്ള സൂചനയാണ്.

സ്വഹാബത്ത് തന്നെ പ്രകീര്‍ത്തനങ്ങള്‍ നടത്തിയതിനു എത്രയോ തെളിവുകളുണ്ട്. ഒരിക്കല്‍ മദീന പള്ളിയില്‍ ഒരുമിച്ചു കൂടി കഴിഞ്ഞുപോയ അമ്പിയാക്കളുടെ മദ്ഹ് പറഞ്ഞിരിക്കുകയാരുന്നു സ്വഹാബത്ത്. അത് കേട്ട നബി(സ) പറഞ്ഞതിങ്ങനെ., 'ഇബ്‌റാഹീം നബി അല്ലാഹുവിന്റെ ഖലീല്‍ ആണെന്ന് നിങ്ങള്‍ പറയുന്നത് ഞാന്‍ കേട്ടു. എന്നാല്‍ ഞാന്‍ അല്ലാഹുവിന്റെ ഖലീലും ഹബീബും ആകുന്നു.'

സ്വഹാബത്ത് നബി(സ) യുടെ മീലാദ് പറയാന്‍ വേണ്ടി ഒരുമിച്ചിട്ടുണ്ട്. എന്ന കാര്യം നിശ്ചയം. ഹസ്സാനുബ്‌നു സാബിത്ത്(റ)വിന് പ്രത്യേകമായ ഒരു ഇടം (മിമ്പര്‍) തയ്യാറാക്കി നല്‍കിയിരുന്നു, പ്രവാചകരുടെ മദ്ഹ് പാടാന്‍. ഖുറൈശികളുടെ ആക്ഷേപങ്ങള്‍ക്ക് മറുപടി പറയാന്‍ നബി (സ) ഹസ്സാന്‍ (റ)വിനെ ചുമതലപ്പെടുത്തിയിരുന്നു.

ആയിശ ബീവി(റ) ഒരിക്കല്‍ ഹസ്സാനുബ്‌നു സാബിത്(റ) വിനെ മദ്ഹ് പറയുമ്പോള്‍ ചിലര്‍ ചോദിച്ചു. “ഹസ്സാന്‍ അന്ന് ബീവിക്കെതിരെ ആരോപണം പറഞ്ഞവരില്‍ ഒരാളായിരുന്നില്ലേ.? എന്നിട്ടും എന്താണ് അവരെ മദ്ഹ് ചെയ്യുന്നത്?” . ആയിശ(റ)യുടെ മറുപടി ഇപ്രകാരമായിരുന്നു : “വ ഇന്ന അബീ വ വാലിദതീ......., എന്ന ഹസ്സാന്റെ ഒരൊറ്റ വരി തന്നെ ആ ദോഷമൊക്കെ പൊറുക്കപ്പെടാന്‍ പര്യാപ്തമാണ്” . ആയിശ ബീവിയെ മരണം വരെ അസ്വസ്ഥമാക്കിയ സംഭവമായിരുന്നു അവിഹിതാരോപണം. എന്നിട്ടും ഹസ്സാനുബ്‌നു സാബിത്(റ) വിനെപ്പറ്റി ശ്രേഷ്ടമായ വാക്കുകള്‍ അവര്‍ പറഞ്ഞെങ്കില്‍ അതിനര്‍ത്ഥം തിരുനബി(സ)യുടെ മഹത്വം പറയലും പാടലുമൊക്കെ അത്രമേല്‍ ഉല്‍കൃഷ്ടമാണ് എന്നാണ്.അതിനാല്‍ സ്വഹാബത്തു തന്നെ മൗലിദ് നടത്തിയിട്ടുണ്ട്. നബി(സ) യുടെ അറിവോടെയും അല്ലാതെയും ഒരുമിച്ചു കൂടിയിട്ടുമുണ്ട്.

എല്ലാ ദിവസവും ഒരുപോലെയല്ലെന്നും ചില നിര്‍ണ്ണിത ദിവസങ്ങളെ പ്രത്യേകം ബഹുമാനിക്കണമെന്നും ഖുര്‍ആനില്‍ പ്രതിപാദിക്കുന്നുണ്ട്. 'അല്ലാഹുവിന്റെ ദിവസങ്ങളെ നിങ്ങള്‍ ജനങ്ങള്‍ക്ക് ഓര്‍മ്മപ്പെടുത്തി നല്‍കുക' നബി(സ) ജനിച്ച ദിവസത്തേക്കാള്‍ ശ്രേഷ്ടമായ ഏതു ദിവസമാണുള്ളത്! അല്ലാഹുവിന്റെ ദിനങ്ങളില്‍ പ്രധാനം അതാണല്ലോ.

മൗലിദ് കഴിക്കല്‍ ഹിജ്‌റ മുന്നൂറിനു ശേഷം വന്നതാണ് എന്ന പരാമര്‍ശം ശരിയല്ല. പലര്‍ക്കും അങ്ങനെയൊരു തെറ്റിദ്ധാരണയുണ്ട്. തഴവയുടെ ആ വരികള്‍ സാങ്കേതികമായി ശരിയല്ല. മൗലിദിന് ആളുകളെ ഒരുമിപ്പിച്ച് വിപുലമായ രൂപത്തില്‍, മുളഫര്‍ രാജാവിന്റെ നേതൃത്വത്തില്‍, ഭക്ഷണം നല്‍കുന്ന സമ്പ്രദായം അന്ന് മുതല്‍ തുടങ്ങി എന്നാവും ആ വരിയില്‍ അദ്ദേഹം ഉദ്ദേശിച്ചിട്ടുണ്ടാവുക എന്നാണ് എന്റെ അനുമാനം.

റബീഉല്‍ അവ്വല്‍ വരുമ്പോള്‍ നമ്മുടെ ഹൃദയവും ഭവനവുമൊക്കെ പ്രവാചക സ്‌നേഹപ്രകടനത്തിന്റെ വ്യത്യസ്ത ആവിഷ്കാരങ്ങള്‍ കൊണ്ട് നിറഞ്ഞു നില്‍ക്കണം. നബിയെ പൂര്‍ണ്ണമായി സ്‌നേഹിക്കുമ്പോഴേ നമ്മുടെ വിശ്വാസം തികവുള്ളതാകൂ.

കാന്തപുരം ഏ പി അബൂബക്കർ മുസ്ലിയാർ

0 comments:

 

Install SUNNI News 4 News & Live

.

Con: 09387762313

For Audio Recording SAMAR