കാലത്ത് ആറര മണിക്ക് കുട്ടിയുടെ കയ്യും പിടിച്ച് പെരിന്തൽമണ്ണയിലെ പ്രമുഖ നായ നൂറോളജിസ്റ്റിൻ്റെ മുറിക്കു പുറത്ത് ഊഴം കാത്തു നിൽക്കുമ്പോഴാണ് ഡോറിലെ നോട്ടീസ് ശ്രദ്ധയിൽ പെട്ടത്. 1-10 - 15 മുതൽ ഫീസിൽ അമ്പതു രൂപയുടെ വർദ്ധനവ് വരുത്തിയിരിക്കുന്നു - കഴിഞ്ഞ തവണ 300 ആയിരുന്നു കൊടുത്തത്. അമ്പതു കൂടി ചേർത്തുവച്ചു തയ്യാറായി നിൽക്കുന്നതിനിടയിൽ വാതിൽ തുറന്നു. ഇപ്പൊ എങ്ങനെ ണ്ട്? കുഴപ്പൊന്നുല്ല" ടോർച്ചെടുത്ത് കണ്ണിലേക്കൊന്ന ടിച്ചു നോക്കി. സ്റ്റെതസ്കോപ്പു കൊണ്ട് രണ്ടു മൂന്നു കുത്ത്.
"പ്പെത്രകാലായി? " നവംബറിൽ ഒരു കൊല്ലം പൂർത്യായി" "കുറച്ചു കൂടി തുടർന്നോട്ടെ" കുറിപ്പിൽ പഴയത് തുടരാൻ എഴുതി. ദക്ഷിണ കൊടുത്തു. നിവർത്തി നോക്കി ഉറപ്പു വരുത്തി.മേശ വലിപ്പിലിട്ടു. മുറിക്കു പുറത്തു കടന്നപ്പോൾ നോട്ടീസിലേക്ക് ഒന്നു കൂടി തിരിഞ്ഞു നോക്കി. പണ്ട് നാട്ടുമ്പുറത്തെ പീടികച്ചുവരുകളിൽ കണ്ടിരുന്ന നോട്ടീസാണ് ഓർമ്മയിലോക്കോടി എത്തിയത്. ഇലക്കും പുകയിലക്കും വില കൂടിയതിനാൽ ഇനി മുതൽ ഇരുപത് ബീഡിയുടെ ഒരു കെട്ടിനു് എഴുപത് പൈസയാക്കിയിരിക്കുന്നു. മാന്യ പുകവലിക്കാർ സഹകരിക്കണം. ഇപ്പോൾ വാങ്ങുന്ന ബീഡിക്കൊപ്പം ഒരു തീപ്പെട്ടി സൗജന്യം! കാരണം ചൂണ്ടിക്കാണിച്ചു.പിന്നെ ചെറിയൊരു ആശ്വാസവും. ഈ വിധ മര്യാദയൊന്നും ഡോക്ടറുടെ നോട്ടീസിലില്ല. രാവിലെ ആറു മണി മുതൽ എട്ടര വരെ നാല്പതിലധികം ടോക്കൺ. രണ്ടര മണിക്കൂർ കൊണ്ട് വരുമാനം ഏതാണ്ട് 15000 രൂപ.ഒമ്പതു മണി മുതൽ അഞ്ചു മണി വരെ ഹോസ്പിറ്റലിൽ. ഇവിടെ നിന്ന് പ്രതിമാസം ശമ്പളവും കമ്മീഷനുമായി ഏതാണ്ടഞ്ചാറു ലക്ഷം രൂപ.വൈകുന്നേരം വീണ്ടും ഒരു പത്തു പതിനഞ്ച് ടോക്കൺ. ഇത്രയൊക്കെ ആയിട്ടും ഇദ്ദേഹത്തിന് അരി വാങ്ങാൻ കാശ് തികയുന്നില്ല. അപ്പൊ പിന്നെ ഫീസു കൂട്ടാതെന്തു ചെയ്യും? ഇങ്ങനെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്ന ഈ ഡോക്ടർമാരിൽ പലരുടേയും സഹായികളായവർക്ക് കൊടുക്കുന്ന വേതന oകേട്ടാൽ ഞട്ടിപ്പോകും. രണ്ടായിരം മുതൽ മൂവ്വായിരം വരെ. ഡ്രൈവർക്ക് അയ്യായിരം മുതൽ ആറായിരം വരെ. മറ്റൊന്നും ചെയ്യാൻ കഴിയാത്തവർ പ്രാരാബ്ധ oകൊണ്ട് കിട്ടുന്നതു വാങ്ങി കഴിഞ്ഞുകൂടുന്നു.ആരോഗ്യരംഗത്ത് ഇന്നു നിലനിൽക്കുന്ന അറവ് സംസ്കാരത്തിൻ്റെ ചെറിയൊരു ചിത്രമാണിത്. എന്തെങ്കിലും കാര്യമായ അസുഖം വരുമ്പോൾ ജീവൻ്റെ സുരക്ഷയെ ഓർത്ത് പേരുകേട്ട ഡോക്ടറെ തേടി പോകുമ്പോൾ പാവപ്പെട്ടവന് നേരിടേണ്ടി വരുന്ന കൊടിയ ചൂഷണം. 300 തന്നെ വായ്പ വാങ്ങി വരുന്നവന് അമ്പതു കൂടി വാങ്ങേണ്ടി വരുന്നു.പണത്തിനോടുള്ള ആർത്തി കൂടുന്നതിനിടക്ക് ഇവർക്ക് നഷ്ടപ്പെടുന്നത് മനുഷ്യത്വമാണ്.
ഇന്നും അമ്പത് രൂപയിൽ താഴെ പരിശോധനാ ഫീസ് വാങ്ങുന്ന ധാരാളം ഡോക്ടർമാർ നമ്മുടെ നാട്ടിലുണ്ട്. അവരാരും മോശക്കാരുമല്ല. മക്കരപറമ്പിലെ കുഞ്ഞഹമ്മദ് കുട്ടി ഡോക്ടർ, മലപ്പുറത്തെ അബ്ദു റഹിമാൻ ഡോക്ടർ, മഞ്ചേരിയിലെ തമ്പ്രാൻ ഡോക്ടർ ( മരിച്ചു പോയി ) ഇങ്ങനെ എത്രയോ പേരുണ്ട്. 3 രൂപയായിരുന്നു മരിക്കുന്നതു വരെ തമ്പ്രാൻ ഡോക്ടറുടെ ഫീസ്. അതു തന്നെ ജീവകാരുണ്യ പ്രവർത്തന ങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്.മാരുള്ളവർ 20 രൂപയും 30 രൂപയും ഏറിയാൽ അമ്പതു രൂപ വരെ വാങ്ങുന്നവർ.ഇവർക്കൊന്നും ഒരൊഴിവുമില്ല താനും. അവരെ പോലെ ആവണമെന്നു പറയുന്നില്ല. ഒരു കോടി മുടക്കി ഡോക്ടറാ കമ്പോൾ പത്തും അമ്പതും ഫീസു വാങ്ങുന്നത് പ്രായോഗികവ്വമല്ല. എന്നാലും അവനവൻ്റെ ജീവിത നിലവാരത്തിനുതകും വിധത്തിൽ ഒന്നു പരിമിതപ്പെടുത്തി കൂടെ.
പുനലൂർ താലൂക്കാശുപത്രിയിലെ ഡോക്ടർ സഹീർ ഷായും ഏലംകുളത്തെ ഹെൽത്ത് സെൻ്ററിലുണ്ടായിരുന്ന സുറൂർ ഡോക്ടറുമൊക്കെ വാഴ്ത്തപെടേണ്ടവരാണെന്നാണെൻ്റെ പക്ഷം. വലിയ സേവനങ്ങളാണ് അവരെ പോലുള്ളവർ സമൂഹത്തിനു് ചെയ്യുന്നത്. ഇവരൊക്കെ പാവപ്പെട്ട രോഗികളുടെയുള്ളിൽ ദൈവത്തിന് തുല്ല്യമായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. നോട്ടുകെട്ടുകൾക്കു മുകളിൽ അടയിരിക്കേണ്ടവനല്ല ഡോക്ടർ;രോഗാതുരമായ സാമൂഹ്യ വ്യവസ്ഥിതികളെ കൂടി ശസ്ത്രക്രിയ നടത്തി തിരുത്തിക്കേണ്ടവരാണെ മനുഷ്യ സ്നേഹത്തിൻ്റെ വെളിപാട് എന്നാണി വരിലെല്ലാം ഉണ്ടാകുക?
തിരിച്ച് ഞാനും കുട്ടിയും കൂടി ടൗണിലേക്ക് മടക്ക ഓട്ടോയിൽ കയറി.സ്റ്റാൻഡിൽ ഇറങ്ങി 14 രൂപ കൊടുത്തു.ഓട്ടോക്കാരൻ 7 രൂപ വാങ്ങി "കുട്ടിയല്ലേ, അതു മതി" എന്നു പറഞ്ഞ് ബാക്കി തിരിച്ചു തന്നു. കുടുംബം പോറ്റാൻ വേണ്ടി തുച്ഛ വരുമാനത്തിന് ജോലി എടുക്കുന്ന ഓട്ടോ തൊഴിലാളിയുടെ ജീവിതവീക്ഷണവും ധാർമ്മിക ബോധവും വളരെ വർഷങ്ങൾ സർവ്വകലാശാലകളിൽ അടവച്ചു വിരിയിച്ചിറങ്ങിയ ബഹുഭൂരിഭാഗം വരുന്ന ഡോക്ടർമാരിൽ കാണാത്തതെന്തേ എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല!
0 comments:
Post a Comment