Ads 468x60px

പാമ്പിനെ പേടിച്ച് ഉറക്കം പോയ വീട്ടിൽ . . . .

ജോലി കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയ അവൻ കണ്ടത് തന്റെ ഭാര്യയും മക്കളുമൊക്കെ തണുപ്പത്ത് വീടിന്റെ പുറത്ത് നിൽക്കുന്നതാണ്. "എന്ത് പറ്റി? എന്തിനാണ് എല്ലാവരും പുറത്തിറങ്ങി നിൽക്കുന്നത്?" ആശ്ചര്യത്തോടെ അയാൾ ചോദിച്ചു. "വലിയൊരു മൂർഖൻ പാമ്പ് വൈകുന്നേര സമയത്ത് റൂമിനകത്ത് കയറിപ്പോയിട്ടുണ്ട്, ഭയം കാരണമാണ് ഞങ്ങൾ ഇറങ്ങി പുറത്ത് നിന്നത്" ഭാര്യ പേടിയോടെ പറഞ്ഞു. കയ്യിൽ കിട്ടിയ വടിയുമായി അയാൾ ഉള്ളിൽ പേടിയോടെ റൂമിൽ കയറി എല്ലായിടത്തും പരിശോധിച്ചെങ്കിലും ഒന്നും കണ്ടില്ല. ഭാര്യയൊട് 'നിനക്ക് തോന്നിയതായിരിക്കും' എന്ന് പറഞ്ഞെങ്കിലും താൻ കണ്ടു എന്നതിൽ അവൾ ഉറച്ചു നിന്നതിനാൽ വീണ്ടും വീണ്ടും എല്ലായിടത്തും പരിശോധിച്ചു എങ്കിലും നിരാശയായിരുന്നു ഫലം. വീട്ടുകാർ പേടിയൊക്കെ മാറി അകത്തു കയറി ഉറങ്ങാൻ കിടന്നു. അയാൾ തന്റെ ജോലിപരമായ കണക്കുകൾ നോക്കാൻ തുടങ്ങി. പെട്ടെന്ന് ചുമരിൽ തൂക്കിയിട്ട കുപ്പായം ഇളകുന്നത് അയാളുടെ ശ്രദ്ധയിൽ പെട്ടു. അയാൾ ഞെട്ടിപ്പോയി, പാമ്പ് അവിടെയാണുള്ളതെന്ന് ഉറപ്പിച്ചു - പുറത്തേക്കോടി വടിയുമെടുത്ത് തിരിച്ചു വന്ന് ദൂരെ നിന്ന് പതിയെ കുപ്പായം പൊക്കിയെടുത്തു
നോക്കിയപ്പോൾ അവിടെ ഒന്നുനില്ലായിരുന്നു - ഫാനിന്റെ കാറ്റിൽ കുപ്പായം ഇളകുന്നതായിരുന്നു സത്യത്തിൽ. കണക്കുകളിൽ ശ്രദ്ധിക്കാൻ അയാൾക്ക് കഴിയുന്നില്ല, പാമ്പിനെ പറ്റിയുള്ള ചിന്തയായിരുന്നു മനസ്സ് നിറയെ. അയാൾ വിളക്കണച്ചു കിടന്നു, ഉറക്കം വരുന്നില്ല. മേശപ്പുറത്ത് വെച്ച കപ്പ് പെട്ടെന്ന് വീഴുന്ന ശബ്ദം കേട്ടു. പാമ്പ് മേശവലിപ്പിൽ ആയിരിക്കുമെന്ന് വിചാരിച്ച് പേടിച്ചരണ്ട് അയാൾ ലൈറ്റ് ഇട്ടുവെങ്കിലും ഒന്നും കണ്ടില്ല. വീണ്ടും റൂം മൊത്തം അരിച്ചു പെറുക്കി പരിശോധിച്ച ശേഷം കിടന്നെങ്കിലും കണ്ണടച്ചാലും തുറന്നാലും പാമ്പിന്റെ രൂപമാണയാളിൽ തെളിയുന്നത്. എത്ര ശ്രമിച്ചിട്ടും പാമ്പിനെ ചൊല്ലിയുള്ള പേടി കാരണം അയാൾക്ക് അന്ന് ഉറങ്ങാനേ കഴിഞ്ഞില്ല. തന്നോട് ഒരിക്കലും കളവ് പറഞ്ഞിട്ടില്ലാത്ത ഭാര്യ കണ്ടു എന്ന് ഉറപ്പിച്ചു പറഞ്ഞതിനാൽ ഉണ്ടാകും എന്ന ഉറപ്പ് കാരണം ചെറിയ ശബ്ദവും അനക്കവും പോലും അയാളിൽ ഭീതി നിറക്കുകയും ഉറക്കം കളയുകയും ചെയ്തു ! 

തമാശക്ക് പോലും ജീവിതത്തിൽ ഒരിക്കൽ പോലും കളവ് പറഞ്ഞിട്ടില്ലാത്ത, സത്യവാനെന്ന പട്ടം രിസാലത്തിന്റെ പദവി കൊണ്ടലങ്കരിക്കപ്പെടുന്നതിന്റെ മുമ്പ് കുട്ടിയായിരിക്കുന്ന കാലത്ത് തന്നെ സമൂഹം ഒറ്റമനസ്സോടെ വിളിച്ച ആദരവായ നബിതങ്ങൾ(സ്വ) നമ്മോട് ഉണർത്തിയിട്ടുള്ള ഒരു വീടുണ്ട് നമുക്ക് വരാൻ. അതിൽ ആരുമാരും കൂട്ടിനില്ലാതെ നാം കിടക്കുന്ന സ്ഥലത്ത് നിറയേ പാമ്പുകളും തേളുകളും ക്ഷുദ്രജീവികളും നിറഞ്ഞിട്ടുണ്ടാകുമത്രേ! 'ഞാൻ ഏകാന്തതയുടെയും അപരിചിതത്വത്തിന്റെയും പുഴുക്കളുടെയും പാമ്പുകളുടെയും ക്ഷുദ്രജീവികളുടെയും വീടാണ്' എന്ന് എല്ലാ ദിവസവും ഖബർ വിളിച്ചു പറയുന്നുണ്ടെന്ന് സത്യപ്രവാചകർ(സ്വ) പറഞ്ഞത് നമ്മൾ കേട്ടവരും അറിഞ്ഞവരുമാണ്. നിഷേധിയായ മനുഷ്യന്റെ മേൽ ഖബറിൽ, ഒരേ ഒരിക്കൽ ഒന്ന് ഭൂമിക്ക് മുകളിൽ ഊതിയാൽ പിന്നെ ഖിയാമത്ത് വരെ ഒരു പുല്ലുപോലും മുളക്കാത്ത അത്രയും വിഷമുള്ള ഭീമാകാരരായ 70 പാമ്പുകളെ ഏൽപ്പിക്കുമെന്നും അവകൾ അന്ത്യനാൾ വരെ അവനെ കടിച്ചും വേദനിപ്പിച്ചും കൊണ്ടേയിരിക്കുമെന്നും അവിടുന്ന് പറഞ്ഞ പാമ്പും നമ്മുടെ റൂമിൽ ഉണ്ടാകാനിടയുണ്ടെന്ന് അവിടുന്ന് സൂചിപ്പിച്ചതും നമ്മൾ കേട്ടിട്ടുണ്ട്.
കേവലം ഒരു പാമ്പ് നമ്മുടെ മുറിക്കകത്ത് ഉണ്ടെന്ന് നമ്മുടെ ഭാര്യ പറഞ്ഞതിന്റെ പേരിൽ ഉറക്കം പോലും നഷ്ടപ്പെട്ട് അതിനെ സൂക്ഷിച്ച്, ശ്രദ്ധിച്ച് നാം രാത്രി കഴിച്ചു കൂട്ടുന്നുവെങ്കിൽ പ്രയാസത്തിന്റെ മേൽ പ്രയാസമായ, ആരുമാരും കൂട്ടിനോ സഹായത്തിനോ ലഭ്യമല്ലാത്ത മണ്ണിനടിയിലെ സത്യമായ വീട്ടിൽ കാത്തിരിക്കുന്ന പാമ്പിനെ പേടിച്ച് നമുക്ക് ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് നാം ആലോചിക്കേണ്ടതില്ലേ ?!

റബീഅ് ഇബ്നു ഹൈതം തങ്ങൾ അവിടുത്തെ മുറ്റത്ത് ഒരു ഖബർ കുഴിച്ചു വെച്ചു ദിവസവും പലപ്രാവശ്യം പോയി കിടക്കുമായിരുന്നുവത്രേ..! ഉസ്മാൻ(റ) തങ്ങൾ ഖബർ കാണുമ്പോ അവിടുത്തെ നീളവും ആഴവുമേറിയ താടി മുഴുവൻ നനയുമാർ വിങ്ങി വിങ്ങിക്കരഞ്ഞിരുന്നുവത്രേ!. ഹോ! അവരൊക്കെ പാമ്പുകളെയും തേളുകളെയും പേടിച്ച്, ഒറ്റപ്പെടലിന്റെയും നിസ്സഹായതയുടെയും ലോകത്തേക്ക് തങ്ങളുടെ ശരീരത്തെ ഒരുക്കിവെച്ചു, തങ്ങളുടെ മനസ്സിനെ പാകപ്പെടുത്തിപ്പോയവർ. അവരെ നേതാക്കളെന്ന് പറഞ്ഞ് അഭിമാനിക്കുന്ന നാംഖബറെന്ന് കേൾക്കുമ്പോ തമാശയായ സ്ഥിതിയിലേക്കെത്തിപ്പോയെന്നതാണു സത്യം!. വൃത്തിയാക്കി വെടിപ്പാക്കിയ ഭംഗിയുള്ളൊരു സ്ഥലത്തെ ഖബർ കണ്ടിട്ട് 'ഈ ഖബർ കണ്ടപ്പോ
മരിക്കാൻ തോന്നുന്നു'വെന്ന് ഒരു മനുഷ്യൻ ചിരിച്ച് കൊണ്ട് പറഞ്ഞുവത്രേ!!
ﻗﺎﻝ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺇﻧﻤﺎ ﺍﻟﻘﺒﺮ ﺭﻭﺿﺔ ﻣﻦ ﺭﻳﺎﺽ ﺍﻟﺠﻨﺔ ﺃﻭ ﺣﻔﺮﺓ ﻣﻦ ﺣﻔﺮ ﺍﻟﻨﺎﺭ
ഹബീബായ നബിതങ്ങൾ(സ്വ) പറഞ്ഞു: "നിശ്ചയമായും ഖബർ ഒന്നുകിൽ സ്വർഗ്ഗീയാരാമത്തിൽ നിന്നുള്ള ഒരു ഭാഗമായിരിക്കും അല്ലെങ്കിൽ നരകീയ യാതനകളുടെ ഗർത്തത്തിൽ നിന്നുള്ള ഒരു ഗർത്തമായിരിക്കും" ആ ഖബ്റാകുന്ന വീട്ടിൽ വിജയിച്ചാൽ പിന്നെയങ്ങോട്ട്‌ ആത്യന്തിക വിജയത്തിന്റെ ലക്ഷ്യത്തിലേക്കുള്ള കാത്തിരിപ്പു മാത്രമാണ് ബാക്കി. ഹസ്രത്ത് ഉസ്മാൻ ഇബ്നു അഫ്ഫാൻ തങ്ങൾ പറയുമായിരുന്നു:
ﻓﺈﻥ ﻧﺠﺎ ﻣﻨﻪ ﻓﻤﺎ ﺑﻌﺪﻩ ﺍﻳﺴﺮ ﻣﻨﻪ، ﻭﺇﻥ ﻟﻢ ﻳﻨﺞ ﻣﻨﻪ ﻓﻤﺎ ﺑﻌﺪﻩ ﺍﺷﺪ ﻣﻨﻪ
ഖബറിലെ പരീക്ഷണങ്ങളിൽ വിജയിച്ചാൽ അവിടുന്നങ്ങോട്ടുള്ളതെല്ലാം എളുപ്പമാണ്, ഖബറിലുള്ള പരീക്ഷണങ്ങളിൽ പരാജിതനായാൻ അവിടുന്നങ്ങോട്ട് പിന്നെ അതിലേറെ വലിയ പ്രയാസമാണ് വരാനുള്ളത്" അകത്ത് നിന്റെ റൂമിലെ പാമ്പിനെ പേടിച്ച് പുറത്തുനിന്ന വീട്ടുകാർ നിന്റെ ഖബ്'റാകുന്ന അറയുടെ ഉള്ളിലേക്ക് നിന്നെ തനിച്ച് വിട്ട് പുറത്ത് നിന്ന് തിരിച്ചു പോരുകതന്നെ ചെയ്യുമല്ലോ. അതിനകത്തെ വ്യവഹാരങ്ങളെ തൊട്ടുള്ള പേടികൊണ്ട് ഒരു രാത്രിയത്തെ ഉറക്കമെങ്കിലും അലോസരപ്പെട്ടിട്ടുണ്ടോയെന്നൊന്ന് സ്വയം വിചാരണ ചെയ്യൽ അനിവാര്യമാണ്. നാഥാ പരീക്ഷണങ്ങളെ അതിജയിക്കാനുള്ള വിഭവങ്ങളൊരുക്കി വെച്ച് മരണത്തെ വരവേൽക്കാൻ ഞങ്ങളെ നീ സഹായിക്കണേ അല്ലാഹ്..

0 comments:

 

Install SUNNI News 4 News & Live

.

Con: 09387762313

For Audio Recording SAMAR