റമളാനുകളില്‍ നമ്മുടെ നാടുകളില്‍ തറാവീഹിനു ശേഷം അത്താഴ സമയം വരെ നീണ്ടു നില്‍ക്കുന്ന ഇല്‍മിന്‍റെ സദസ്സുകള്‍ ഉണ്ടായിരുന്നു. മദ്രസ്സകളുടെയും പള്ളികളുടെയുമൊക്കെ കമ്മിറ്റിക്ക് കീഴിലായിരുന്നു അത് നടന്നു വന്നിരുന്നത്. കാരണങ്ങള്‍ എന്തൊക്കെയായാലും അത്തരം നന്മകള്‍ നാട് നീങ്ങി എന്ന്‍ പറയാതെ വയ്യ. കാലം മാറിയപ്പോള്‍ അത് ഇസ്ലാമിക സംഘടനകള്‍ ഏറ്റെടുത്തു. അത് പിന്നീട് സുന്നി പള്ളികളില്‍ ളുഹറിനു ശേഷമുള്ള പ്രസംഗമായി ചുരുങ്ങി. ഇസ്ലാമിക പ്രബോധനത്തിന് എല്ലാ അര്‍ത്ഥത്തിലും പറ്റിയ സമയമാണ് റംസാന്‍. എത്ര ദീനുമായി അകന്നു ജീവിക്കുന്നവരും ദീനുമായും പള്ളിയുമായും അടുക്കുന്ന കാലം. പലരും ജോലി ഒഴിവാക്കി വെറുതെ ഇരിക്കുന്ന മാസം. ജോലികള്‍ നേരത്തെ നിറുത്തുന്ന കാലം.
ചിലയിടങ്ങളിലെങ്കിലും ദിക്ര്‍ ദുആ ബുര്‍ദ മൌലിദ് മജ്ലിസുകളും ദുആ സമ്മേളനങ്ങളുമൊക്കെ നടന്നിരുന്നു. കുറച്ചായി അതും കാണാറില്ല. സമൂഹം ആത്മീയതക്കായി ദാഹിക്കുന്നു. ഈ അവസരം സുന്നത് ജമാഅതിന്‍റെ എതിരാളികള്‍ മുതലെടുക്കുന്നുണ്ടോ എന്നും ചിലപ്പോഴൊക്കെ സംശയിക്കേണ്ടി വന്നിട്ടുണ്ട്. എവിടെ നല്ല സദസ് ഒരുക്കിയാലും മുഹ്മിനുകള്‍ നിറഞ്ഞു കവിഴുകയാണ്. കുണ്ടൂരില്‍ ബുര്‍ദ മജ്‌ലിസ് റംസാനില്‍ വന്‍ ജന സമൂഹത്തെ സൃഷ്ടിക്കുന്നു. മലപ്പുറം സ്വലാത് നഗറില്‍ ഒരുമിച്ചുകൂടുന്ന കോടികള്‍ക്ക് ലോകം സാക്ഷിയാണ്. നാട്ടിലെ കൊച്ചു കൊച്ചു സംഘടനാ പ്രവര്‍ത്തകര്‍ സര്‍ക്കുലറില്‍ മേല്‍ ഘടകങ്ങള്‍ നിര്‍ദേഷിക്കുന്നതില്‍ അപ്പുറം മറ്റൊന്നും നാം ചെയ്യേണ്ടതില്ലെന്ന് തെറ്റി ധരിച്ചിരിക്കുന്നു. ഒറ്റപ്പെട്ട് ആരെങ്കിലും നാലഞ്ച് പേര് ചേര്‍ന്ന് വല്ല ഇത്തരം സദസൊരുക്കിയാല്‍ അവരെ സംഘടനാ വിരുധരെന്നും സംഘടനക്കെതിര് നില്‍ക്കുന്ന ചാരന്മാരെന്നുമൊക്കെ മുദ്ര കുത്തുന്നതായും അനുഭവമുണ്ട്.
നാം ഉണരുക. ദീനീ ദഅവ നമ്മുടെ കടമയാണ്. ഓരോ മുസ്ലിമിന്‍റെയും. അതിനു പറ്റിയ അവസരങ്ങള്‍ നാം മുതലാക്കിയില്ലെങ്കില്‍ നമുക്ക് ആഖിറത്തില്‍ മീസാനിലേക്ക് ഭാരമായി ഒന്നുമുണ്ടാവില്ല. നാം ചെയ്താലും ഇല്ലെങ്കിലും ഖിയാമത് നാള്‍ വരെ ദീന്‍ നില നില്‍ക്കും. അത് പടച്ചവന്‍ ഏറ്റെടുത്തതാണ്. ദീനിന്‍റെ വളര്‍ച്ച നമ്മിലൂടെയാവാന്‍, അത് കാരണമായി നാം രക്ഷപെടാന്‍ ആണ് ഇതൊക്കെ ചെയ്യുന്നത്. അല്ലാഹു നമ്മെ ദീനിന്‍റെ ഖാദിമാക്കി ജീവിപ്പിക്കുമാറാവട്ടെ . . . . ആമീന്‍.