Ads 468x60px

വീട്, സ്നേഹമുള്ള കൂട്! നന്മകള്‍ പൂക്കാനും പന്തലിക്കാനും പറ്റിയ കൂടാരമാണ് വീട്

വീടും കുടുംബവും നമ്മുടെ ഉറവിടമാണ്. ഉള്ളുണര്‍ത്തുന്ന സ്നേഹത്തിന്‍റെ കൂടാണ് വീട്. സ്നേഹംകൊണ്ട് പൊതിഞ്ഞുകെട്ടിയ സമ്മാനമാണ് കുടുംബം. എത്ര അകന്നാലും മറന്നുപോകാത്ത ജീവിതസൗഭാഗ്യങ്ങള്‍. നമ്മുടെ പിറകെ പിച്ചവയ്ക്കുന്ന ഓര്‍മകളുടെ സുഗന്ധമാണത്. നമ്മെ നാമാക്കി മാറ്റിയ ആ ഉറവിടങ്ങളില്‍ നിന്നാണ് ജീവിതത്തിന്‍റെ നേരും നന്മയും പഠിച്ചത്. അഥവാ,അവിടെ നിന്നാണത് പഠിക്കേണ്ടത്.

പണം കൊടുക്കാതെ ഭക്ഷണം കഴിച്ച്, മഴകൊള്ളാതെ കിടന്നുറങ്ങാനുള്ള കെട്ടിടമല്ല വീട്. ആ കെട്ടിടത്തില്‍നിന്നും ഉയര്‍ന്നുവീശേണ്ടത് സംസ്കാരശീലങ്ങളുടെ തെളിര്‍ക്കാറ്റാണ്. മക്കള്‍ക്ക്‌ മാര്‍ഗദര്‍ശ കരാകേണ്ടവരാണ് ഉമ്മയും ഉപ്പയും. സത്യവും നന്മയുമാണ് എല്ലാത്തിനും മുകളില്‍ പരിഗണിക്കേണ്ടതെന്നു മക്കളെ പഠിപ്പിക്കേണ്ടത് അവരാണ്. ശരിയായി സമ്പാദിച്ച ഒരു രൂപയ്ക്ക്,അനര്‍ഹമായിക്കിട്ടിയ ഒരു കോടിയെക്കാള്‍ മൂല്യമുണ്ടെന്നു പറഞ്ഞുകൊടുക്കേണ്ടതും അവരാണ്. ആത്മാര്‍ഥവും കളങ്കരഹിതവുമായ ജീവിതത്തിലൂടെ മാത്രമേ ശാശ്വതമായ സ്വസ്ഥത ലഭ്യമാകൂവെന്ന മികച്ച പാഠം മക്കള്‍ക്ക് നല്‍കേണ്ടതും മാതാപിതാക്കള്‍ തന്നെ. അയല്‍പക്കവും ബന്ധുക്കളുമൊക്കെയാണ് ജീവിതത്തില്‍ കിട്ടാവുന്ന നല്ല സമ്പാദ്യമെന്നു ഉമ്മയില്‍ നിന്നും ഉപ്പയില്‍ നിന്നും കുട്ടികള്‍ പഠിക്കണം.

സ്നേഹം എന്ന ജീവജലത്തെക്കുറിച്ച് അവര്‍ക്ക് പറഞ്ഞുകൊടുക്കണം.സ്നേഹം കൊണ്ടാണ് മറ്റുള്ളവരെ കീഴടക്കേണ്ടതെന്നും സ്നേഹമാണ് ഉള്ളില്‍ നിറയ്ക്കേണ്ടതെന്നും അവരെ ഓര്‍മപ്പെടുത്തിക്കൊണ്ടേയിരിക്കണം. ഭക്തിയും ജീവിതവിശുദ്ധിയുമാണ് പരലോകജീവിതത്തിലേക്ക് ഗുണകരമാവൂ എന്നും, ദാനധര്‍മങ്ങള്‍കൊണ്ട് ലഭിക്കുന്ന മനസ്സുഖം മറ്റെല്ലാത്തിനേക്കാളും മികച്ചതാണെന്നും, നല്ല സൗഹൃദങ്ങളാണ് ജീവിതത്തിലെ നേട്ടമെന്നും വിനയത്തോടെയുള്ള പെരുമാറ്റത്തിന് വലിയ വിപ്ലവങ്ങള്‍ സൃഷ്ടിക്കാനാവുമെന്നും അഹങ്കാരം സ്വന്തത്തെ തന്നെ നശിപ്പിക്കുമെന്നും മക്കള്‍ പഠിക്കണം.
കണ്ണീരുപെയ്യുന്ന ജീവിതാനുഭവങ്ങളിലും പുഞ്ചിരിയോടെ ജീവിക്കാനുള്ള ചങ്കുറപ്പ് അവര്‍ക്കുണ്ടാവണം. ഒന്നിലും തോറ്റുപോകാതെ നെഞ്ചുവിരിച്ചു നില്‍ക്കാന്‍ അവര്‍ കരുത്തുനേടണം. തിന്മയില്‍ നിന്ന്‍ അകലാനും തിന്മയോട്‌ പൊരുതാനും അവര്‍ പഠിക്കണം. മനുഷ്യരോടും ജീവജാലങ്ങളോടഖിലവും കൃപയും കാരുണ്യവും പകരണമെന്ന് അവര്‍ അറിയണം. എത്ര കയ്പേറിയതാണെങ്കിലും സത്യത്തില്‍ ഉറച്ചുനില്‍ക്കുന്നതിന് ആരെയും ഭയപ്പെടേണ്ടതില്ലെന്നും അവര്‍ക്ക് ഉറപ്പുണ്ടാവണം. ഗുരുനാഥന്മാര്‍ കാല്‍വഴികളിലെ കെടാവിളക്കുകളാണെന്നും അദ്ധ്വാനമാണ് ജീവിതവിജയത്തിന്‍റെ അടിസ്ഥാനമെന്നും മനുഷ്യന്‍റെ മഹത്വം മനസ്സിന്‍റെ മഹത്വമാണെന്നും വ്യക്തിയുടെ വില വാക്കിന്‍റെ വിലക്കനുസരിച്ചാണെന്നും അവരറിയണം.

പാലിക്കപ്പെടാത്ത ഒരു വാഗ്ദാനവും തന്നിലുണ്ടാകരുതെന്നും വാക്കുകൊണ്ടോ നോക്കുകൊണ്ടോ ഒരാളെയും മുറിവേല്പ്പിരുതെന്നും അവര്‍ക്ക് നിര്‍ബന്ധമുണ്ടാകണം. ആകാശത്തിന് ചുവട്ടില്‍ ചെയ്യാവുന്ന ഏറ്റവും നല്ല പ്രവര്‍ത്തനം അല്ലാഹുവിന്‍റെ ദീനിനുവേണ്ടിയുള്ളതാണെന്നും, വിശുദ്ധ ഖുര്‍ആന്‍ പഠിക്കുകയും പകര്‍ത്തുകയും ചെയ്യുന്നതിലാണ് ജീവിത വിജയമെന്നും, യുക്തിബോധമില്ലാതെ ആടിക്കളിക്കുന്ന നടീനടന്മാരല്ല, സത്യത്തിന്റെ മഹാദൂതനായി വന്ന സ്നേഹ റസൂലാണ് തന്റെ ഹീറോ എന്നും അവര്‍ അഭിമാനത്തോടെ അറിയണം.

പാപങ്ങള്‍ പൂത്തുനില്‍ക്കുന്ന സാഹചര്യങ്ങളിലും കണ്ണും കാതും മനസ്സും വിശുദ്ധമാക്കി ജീവിക്കാന്‍ അവര്‍ ശീലിക്കണം. നന്മകളൊന്നും നിസ്സാരമല്ലെന്ന് അവര്‍ തിരിച്ചറിയണം. കേടില്ലാതെ ജീവിക്കാനും സ്വാര്‍ഥതയില്ലാതെ ഇടപെടാനും കള്ളമില്ലാതെ സംസാരിക്കാനും അവര്‍ പരിശീലിക്കണം. അല്ലാഹുവോടുള്ള ആത്മബന്ധമാണ് നന്മയിലേക്ക് നയിക്കുന്നതെന്നും തിന്മയില്‍ നിന്നകറ്റുന്നതെന്നും ഓരോ സെക്കന്‍ഡിലും
അവര്‍ ഓര്‍ക്കണം. എത്ര ഉയരങ്ങളിലേക്കുയര്‍ന്നാലും ഉമ്മയും ഉപ്പയുമാണ് വേരും വഴിവിളക്കുമെന്ന് അവര്‍ ഓര്‍ക്കണം. പ്രാര്‍ത്ഥനയാണ് ജീവിതത്തിന്‍റെ ഊര്‍ജ്ജമെന്നും, മതമാണ്‌ കാത്തുവെക്കേണ്ട മൂല്യമെന്നും അവര്‍ പഠിക്കണം.ഈ പാഠങ്ങള്‍ അവര്‍ക്ക് പകരേണ്ടത് ഉമ്മയും ഉപ്പയും തന്നെയാണ്. ഇത് പഠിക്കേണ്ട വിദ്യാലയം വീട് തന്നെയാണ്.

നന്മകള്‍ പൂക്കാനും പന്തലിക്കാനും പറ്റിയ കൂടാരമാണ് വീട്. വീടിന്‍റെ വലുപ്പത്തേക്കാള്‍ പ്രധാനമാണ് വീട്ടില്‍ വളരുന്ന നന്മകള്‍. മക്കള്‍ നന്മകളെല്ലാം കാണേണ്ടതും കൈവരിക്കേണ്ടതും വീട്ടില്‍ നിന്നാവണം. അതിനുള്ള സാഹചര്യങ്ങള്‍ വീട്ടിലൊരുക്കേണ്ടത് മാതാപിതാക്കളും.
“നിങ്ങള്‍ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും, മനുഷ്യരും കല്ലും കത്തിക്കപ്പെടുന്ന അഗ്നിയില്‍ നിന്ന്‍ രക്ഷിക്കുക” എന്നാ ഖുര്‍ആന്‍ വചനം (66:6) നമ്മുടെ വഴിവിളക്കാകണം. നരകാഗ്നിയിലേക്ക്‌ നമ്മളെയോ മക്കളെയോ അടുപ്പിക്കുന്ന യാതൊരു സാഹചര്യവും വീട്ടിലൊരുക്കിയിട്ടില്ലെന്നു ഉറപ്പുവരുത്താന്‍ സാധിക്കണം. “നിങ്ങള്‍ മക്കളുമായി നിരന്തരം ബന്ധം പുലര്‍ത്തുക. അവരെ സല്‍പ്പെരുമാറ്റം ശീലിപ്പിക്കുകയും ചെയ്യുക” എന്ന് നബിതിരുമേനി ഉണര്‍ത്തി.

ഇബ്‌നുമാജ ഉദ്ധരിച്ച ഒരു ഹദീസില്‍ മാതാപിതാക്കളെ സംബന്ധിച്ച് അന്വേഷിച്ചപ്പോള്‍ നബി തിരുമേനി പറഞ്ഞത് നോക്കുക : “അവര്‍ നിന്‍റെ സ്വര്‍ഗവും നരകവുമാണ്.” സ്വര്‍ഗത്തിന്‍റെ വഴിയിലൂടെ ജീവിതം ശീലിപ്പിക്കാനും നരകത്തീയിലേക്ക് വഴിപിഴപ്പിക്കാനും അവരെക്കൊണ്ടു സാധിക്കുമെന്ന് ചുരുക്കം. “എന്‍റെ കുട്ടിയുടെ അവകാശങ്ങള്‍ എന്തൊക്കെയാണ് ” എന്ന് ചോദിച്ചപ്പോള്‍ നബിതിരുമേനി പറഞ്ഞു : “താങ്കള്‍ അവന്‍റെ പേരും പെരുമാറ്റവും നന്നാക്കുക. നല്ല സ്ഥലത്ത് താമസിപ്പിക്കുകയും ചെയ്യുക”

പ്രവര്‍ത്തനങ്ങള്‍ വാക്കുകളേക്കാള്‍ ഉച്ചത്തില്‍ സംസാരിക്കുന്നു. മക്കളെ കൂടുതല്‍ ഉപദേശിക്കുന്നതിനേക്കാള്‍ നല്ലത് സൂക്ഷ്മതയുള്ളതും നന്മ നിറഞ്ഞതുമായ ജീവിതം മാതാപിതാക്കളിലുണ്ടാവലാണ്. അത്തരമൊരു മാതൃകയാണ് തിരുമേനി കാണിച്ചുതന്നത്. മക്കള്‍ കാണുന്ന രീതിയില്‍ മാതാപിതാക്കള്‍ പരസ്പരം വായിലേക്ക് ഭക്ഷണം കൈമാറണമെന്ന് നബിതിരുമേനി നിര്‍ദേശിച്ചു. സ്നേഹത്തിന്‍റെ അധരസിന്ദൂരം മക്കള്‍ക്ക്‌ ലഭിക്കേണ്ടത് ഇത്തരം കാഴ്ചകളില്‍ നിന്നാവണം.

ഫാത്വിമയുടെയും അലിയുടെയും ജീവിതം ഏറെ കഷ്ടതകള്‍ നിറഞ്ഞതായിരുന്നു. സാമ്പത്തിക പ്രയാസങ്ങള്‍ ഏറെ അനുഭവിക്കേണ്ടി വന്നു. നബിതിരുമേനിയുടെ ഉപദേശനിര്‍ദേശങ്ങള്‍ മാത്രമായിരുന്നു മകള്‍ക്കും മരുമകനും ആശ്വാസമായുണ്ടായിരുന്നത്. ഫാത്വിമ നല്ല ഭാര്യയായിരുന്നു. തികഞ്ഞ പക്വതയും തഖ്‌വയും നിലനിര്‍ത്തുന്ന വിശ്വാസിനി. ഭര്‍ത്താവിനെ പ്രയാസത്തിലാക്കുന്ന യാതൊന്നും അവരില്‍ നിന്ന്‍ ഉണ്ടായിരുന്നില്ല. പ്രിയതമന്‍ എന്ത് നല്‍കിയാലും സ്നേഹപൂര്‍വ്വം അത് സ്വീകരിക്കും. പരാതികളോ പരിഭവങ്ങളോ ഇല്ല. അതിനാല്‍ തന്നെ അവര്‍ തമ്മില്‍ അസാധാരണമായ സ്നേഹബന്ധമാണ് നിലനിന്നിരുന്നത്. സുഹൃത്തുക്കളെ പോലെയായിരുന്നു ജീവിതം. ഒപ്പം കളിച്ചുവളര്‍ന്നവരാണല്ലോ അവര്‍. നബിതിരുമേനിയുടെ രണ്ടുകരങ്ങളില്‍ കളിച്ചും കൊഞ്ചിയും പിച്ചവെച്ചവരാണ് ഇരുവരും. ജീവിതത്തിലും അവരെ നബിതിരുമേനി പിരിച്ചുകളഞ്ഞില്ല. ഫാത്വിമയെ വിവാഹം കഴിക്കാനുള്ള അലിയുടെ ആഗ്രഹം മനസ്സിലാക്കിയപ്പോള്‍ ആഹ്ലാദപൂര്‍വം അത് നടത്തിക്കൊടുക്കുകയായിരുന്നു. തഹജ്ജുദ് നമസ്കാരത്തിന്നായി മകളെയും മരുമകനെയും നബിതിരുമേനി(സ) വിളിച്ചുണര്‍ത്തിയിരുന്നു. എപ്പോള്‍ കണ്ടാലും അവരെ രണ്ടുപേരെയും ചേര്‍ത്തു പിടിച്ച് മുത്തം കൊടുക്കും.

ഒരിക്കല്‍ ഫാത്വിമ പ്രിയതമനോട്‌ ഒരു ആഗ്രഹം പറഞ്ഞു : “ഈത്തപ്പഴത്തിന് വല്ലാത്ത ആഗ്രഹമുണ്ട്. കഠിനമായ സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടെന്നറിയാം. എങ്കിലും ഒരാഗ്രഹം.” ലഭിക്കണമെന്ന് നിര്‍ബന്ധം പിടിക്കാതെ ആ മോഹം ഭര്‍ത്താവിനെ അറിയിച്ചു. പ്രയാസങ്ങളേറെയുണ്ടെങ്കിലും പ്രിയതമയുടെ ആഗ്രഹം തിരസ്കരിച്ചില്ല.അത്യാവശ്യത്തിന് കരുതിവെച്ചിരുന്ന പണമെടുത്ത് അങ്ങാടിയിലേക്ക് പുറപ്പെട്ടു. കുറച്ചു ഈത്തപ്പഴം വാങ്ങി തിടുക്കപ്പെട്ടു. വീട്ടിലേക്ക്‌ മടങ്ങുമ്പോള്‍ വഴിവക്കില്‍ വിശന്നൊട്ടിയ വൃദ്ധന്‍.. മുഖം കണ്ടാലറിയാം ആ ജീവിതത്തിന്‍റെ ക്ഷീണം. വയറൊട്ടിയ ആ പാവം അലിയില്‍ നിന്ന്‍ സഹായം യാചിച്ചു. പണമായി ഒന്നും നല്‍കാനില്ല. ഫാത്വിമയുടെ മോഹം പൂര്‍ത്തിയാക്കാന്‍ കൊണ്ടുപോകുന്ന ഈത്തപ്പഴമേയുള്ളൂ.
അലി രണ്ടാമതൊന്നു ആലോചിച്ചില്ല. അതുമുഴുവന്‍ അയാള്‍ക്ക്‌ നല്‍കി. വീട്ടില്‍ ചെന്ന പ്രിയതമയോട് ഈ വിവരം പറഞ്ഞു : “ഫാത്വിമാ,ഞാനങ്ങനെ ചെയ്തതില്‍ നിനക്ക് എതിര്‍പ്പുണ്ടോ?”
“ഒട്ടുമില്ല.അല്‍ഹംദുലില്ലാഹ്.ഈത്തപ്പഴം കഴിച്ചതിലേറെ സുഖവും മാധുര്യവും ഈ വാര്‍ത്ത കേട്ടപ്പോള്‍ ഞാന്‍ അനുഭവിക്കുന്നുണ്ട്.”-ഫാത്വിമയുടെ മറുപടി.
എത്ര മനോഹരമായ കാഴ്ചപ്പാട്! മുഖം കറുപ്പിക്കുന്ന ഒരു വചനം പോലും അവിടെയില്ല. പരാതി നിറഞ്ഞ വാക്കുകളില്ല.അല്ലാഹുവിനെക്കുറിച്ച പ്രതീക്ഷയും അവന്‍റെ മാര്‍ഗത്തിലുള്ള സമരസന്നദ്ധതയുമായിരുന്നു അവരുടെ ജീവിതത്തെ ഇത്ര സുധാമയമാക്കിയത്.
സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം പ്രവര്‍ത്തനങ്ങളെല്ലാം സ്വര്‍ഗത്തിലേക്കുള്ളതായിരിക്കണം. നരകത്തിലേക്ക് കാരണമാകുന്ന ഒന്നും ജീവിതത്തിലുണ്ടാകരുത്. വിവാഹജീവിതവും ഇതില്‍ നിന്നൊഴിവല്ല. വിവാഹിതനായതിന്‍റെ പേരില്‍ സ്വര്‍ഗം നഷ്ടപ്പെടരുത്. അഥവാ, തിന്മകളിലകപ്പെടുന്ന, ഹറാം ചെയ്തു പോകുന്ന, പാപം പ്രവര്‍ത്തിക്കുന്ന സാഹചര്യം ഉണ്ടായിക്കൂടാ. ഇഹലോകത്ത്‌ ജീവിച്ചപോലെ സ്വര്‍ഗത്തിലും ജീവിക്കണം.ഇവിടെ ഒന്നായിക്കഴിഞ്ഞ ഇണയോടൊപ്പം,മക്കളോടൊപ്പം മാതാപിതാക്കളോടൊപ്പം സ്വര്‍ഗത്തിലുമെത്തണം. ഖൂ അന്ഫുസകും വാ അഹ് ലീകും നാറാ… എന്ന ഖുര്‍ആന്‍ വചനത്തിന്റെ സാരം അതാണ്‌..

ദീനിന്‍റെ വഴിയാണ് വിജയത്തിന്‍റെത്. പട്ടിണിയും ദുരിതങ്ങളുമാണ് കൂട്ടിനുള്ളതെങ്കിലും മനസ്സ് പതറിപ്പോകാതെയും ബന്ധം ഉടഞ്ഞുപോകാതെയും നിലനില്‍ക്കണമെങ്കില്‍ ദീന്‍ അതില്‍ നിറഞ്ഞിരിക്കണം. അതുതന്നെയാണ് സ്വര്‍ഗത്തിലേക്കുള്ള വഴിയടയാളവും.

അബ്ദുല്‍ വദൂദ്

0 comments:

 

Install SUNNI News 4 News & Live

.

Con: 09387762313

For Audio Recording SAMAR