ഇന്നലെയാണ് "മാങ്ങ എങ്ങനെയാണ് പഴുക്കുന്നത്" എന്ന പത്രറിപ്പോർട്ട് ഒരു സുഹൃത്ത് എനിക്ക് വാട്സപ്പിൽ പങ്കുവെച്ചത് ..രണ്ടു രീതികളിൽ പഴുപ്പിച്ച മാങ്ങകളാണ് മിക്കവാറും പഴക്കടകളിലും സൂപ്പർമാർക്കറ്റുകളിലും മാളുകളിലുമൊക്കെ നമ്മെ കാത്തിരിക്കുന്നത്.. ഒന്ന് വെൽഡിങിന് ഉപയോഗിക്കുന്ന കാർബൈഡ് ഉപയോഗിച്ച് - ഇത് അന്യസംസ്ഥാനങ്ങളിൽ നിന്ന് പച്ചമാങ്ങ കയറ്റിയ ലോറികളിലെ പെട്ടികളിൽ നിക്ഷേപിച്ചു കുറച്ച് വെളളം കുടഞ്ഞു കൊടുക്കുകയേ വേണ്ടൂ.. പത്തുമണിക്കൂർ കൊണ്ട് കാർബൈഡ് വെളളവുമായി കൂടിച്ചേർന്ന് അസറ്റിലിൻ വാതകവും വിവധ ഓക്സൈഡുകളും ഉണ്ടാകുന്നു. കടുത്ത ചൂടിൽ ഓക്സൈഡുകൾ മാങ്ങയിൽ പ്രവർത്തിച്ച് പഴുപ്പിക്കുന്നു.. വൈകിട്ട് ലോറിയിൽ കയറ്റിയ പച്ചമാങ്ങ രാവിലെ നമ്മുടെ മാർക്കറ്റുകളിൽ ഇറങ്ങുമ്പോൾ പഴുത്തു ചുമന്നു കുട്ടപ്പനാകുന്ന മായാജാലം .. രണ്ടാമത്തേത് കുറച്ചുകൂടി എളുപ്പമാണ്, മാരകവും .. ഇത്തഡോൺ എന്ന രാസപദാർത്ഥം മാങ്ങയിൽ നേരിട്ട് സ്പ്രേ ചെയ്യുന്നു. നാലുമണിക്കൂർ കൊണ്ട് നോക്കിനിൽക്കെ മാങ്ങ പഴുത്തുവരും.....
ഇത് വായിച്ചപ്പോഴാണ് എന്താണ് വിഷമില്ലാതെ തിന്നാനാവുക എന്ന ചിന്തയിലേക്ക് മനസ്സ് പോയത്..
രാവിലെ ചായയോ കാപ്പിയോ കഴിച്ചാലോ... കാപ്പിയിൽ തളിക്കുന്ന കീടനാശിനിയെപ്പറ്റി പറഞ്ഞുതന്നത് കാപ്പി കർഷകൻ തന്നെ .. പൊടിക്കുന്നതിനു മുമ്പ് കാപ്പി കഴുകി വൃത്തിയാക്കാറില്ല എന്നാണ് അറിവ്. ചായയിലും കീടനാശിനികളും കൊളുന്ത് നുളളിക്കഴിഞ്ഞാൽ പെട്ടെന്നു വളരാൻ ഹോർമോണുകളും നിയന്ത്രണമില്ലാതെയാണ് പ്രയോഗിക്കപ്പെടുന്നത്. കൂടാതെ ചായയുടെയും കാപ്പിയുടെയും നിറംകൂട്ടാൻ ഉപയോഗിക്കുന്ന നിറങ്ങൾ വേറേയും...
ബേക്കറി പലഹാരങ്ങളുടെ കാര്യം പറയാനില്ല .. മനംമയക്കുന്ന നിറപ്പകിട്ടിൽ ചില്ലുകൂട്ടിലിരുന്ന് കൊതിപ്പിക്കുന്നത് മാരക രാസക്കൂട്ടുകളാണെന്ന് ആരോർക്കുന്നു. പ്രത്യേകിച്ചും ചുവപ്പ് നിറം നൽകുന്ന സുഡാൻ,മഞ്ഞനിറം നൽകുന്ന രാസപദാർത്ഥം ഒക്കെ കൊടും വിഷങ്ങളാണ്. ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ കേരളത്തിലെ ബേക്കറി ഉടമകളുടെ സംഘടന നിറങ്ങൾ ഉപയോഗിക്കില്ല എന്ന് തീരുമാനിച്ചതും നടപ്പാക്കാനാവാതെ പിൻവലിഞ്ഞതും ഇതിനിടയിൽ കണ്ടു. കണ്ണഞ്ചിപ്പിക്കുന്ന നിറമില്ലാത്ത പലഹാരങ്ങളോട് മലയാളി പുറംതിരിഞ്ഞതാണത്രേ കാരണം....
അരിയിലെ പോഷകങ്ങളേറെയുളള തവിട് കളഞ്ഞ് വൃത്തിയാക്കിയ അരിയോടാണ് മലയാളിക്ക് പഥ്യം .. "തുമ്പപ്പൂ പോലത്തെ ചോറ്" എന്നാണല്ലോ പ്രയോഗം തന്നെ .. ഇനി മട്ട അരി ആയാലോ വാങ്ങുന്നവരുടെ വയറ് മിനുങ്ങും, കാരണം നിലം മിനുക്കാൻ ഉപയോഗിക്കുന്ന റെഡ് ഓക്സൈഡ് ആണ് വെളള അരി മട്ടയാക്കാൻ ഉപയോഗിക്കുന്നത് .. നെൽകൃഷിയിൽ രാസവളങ്ങളും കീടനാശിനികളും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. കൂടാതെ അരിയും മറ്റ് ധാന്യങ്ങളും വ്യഞ്ജനങ്ങളുമൊക്കെ സൂക്ഷിക്കുന്ന ഗോഡൗണുകളിൽ ഉപയോഗിക്കപ്പെടുന്നത് മാരകമായ കീടനാശിനികളും എലികളേയും മറ്റ് ക്ഷുദ്രജീവികളേയും നശിപ്പിക്കുവാനുതകുന്ന കൊടുംവിഷങ്ങളും. ഫലം പണ്ട് നമ്മൾ സമാധാനത്തോടെ കഴിച്ചിരുന്ന കഞ്ഞിവെള്ളം ഇന്ന് ഇത്തരം വിഷങ്ങളുടെയൊക്കെ ലായനിയായി മാറി...
കറിവെക്കാൻ എന്താണുള്ളത്? .. കടലിൽ നിന്ന് പിടിച്ചയുടനെ കിട്ടുന്ന മീൻ കൊളളാം. പക്ഷെ അപൂർവ്വമാണത്... കടലിൽ പോയി രണ്ടുംമൂന്നും ദിവസമൊക്കെ കഴിഞ്ഞ് കരക്കണയുന്ന ബോട്ടുകാർ മത്സ്യം കേടാകാതിരിക്കാൻ ആശ്രയിക്കുന്നത് അമോണിയയടക്കമുളള രാസവസ്തുക്കളെ .. നല്ല മത്തി തിന്നണമെങ്കിൽ കടലൂരിൽ നിന്നോ ഒമാനിൽ നിന്നോ ഒക്കെ വരണമത്രെ.. കൂടാതെ മത്സ്യം സമൃദ്ധമായി കിട്ടുന്ന സമയത്ത് പിടിച്ച് മാസങ്ങൾ കഴിഞ്ഞ് ലഭ്യത കുറഞ്ഞ കാലത്ത് വിൽക്കാൻ സൂക്ഷിക്കുന്ന കോൾഡ് സ്റ്റോറേജുകൾ വേറെ.. ഇവിടങ്ങളിലൊക്കെ ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ അളവ് നമ്മൾക്ക് ഊഹിക്കാവുന്നതേയുളളൂ...
പച്ചക്കറികളെക്കുറിച്ച് എന്തു പറയാൻ.... കാർഷിക സർവ്വകലാശാല മാർക്കറ്റിൽ ലഭ്യമായ പച്ചക്കറികളിൽ നടത്തിയ പഠനത്തിൽ അന്യസംസ്ഥാന പച്ചക്കറികളിലെല്ലാം കൂടിയ അളവിൽ വിഷാംശം കണ്ടെത്തിയത് ഈയിടെ .. ഏകദേശം പത്തുവർഷം മുന്നെ തമിഴ്നാട്ടിലെ ൠഷിതുല്യനായ പരിസ്ഥിതി-ജൈവകൃഷി പ്രവർത്തകനായ നമ്മാൾവാർ പച്ചക്കറിതോട്ടങ്ങളിൽ യാതൊരു നിയന്ത്രണവുമില്ലാതെ കീടനാശിനി ഉപയോഗിക്കുന്നത് ചോദ്യംചെയ്തപ്പോൾ "നീങ്ക കവലപ്പെടാതണ്ണാ... ഇതെല്ലാം കേരളാവിലേക്ക്...... "എന്ന് മറുപടി കിട്ടിയത് മലയാളിക്ക് ഒരു മുന്നറിയിപ്പായി ഒരു അഭിമുഖത്തിൽ പറഞ്ഞുവച്ചത് ഓർമ്മവരുന്നു.
കാബേജ്, കോളിഫ്ലവർ,പാവൽ തുടങ്ങി മിക്ക പച്ചക്കറികളും കൂടിയ അളവിൽ കീടനാശിനി ഉപയോഗിച്ചാണ് കൃഷി ചെയ്യപ്പെടുന്നത്. ചീരയും പുതിനയും മല്ലിയിലയും അടങ്ങിയ ഇലവർഗ്ഗങ്ങളിൽ മാരക കീടനാശിനികൾ ഇലകളിൽ പലതവണ തളിക്കപ്പെടുന്നു. എന്തിന് പാവം കറിവേപ്പിലയിൽ പോലും എൻഡോസൾഫാൻ അടക്കം പ്രയോഗിക്കുന്നു എന്നു കേൾക്കുമ്പോൾ എങ്ങനെ ഞെട്ടാതിരിക്കും?.....
ഇനി നാട്ടിൽ കൃഷിചെയ്യുന്ന പച്ചക്കറിയുടെ കാര്യമെന്താണ്... ഡോക്ടർ ആയ സുഹൃത്തിന് തൻറെ രോഗിയായ ഒരു കർഷകൻറെ വാഴത്തോട്ടം കണ്ടപ്പോൾ ഒരു വാഴക്കുല വാങ്ങാൻ ആഗ്രഹം തോന്നി. തനിക്കുവേണ്ടത് കാണിച്ചുകൊടുത്തപ്പോൾ അയാളുടെ മറുപടി "അത് വിൽക്കാൻ വേണ്ടി കൃഷിചെയ്യുന്നതാണ്, വീട്ടിലെ ഉപയോഗത്തിന് ഉണ്ടാക്കിയത് അപ്പുറത്തുണ്ട്, സാറിന് അതിൽ നിന്ന് തരാം"എന്നായിരുന്നു. വാഴക്കൃഷിയിലെ കീടനാശിനി പ്രയോഗത്തെ കുറിച്ച് വിശദമായി പറഞ്ഞുതന്നത് ബസിൽ സഹയാത്രികനായി വന്ന കർഷകൻ .. വാഴക്കന്ന് ഫ്യൂറഡാനിൽ മുക്കിവെക്കുന്നതിൽ തുടങ്ങി അവസാനം വാഴ കുലച്ച ശേഷം റമ്മിൽ രാസവസ്തു ചേർത്തുളള പ്രയോഗം വരെ അയാൾ വിവരിച്ചുതന്നതോടെ പഴം എന്ന് കേൾക്കുമ്പോൾ തന്നെ പേടിയായി തുടങ്ങി.(തൻറെ മക്കൾക്ക് കൊടുക്കാൻ കൊളളാത്ത സാധനം മറ്റുളളവർക്ക് കൊടുക്കാൻ മനസ്സില്ലാത്തത് കൊണ്ട് വാഴക്കൃഷി നിർത്തിയ കർഷകനേയും ഇതിനിടെ കണ്ടു). പയറു കഴിക്കരുത് എന്ന് ഉപദേശിച്ചതും ഒരു കർഷകൻ. തൂങ്ങിനിൽക്കുന്ന പയർ നീണ്ട കവറിൽ നിറച്ച കീടനാശിനിയിൽ മുക്കിയെടുക്കുമത്രേ..
കൃഷി ചെയ്യുമ്പോൾ ഉപയോഗിക്കുന്നതിനു പുറമെ വിപണത്തിനു മുമ്പും ഉണ്ട് വിഷപ്രയോഗങ്ങൾ... കോവയ്ക്കയും പയറുമൊക്കെ കളർ ലായനിയിൽ മുക്കി നിറംകൂട്ടുന്നതിൻറെ വീഡിയോ റിപ്പോർട്ട് കണ്ടത് ഈയിടെ.
പഴങ്ങളും മാരകമായ വളങ്ങളും കീടനാശിനികളും ഉപയോഗിച്ചാണ് കൃഷിചെയ്യപ്പെടുന്നത്. കൂടാതെ മാർക്കറ്റിങിൽ ഏറെ രാസപ്രയോഗങ്ങൾ വേറെയും. തണ്ണിമത്തന് നിറംകിട്ടാൻ രാസവസ്തു ഉളളിലേക്ക് ഇൻജക്റ്റ് ചെയ്യുന്നു, മുന്തിരിയിൽ പ്രാണികളെ ഒഴിവാക്കാൻ പശചേർത്ത് കീടനാശിനി പ്രയോഗം, ആപ്പിളിന് തിളക്കം കിട്ടാൻ വാക്സ് പൂശൽ... അങ്ങനെയങ്ങനെ ...
ഇനി നോൺവെജ്കാരുടെ കാര്യമോ.... ഹോർമോൺ കുത്തിവെച്ച് ഹോർമോൺ തീറ്റ കൊടുത്ത് വളർത്തുന്ന കോഴികൾ.. കോഴി ഇറച്ചിയിലേക്ക് നേരിട്ട് യന്ത്രം വഴി പ്രത്യേക ലായനി കയറ്റുന്നതിൻറെ വീഡിയോയും ഈ അടുത്ത് കണ്ടു... ബലൂണിൽ കാറ്റ് നിറയ്ക്കുന്നപോലെ ഇറച്ചി വീർത്ത് തുടുത്ത് പുതിയാപ്പിള മാതിരിയാവും....
ബിരിയാണി അടക്കം വിഭവങ്ങളിൽ യാതൊരു തത്വദീക്ഷയുമില്ലാതെയാണ് അജിനാമോട്ടോയും നിറങ്ങളും ഒക്കെ ഉപയോഗിക്കപ്പെടുന്നത്.സദ്യ യിലൊക്കെ വീട്ടുകാരൻ വാങ്ങിക്കൊടുത്തില്ലെങ്കിൽ സ്വന്തമായി കൊണ്ടുവന്ന് ഇടുന്ന പാചകക്കാരുമുണ്ട്. മന്തിയും കബ്സയുംമജ്ബൂസും ബുഹാരിയുമൊക്കെ അടങ്ങുന്ന അറേബ്യൻ വിഭവങ്ങളുടെ കാര്യവും തഥൈവ. വീട്ടിൽ കബ്സ ഉണ്ടാക്കുമ്പോൾ പോലും ചേർക്കുന്ന "മാഗ്ഗി കട്ട"യുടെ പുറത്ത് മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് ( അജിനാമോട്ടോയുടെ രാസനാമം) എന്ന് ഉറുമ്പക്ഷരങ്ങളിൽ എഴുതിവെച്ചിട്ടുളളത് ആരും കാണാറില്ല. നാടെങ്ങുംമുളച്ചുപൊങ്ങുന്ന കുഴിമന്തിസ കടകളിൽ നിന്ന് വെട്ടിവിഴുങ്ങുന്നവർ സ്വയം കുഴിമാന്തുകയാണെന്ന് ഓർക്കുന്നത് നന്നാവും.
കോളകളിലെ വിഷാംശം പലവുരു മാധ്യമങ്ങൾ ചർച്ച ചെയ്തിട്ടുളളതാണ്. പെപ്സിയും ഏഴിൻറെ വെളളവും(സെവൻ അപ്പിൻറെ മലപ്പുറംഭാഷ) ഇല്ലാതെ മിക്ക ഗൾഫുകാർക്കും നടേപറഞ്ഞ വിഭവങ്ങൾ ഒന്നും ഇറങ്ങില്ലത്രേ.....
ചിന്തകൾ അറ്റമില്ലാതെ പോകുമ്പോൾ മുന്നിൽ ഒരു ചോദ്യം ഭീമാകാരരൂപം പൂണ്ട് നിൽക്കുന്നു....
" എന്ത് തിന്നും എൻറെ ദൈവമേ...? "
**വാൽക്കഷണം:
ഹോട്ടലിൽ ഊണു കഴിക്കാനിരിക്കുകയാണ്.മുന്നിൽ ഇട്ട ഇലയിൽ വെളളനിറത്തിൽ കറകൾ പോലെ എന്തോ.. വെളളം തളിച്ച് ഉരച്ച് കഴുകാൻ വിഫലശ്രമം നടത്തുന്ന എനിക്ക് മുന്നിലിരിക്കുന്ന ആളുടെ ക്ലാസ്..." അത് പോകില്ല സാറേ.. അടക്കാത്തോട്ടത്തിൽ നിന്ന് വെട്ടിയ വാഴയിലയാ.. കമുകിൽ മരുന്ന് തളിക്കുമ്പോൾ പോകാതിരിക്കാൻ നല്ല പശകൂട്ടിയാ തളിക്കുന്നത്.... "
** by
Dr Muhammad sayid
8/4/2015
Please share....
0 comments:
Post a Comment