Ads 468x60px

പുരുഷാധിപത്യം ഒരു യാഥാര്‍ഥ്യമാണ്. ലിംഗസമത്വം, മാര്‍ക്‌സിസം പോലെ ഒരു മനോഹര സ്വപ്‌നവും

സ്ത്രീപുരുഷ സമത്വത്തിനു വേണ്ടിയുള്ള മുറവിളി അപ്രസക്തവും വങ്കത്തവുമാണ്. പ്രകൃതിപരമായ വൈവിധ്യത്തെ വൈവിധ്യമായും ദൗര്‍ബല്യത്തെ ദൗര്‍ബല്യമായും ഉള്‍കൊള്ളാതെ മുറവിളി കൂട്ടുന്നവര്‍ക്ക് ഇപ്പോഴത്തെ ഫാഷനോടു കൂടെ ഒഴുകുന്നതിനു പകരം അതൊന്നു ശാസ്ത്രീയമായോ യുക്തിപരമായോ മതപരമായോ സ്ഥാപിക്കാനാവുമോ?

എ.പി. അബൂബക്കര്‍ മുസ്്ലിയാരുടെ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ തന്നെ നോക്കാം. സ്ത്രീക്കും പുരുഷനും രണ്ടുതരം കഴിവുകളും രണ്ടു റോളുകളുമാണ് എന്നും നായകത്വശേഷിയും മനക്കരുത്തും കൂടുതലുള്ള പുരുഷനാണ് പൊതുകാര്യങ്ങളില്‍ മുന്നില്‍ നില്‍ക്കേണ്ടതെന്നും ലളിതമായ ചില തെളിവുകള്‍ സഹിതം അദ്ദേഹം പറയുന്നു. അദ്ദേഹം പറഞ്ഞ പോയിന്റുകളില്‍ കൂടുതല്‍ മറുപടികളൊന്നും കണ്ടില്ല. കയറെടുത്തോടുന്ന വികാരജീവികളാവാതെ, വസ്തുനിഷ്ഠമായി ആ പറഞ്ഞ കാര്യങ്ങളെ നേരിടുകയാണ് സമത്വവാദികള്‍ ചെയ്യേണ്ടത്.

അദ്ദേഹം ചോദിച്ച കാര്യങ്ങളില്‍ ചിലത് - സ്ത്രീയും പുരുഷനും തുല്യരാണെന്നു തെളിയിക്കാന്‍ വെല്ലു വിളിക്കുന്നു, ഹാര്‍ട്ട്, ഹെഡ് പോലെ മനക്കരുത്തും അതിവൈദഗ്ധ്യവും വേണ്ട ശസ്ത്രക്രിയകള്‍ നടത്തുന്ന ഡോക്ടര്‍മാരില്‍ സ്ത്രീകള്‍ എത്ര ശതമാനമുണ്ട്? ഇന്നും, സ്വതന്ത്രമായി യുദ്ധം നയിക്കുന്ന പെണ്‍പട എവിടെയുണ്ട്? കൃത്യമായ ഉത്തരങ്ങളില്ലാതെ, ഒഴുക്കിനൊപ്പം അസഭ്യം പറഞ്ഞു ഒഴുകിപ്പോകുന്ന പ്രവണതയാണ് കൂടുതലും കണ്ടത്.

രാഷ്ട്രത്തെ മുന്നോട്ടു നയിക്കാന്‍ കഴിവുതെളിയിച്ച ആ പെണ്ണുങ്ങളുടെ ശതമാനക്കണക്കൊന്നു പറയാമോ? ചരിത്രം ഏതായാലും തുണക്കില്ല. അറ്റ്‌ലീസ്റ്റ് വര്‍ത്തമാനത്തില്‍ നിന്നെങ്കിലും?  എന്തേ ഉദാഹരണങ്ങള്‍, 5000 വര്‍ഷത്തെ മനുഷ്യചരിത്രമുള്ള ഇന്ത്യയില്‍ പോലും ഒരു ജാന്‍സി റാണിയിലേക്കും റസിയ സുല്‍ത്താനയിലേക്കും ഒതുങ്ങിപ്പോയി? പുരുഷകേസരികളുടെ ശതമാനക്കണക്കില്‍ ഇവരുടെ ശതമാനമെത്ര? ഫസല്‍ ഗഫൂറിനു തെളിവായ സുല്‍ത്താന റസിയ, സ്ത്രീനേതൃത്വം/ഭരണം പരാജയപ്പെടുമെന്നതിന്റെ മികച്ച ഉദാഹരണമാണ്. ബംഗ്ലാദേശിനെ കുട്ടിച്ചോറാക്കുന്ന ചക്കൊളത്തി പോരുകാരികള്‍ സ്ത്രീമികവിന്റെ ഉദാഹരണങ്ങളാണോ? എന്നാല്‍ തിരിച്ചാണ് കാര്യങ്ങള്‍ തെളിഞ്ഞു വരുന്നത്. കാര്യത്തിനോടാണു പ്രതികരിക്കേണ്ടത്. വികാരം കൊണ്ടു ലോകത്തെ നന്നാക്കാനാവില്ല.

യുദ്ധത്തില്‍ ആണിന്റെ ബലത്തില്‍ പൊരുതുന്ന പൈലറ്റുമാരുടെ കണക്കില്‍ വലിയ കാര്യമൊന്നുമില്ല. സമത്വത്തിന് യോഗ്യതയുണ്ടെങ്കില്‍ പെണ്‍പട സ്വന്തം, സ്വതന്ത്രം യുദ്ധം ചെയ്യുന്ന നാടു കാണിക്കണം. എവിടെയെങ്കിലും ഒരു പെണ്ണ് ഡ്രൈവര്‍ (വിമാനത്തിന്റെ ആയാലും) ആയതു കൊണ്ടു ആണും പെണ്ണും തുല്യമാകുമോ? കാര്‍ഡിയോളജിയുടെ കാര്യവും അതു തന്നെ. പെണ്‍ഡോക്ടര്‍മാരുടെയോ സര്‍ജന്‍മാരുടെയോ ബാഹുല്യം പറഞ്ഞതു കൊണ്ട് ഉത്തരമാകില്ലല്ലോ. സങ്കീര്‍ണ സാഹചര്യങ്ങളെ നേരിടാന്‍ പുരുഷനെ പോലെ കഴിവുണ്ടെന്നു തെളിയിക്കാന്‍ ഹാര്‍ട്ട്, ഹെഡ് സര്‍ജറികള്‍ ലീഡ് ചെയ്യുന്ന ലേഡീസര്‍ജന്‍മാരുടെ ശതമാനക്കണക്ക് ഉദ്ധരിക്കണം, ആധികാരിക സ്രോതസ്സുകളില്‍ നിന്ന്. ഒന്നും വേണ്ട, ഈ എഫ്.ബിയില്‍ പെണ്ണുങ്ങള്‍ക്കു വേണ്ടി പൊരുതാന്‍ പോലും പെണ്ണുങ്ങളെ മരുന്നിനേ കാണുന്നുള്ളൂ... അത് ആരെങ്കിലും തടഞ്ഞിട്ടാണോ? ഈ സമത്വവാദികളുടെ പെണ്ണുമ്പിള്ളമാരെങ്കിലും വേണ്ടേ ഇവിടെയൊന്നു മിന്നാന്‍? സമത്വന്‍ പോസ്റ്റിടുമ്പോള്‍ പാവം പെണ്ണ് ഇയാള്‍ക്കു വേണ്ടി ചോറുണ്ടാക്കുകയോ വസ്ത്രമലക്കുകയോ ആവും. അതാണ് സമത്വവാദത്തിന്റെ പ്രായോഗിക വിജയം.

രണ്ടു തലമുറകളെങ്കിലുമായി പാശ്ചാത്യലോകത്തും മറ്റു പലനാടുകളിലും സ്ത്രീകള്‍ക്ക് ആണുങ്ങളെപ്പോലെ പഠിക്കാനും മുന്നോട്ടു വരാനും അവസരങ്ങളുണ്ട്. നമ്മുടെ നാട്ടിലും ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതലും സ്ത്രീകളാണ് പലരംഗത്തും. എന്നിട്ടുമെന്തേ ശതമാനക്കണക്കില്‍, ഈ സങ്കീര്‍ണ രംഗങ്ങളില്‍ ഇവരിത്ര പിറകിലായി? മനക്കരുത്ത് വേണ്ടാത്തയിടങ്ങളില്‍ സ്ത്രീകള്‍ ചിലര്‍ തിളങ്ങുന്നുണ്ടാവാം. മാനേജ്‌മെന്റ് പാടവവും കുറച്ചൊക്കെ ഉണ്ടാവാം. പക്ഷേ, ലീഡര്‍ഷിപ്പ് ക്വാളിറ്റി പെണ്ണിനു വളരെ കുറവു തന്നെ. അവസരം തന്നാല്‍ ആണുങ്ങളെക്കാള്‍ മിടുക്കരാകുമെന്നു പറഞ്ഞിട്ടും അവസരം കിട്ടിയ പാശ്ചാത്യനാടുകളില്‍ പോലും ആണിനോളമെത്തുന്നില്ലല്ലോ. നൊബേല്‍ സമ്മാനം കിട്ടുന്ന ശാസ്ത്രജ്ഞര്‍ ഇന്നും എത്ര പേരുണ്ട് പെണ്ണുങ്ങള്‍? ചരിത്രത്തിലോ വര്‍ത്തമാനത്തിലോ ഒരേയൊരു ഒരു മാഡം ക്യൂറിക്കൊപ്പം നിര്‍ത്താന്‍ പാകത്തില്‍ എത്ര സ്ത്രീ രത്‌നങ്ങളുണ്ട്?

ബുദ്ധിയുടെ കളിയായ ചെസ്സില്‍ (കായികശേഷി ഏതായാലും കുറവെന്നു സമ്മതിക്കുന്നു, ബുദ്ധി ഒപ്പത്തിനൊപ്പമെന്നാണല്ലോ വാദം) ആണുങ്ങളോടു കൂടെ കളിച്ച് ചാമ്പ്യനാകുന്ന എത്ര പെണ്ണുങ്ങളുണ്ട്? ഒരു ജൂഡിത്ത് പോള്‍ഗാര്‍ ഉണ്ടായിരുന്നു ഹംഗറിക്കാരി. ചരിത്രത്തിലെ ഏറ്റവും മികച്ച ചെസ്സുകാരി അവരാണെന്നു വിക്കിപീഡിയ. ചേച്ചിയാണ് ലോക ചാംപ്യന്‍ഷിപ്പ് കളിക്കാന്‍ യോഗ്യത നേടിയ ഒരേയൊരു പെണ്ണ്. ലോക റാങ്കിംഗില്‍ എട്ടാം സ്ഥാനം വരെ മാത്രം എത്തി. അത്രയെങ്കിലും ഒരാള്‍. പിന്നെയുള്ളവരെവിടെ?

ഒരു ജര്‍മന്‍ ഭരണാധികാരിയെ, മറ്റു രണ്ടു മൂന്നു പേരെയും മാത്രം പെണ്ണായി കണ്ടുവെന്തേ? അവസരമുള്ള നാടുകളില്‍ പോലും ഇതെന്തേ ഇത്ര തുച്ഛം? ബ്രിട്ടീഷ് ഭരണകര്‍ത്താക്കളില്‍ അടുത്ത കാലത്ത് ഒരു എലിസബത്തും വിക്ടോറിയയും ഉണ്ടാവും. എലിസബത്തിന് ഭരണമുണ്ടോ? പദവിയല്ലേ ഉള്ളൂ. വല്യപുരോഗമന യാഥാസ്ഥിതികരായ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഇന്ത്യയിലും ലോകത്തും എത്ര പെണ്ണുങ്ങള്‍ വളര്‍ന്നു വന്നു.

ചുരുക്കം ഇതാണ്. ആണിനും പെണ്ണിനും രണ്ടു റോളാണ്. പെണ്ണ് ആദരിക്കപ്പെടേണ്ടവള്‍ തന്നെ. പക്ഷേ, പൊതുകാര്യങ്ങളിലും നായകശേഷികളിലും ആണിനു തുല്യം/മേലെ എന്നൊക്കെ പറയുമ്പോള്‍ തെളിവു വേണം. അനുഭവവും വസ്തുതയും അതിനെതിരാണ്. അതിന്റെ സ്വാഭാവിക പരിണിതിയാണ് പുരുഷാധിപത്യം. പ്രകൃതി തന്നത് അംഗീകരിക്കണം. മനുഷ്യന് പറവയെപ്പോലെ പറക്കാനാവും എന്നു വീമ്പിളക്കേണ്ട കാര്യമില്ല. ആവില്ലെന്നു പറയുമ്പോഴേക്ക് അവഹേളനമായി തോന്നുന്നവര്‍ മിഥ്യയുടെ കൊക്കൂണില്‍ തന്നെ ചുരുണ്ടിരിക്കാന്‍ താത്പര്യപ്പെടുന്നവരാണ്. പറക്കാനാവില്ല, പക്ഷേ, പറവയെ വളര്‍ത്താനാവും എന്ന യാഥാര്‍ഥ്യത്തെ ഉള്‍കൊണ്ട് അതില്‍ അഭിമാനപ്പെട്ടാല്‍ അവനവനു നന്ന്.

പിന്നൊരു തുറുപ്പു ചീട്ടുണ്ട്. പെണ്ണിനു ഇതുവരെ അവസരം കൊടുക്കാത്തതു കൊണ്ടാണ്, കാലങ്ങളായി അടിച്ചമര്‍ത്തിയതു കൊണ്ടാണ് ഇങ്ങനെ എന്നൊക്കെ. മേല്‍പറഞ്ഞതും അല്ലാത്തതുമായ പലമേഖലകളിലും പാശ്ചാത്യനാടുകളിലും മറ്റുപലയിടങ്ങളിലും പതിറ്റാണ്ടുകളായി പെണ്ണിനു അവസരങ്ങളുണ്ട്. പിന്നെ, ഈ പുരുഷനെ ലോകത്തെവിടെയും ഒരുകാലത്തും, അവന്റെ ആധിപത്യത്തെ തോല്‍പിച്ച് മറികടക്കാനായില്ലെന്നതു തന്നെ പെണ്ണ് അക്കാര്യത്തില്‍ ആണിനോളം പോരെന്നതിന്റെ തെളിവ്. ഇനിയുമേറെ പതിറ്റാണ്ടുകള്‍, ഞങ്ങളെ താലോലിച്ച്, തലയില്‍ വെച്ച്, പരിശീലിപ്പിച്ച്, അവസരം തന്ന്, എതിര്‍ ശബ്ദങ്ങളെയൊക്കെ അടിച്ചമര്‍ത്തി സാഹചര്യങ്ങളൊപ്പിച്ച് തരൂ... ഞങ്ങളൊപ്പമെത്താം എന്നു പറയുന്നതാണ് വലിയ ദൗര്‍ബല്യം. (ആണാവാന്‍ ശ്രമിക്കുന്ന പെണ്ണുങ്ങളോടും പെണ്ണന്‍മാരോടുമാണ് പറഞ്ഞതെല്ലാം... എന്റെ നല്ല മാതാക്കളും സഹോദരികളും എനിക്കു പ്രിയപ്പെട്ടവരാണ്. അവരെ ഞാന്‍ പിതാവിനേക്കാള്‍, എല്ലാ പുരുഷന്‍മാരേക്കാള്‍ ആദരിക്കുന്നു.)

0 comments:

 

Install SUNNI News 4 News & Live

.

Con: 09387762313

For Audio Recording SAMAR